Saturday 12 December 2020 12:40 PM IST

‘പണം തന്നില്ലെങ്കിൽ തന്റെ നഗ്നത ലോകം കാണും’: ബ്ലാക്മെയിലിങ്ങിൽ കുരുങ്ങി കൊല്ലത്തെ ഡോക്ടറും: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Binsha Muhammed

Senior Content Editor, Vanitha Online

fraud-followup

വാട്സാപ്പിൽ അശ്ലീല വിഡിയോ ദൃശ്യങ്ങൾ കാട്ടി ‘ബ്ലാക്മെയിലിങ്ങ്’ നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ വീണ്ടും ആവർത്തിക്കുകയാണ്. കേരളത്തിലെ യുവാക്കളെ ലക്ഷ്യം വച്ച് നടത്തുന്ന ഈ ആസൂത്രിത സൈബർ തട്ടിപ്പ് ‘വനിത ഓൺലൈനാണ്’ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ കൊല്ലം സ്വദേശിയായ ഡോക്ടറാണ് ഈ സൈബർ ചതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ആയുഷി മിത്തൽ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഡോക്ടർക്ക് ആദ്യം ഫെയ്സ്ബുക്ക് സൗഹൃദാഭ്യർത്ഥന ലഭിക്കുന്നത്. സൗഹൃദം സ്വീകരിച്ചതിനു പിന്നാലെ ആയുഷി ഫെയ്സ്ബുക്ക് ചാറ്റിലെത്തി. പരിചയപ്പെടലിൽ ആയിരുന്നു തുടക്കം. ജോലിയും വീടും കുടുംബവും എല്ലാം തിരക്കി കൊണ്ടുള്ള പതിവ് കുശലാന്വേഷണം. മെഡിക്കൽ പ്രഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഫോൺ നമ്പർ വേണമെന്നായി ആവശ്യം. സംശയിക്കത്തക്കതായി ഒന്നുമില്ലാത്തതിനാൽ ഡോക്ടർ നമ്പർ നൽകി. കഴിഞ്ഞ ദിവസം ഡ്യൂട്ടി ടൈമിലാണ് ഡോക്ടർക്ക് അപ്രതീക്ഷിതമായി ഒരു വാട്സാപ്പ് വിഡിയോ കോൾ ലഭിക്കുന്നത്. അറ്റൻഡ് ചെയ്തതിനു പിന്നാലെ സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങൾ. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഡോക്ടർ. മുഖം കാണിക്കാതെ അശ്ലീല ദൃശ്യങ്ങൾ മാത്രം തന്ത്രപൂർവം എഡിറ്റ് ചെയ്ത് ചേർക്കപ്പെട്ട വിഡിയോ മിനിറ്റുകൾ നീണ്ടു. വിഡിയോ കോളിന് പിന്നാലെ ഡോക്ടറെ തേടിയെത്തിയത് ഭീഷണി സന്ദേശം. പറയുന്ന അക്കൗണ്ടിലേക്ക് 25000 രൂപ അയച്ചു നൽകിയില്ലെങ്കിൽ കുടുംബം തകർക്കുമെന്നായിരുന്നു ഭീഷണി. വഴങ്ങാത്ത പക്ഷം ഡോക്ടറുടെ നഗ്നത സുഹൃത്തുകളും ബന്ധുക്കളും കാണുമെന്നും പുരുഷന്റെ ശബ്ദത്തിലെത്തിയ വാട്സാപ്പ് ഓഡിയോ സന്ദേശം പറയുന്നു. ഭാര്യയും കുഞ്ഞുങ്ങളും ഉള്ള ഡോക്ടർ മാനസികമായി തളർന്ന അവസ്ഥയിലാണ്. തട്ടിപ്പ് ചൂണ്ടിക്കാട്ടി ഡോക്ടർ സൈബർ സെല്ലിൽ പരാതിയും നൽകിയിട്ടുണ്ട്.

9690523578! അറ്റൻഡ് ചെയ്താൽ അശ്ലീല പ്രദർശനം, പിന്നാലെ എത്തുന്നത് ബ്ലാക്മെയിലിങ്: മലയാളിയെ കുടുക്കാൻ പുതിയ സൈബർ തട്ടിപ്പ്

ഫെയ്സ്ബുക്കിലൂടെ തന്ത്രപൂർവം സൗഹൃദം സ്ഥാപിച്ച ശേഷം വിഡിയോ കോളിലെത്തി അശ്ലീല പ്രദർശനം നടത്തുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി. ശിവാനി പഥക് എന്ന യുവതിയുടെ പേരിലുള്ള ഐഡിയിൽ നിന്നും ഫെയ്സ്ബുക്ക് സൗഹൃദം സ്ഥാപിച്ച ശേഷമാണ് കോട്ടയത്തെ യുവാവിനെ വിഡിയോ കോളിന് ശ്രമിച്ചത്. കണ്ടാലറയ്ക്കുന്ന അശ്ലീല ദൃശ്യങ്ങൾ വിഡിയോ കോളിനിടെ എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം വാട്സാപ്പ് ചാറ്റിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 25000 രൂപ തന്നില്ലെങ്കിൽ വി‍ഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി.