Tuesday 09 January 2018 11:55 AM IST

ജ്യോതിഷത്തിന്റെ പേരിൽ തട്ടിപ്പ്! ‘വനിത’യുടെ അന്വേഷണത്തിൽ കേട്ട ഞെട്ടിപ്പിക്കുന്ന കഥകൾ

V R Jyothish

Chief Sub Editor

astrology87

തട്ടിപ്പിന്റെ കഥകൾ ദിവസവും കേൾക്കുന്നുണ്ട്. പത്രത്തിൽ വായിക്കുന്നുമുണ്ട്. ‘എന്നാലും ദേ, ആ ജ്യോതിഷനെ കണ്ടാൽ നടക്കാത്ത കാര്യമില്ല’ എന്നൊരാൾ പറയുമ്പോൾ ഉള്ളങ്ങ് തുടിച്ചുതുടങ്ങും. അതോടെ സാമാന്യ ചിന്താശക്തി നഷ്ടപ്പെടും. ജ്യോതിഷിയുടെ ജ്ഞാനത്തെക്കുറിച്ചും യോഗ്യതയെക്കുറിച്ചുമൊന്നും പിന്നെ, ചിന്തിക്കില്ല. അയാളുടെ വാക്കുകളിൽ മയങ്ങും. കടം മേടിച്ചും പണയം വച്ചും പണം കൊണ്ടുപോയി കാൽക്കൽ വയ്ക്കും. ഭാഗ്യം, ഭയം ഈ രണ്ടു കാര്യങ്ങളാണ് തട്ടിപ്പിന്റെ തുറുപ്പ്. ഭാഗ്യാന്വേഷികളേക്കാൾ തട്ടിപ്പുകാരുടെ കവടിക്കു മുന്നിൽ കാശെറിയുന്നത് ഭയം കൊണ്ടു വലയുന്നവരാണ്. പ്രേതബാധ, ആഭിചാരദോഷം, പിത‍ൃകോപം അങ്ങനെ വരുന്നവരുടെ മാനസ്സിക നില നോക്കി ചേരുംപടി ചേർക്കേണ്ട ജോലിയേ ജ്യോതിഷനുള്ളൂ.

‘എല്ലാ കാര്യവും ഞാൻ ശരിയാക്കി തരാം. ഇത്ര രൂപ തന്നാൽ മതി എന്നൊരാൾ പറഞ്ഞാൽ ശ്രദ്ധിക്കുക. നിങ്ങൾ നീങ്ങുന്നത് ശരിയായ ദിശയിൽ അല്ല. അങ്ങനെ ഒരാൾക്ക് കരാർ എടുക്കാവുന്ന പ്രവൃത്തിയല്ല ഇത്.’ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി ഓർമിപ്പിക്കുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘വനിത’ നടത്തിയ അന്വേഷണത്തിൽ കേട്ട കഥകൾ ഞെട്ടിക്കുന്നതാണ്. ഇന്നത്തെക്കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആർക്കും തോന്നാം. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇനി പറയാൻ പോകുന്നതൊന്നും കഥകളല്ല. ഇരകളായവരും ജ്യോതിഷികളും പങ്കുവച്ച അനുഭവങ്ങളാണ്.

യമരാജന്റെ ദണ്ഡ്

ഖത്തറില്‍ സ്ഥിരതാമസമാക്കിയ ഒരമ്മ ജ്യോതിഷന്റെ വീട്ടിൽ എത്തി. ‘നാലു ആണ്‍മക്കളാണ് അവര്‍ക്ക്. നാലുപേരും ഖത്തറില്‍ ജോലിയുള്ളവര്‍. എല്ലാവരും കുടുംബത്തോടൊപ്പം അവിടെ കഴിയുന്നു. ഭര്‍ത്താവ് മരിച്ചിട്ട് എട്ടു മാസത്തോളമായി. കാന്‍സര്‍ ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചത്. അതു പറയുമ്പോള്‍ അവര്‍  വിതുമ്പുന്നുണ്ട്.’ മധ്യതിരുവിതാംകൂറിലെ പ്രമുഖ ജ്യോതിഷൻ ഹരി പത്തനാപുരം പറ‍ഞ്ഞ ഈ കഥയിൽ വെളിവായത് തട്ടിപ്പിന്റെ വലിയൊരു തന്ത്രം.

‘ഭര്‍ത്താവിന്റെ പെട്ടെന്നുണ്ടായ മരണം ആ അമ്മയെ തളര്‍ത്തിക്കളഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അവർ നാട്ടിലെ പ്രശസ്തനായ ഒരു ജ്യോതിഷനെ കാണാൻ പോയി. മരണദിവസത്തെ സമയവും മറ്റും വച്ച് അദ്ദേഹം പ്രശ്‌നം നോക്കി. അമ്മയുടെ ഭര്‍ത്താവിന്റെ മരണം വളരെ ദോഷമുള്ള സമയത്താണെന്ന് അദ്ദേഹം കണ്ടെത്തി. മക്കളുടെയടക്കം നാളൊക്കെ ചോദിച്ചറിഞ്ഞ അദ്ദേഹം ആകെ പരിഭ്രാന്തനാകുന്നത് ഇവര്‍ കണ്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

ഭര്‍ത്താവിന്റെ ആത്മാവ് കൊണ്ടുപോകാന്‍ വന്ന സമയത്ത് യമരാജന്‍ അദ്ദേഹത്തിന്റെ ദണ്ഡ് നിങ്ങളുടെ വീട്ടില്‍ മറന്നുവച്ചു. കൃത്യം ഒരു വര്‍ഷത്തിനുശേഷം യമരാജന്‍ ദണ്ഡ് എടുക്കാന്‍ വീണ്ടുമെത്തും. അപ്പോള്‍ ആ വീട്ടില്‍ നിന്നു ആരെയെങ്കിലും കൊന്ന് ആത്മാവിനെ കൊണ്ടുപോകും. അതിനു സാധ്യതയുള്ളവരുടെ നക്ഷത്രങ്ങള്‍ ഒരു നിമിഷം കണ്ണടച്ച് ധ്യാനഭാവത്തിൽ ഇരുന്നിട്ട് പറഞ്ഞു. അതില്‍ ഒരെണ്ണം ആ അമ്മയുടെയും മറ്റു രണ്ടെണ്ണം രണ്ടു മക്കളുടേതും ആയിരുന്നു.

മക്കള്‍ക്ക് ഇതിലൊന്നും വിശ്വാസം വന്നില്ലെങ്കിലും അമ്മയുടെ മനസ്സ് ഇളകി. എന്താ പരിഹാരം എന്ന് ആ അമ്മ ചോദിച്ചു. ‘യമരാജന്‍ ഇങ്ങോട്ടു വരുന്നതിനു മുന്‍പ് ഹോമം നടത്തി ആ ദണ്ഡ് യമലോകത്തേക്ക് അയയ്ക്കണം. അതിന് അറുപതിനായിരം രൂപ ചെലവാകും.’ അദ്ദേഹം പറഞ്ഞു.അമ്മയുടെ വാക്കിനെ എതിര്‍ക്കാത്ത മക്കള്‍ ആ ഹോമം നടത്താന്‍ തന്നെ തീരുമാനിച്ചു. നേരെ പണം കൊണ്ടുപോയി മാന്ത്രികൻ കൂടിയായ ജ്യോതിഷിയുടെ കാൽക്കൽ വച്ചു.

ഇതെല്ലാം കഴിഞ്ഞ് ഇവര്‍ തിരികെ ഖത്തറിലേക്ക് പോയി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവിടെയുള്ള ഒരു അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോയി. അവിടെ വച്ച് അമ്മയുടെ നാട്ടുകാരിയായ സ്ത്രീയെ പരിചയപ്പെട്ടു. സംസാരത്തിനിടെ ആ സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ അവര്‍ പറഞ്ഞു. കൂട്ടത്തിൽ ഒരു ജ്യോതിഷിയെ കണ്ട കഥ കൂടി പറ‍ഞ്ഞു. അദ്ദേഹത്തിന്റെ ഹോമത്താൽ യമരാജാവ് മറന്നുവച്ച ദണ്ഡ് തിരിച്ചയച്ചെന്നും അതുവഴി വലിയ അനർഥം ഒഴിവായെന്നും ആ സ്ത്രീ പറഞ്ഞതുകേട്ട് ഈ അമ്മ തരിച്ചിരുന്നുപോയി. ഒരേ ജ്യോതിഷി തന്നെയാണ് രണ്ടുപേര്‍ക്കും ഈ പൂജ നടത്തിയതെന്ന് അവര്‍ക്കു മനസ്സിലായി.

പക്ഷേ, എന്നിട്ടും അവരുടെ ഉള്ളിൽ കടന്ന പേടി മാറിയില്ല. ഈ കഥ പറഞ്ഞിട്ട് ഭർത്താവ് മരിച്ച സമയവുമായി ബന്ധപ്പെട്ട് ദോഷമൊന്നുമില്ലെന്ന് ഉറപ്പിക്കാനാണ് അവർ വന്നിരിക്കുന്നത്. ഗണിച്ചു നോക്കിയപ്പോൾ ഒരു പ്രശ്നവും ഇല്ല. ഇവരുടെ ആധിയും പരിഭ്രമവും പണമാക്കാനാണ് ആദ്യ ജ്യോതിഷി ശ്രമിച്ചതെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിട്ടു.’ ഇത്രയും പറഞ്ഞതിനുശേഷം സ്വതസിദ്ധമായ നർമത്തോടെ കഥ വെളിപ്പെടുത്തിയ ജ്യോതിഷിയുടെ ആത്മഗതം.‘പാവം യമരാജാവ് ഇതു വല്ലതും അറിയുന്നുണ്ടോ എന്തോ!’

‘ഒരു ‍ഡോക്ടറെ കാണാൻ പോകുമ്പോൾ സാധാരണ നമ്മൾ എന്തെല്ലാം കാര്യങ്ങൾ അന്വേഷിക്കും. അതുപോലൊരു ശ്രദ്ധ ജ്യോതിഷനെ കാണാൻ പോകുമ്പോഴും വേണം. ഇതൊരു ശാസ്ത്രമാണ്. അതുകൊണ്ടുതന്നെ ജ്യോതിഷന് ഈ ശാസ്ത്രത്തിലുള്ള അറിവ് പ്രധാനമാണ്. ജ്യോതിഷനെ കാണാൻ പോകുമ്പോൾ അയാളെക്കുറിച്ചും അദ്ദേഹത്തിന്റെ ജ്ഞാനത്തെക്കുറിച്ചും അന്വേഷിക്കുന്നത് നന്നായിരിക്കും. അദ്ഭുതങ്ങൾക്കും മാജിക് പ്രകടനങ്ങൾക്കും പിന്നാലെ പോകരുത്.’ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പെരിങ്ങോട് ശങ്കരനാരായണൻ നൽകുന്ന മുന്നറിയിപ്പ്.

മരുന്നിന് കാശില്ല, ആവാഹനം ആകാം

അമ്മയെ നഷ്ടപ്പെട്ട ദിലീപ് എന്ന ചെറുപ്പക്കാരന്റെ അനുഭവ കഥ പറ‍ഞ്ഞു തന്നത് ആലപ്പുഴയിലെ ജ്യോതിഷി. ദിലീപിന് അച്ഛനും അമ്മയും മുതിര്‍ന്ന ഒരു സഹോദരനുമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല. അച്ഛന്റെ ചില വഴിവിട്ട പോക്കുകളില്‍ അമ്മയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ജ്യേഷ്ഠനും അച്ഛനോടൊപ്പം കൂടിയതോടെ അമ്മയ്ക്കു സഹായം ദിലീപ് മാത്രമായി. അമ്മയെപ്പോലെ തന്നെ ദിലീപിനും അച്ഛനെ ഭയമായിരുന്നു. അച്ഛന്റെ വാക്കുകള്‍ക്ക് എതിരുപറയാന്‍ പാടില്ല എന്നതായിരുന്നു അവിടുത്തെ നിയമം. അച്ഛന്റെ വഴിപിഴച്ചുള്ള പോക്കില്‍ മനമുരുകിയാകണം അമ്മ ഒരു ദിവസം കുഴഞ്ഞുവീണു.

അയല്‍പക്കത്തുള്ള ആളുകളുടെ സഹായത്തോടെ അമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. ഹൃദയസംബന്ധമായ അസുഖമാണ് അമ്മയ്‌ക്കെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അമ്മയ്ക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതിന് 75,000 രൂപ ചെലവു വരും. അച്ഛനോടും ജ്യേഷ്ഠനോടും ഈ തുക കണ്ടെത്താന്‍ പറഞ്ഞെങ്കിലും അതവര്‍ വലിയ കാര്യമായി എടുത്തില്ല. ദിലീപിന്റെ സഹപാഠികള്‍ ചേര്‍ന്ന് ഓപ്പറേഷനുള്ള പണം സമാഹരിച്ച് നല്‍കാം എന്നു പറഞ്ഞെങ്കിലും അച്ഛനും ജ്യേഷ്ഠനും അതു സമ്മതിച്ചില്ല. ഒടുവില്‍ ആരുടെയും കാരുണ്യത്തിനു കാത്തുനില്‍ക്കാതെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു.

അമ്മയുടെ ശവസംസ്‌കാരചടങ്ങിനുശേഷം കുടുംബാംഗങ്ങള്‍ ഒത്തുകൂടി. ഒരു പൂജാരിയും സന്നിഹിതനായിരുന്നു. അമ്മയുടെ മരണം മൂലം എല്ലാവര്‍ക്കും അനിഷ്ടം ഉണ്ടാകുമെന്ന് കണ്ടെത്തി. അതിനു സായൂജ്യപൂജകള്‍ നടത്തണമത്രേ. എല്ലാംകൂടി ഒന്നരലക്ഷത്തോളം രൂപ ചെലവു വരും. പരിചയമുള്ള കര്‍മി ആയതിനാല്‍ തൊണ്ണൂറായിരം രൂപയ്ക്ക് നടത്താം എന്ന ഡിസ്കൗണ്ട് ഓഫറും അയാള്‍ വച്ചു. ഇത്രയും തുക കര്‍മി കുറച്ചുപറഞ്ഞതില്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം പെരുത്ത സന്തോഷമായി.

എവിടെ നിന്നോ സംഭരിച്ച ധൈര്യവുമായി ദിലീപ് അപ്പോള്‍ അലറി. ‘എന്റെ അമ്മയെ ആവാഹിക്കാന്‍ ഒറ്റ ഒരുത്തനും ഈ വീട്ടില്‍ കയറരുത്’ ദിലീപ് ആക്രോശിച്ചു. 75,000 രൂപയുണ്ടായിരുന്നെങ്കില്‍ എന്റെ അമ്മ മരിക്കില്ലായിരുന്നു. അന്ന് ആ തുക മുടക്കാത്തവര്‍ ഇന്ന് 90,000 മുടക്കാന്‍ തയാറായിരിക്കുന്നു. ദിലീപ് പൊട്ടിത്തെറിച്ചു. അച്ഛനും ജ്യേഷ്ഠനുമടക്കം എല്ലാവരും ദിലീപിന്റെ ഈ ഭാവമാറ്റത്തില്‍ പതറിപ്പോയി. ആരും ഒരു മറുപടിയും പറഞ്ഞില്ല. ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ഈ സംഭവം നടന്നിട്ട്. ആര്‍ക്കും ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ദിലീപ് വിവാഹിതൻ ആകാൻ പോകുന്നു. പൊരുത്തം നോക്കാൻ വന്നപ്പോഴാണ് ദിലീപ് ജ്യോതിഷിയോട് ഈ കഥ പറയുന്നത്.

astrology009

മരിച്ചുപോയ അച്ഛന്‍ പത്രത്തില്‍

അമ്പരപ്പിക്കുന്ന ഒരു അനുഭവ കഥയാണ് പ്രമുഖ ജ്യോതിഷൻ ഹരി പത്തനാപുരം പങ്കുവച്ചത്.

‘ഒരു ദിവസം രാവിലെ കോഴിക്കോട്ടുകാരി ടീച്ചർ എന്നെ കാണാൻ വന്നു. ഗൗരിയെന്നാണ് പേര്. അവർ സ്വയം പരിചയപ്പെടുത്തി.  ഭാര്യയ്ക്കും ഭർത്താവിനും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് അവർ ഇവിടെ വീട് വാങ്ങിയത്. ആകെ രണ്ടുതവണ മാത്രമാണ് കോഴിക്കോട് നിന്നു അച്ഛന്‍ പത്തനംതിട്ടയിലെ വീട്ടിൽ വന്ന് താമസിച്ചിട്ടുള്ളത്. രണ്ടാമത്തെ വരവ് എട്ടു മാസം മുമ്പ്. അന്ന് അച്ഛന്‍ തിരികെ പോകുമ്പോള്‍ പറഞ്ഞ വാചകം ആവർത്തിച്ചപ്പോൾ ടീച്ചർ വിതുമ്പുന്നുണ്ടായിരുന്നു.

‘അച്ഛന് ആരോഗ്യം മോശമാണ് മോളേ... ഇനി മോള്‍ അങ്ങോട്ട് വരണം... അച്ഛന്‍ ആഗ്രഹിക്കുമ്പോഴൊക്കെ മോളേ കാണാന്‍ പറ്റുമോ...? ’ തിരികെ പോയതിന്റെ 12-ാം ദിവസം ഗൗരിയുടെ അച്ഛന്‍ കുഴഞ്ഞ് വീണു മരിച്ചു.

ഇത്രയും പറ‍‍ഞ്ഞതിനുശേഷം അവർ മനസ്സിലുള്ള പ്രശ്നം പറഞ്ഞു. എട്ടുമാസം മുമ്പ് മരിച്ച അച്ഛൻ പ്രേതമായി പത്തനംതിട്ടയിലെ വീടിനു സമീപമുണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. ജ്യോതിഷപദ്യങ്ങളിലൂടെ തന്നെ പ്രേതമൊന്നുമില്ല എന്നു സമര്‍ഥിക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോൾ ഒന്നും പറയാതെ എന്റെ വാക്കുകള്‍ക്ക് മറുപടി എന്നവണ്ണം അവർ ഒരു പത്രം എന്റെ നേര്‍ക്ക് നീട്ടി. ഒരു ദിനപത്രത്തിന്റെ പ്രാദേശിക പേജ് ആയിരുന്നു അത്. ആ പേജിലെ ഒരു ചിത്രത്തിനുള്ളില്‍ ഒരാളുടെ മുഖം വൃത്തം വരച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. ആ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചു.

ഇവരുടെ വീടിനു സമീപമുള്ള ക്ഷേത്രത്തില്‍ ഉദയത്തിനു തൊട്ടുമുമ്പ് നടക്കുന്ന ആചാരത്തിന്റെ ചിത്രമാണത്. ഒരാഴ്ച മുമ്പ് നടന്ന ആഘോഷത്തിന്റെ വാര്‍ത്തകളും കളര്‍ ചിത്രങ്ങളുമാണ് ആ പേജില്‍ ഉണ്ടായിരുന്നത്. എനിക്കൊന്നും മനസ്സിലായില്ല. എന്താണ് സംഭവം എന്നു ഞാന്‍ ചോദിച്ചു. അതിനു മറുപടി നല്‍കാതെ മറ്റൊരു ദിനപത്രം എടുത്ത് ഗൗരി എന്റെ നേര്‍ക്കു നീക്കി. അത് എട്ടു മാസത്തോളമായ ദിനപത്രം ആയിരുന്നു. അതിന്റെ ചരമ പേജില്‍ ചിത്രം സഹിതം കൊടുത്തിരിക്കുന്ന മരണവിവരം ഞാന്‍ വായിച്ചു. എട്ടു മാസം മുമ്പ് മരിച്ച അച്ഛന്റെ ചിത്രം ഒരാഴ്ച മുമ്പ് നടന്ന ക്ഷേത്രത്തിലെ ചടങ്ങില്‍...??? ‍ഞാൻ അമ്പരന്നിരിക്കുമ്പോൾ ഗൗരി തുടർന്നു.

ഗൗരിയുടെ ഭർത്താവ് ആണ് പത്രത്തിൽ അച്ഛന്റെ ഫോട്ടോ ആദ്യം കണ്ടത്. ആൾക്കൂട്ടത്തിനിടയിൽ ഒരാളായി. അദ്ദേഹം ഗൗരിയെ വിളിച്ചു പത്രം കാണിച്ചു. ചിത്രം അച്ഛന്റേത് തന്നെ എന്ന് ഉറപ്പിച്ചു. പിന്നെ, ഇത് ഗൗരിയുടെ വീട്ടുകാരെ അറിയിച്ചു. അവർ പറഞ്ഞതനുസരിച്ച് പ്രശ്‌നത്തിനായി കോഴിക്കോട്ടുള്ള ജ്യോതിഷനെ കണ്ടു. ഗൗരിയുടെ അച്ഛന്റെ പ്രേതം പത്തനംതിട്ടയിൽ അലഞ്ഞു നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആവാഹിച്ചില്ലെങ്കിൽ വീട്ടിൽ അപമൃത്യു വരെ സംഭവിക്കാം. വേറെയും കര്‍മങ്ങള്‍ വേണം. ഒരു ലക്ഷം രൂപ ചെലവാകും.

സാമ്പത്തികമായി പ്രശ്നമൊന്നുമില്ലാത്തതു കൊണ്ട് അത് പ്രശ്നമുള്ള കാര്യമല്ല. ഗ‍ൗരിയും ഭർത്താവും പ്രണയവിവാഹിതരാണെന്ന് പ റഞ്ഞപ്പോൾ അച്ഛന്റെ പ്രേതം ലക്ഷ്യം വയ്ക്കുന്നത് ഗ‍ൗരിയുടെ ഭർത്താവിനെയാണെന്ന് കൂടി ജ്യോതിഷി കടത്തിപ്പറഞ്ഞു. അവിടെ ഗൗരിയുടെ മനസ്സിൽ സംശയം മൊട്ടിട്ടു.

ആൺമക്കൾ ഇല്ലാതിരുന്നതിനാൽ മകനെപ്പോലെയാണ് അച്ഛൻ തന്റെ ഭർത്താവിനെ കണ്ടിരുന്നതെന്ന് അവർക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതിനാൽ ഇത് സത്യമോയെന്ന് ഒരാളോട് കൂടി ഉറപ്പിച്ചതിനുശേഷം പണം കൊടുക്കാമെന്ന് കരുതിയാണ് ഗൗരി എന്റെയടുത്ത് വന്നിരിക്കുന്നത്. ഇത്തരത്തില്‍ ധാരാളം തട്ടിപ്പുണ്ടെന്ന് ആദ്യം എന്നെ പഠിപ്പിച്ച അച്ഛനോട് ഞാൻ ഈ വിഷയം ചർച്ച ചെയ്തു. അൽപനേരം ആലോചിച്ചതിനുശേഷം അച്ഛന്‍ ആ പത്രലേഖകനെ ഒന്നു വിളിക്കാൻ നിർദേശിച്ചു. ഞാന്‍ ഈ വിവരങ്ങള്‍ മുഴുവന്‍ ആ ലേഖകനോട് പറഞ്ഞു. അദ്ദേഹം എന്റെ പരിചയക്കാരനാണ്. അവിടെനിന്നും ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. പിന്നീട് പറഞ്ഞു:

‘ഇത് ആരോടും പറയേണ്ട. ഈ വെളുപ്പിനെ ഒക്കെയുള്ള പരിപാടിക്ക് ഉറക്കം കളഞ്ഞ് പോകാന്‍ ആര്‍ക്കുപറ്റും. എല്ലാ വര്‍ഷവും ഒരേ സംഭവം തന്നെ. എനിക്ക് പോയി പടം എടുക്കാന്‍ കഴിയാഞ്ഞതുകൊണ്ട് കഴിഞ്ഞ വർഷത്തെ ചിത്രം തന്നെ അയച്ചു. അതാണ് ഈ വര്‍ഷം അടിച്ചുവന്നത്.’ ഞാന്‍ സ്തബ്ധനായിപ്പോയി. വെളുപ്പിന് പോയി ചിത്രം എടുക്കാന്‍ പറ്റിയില്ലെങ്കില്‍ കഴിഞ്ഞ കൊല്ലങ്ങളില്‍ എടുത്ത ഏതെങ്കിലും ചിത്രം അയയ്ക്കും. അത്തരത്തില്‍ പോയ ചിത്രത്തിലാണ് ഗൗരിയുടെ അച്ഛനും വന്നത്. ഗൗരിയുടെ അച്ഛന്‍ ആദ്യ തവണ വന്നപ്പോള്‍ ആ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആ ചിത്രമാണ് ഈ വര്‍ഷം പ്രിന്റ് ചെയ്തുവന്നത്. ഇത്രയും ഗൗരിയോട് വിശദീകരിച്ചപ്പോൾ അവരുടെ മുഖം പ്രസന്നമായി. അച്ഛൻ പ്രേതമായി അലയുന്നില്ലെന്ന് അറിഞ്ഞ സന്തോഷത്താൽ അവരുടെ കണ്ണുകൾ തിളങ്ങി.

ജയിൽ ശിക്ഷ കുറയ്ക്കാൻ മന്ത്രവാദം

‘ഒരു മന്ത്രവാദിയെ കൊന്നാല്‍ ജ്യോതിഷപ്രകാരം ദോഷമുണ്ടോ?’ തിരുവനന്തപുരത്തെ പ്രശസ്തനായ ജ്യോതിഷനെ കാണാൻ വന്നൊരു യുവാവ് ചോദിച്ച ആദ്യ ചോദ്യം. ‘ഇപ്പോള്‍ ഏതു മന്ത്രവാദിയെയാണ് കൊല്ലേണ്ടത്’ എന്നു ജ്യോതിഷൻ അയാളോട് ചോദിച്ചു. അതിന് ആ യുവാവ് മറുപടി നല്‍കുമ്പോള്‍ പുറത്തുകാണുന്ന ഗൗരവമൊന്നും വാക്കുകളില്‍ ഉണ്ടായിരുന്നില്ല. അയാളുടെ അച്ഛന്‍ ഒരു കുറ്റകൃത്യത്തില്‍ പ്രതിയായി. പത്രമാധ്യമങ്ങളിൽ നിറഞ്ഞ സംഭവം. പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ.

ആദ്യമൊന്നും പിടികൊടുക്കാതെയിരുന്നെങ്കിലും പിന്നീട് അച്ഛന്‍ കീഴടങ്ങി, റിമാന്‍ഡിലുമായി. ജാമ്യമൊക്കെയെടുത്ത് കേസ് നടത്തിവന്നു. കേസിന്റെ വിധി വരുന്നതിനു ഒരു മാസം മുമ്പാണ് ഒരു മന്ത്രവാദിയെ കാണാന്‍ പോയതത്രേ. അച്ഛനെ കേസില്‍ നിന്നും രക്ഷിച്ചുനല്‍കാം എന്നു മന്ത്രവാദി ഉറപ്പു നല്‍കി. അച്ഛന്റെ വക്കീലും ഒപ്പമുണ്ടായിരുന്നു. അങ്ങനെ ആ യുവാവിന്റെ വീട്ടില്‍ ഹോമകുണ്ഠമൊരുങ്ങി. വൈകുന്നേരത്ത് മന്ത്രവാദി വീട്ടിലെത്തിയത് ചെളിയില്‍ നിര്‍മിച്ച മൂന്നു ചെറിയ മനുഷ്യരൂപവുമായായിരുന്നു.

ഹോമകുണ്ഠത്തിന് സമീപം ആ രൂപങ്ങള്‍ നിരത്തിവച്ചു. അതില്‍ ഒന്ന് ജഡ്ജിയാണെന്ന് മന്ത്രവാദി എല്ലാവരോടുമായി പറഞ്ഞു. മറ്റൊന്നു വാദിയും, മൂന്നാമത്തെ രൂപം വാദിയുടെ വക്കീലുമാണത്രേ.

മൂന്നു രൂപത്തിന്റെയും സമീപത്തുവച്ചു മന്ത്രധ്വനികള്‍ ഉയര്‍ന്നു. മണിക്കൂറുകള്‍ നീണ്ട കര്‍മങ്ങള്‍ക്കൊടുവില്‍ മന്ത്രവാദി ചെറിയ ഒരു വാള്‍ കൈയിലെടുത്തു. ആദ്യം ജഡ്ജിയെന്നു പറഞ്ഞുവച്ചിരുന്ന രൂപത്തിന്റെ കൈകള്‍ ഛേദിച്ചു. പിന്നെയും എന്തൊക്കെയോ പറഞ്ഞ് ആ രൂപത്തിന്റെ കാലുകളും ഛേദിച്ചു. ഇതൊക്കെ കണ്ടുകൊണ്ടു കൂപ്പുകൈകളുമായി അച്ഛന്റെ വക്കീലും നില്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് ക്രമത്തില്‍ മൂന്നു രൂപത്തിന്റെയും കൈകാലുകള്‍ മന്ത്രവാദി മുറിച്ചു. ഒടുവില്‍ മൂന്നു രൂപങ്ങളും നിരത്തിവച്ചശേഷം തലയും ഛേദിച്ചത്രേ.

പിന്നീട് ഇവ മൂന്നും കൂടി ഒരു ചെറിയ പെട്ടിയില്‍ വച്ചു ബന്ധിച്ചു. തുടര്‍ന്ന് ഈ പെട്ടി ശ്മശാനത്തില്‍ കൊണ്ട് ഉപേക്ഷിക്കാന്‍ പറഞ്ഞു. വിധി വരുന്ന ദിവസം വന്നെത്തി. അച്ഛന്‍ ആത്മവിശ്വാസത്തിലായിരുന്നു. വിധി പ്രഖ്യാപനം വന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്ത ശിക്ഷയാണ് അച്ഛനു ലഭിച്ചത്. അച്ഛനു ലഭിച്ച ശിക്ഷയേക്കാൾ പണം തട്ടിയ മന്ത്രവാദിയോ‍ടുള്ള രോഷമായിരുന്നു ആ യുവാവിന്റെ വാക്കുകളിൽ.

ഇതുപോലെ ദിവസവും നൂറുകണക്കിനു ആളുകളാണ് വ‍ഞ്ചിക്കപ്പെടുന്നത്. എല്ലാവർക്കും വേണ്ടത് കുറുക്കു വഴികൾ. എളുപ്പത്തിൽ കാര്യം നേടാനുള്ള വ്യഗ്രതയാണ് ഭാഗ്യയന്ത്രങ്ങളുടേയും മാന്ത്രിക ഏലസ്സുകളുടേയും പിന്നാലെ പായാൻ പലരേയും പ്രേരിപ്പിക്കുന്നത്.

ശത്രുഭയമാണ് ചില തട്ടിപ്പു ജ്യോതിഷികൾ കാണാനെത്തുന്നവരുടെ മനസ്സിൽ വിതയ്ക്കുന്ന വിഷവിത്ത്. ഇത് ഒരിക്കൽ മനസ്സിൽ വീണാൽ പിന്നെ‍, ധനനഷ്ടത്തിനൊപ്പം സമൂഹമധ്യത്തിൽ ഇടപെടാനുള്ള ആത്മവിശ്വാസം കൂടി നഷ്ടമാകും. അങ്ങനെ അയൽക്കാരും സഹപ്രവർത്തകരുമെല്ലാം എപ്പോഴും തനിക്കെതിരേ എന്തോ ചെയ്യുന്നുവെന്ന തോന്നൽ ഉള്ളിൽ വളരാം. ഈ പ്രശ്നം വളർന്ന് മാനസ്സിക നില തകരാറിലായി ചികിൽസ തേടേണ്ടി വന്ന കേസുകൾ വരെയുണ്ട്. എത്രയൊക്കെ വാർത്തകൾ വന്നാലും തട്ടിപ്പിന്റെ ഈ കെണി ഇനിയും നമ്മുടെ മുന്നിൽ വരാം. പുതിയൊരു ഇരപിടിയൻ മുഖവുമായി. ഡോക്ടറും വ്യാജഡോക്ടറും തമ്മിലുള്ള വിശ്വാസം ശരിയായ ജ്യോതിഷിയും തട്ടിപ്പുകാരനും തമ്മിൽ ഉണ്ട്. അത് മനസ്സിലാക്കുക. വിശ്വാസം നല്ലതാണ്. പക്ഷേ, അത് തീവ്രമാകുമ്പോൾ മിഴികളിൽ ഇരുട്ട് നിറയരുത്. വിവേകത്തിന്റെ പ്രകാശം സദാ കണ്ണുകളിൽ തിളങ്ങട്ടെ.