Tuesday 21 July 2020 11:42 AM IST

ബസിൽ ഇരിക്കാൻ സീറ്റ് ചോദിച്ചാൽ ചിലർ മുഖം ചുളിക്കും, ഈ കൊച്ചുപെണ്ണിന് എന്തിന്റെ സൂക്കേടാ എന്ന മട്ടിൽ

Roopa Thayabji

Sub Editor

jilumol

കൊച്ചിയിലെ വൈഡബ്ല്യുസിഎ ഹോസ്റ്റലി ൽ നിന്ന് രാവിലെ എട്ടരയ്ക്ക് ജിലുമോൾ ഇറങ്ങും. ഗ്രാഫിക് ഡിസൈനറായി ജോ ലി ചെയ്യുന്ന വിയാനി പ്രിന്റിങ്സിലേക്കുള്ള യാത്ര ഓട്ടോയിലാണ്. വൈകിട്ട് അഞ്ചര വരെ വരകളും വർണങ്ങളും സ്പെഷൽ എഫക്ടുകളും നിറഞ്ഞ ലോകം.

അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നത് പതിവു ബസിൽ അല്ലെങ്കിൽ ഫുട്ബോർഡിൽ കാലെടുത്ത് വയ്ക്കുമ്പോഴേക്കും കണ്ടക്ടർ ബെല്ലടിക്കും. അകത്തു കയറിയിട്ട് ഇരിക്കണമെന്നു പറഞ്ഞാൽ ചിലർ മുഖം ചുളിച്ച് നോക്കും, ഈ കൊച്ചുപെണ്ണിന് എന്തിന്റെ സൂക്കേടാ എന്ന മട്ടിൽ. ഇത്രയുമാകുമ്പോഴേ ആ സത്യം ജിലുമോൾ വെളിപ്പെടുത്തൂ, ‘പിടിച്ചു നിൽക്കാൻ എനിക്ക് കൈകളില്ല...’

ജിലുമോൾ മാരിയറ്റ് തോമസ് എന്ന ഈ തൊടുപുഴക്കാരിയെ കണ്ടാൽ കൈകൾ രണ്ടും പിന്നിലേക്ക് കെട്ടി നടക്കുകയാണെന്നേ തോന്നൂ. നടപ്പിലും പെരുമാറ്റത്തിലും നിറഞ്ഞ ചുറുചുറുക്ക്. രണ്ടുകൈകളും ഇല്ലാതിരുന്നിട്ടും ചിത്രം വരയിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രതിഭ തെളിയിച്ച ഈ മിടുക്കിക്ക് ഇപ്പോൾ ഒരു സങ്കടമുണ്ട്. ഒരുപാട് മോഹിച്ച് സ്വന്തമാക്കിയ ഓട്ടോമാറ്റിക് കാർ, കാലുകൾ മാത്രം ഉപയോഗിച്ച് ഓടിക്കാവുന്ന തരത്തിൽ മോഡിഫൈ ചെയ്തിട്ടും ലൈസൻസ് സ്വന്തമാക്കാനോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനോ ഇതുവരെ കഴിഞ്ഞില്ല. സർക്കാർ നൂലാമാലകളിൽ പെട്ട് നടപടികൾ തടസ്സപ്പെട്ട അനുഭവം അറിയും മുൻപ് ജിലുമോളുടെ കഥ അറിയാം.

സന്തോഷത്തിന്റെ വീട്ടിൽ

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കരിമണ്ണൂര്‍, നെല്ലാനിക്കാട്ട് തോമസിന്റേയും അന്നക്കുട്ടിയുടേയും രണ്ടാമത്തെ മകളാണ് ജിലുമോൾ. ജന്മനാ തന്നെ രണ്ടു കൈകളുമില്ല. കുടുംബത്തിൽ ആർക്കും യാതൊരു തരത്തിലുമുള്ള അംഗപരിമിതി കേട്ടുകേൾവി പോലും ഇല്ല. തോമസിനും അന്നക്കുട്ടിക്കും മകളുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും എന്നോർത്ത് വലിയ ആധിയായി. അങ്ങനെ ഒരു ദിവസം അന്നക്കുട്ടി പോയി.

‘‘മമ്മിക്ക് ബ്ലഡ് കാൻസറായിരുന്നു. മമ്മി മരിക്കുമ്പോൾ എനിക്ക് നാലര വയസ്സേ ഉള്ളൂ. ചേച്ചി അനുവിന് ശാരീരിക പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ, വയ്യാത്ത എന്നെക്കൊണ്ട് പപ്പ ബുദ്ധിമുട്ടി. അങ്ങനെയാണ് ചെത്തിപ്പുഴയിലുള്ള മേഴ്സി ഹോമില്‍ എത്തിയത്. അവിടെ വച്ചാണ് കാൽ വിരലുകൾക്കിടയിൽ പെൻസിൽ പിടിച്ച് അക്ഷരങ്ങൾ എഴുതാൻ സിസ്റ്റർ മരിയല്ല എന്നെ പഠിപ്പിച്ചത്.

ആദ്യമൊക്കെ പെൽസിൽ ഊർന്നു വീണുപോകും. പതിയെ പതിയെ അക്ഷരങ്ങൾ എന്റെ ഒപ്പം വന്നു. അതോടെ ഉത്സാഹമായി. അടുത്തുള്ള ജെഎംഎല്‍പി സ്കൂളിൽ എന്നെ ഒന്നാം ക്ലാസിൽ ചേർത്തു. മേഴ്സി ഹോമിൽ നിന്ന് സ്കൂളിലേക്ക് ദിവസവും വാനിൽ കൊണ്ടുപോകും. വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിൽ നിന്ന് ഹ്യുമാനിറ്റീസിൽ പ്ലസ്ടു പാസായത് ഡിസ്റ്റിങ്ഷനടുത്ത് മാർക്കോടെയാണ്. കാലിൽ പേന പിടിച്ച് ഞാൻ തന്നെയാണ് പരീക്ഷയെഴുതിയത്.

വരയുടെ വഴിയേ

മേഴ്സി ഹോമിൽ ‘ഡിഫറന്റ്‌ലി ഏബിൾഡ്’ ആയ തീരെ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ടായിരുന്നു. ഓരോ പ്രായക്കാരെയും മുന്നോട്ടുള്ള ജീവിതത്തിനു ഉതകുന്ന കാര്യങ്ങളാണ് മേഴ്സി ഹോമിൽ പരിശീലിപ്പിക്കുന്നത്.

അവിടെ കുറച്ചു കുട്ടികൾ ചിത്രം വരയ്ക്കുന്നത് കണ്ടിട്ടാണ് വരയ്ക്കാൻ എനിക്കും മോഹം തോന്നിയത്. കാൽ വിരലുകൾക്കിടയിൽ ബ്രഷ് പിടിച്ച് പെയിന്റു മുക്കി വരച്ചപ്പോൾ ആദ്യമൊന്നും ശരിയായതേയില്ല. പതിയെ പതിയെ വര എന്റെ വഴിയേ വന്നു. സോഫ്റ്റ്‌വെയർ എൻജിനീയർ ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പരിമിതികൾ വച്ച് അതു നടക്കില്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ ആഗ്രഹങ്ങളിൽ നിന്നൊക്കെ മനസ്സു മടുപ്പിച്ച് പിന്തിരിപ്പിക്കാനും കുറേ പേർ ഉണ്ടായിരുന്നു. അതൊന്നും മൈൻഡ് ചെയ്തില്ല.

SAVE_20200520_165533

പ്ലസ്ടു കഴിഞ്ഞ് ഡിപ്ലോമ കോഴ്സിന് ചേർക്കാൻ വേണ്ടിയാണ് എന്നെ കൊണ്ടുപോയത്. അപ്പോഴാണ് ബിഎ അനിമേഷൻ ആൻഡ്ഗ്രാഫിക് ഡിസൈൻ കോഴ്സിനു ചേരണമെന്ന മോഹം പറഞ്ഞത്. സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ നിന്ന് ഡിഗ്രി പാസാകുന്നതു വരെ മേഴ്സി ഹോമിൽ തന്നെയായായിരുന്നു. പിന്നെ വീട്ടിലേക്ക് പോന്നു.

കുറച്ചുനാൾ കഴിഞ്ഞ് തൊടുപുഴയിൽ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടി. പിന്നീട് അവിടെ നിന്നു മാറി. നാലു വർഷമായി വിയാനി പ്രിന്റിങ്സിൽ ഗ്രാഫിക് ഡിസൈനറാണ്. കീ ബോർഡിന്റെ സ്റ്റാൻഡ് കാൽമുട്ടിന്റെ ലെവലിൽ വച്ച് എനിക്കുവേണ്ടി അവിടെ പ്രത്യേകം സീറ്റൊക്കെ ഒരുക്കിയിട്ടുണ്ട്.

Jilu-(5)_0001

പറക്കാൻ മോഹം

ചെറുപ്പം മുതലേ ഉള്ള മോഹമാണ് ഡ്രൈവ് ചെയ്യണമെന്ന്. പക്ഷേ, രണ്ടു കൈകളുമില്ലാത്ത ഞാൻ കാർ ഓടിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിലോ? അങ്ങനെ 2014ൽ തൊടുപുഴ ആർടിഓ ഓഫിസിൽ പോയി അന്വേഷിച്ചു. ഇന്ത്യയിൽ രണ്ടുകൈകളും ഇല്ലാതെ വാഹനമോടിക്കുന്ന ആരുടെയെങ്കിലും ഡ്രൈവിങ് ലൈസൻസിന്റെ കോപ്പി ഹാജരാക്കാമെങ്കിൽ ലൈസൻസിന് അപേക്ഷിക്കാമെന്ന് മറുപടി കിട്ടി. അപ്പോൾ വിദേശരാജ്യങ്ങളിലല്ലാതെ ഇന്ത്യയിൽ അങ്ങനെയൊരാളെ കണ്ടെത്താൻ എനിക്കായില്ല. പക്ഷേ, ഞാൻ അന്വേഷണം തുടർന്നു കൊണ്ടിരുന്നു.

2018ൽ ഇൻഡോർ സ്വദേശിയായ വിക്രം അഗ്നിഹോത്രി രണ്ടുകൈകളുമില്ലാതെ കാലുകൾ കൊണ്ട് കാറോടിക്കുന്ന വിഡിയോ യൂട്യൂബിൽ കണ്ടു. അതോടെ എനിക്കു പ്രതീക്ഷയായി. അഭിഭാഷകനായ ഷൈൻ വർഗീസ് വഴി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഹാജരാക്കിയപ്പോൾ എന്റെ ലേണേഴ്സ് ലൈസൻസ് അപേക്ഷ സ്വീകരിക്കാൻ ഹൈക്കോടതി തൊടുപുഴ ആർടിഓയ്ക്ക് നിർദേശം നൽകി. ഇതിനെ തുടർന്ന് അപേക്ഷ നൽകാൻ ആർടിഓയെ കണ്ടു. ആർടിഓയുടെ നിർദേശപ്രകാരമാണ് 2018 ഒാഗസ്റ്റിൽ ഓട്ടോമാറ്റിക് കാർ ബുക് ചെയ്തത്. ലയൺസ് ക്ലബിന്റെ സ്പോൺസർഷിപ്പും കിട്ടി. ആക്സിലറേറ്റർ, ബ്രേക് എന്നിവയുടെ പെഡൽ ഉയർത്തി ഓൾടറേഷൻ ചെയ്തു. ഈ കാറിന്റെ രജിസ്ട്രേഷൻ നടപടികൾക്കായി തൊടുപുഴ ആർടിഓ ഓഫിസിൽ വീണ്ടുമെത്തിയപ്പോൾ വാഹനം പരിശോധിക്കാൻ പോലും വരാതെ വെഹിക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറി. ‘കൈകൾ ഇല്ലാത്തയാൾക്ക് രജിസ്ട്രേഷൻ ചെയ്തു തരില്ല’ എന്ന് മുഖത്തുനോക്കി പറഞ്ഞു.

സ്വപ്നങ്ങൾ വെറുതേയല്ല

സ്വന്തം കാറോടിച്ച് എറണാകുളം നഗരത്തിലൂടെ പോകണമെന്നത് വാശിയായിരുന്നു. എറണാകുളത്ത് ഹോസ്റ്റലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ കൊണ്ടുവന്നിട്ട കാറിൽ തനിയെ ഡ്രൈവിങ് പഠനം ആരംഭിച്ചു. കാറിന്റെ ഡോർ ഹാൻഡിൽ തുറന്ന് അകത്തുകയറി സീറ്റ് ബെൽറ്റിട്ട്, കീ കൊടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്നതും, ഗിയർ ഡ്രൈവിങ് മോഡിലേക്കു മാറ്റുന്നതും, ആക്സിലേറ്ററും ബ്രേക്കും സ്റ്റിയറിങ്ങും പ്രവർത്തിപ്പിക്കുന്നതുമെല്ലാം കാലുകൊണ്ടു തന്നെ. കാലുകൾ ഉയർത്തി വയ്ക്കുന്നതിന് സഹായമാകുന്ന തരത്തിൽ ഇരിക്കാൻ സീറ്റിൽ കുഷ്യൻ വയ്ക്കും. ഇത് അഴിച്ചു മാറ്റാവുന്നതാണ്.

ഇതിനിടെ ഒരിക്കൽ കൂടി മോട്ടോർ വാഹനവകുപ്പിൽ നിന്ന് ഇൻസ്പെക്‌ഷൻ ടീം എത്തി കാറും എന്റെ ഡ്രൈവിങുമെല്ലാം പരിശോധിച്ചു. ഓൾട്ടറേഷൻ ചെയ്ത കാറും എന്റെ ഡ്രൈവിങ്ങുമെല്ലാം അവർ കണ്ടു ബോധ്യപ്പെട്ടെങ്കിലും മോഡിഫിക്കേഷൻ നടത്തിയത് തൃപ്തികരം അല്ല എന്നാണ് റിപ്പോർട്ട് നൽകിയത്. ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കാൻ ചെന്ന എന്നെ അവർ നിരാശയാക്കി മടക്കിവിട്ടു.

വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോൾ ലൈസൻസ് അനുവദിക്കുന്ന വിഷയം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു. ‘വാഹനം ഓടിക്കുന്ന ആളിന്റെ അംഗപരിമിതി ലൈസൻസ് നിഷേധിക്കുന്നതിന് കാരണമായി പറയാനാകില്ല’ എന്നാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്. അതോടെ വിഷയം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ തിരിച്ചെത്തി. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ മറുപടി നൽകേണ്ട ദിവസമായിരുന്നു മാർച്ച് 17. അപ്പോഴേക്കും ലോക് ഡൗൺ വന്നു. കോടതിയിലെ ആ ഹിയറിങ് നടന്നില്ല.

ആരാണ് ഉത്തരവാദി ?

അമ്മയുടെ മരണ ശേഷം അച്ഛൻ വീണ്ടും വിവാഹം കഴിച്ചിരുന്നു. അതിൽ ഒരു അനിയത്തി ഉണ്ട്, ഡെൽന. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. എനിക്ക് ഇപ്പോൾ 28 വയസ്സുണ്ട്. ഇതുവരെ കഴിഞ്ഞത് പോലെ മുന്നോട്ടും പോകണേ എന്നാണ് പ്രാർഥന. ഇപ്പോൾ ആവശ്യം ഡ്രൈവിങ് ലൈസൻസ് ആണ്.

ഈ കുറവ് വച്ചുകൊണ്ട് തന്നെ ഞാൻ പഠിച്ചു നേടിയ ജോലിയിൽ നിന്നുള്ള വരുമാനം കൂടി കാർ വാങ്ങാൻ മുടക്കിയിട്ടുണ്ട്. ആ കാറിൽ തന്നെ ഡ്രൈവിങ്ങും പഠിച്ചു. എന്നിട്ടും കഴിഞ്ഞ രണ്ടു വർഷമായി വണ്ടി രജിസ്ട്രേഷൻ ചെയ്യാനോ ലൈസൻസിന് അപേക്ഷിക്കാനോ പോലും ആകുന്നില്ല. ലോക് ഡൗൺ സമയത്ത് ഹോസ്റ്റലിൽ നിന്ന് എന്നെ തൊടുപുഴയിലെ വീട്ടിലേക്ക് പപ്പ എന്നെ കൊണ്ടുവന്നത് ടാക്സി വിളിച്ചാണ്. കഴിഞ്ഞ 28 വർഷത്തെ ജീവിതത്തിനിടയിൽ ഇത്ര വിഷമം തോന്നിയ അനുഭവം ഉണ്ടായിട്ടില്ല.

ലൈസൻസിന് വേണ്ടി ഞാൻ അപേക്ഷിച്ചത് രണ്ടു കൈകളുമില്ലാതെ ഡ്രൈവിങ്ങിൽ ലൈസൻസ് നേടാൻ പോകുന്ന ഏഷ്യയിലെ ആദ്യത്തെ പെൺകുട്ടി ആകാൻ ഒന്നുമല്ല. മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ എന്റെ കാര്യങ്ങൾ ചെയ്യാനുള്ള മോഹം കൊണ്ടാണ്. എനിക്ക് കൈകളില്ല. പക്ഷേ, സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്. ആ ചിറകുകൾ വിടർത്തി ഞാൻ പറക്കും. ഉറപ്പ്...'’’