Monday 14 October 2019 06:56 PM IST

മുരിങ്ങയില ജ്യൂസാക്കി കുടിച്ചു കുടവയറിനെ ഓടിച്ചു! 75ൽ നിന്ന് 59 ആയ കീർത്തിയുടെ കഥ

Binsha Muhammed

keerthi

‘ഈ പൊണ്ണത്തടിയും വച്ച് എന്ത് ഡ്രസ് ഇട്ടിട്ടും ഒരു കാര്യവുമില്ലന്നേ...ആദ്യം പോയി ശരീരം ഫിറ്റാക്കാൻ നോക്കൂ, എന്നിട്ട് മതി സ്റ്റൈലൊക്കെ.’

തരി ബാക്കിയുണ്ടായിരുന്ന കോൺഫിഡൻസ് കൂടി ആ കമന്റിൽ ഉരുകിയൊലിച്ചു പോകുകയാണ്. കെട്ടുപൊട്ടിയ പട്ടം പോലെ പാഞ്ഞ ശരീരഭാരം മറ്റുള്ളവരുടെ മുന്നിൽ തലകുനിപ്പിക്കുന്ന ഘട്ടംവരെയെത്തിച്ചു. കളിയാക്കലുകളും പരിഹാസങ്ങളും നെക്സ്റ്റ് ലെവലിലേക്ക് പോയപ്പോഴേക്കും പുതിയ കമന്റെത്തി.

‘ഇനിയും ഇങ്ങനെ പോയാൽ വീടിന് പുതിയ വാതിൽ പണിയേണ്ടി വരും!’

പൊണ്ണത്തടിയുടെ പേരിൽ കീർത്തിയെന്ന ദുബായിക്കാരി വീട്ടമ്മ കേൾക്കേണ്ടി വന്ന കമന്റുകളുടെ എണ്ണം ‘അതുക്കും മേലെയാണെന്ന്’ പറയേണ്ടി വരും. പറഞ്ഞാൽ കേൾക്കാത്ത വിധം ശരീരഭാരവും അതിനൊപ്പിച്ച് പരിഹാസവും ഏറിയപ്പോൾ കീർത്തി അനീഷ് എന്ന 24കാരി ആ തീരുമാനമെടുത്തു. എന്ത് ‘മാജിക്ക്’ കാട്ടിയിട്ടാണെങ്കിലും വേണ്ടില്ല ശരീരഭാരത്തെ പടിയടച്ച് പിണ്ഡം വച്ചിട്ടേ ഉള്ളൂ എന്തും. തപസു പോലെ കുലുങ്ങാതെ മുറുക്കെപ്പിടിച്ച ഡയറ്റും കോംപ്രമൈസ് ലവലേശം പോലുമില്ലാതെ എക്സർസൈസും കൂടിയായപ്പോൾ ഇഷ്ടമുള്ള വരം കീർത്തിക്ക് നൽകി. ആഗ്രഹിച്ച മാതിരി സൈസ് സീറോയിലേക്ക്. വീർപ്പുമുട്ടിച്ച 75 കിലോയിൽ നിന്നും 59ലേക്കുള്ള ജൈത്ര യാത്രയ്ക്കു പിന്നിൽ കീർത്തി പറയും പോലെ വലിയൊരു മാജിക്കുണ്ട്. ആ വണ്ണംകുറയ്ക്കൽ മാജിക്കിന്റെ കഥ ‘വനിത ഓൺലൈൻ’ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് കീർത്തിയെന്ന പ്രവാസി വനിത...

k1

സ്നേഹമുള്ള കെട്ട്യോൻ

വിവാഹത്തിനു മുമ്പേ അത്യാവശ്യം വണ്ണമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. ബ്രോസ്റ്റഡ് ചിക്കനെ പ്രണയിച്ച്, മധുരത്തെ കൂട്ടുകാരിയാക്കി, ചോറ് ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത വിഭവമെന്ന് ഉറക്കെ പ്രഖ്യാപിച്ച് നടന്ന നാളുകൾ. എല്ലാം കൂടിയായപ്പോൾ ഞാനറിയാതെ ശരീരഭാരം എന്നെയും കൊണ്ടങ്ങ് പോയി. ഒരു ഘട്ടത്തിൽ അത് 73 കിലോ വരെയെത്തി.

വിവാഹം കഴിഞ്ഞപ്പോഴും പൊണ്ണത്തടി എനിക്കൊരു പ്രശ്നമേ അല്ലാതായി. ദൈവാധീനം കൊണ്ട് എനിക്ക് മാച്ച് ആകുന്ന അത്യാവശ്യം വണ്ണമുള്ള ഒരു കെട്ട്യോനെ കിട്ടി. അനീഷ്, ഷാർജയിൽ ഐടി പ്രൊഫഷണലാണ് പുള്ളിക്കാരൻ. ശരീരഭാരത്തിന്റെ കാര്യത്തിൽ ഞങ്ങൾ ‘മേയ്ഡ് ഫോർ ഈച്ച് അദർ’ ആയതു കൊണ്ടാകണം ഇന്നു വരെ കുടുംബക്കാർക്ക് എന്റെ വണ്ണം പ്രശ്നമേ അല്ലായിരുന്നു. ഇനി അഥവാ അതിന്റെ പേരിൽ കളിയാക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ ആശ്വസിപ്പിക്കാൻ എന്റെ ഭർത്താവ് തന്നെ അരികിലുണ്ടായിരുന്നു. വണ്ണത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഇരു മെയ്യും ഒരു മനവുമാണല്ലോ പിന്നെന്തിന് ടെൻഷൻ? അനീഷിനൊപ്പം ഷാർജയിലേക്ക് വിമാനം കയറിയപ്പോൾ ശരീരഭാരം ലെവല് വിട്ടു പോയി. ബ്രോസ്റ്റഡ് ചിക്കനും, റെഡ് മീറ്റും, ചോറും ഒക്കെ കൂടി എന്റെ ശരീരത്തെ 75കിലോയിലെത്തിച്ചു. സ്വീറ്റ്സും ഐസ്ക്രീമുമൊക്കെ പണി തരാൻ തുടങ്ങി. അതോടെ കളിയാക്കലുകളും കുത്തുവാക്കുകളും വിമാനം പിടിച്ചെത്തി. മനുഷ്യൻ ടെൻഷനിച്ച് ഒരു വഴിയായ നാളുകളായിരുന്നു അത്. വീടിന്റെ വാതിൽ എന്നു പൊളിച്ചു മാറ്റും എന്നതായിരുന്നു അക്കൂട്ടത്തിലെ പൊള്ളിച്ച തമാശ.

k3

കീറ്റോയിൽ തുടക്കം

കളിയാക്കലുകൾ നാലുപാടും നിന്നും എത്തിയപ്പോഴാണ് ആ തീരുമാനം എടുത്തത്. കളിയാക്കിയവർക്കു മുന്നിലൂടെ ശരീരം ഫിറ്റാക്കി, ഇഷ്ടമുള്ള വസ്ത്രവും ധരിച്ച് പോകുക തന്നെ! സോഷ്യല്‍ മീഡിയ പ്രചാരത്തിലേറ്റിയ കീറ്റോ ഡയറ്റ് തന്നെയായിരുന്നു ഫസ്റ്റ് ഓപ്ഷൻ. അരി മുതൽ ഗോതമ്പു വരെ... കിഴങ്ങ് വർഗങ്ങൾ മുതൽ മധുര പലഹാരങ്ങൾ വരെ... എല്ലാം കട്ടാക്കി പൊണ്ണത്തടിയുമായുള്ള എന്റെ പോരാട്ടം ആരംഭിച്ചു. ചിക്കനും, റെഡ്മീറ്റും, മട്ടണും മാത്രമായി ഭക്ഷണം ചുരുക്കി. ബർഗർ, പിസ, ഐസ്ക്രീം എന്നിവയൊന്നും ആ പരിസരത്തേ അടുപ്പിച്ചില്ല. ആദ്യത്തെ ഒന്നു രണ്ടു മാസങ്ങളിൽ ഫലം കണ്ടു തുടങ്ങി. മൂന്ന് കിലോ വരെ ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയി. പക്ഷേ ശാരീരിക ബുദ്ധിമുട്ട് കാരണം കീറ്റോ ഡയറ്റ് അധികകാലം ഫോളോ ചെയ്യാൻ കഴിഞ്ഞില്ല. റെഡ്മീറ്റിന്റെ അമിതമായ ഉപയോഗം ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിച്ചു. ശരിക്കും പറഞ്ഞാൽ  

k6

പൊണ്ണത്തടിയോട് സന്ധിയില്ലാ പോരാട്ടം

തോറ്റു പിൻമാറാൻ ഒരുക്കമല്ലായിരുന്നു ഞാൻ. കീറ്റോ വിട്ട് സ്വാഭാവിക ഡയറ്റിലേക്ക് ഞാൻ നീങ്ങി ഞാൻ. ചോറുൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കി. എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച വയറ് കുറയ്ക്കാൻ എനിക്ക് കിട്ടിയ സൂത്രമായിരുന്നു കൂട്ടത്തിൽ ഹൈലൈറ്റ്. മുരിങ്ങയില അരച്ച് കലക്കി ജ്യൂസാക്കി കുടിച്ചതോടെ കുടവയർ ശരീരത്തിൽ നിന്നും ഗുഡ്ബൈ പറഞ്ഞിറങ്ങി. പ്രഭാതഭക്ഷണം റോബസ്റ്റ പഴം, രണ്ട് സ്പൂൺ കട്ടത്തൈരും തേനും തുളസിയും ചേർത്തുള്ള പാനീയം, ഗ്രീൻ ടീ എന്നിവയിൽ ഒതുങ്ങും. 4 കിലോ മീറ്റര്‍ പ്രഭാത നടത്തമാണ് മറ്റൊരു ആരോഗ്യരഹസ്യം. കൂട്ടത്തിൽ സൈക്ലിംഗും. ഉച്ചയ്ക്ക് റാഗി ചേർത്തുള്ള കഞ്ഞിയോ ദോശയോ, പുട്ടോ തീൻ മേശയിൽ ഇടംപിടിക്കും. മൾട്ടി ഗ്രെയിൻസ് ചേർത്ത പുട്ടോ ചപ്പാത്തിയോ സബ്ജിയോ ആണ് മറ്റൊരു കോമ്പീനേഷൻ... വൈകുന്നേരം വിശക്കുമ്പോൾ ബദാം, വാൾനട്സ്, ഗ്രീൻ ടീ എന്നിവയിൽ അഭയം പ്രാപിക്കും. രാത്രി ഭക്ഷണ മെനുവിലും ഉച്ചഭക്ഷണ മെനുവിലെ പ്രധാനികൾ ഉണ്ടാകും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് രാത്രിയിൽ കുറയും എന്നു മാത്രം.

k4

അരി ഭക്ഷണം ഇടയ്ക്കൊക്കെ ഉപയോഗിച്ചിരുന്നെങ്കിലും അതിന്റെ അളവ് നന്നേ കുറവായിരുന്നു എന്നതാണ് സത്യം. വൈറ്റ് റൈസും മട്ട അരിയും ഒഴിവാക്കി പൂർണമായും ബ്രൗൺ റൈസിലേക്ക് മാറി.അതും പേരിന് മാത്രം. ബ്രൗൺ റൈസ് കഴിക്കുമ്പോൾ കറികളും സാലഡുകളും ഒരുപാട് ചേർത്ത് കഞ്ഞി പോലെ കഴിക്കാൻ തുടങ്ങി. ചിക്കനും മീനും വറുത്ത് കഴിക്കുന്നതിന് പകരം ഗ്രിൽഡ് രൂപത്തിലാക്കി കഴിക്കാൻ പരമാവധി ശ്രദ്ധിച്ചു. ഏതെങ്കിലും ദിവസം ഹെവി ഫുഡ് കഴിക്കേണ്ടി വന്നാൽ തൊട്ടു പിറ്റേ ദിവസം ഫാസ്റ്റിംഗ് ചെയ്തായിരിക്കും ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യുക.

k5

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയപ്പോൾ  കീറ്റോ ഡയറ്റ് വീണ്ടും പൊടിതട്ടിയെടുത്തു. പക്ഷേ അത് ഒരാഴ്ചയിൽ മാത്രമായി ഒതുക്കി എന്നു മാത്രം.  ഇഷ്ടങ്ങൾ മാറ്റിവച്ചുള്ള ആഴ്ചകളും മാസങ്ങളുമായിരുന്നു കഴിഞ്ഞു പോയത്. അതിന്റെ റിസൾട്ടും എനിക്ക് കിട്ടി. 75 കിലോ വരെയെത്തിയ ഞാൻ ഇന്ന് 59 എന്ന സുരക്ഷിത ഭാരത്തിലെത്തി നിൽക്കുന്നു. ഇതിനെല്ലാം ആദ്യം നന്ദി പറയേണ്ടത് ശരീരത്തെ മെരുക്കാൻ പഠിപ്പിച്ച എന്റെ മനസിനോട് പിന്നെ, എന്നെ കളിയാക്കിയവരോടും.

k2