Tuesday 10 March 2020 04:03 PM IST

ബിടെക് ജോലിക്ക് മാസശമ്പളം 6000, വളയം പിടിച്ചപ്പോൾ ദിവസം ആയിരം! വെഹിക്കിൾ ഇൻസ്പെക്ടർ ജിതിൻ അന്ന് ബസ് ഡ്രൈവറായ കഥ ഇങ്ങനെ

V.G. Nakul

Sub- Editor

j1

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ആലപ്പുഴ ആർടിഒ ഓഫിസിലെ ഒരു അസിസ്റ്റന്റ ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറാണ്. പേര് ജിതിൻ പി.എസ്. ഒരു എഎംഐ യെ ഇത്രയും ആഘോഷിക്കാൻ എന്തിരിക്കുന്നു എന്നു മുഖം ചുളിക്കുന്നവർ പോലും ജിതിന്റെ ഇത്രകാലത്തെ ജീവിതയാത്രയെക്കുറിച്ചറിഞ്ഞാൽ അറിയാതെ പറഞ്ഞു പോകും, ‘യെവൻ പുലിയാണ് കേട്ടാ...’

അതേ, ജിതിൻ അക്ഷരാർഥത്തിൽ ആള് പുലിയാണ്. അസിസ്റ്റന്റ ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കാക്കി യൂണിഫോം ഇടും മുമ്പ് ജിതിന്‍ ഇട്ടിരുന്നത് ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടെ കാക്കിക്കുപ്പായമായായിരുന്നു എന്നത് തന്നെ കാരണം. ആറ്റിങ്ങൽ ഗവ. പോളി ടെക്നിക്കിൽ നിന്ന് ഓട്ടമൊബീൽ ഡിപ്ലോമയും പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക്കും പൂർത്തിയാക്കിയാണ്, സ്വന്തം കാലിൽ നിൽക്കാൻ ജിതിൻ വളയം പിടിക്കാനിറങ്ങിയതെന്നു കൂടി അറിഞ്ഞാൽ അത്ഭുതം ബഹുമാനമാകും.

ബിടെക്കുകാരന് പല കമ്പനികളും നൽകുന്ന ശമ്പളം നിസാരമായതിനാലാണ് ജിതിൻ ബസ് ഡ്രൈവറാകാൻ തയാറായത്. അപ്പോഴും തന്റെ ലക്ഷ്യങ്ങളിലേക്കുള്ള ജിതിന്റെ നോട്ടം കടുകിട പോലും പാളിപ്പോയില്ല. ആ മനസ്സുറപ്പും ആത്മവിശ്വാസവുമാണ് ചുനക്കര തെക്ക് ജ്യോതിസ്സിൽ പുരുഷൻ – ശോഭ ദമ്പതികളുടെ മകനായ 28 വയസുകാരൻ ജിതിൻ പി.എസിനെ ജീവിതത്തിലെ പുതിയ നേട്ടത്തിന്റെ സ്റ്റോപ്പിലെത്തിച്ചിരിക്കുന്നത്.

j2

കാക്കി കുപ്പായത്തിലേക്ക്

മൂന്നു വർഷമായി ഭരണിക്കാവ്– ചെങ്ങന്നൂർ റൂട്ടിലെ അമൃത എന്ന സ്വകാര്യ ബസ് ഓടിച്ചിരുന്നത് ജിതിൻ ആണ്. അതിനിടെയാണ് വർഷങ്ങൾക്കു മുൻപ് എഴുതിയ പി.എസ്.സി പരീക്ഷയിലൂടെ, കഴിഞ്ഞ ഫെബ്രുവരി 27 ന് അസിസ്റ്റന്റ ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായി ആലപ്പുഴ ആർടിഒ ഓഫിസിൽ ചുമതലയേറ്റെടുത്തത്. ബിടെക്കുകാരൻ ഡ്രൈവറായ കഥ ജിതിൻ തന്നെ പറയട്ടെ.

എൻജിനീയറിങ് യോഗ്യതയുമായി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും തുച്ഛമായ വേതനമാണ് പലയിടത്തും ഓഫര്‍ ചെയ്തത്. അതുകൊണ്ട് ജീവിതം മുന്നോട്ടുപോകില്ലെന്ന് ഉറപ്പായിരുന്നു. അതോടെ വൈറ്റ് കോളർ ജോബ് മാനിയ പിടിപെട്ടിട്ടില്ലാത്തതിനാൽ അന്തസോടെ ഡ്രൈവര്‍ പണിക്കിറങ്ങി. നാട്ടിൽ പലരും നെറ്റിചുളിച്ചു. അച്ഛനെ വരെ പരിഹസിച്ചു. മെക്കാനിക്കല്‍ എൻജിനീയർ പ്രൈവറ്റ് ബസ് ഓടിക്കാനോ? ഇത്രയും പഠിച്ചിട്ട് അതിനനുസരിച്ചുള്ള ജോലികിട്ടാത്തതിൽ വീട്ടികാർക്കും വിഷമമായി. പക്ഷേ ജിതിന്റെ തീരുമാനം ഉറച്ചതായിരുന്നു.

‘‘രണ്ടരവർഷത്തോളം ബസ് ഓടിച്ചു. വീട്ടിൽ ആദ്യം വലിയ എതിർപ്പായിരുന്നു. പിന്നെ ഒരു വിധത്തിൽ പറഞ്ഞ് മനസ്സിലാക്കി. ഇത്രയൊക്കെ പഠിച്ചിട്ട് ചെറിയ ജോലികളൊക്കെ ചെയ്താൽ നാട്ടുകാര് എന്ത് പറയും എന്നായിരുന്നു അവരുടെ പേടി. ആദ്യത്തെ കുറച്ചു ദിവസം കഴിഞ്ഞപ്പോഴേ അമ്മ അങ്കലാപ്പോടെ ചോദിച്ചിരുന്നു, ‘ഇതുമായിട്ടങ്ങ് കഴിഞ്ഞു കൂടാനാണോ നിന്റെ പരിപാടി’ എന്ന്. ഇപ്പോൾ എല്ലാവരുടെയും ആശങ്കകൾ മാറി. ഫുൾ ഹാപ്പി.

അച്ഛൻ മിലിട്ടറിയിലാണ്. അനിയത്തി ജ്യോതി ബിടെക്കിന് പഠിക്കുന്നു. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ല. പക്ഷേ, ആഗ്രഹിച്ച ജോലിയും പ്രതീക്ഷിച്ച് വെറുതെയിരിക്കാതെ, ഉള്ള സമയത്ത് എന്തെങ്കിലും ജോലികൾ ചെയ്യുക എന്നതാണ് എന്റെ അഭിപ്രായം. അതിനൊപ്പം ഇഷ്ടപ്പെട്ട ജോലിക്കു ശ്രമിക്കാമല്ലോ. ചുരുക്കത്തിൽ, വെറുതെയയിരിക്കാൻ എനിക്ക് താൽപര്യമില്ല’’. – ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ ജിതിന്റെ വാക്കുകളിൽ ആത്മവിശ്വാസം.

j3

പഠനത്തോടൊപ്പം ജോലി

പഠിക്കുന്ന കാലം മുതല്‍ ജോലി ചെയ്തു തുടങ്ങിയതാണ്. ക്ലാസില്ലാത്ത സമയത്ത് കരിമുളയ്ക്കലുള്ള ഒരു വർക്ക്ഷോപ്പിൽ മെക്കാനിക്കായി കൂടിയിട്ടുണ്ട്. ബിടെക്ക് കഴിഞ്ഞ് പല സ്ഥലത്തും ജോലിക്ക് അപേക്ഷിച്ചെങ്കിലും പരമാധവധി ആറായിരം രൂപയൊക്കെയാണ് മിക്കവരും ശമ്പളം പറഞ്ഞത്. അതിൽ തന്നെ പതിനാല് മണിക്കൂറോളം ജോലി ചെയ്യണം. ആ തുക ഭക്ഷണത്തിനും താമസത്തിനും പോലും തികയില്ല. ബസിൽ പോയാൽ ദിവസം 800 രൂപ കുറഞ്ഞത് കിട്ടും. ബാറ്റയും മറ്റും വേറെ. ആഴ്ചയിൽ നാല് ദിവസം പോയാൽ മതി. എങ്ങനെ നോക്കിയാലും മറ്റേതിനേക്കാൾ ലാഭം.

ആഗ്രഹിച്ച ജോലി

2015 ലാണ് എഎംവിഐ ടെസ്റ്റ് എഴുതിയത്. ഇപ്പോഴാണ് അപ്പോയിന്റ്മെന്റാകുന്നത്.സ്ഥിരമായി പി.എസ്.സി പരീക്ഷ എഴുതുന്നുണ്ടായിരുന്നു. ബസിൽ പോകുമ്പോൾ, വെളുപ്പിന് അഞ്ചര മുതൽ രാത്രി ഏഴര വരെയാണ് ജോലി. ആഴ്ചയിൽ മൂന്നോ നാലോ ദിവസം പോയാൽ മതി. ബാക്കി ദിവസം പഠിക്കും. കോച്ചിങ്ങിന് പോയിരുന്നില്ല.

ഞാൻ ആഗ്രഹിച്ച ജോലിയാണ് ഇത്. ധാരാളം പേരാണ് എല്ലാ വർഷവും റോഡ് ആക്സിഡന്റിൽ മരിക്കുന്നത്. അത് കുറയ്ക്കുന്നതിന് എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സംഭാവന നൽകണം എന്നുണ്ട്. അതിനുള്ള ശ്രമങ്ങളുണ്ടാകും.

j4

അവരുടെ അവസ്ഥ അതാണ്

പ്രൈവറ്റ് ബസിലെ ഡ്രൈവർമാർ വണ്ടി അമിത വേഗത്തിൽ ഓടിക്കുന്നവരാണെന്ന് ഒരു പരാതിയുണ്ട്. പക്ഷേ, എന്റെ അനുഭവത്തിൽ 90 ശതമാനം ഡ്രൈവർമാരും സമയം പാലിക്കാനാണ് അമിതവേഗമെടുക്കുന്നത്. അങ്ങനെയാണ് ബസുകളുടെ സമയക്രമം. അശാസ്ത്രീയമാണ് പലതും. പത്ത് ശതമാനം ഷോ കാണിക്കുന്നവരുണ്ട്. അത് എല്ലാ മേഖലയിലും കാണുമല്ലോ.

അവിവാഹിതനാണ് ജിതിൻ. കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ വന്ന മറുപടി ഇങ്ങനെ, ‘‘ബസിൽ പ്രേമങ്ങളൊന്നും ഇല്ല. വേറെ ഒന്നുണ്ട്...വരട്ടെ പറയാം...’’– സമയക്രമം പാലിക്കാൻ ചീറി പോകുന്ന ബസ് വരുതിയിൽ നിർത്തുന്ന ലാഘവത്തോടെ ജിതിൻ പുഞ്ചിരിച്ചു. പിന്നെ കാക്കിയുടെ കരുത്ത് കാട്ടാനെന്നവണ്ണം മീശ ചെറുതായി പിരിച്ചു.