Monday 24 June 2019 01:43 PM IST

‘പേടി തോന്നി, പുൽവാമയിലെത്തിയ ആ നിമിഷം!’ ‘കശ്മീർ ലൗ സ്റ്റോറിയിലെ’ മിദ്ഹത്തും നഹ്‍ലയും പറയുന്നു

Binsha Muhammed

kashmir

‘എത്ര കാശുണ്ടായിട്ടെന്താ...ലോകത്തിന്റെ മുക്കിലും മൂലയിലും പോയിട്ടുണ്ടെന്ത് വീമ്പു പറഞ്ഞിട്ടെന്താ...നിങ്ങൾ ഇന്ത്യയിലെ സ്വർഗം കണ്ടിട്ടില്ലെങ്കിൽ ബാക്കിയെല്ലാം വേസ്റ്റാണ്. കാശ്മീരിനെ പോലെ കാശ്മീർ മാത്രമേയുള്ളൂ. ശരിക്കും സ്വർഗം.’– എത്ര പറഞ്ഞിട്ടും കാശ്മീർ നൽകിയ മധുര സുന്ദര നിമിഷങ്ങളുടെ ഹാങ്ഓവറില്‍ നിന്നും മിദ്ഹത്തും നഹ്‍ലയും പുറത്തു വന്നിട്ടില്ല.

മഞ്ഞുകണങ്ങൾ കൊക്കുരുമ്മുന്ന പഹൽഗാമും, തണുപ്പിന്റെ കമ്പളം പുതച്ച ദാൽ തടാകവും, സാക്ഷാൽ സ്വിറ്റ്സർലാൻഡ് പോലും തോറ്റു പോകുന്ന ഗുൽമാർഗും ഒരുപിടി പ്രണയ നിമിഷങ്ങൾക്ക് പശ്ചാത്തലമൊരുക്കുകയാണ്. ബോളിവുഡ് പ്രണയഗാനങ്ങൾ പോലും തോറ്റു പോകുന്ന ദൃശ്യചാരുതയിൽ ഒരു വിവാഹ വിഡിയോ. അതിലെ നായകൻ മിദ്ഹത്ത്, കക്ഷി തൃശ്ശൂർക്കാരനാണ്. മിദ്ഹത്തിന്റെ വിവാഹ വിഡിയോയിലെ നായികയുടെ പേര് നഹ്‍ല, തലശ്ശേരിക്കാരി.

k8
k3

തൃശ്ശൂർക്കാരൻ ചെക്കനും തലശ്ശേരിക്കാരി പെണ്ണും ഇവിടെയൊങ്ങും പോരാഞ്ഞിട്ട് വിവാഹ വിഡിയോക്കായി കാശ്മിരിലേക്ക് വണ്ടി പിടിച്ചതിനു പിന്നിലുള്ള ചേതോവികാരമെന്താകും.? മിദ്ഹത്ത് മേൽപ്പറഞ്ഞത് തന്നെ ഉത്തരം...‘കാശ്മീർ പോലെ കാശ്മീർ മാത്രം...’ഏഴ് വർഷം നീണ്ടു നിന്ന പ്രണയസുരഭിലമായ നാളുകൾ...ഒടുവിൽ മനംപോലെ മംഗല്യം...പിന്നെ പ്രിയപ്പെട്ടവൾക്ക് നെഞ്ചിൽ തൊട്ട് മിദ്ഹത്ത് നൽകിയ വാക്ക്, കാശ്മീർ! സോഷ്യൽ മീഡിയയിൽ വൈറലായ ആ കാശ്മീരി ലൗ സ്റ്റോറി പിറന്ന കഥയന്വേഷണം ചെന്നു നിൽക്കുന്നത് ദുബായിയിലാണ്...മിദ്ഹത്തും നഹ്‍ലും ഒരിക്കൽ കൂടി ഓർത്തെടുക്കുന്നു കവിത പോലെ മനോഹരമായ കാശ്മീർ നാളുകൾ, ‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി.

k5
k11

ഒന്നും രണ്ടുമല്ല, ഏഴ് വർഷം നീണ്ട സംഭവബഹുലമായ പ്രണയമാണ്. വീട്ടുകാരുടെ അനുഗ്രഹാശിസുകളോടെ അതങ്ങ്ട് ഉറപ്പിക്കുന്നത് 10–12–2018ൽ. ആ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ദിവസം. പോസ്റ്റ് വെഡിംഗ് ഷൂട്ട് പ്ലാൻ ചെയ്യുമ്പോൾ മനസ് ബ്ലാങ്ക് ആയിരുന്നു. ഇതിനിടയിലേക്കാണ് മനസിൽ പണ്ടെങ്ങോ നട്ടു വളർത്തിയ കാശ്മീർ എന്ന സ്വപ്നം ഉയർന്നു വരുന്നത്. കാശ്മീരില്‍ എനിക്കൊരു ചങ്ങാതിയുണ്ട്, റിൻഷ. പുള്ളിക്കാരിയും ഹസ്ബൻഡും അവിടെ സെറ്റിൽഡ് ആണ്. അവരുടെ കട്ട സപ്പോർട്ട് കൂടിയായപ്പോൾ പിന്നൊന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് വണ്ടി പിടിച്ചു. ഓഫ് ടു കാശ്മീർ...ഞങ്ങളുടെ സ്വപ്ന ഭൂമിയിലേക്ക്– മിദ്ഹത്ത് പറഞ്ഞു തുടങ്ങുകയാണ്.

k6
k9

കേട്ടും അറിഞ്ഞും പങ്കുവച്ചും കാശ്മീരിനെ കുറിച്ച് കേട്ടിട്ടുള്ള വാർത്തകൾ അൽപ സ്വൽപം ടെൻഷനൊക്കെ തന്നിരുന്നു. മതിമയക്കുന്ന സൗന്ദര്യത്തിനുള്ളിൽ, നിശബ്ദതയ്ക്കുള്ളിൽ എന്തോ പേടി ഉറഞ്ഞു കിടക്കും പോലെ തോന്നും. പുൽവാമ അറ്റാക്ക് നടന്ന് രണ്ട് മാസങ്ങൾക്കു ശേഷം ഏപ്രിലിലാണ് ഞങ്ങള്‍ അവിടേക്ക് എത്തിയത്. അതുകൊണ്ടുതന്നെ അൽപം കൂടുതൽ ഭയം ഉള്ളിലുണ്ടായിരുന്നു. പുൽവാമയിലെ പല സ്ഥലങ്ങളിലൂടെയും കടന്നു ചെല്ലുമ്പോൾ ശരിക്കും മനസിലൊരു വിറയലുണ്ടായിരുന്നു. അവിടെ നിൽക്കുന്നത് തന്നെ പന്തികേടാണെന്നു തോന്നിയ നിമിഷങ്ങളുണ്ടായി. പക്ഷേ തെറ്റിദ്ധാരണകളെല്ലാം ആ മണ്ണിനെ അടുത്തറിയുന്നതോടു കൂടി മാറും. കനത്ത സുരക്ഷയുടേയും പരിശോധനകളുടേയും നടുവിലാണ് അവിടെയെത്തുന്ന നാം ഓരോരുത്തരും എന്നത് ശരി തന്നെ. പക്ഷേ കേട്ടറിഞ്ഞ വാർത്തകൾ നമുക്ക് തന്ന തെറ്റിദ്ധാരണകളൊക്കെ അവിടെ ചെല്ലുമ്പോഴേക്കും മാറും. ശരിക്കും സ്വർഗം തന്നെയാണ് ആ ഭൂമി– നഹ്‍ല പറയുന്നു.

k10
k1
k4

യാത്രികർക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും പുൽവാമ ഇപ്പോഴും സുരക്ഷയുടെ നടുവിലാണ്. അതുകൊണ്ട് തന്നെ അധിക നേരം അവിടെ ഷൂട്ട് ചെയ്യാനായില്ല. മഞ്ഞുപുതച്ച ഗുൽമാർഗാണ് ഞങ്ങൾക്ക് പ്രണയ നിമിഷങ്ങളിൽ ഏറ്റവും മനോഹരമായ പശ്ചാത്തലമൊരുക്കിയത്. തണുപ്പുറഞ്ഞു കിടക്കുന്ന ദാൽ തടാകവും അവിടുത്തെ ഓളങ്ങളും ഇന്നും മനസിൽ അങ്ങനെ തന്നെയുണ്ട്. വിങ്സ് മീഡിയ ക്യാമറമാൻ മുനവ്വർ അലിയാണ് വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹം ഒറ്റയ്ക്കാണ് ഈ വിഡിയോ ഷൂട്ട് ചെയ്തത് എന്നതാണ് വലിയ കാര്യം. പലപ്പോഴും ക്യാമറയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു.-മിദ്ഹത്ത് പറഞ്ഞു നിർത്തി.

k13 ചിത്രങ്ങൾ, വിഡിയോ; മുനവ്വർ അലി (വിംഗ്സ് മീഡിയ)
k2