Tuesday 23 July 2019 07:24 PM IST

ജീവിക്കാനുള്ള സാധ്യത വെറും അഞ്ച് ശതമാനം മാത്രം! ഡോക്ടർ പറഞ്ഞിട്ടും പ്രിയപ്പെട്ടവനെ മരണത്തിന് വിട്ടുകൊടുത്തില്ല നിഷ

Binsha Muhammed

kk

‘അകത്തു കിടക്കുന്നത് എന്റെ ‘ജീവനാണ്’ ഡോക്ടറേ...സന്തോഷത്തിലും സങ്കടത്തിലും തുണയാകാൻ എനിക്ക് ദൈവം തന്നവൻ. ജീവിച്ചു കൊതി തീർന്നിട്ടു കൂടിയില്ല. കിച്ചയെ അങ്ങനെ അങ്ങ് മരണത്തിന് വിട്ടു കൊടുക്കാൻ എനിക്ക് മനസുമില്ല. ജീവന്റെ തരിമ്പെങ്കിലും ബാക്കിയാക്കി അദ്ദേഹത്തെ എനിക്ക് തരണം. അതിനപ്പുറം എനിക്കൊന്നും പറയാനില്ല...’

അലറിക്കരച്ചിലും ആശ്വാസവാക്കുകളും ശമിക്കാത്ത ഈ ആശുപത്രിയുടെ ഇടനാഴിയെ നിശബ്ദമാക്കിയത് നിഷയുടെ ആ കണ്ണീരുറഞ്ഞ വാക്കുകളായിരുന്നു. ജീവിതത്തിലേക്ക് തിരികെ വരാൻ കേവലം അഞ്ചു ശതമാനം സാധ്യത മാത്രമെന്ന് ടെസ്റ്റുകളും പരിശോധനകളും വിധിയെഴുതിയ മനുഷ്യനാണ് അകത്തു ജീവനു വേണ്ടി പിടയുന്നത്. ആ മനുഷ്യന്റെ ജീവന് ഡോക്ടർ എന്ത് ഗ്യാരണ്ടി നൽകാനാണ്? പക്ഷേ നിഴലായ് കൂടെയുണ്ടായിരുന്ന പെണ്ണൊരുത്തിയുടെ സ്നേഹത്തിനു മുന്നിൽ പല മുൻവിധികളും വഴിമാറി. മരണവക്രത്തിൽ നിന്നും പ്രിയപ്പെട്ടവനേയും തട്ടിപ്പറിച്ച് അവളിങ്ങു പോന്നു. അവരുടെ മാത്രം ലോകത്തേക്ക്...പഴയ അതേ ജീവിതത്തിലേക്ക്...

ഒരു സ്ട്രോക്ക്, അതിൽ എല്ലാം ഒടുങ്ങുമായിരുന്നു. തലസ്ഥാന നഗരിയിലെ പേരുകേട്ട ആശുപത്രി പോലും മരണശീട്ടെഴുതാൻ ഒരുങ്ങി നിന്ന നിമിഷത്തിൽ നിന്നും ഭർത്താവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്ന പുണ്യം ചെയ്ത ഒരു ഭാര്യയുടെ കഥയാണിത്. പേര് നിഷ ജോസ്. ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള ആ പുണ്യത്തിന്റെ പങ്കുപറ്റിയ നല്ലപാതിയുടെ പേര് കൃഷ്ണ കുമാർ.

kk4

നിഷ പറഞ്ഞു തുടങ്ങുകയാണ് മരണത്തിന്റെ നൂൽപ്പാലം കടന്ന് പ്രിയപ്പെട്ടവനേയും കൊണ്ട് ജീവിതത്തിലേക്ക് തിരികെ നടന്ന കഥ, ‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി.

പൊയ്ക്കിനാവു പോലെ പോയകാലം

നിങ്ങൾക്കൊപ്പം കളിച്ചും ചിരിച്ചും എല്ലാ വിധ ആരോഗ്യത്തോടെയും ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം കിടപ്പാലാകുന്നതിനെ പറ്റി സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? അതിനും അപ്പുറം അയാളുടെ ജീവൻ അപകടത്തിലാണ് രക്ഷിക്കാനാകില്ല എന്ന് ആരുടെയെങ്കിലും നാവിൽ നിന്ന് കേൾക്കാൻ ഇടവന്നിട്ടുണ്ടോ? രക്തം ഐസു കട്ട പോലെ മരവിച്ചു പോകും ആ നിമിഷം. ഞാൻ അനുഭവിച്ചതും അതാണ്. ഏപ്രില്‍ 26, 2018. ആ ദിവസത്തെ ദുസ്വപ്നമെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കിച്ചയെ എനിക്ക് നഷ്ടപ്പെട്ട് പോകുമെന്ന് തോന്നിപ്പിച്ച ദിവസം.– ഓർക്കാൻ ആഗ്രഹിക്കാത്ത ആ നിമിഷം ഓർത്തെടുത്ത് കൊണ്ട് നിഷ പറഞ്ഞു തുടങ്ങുകയാണ്.

kk-15

ഒരു ടിവി ചാനലിൽ വിഡിയോ എഡിറ്ററാണ് കിച്ച. ഞാൻ സ്വകാര്യ ആശുപത്രിയിൽ നഴ്സും. നേരം ഉച്ചയോടടുത്ത് കാണും. എനിക്കൊരു ഫോൺ കോൾ. കിച്ചയുടെ സുഹൃത്ത് എബിയാണ് അങ്ങേത്തലയ്ക്കൽ. കൃഷ്ണ കുമാറിന് സുഖമില്ല. എനിക്ക് പേഴ്സണലി അറിയാവുന്ന ആളാണ് എബി. ഞാൻ പാനിക് ആകേണ്ട എന്ന് കരുതിയിട്ടാകണം., സമാധാനത്തോടെയാണ് എബി അത് എന്നോട് പറഞ്ഞത്. ഓടിപ്പിടഞ്ഞ് ആശുപത്രിയിലേക്കെത്തിയപ്പോഴേക്കും കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി. വർക് ചെയ്തു കൊണ്ടിരുന്ന എഡിറ്റ് സ്യൂട്ടിൽ കൃഷ്ണകുമാർ ബോധമറ്റ് കിടക്കുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്കും ടെസ്റ്റുകൾക്കും ഒടുവിൽ വേദനയോടെ ആ സത്യം മനസിലാക്കി. സ്ട്രോക്ക് ആണ് കൃഷ്ണ കുമാറിനെ തളർത്തിയിരിക്കുന്നത്. തലച്ചോറിൽ ബ്ലഡ് ക്ലോട്ട് ആയിട്ടുമുണ്ട്. സംസാരിക്കാനാകുന്നില്ല...ഓർമകൾ പതിയെ മങ്ങുന്നു..ഉടനെ എന്തെങ്കിലും ചെയ്യണം. ഡോക്ടർ പറഞ്ഞതിൽ നിന്നും ഒന്നു മാത്രം എന്റെ മനസുരുവിട്ടു കൊണ്ടേയിരുന്നു. കിച്ചയുടെ ജീവൻ അപകടത്തിലാണ്....

kk-3

അനുനിമിഷത്തിലും പതിയിരുന്ന മരണം

തലസ്ഥാന നഗരിയിലെ പേരുകേട്ട ആശുപത്രിയിലേക്കാണ് കിച്ചയെ പിന്നെ എത്തിച്ചത്. ഞാൻ വർക് ചെയ്യുന്ന ആശുപത്രി. അവിടെയെത്തിയപ്പോഴേക്കും കാര്യങ്ങൾ കുറേക്കൂടി വഷളായി. ആവർത്തിച്ചുള്ള ടെസ്റ്റുകളും പരിശോധനകളും ഡോക്ടർമാരുടെ മുന്നറിയിപ്പുകളും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന സൂചനയാണ് നൽകിയത്. ശരീരത്തിന്റെ വലതു വശം പൂർണമായി തളർന്നു. അനുനിമിഷം കഴിയുന്തോറും കൃഷ്ണകുമാറിന് ബ്രെയിൻ ഡെഡ് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഈ നിമിഷമല്ലെങ്കിൽ അടുത്ത നിമിഷം എന്തും സംഭവിക്കാം.

അടിയന്തിര ശസ്ത്രക്രിയക്ക് കയറും മുമ്പ് ഡോക്ടർ എന്നോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ‘ഇറ്റ്സ് ഹോപ്‍ലെസ് കേസ്...കൃഷ്ണ കുമാർ ജീവിക്കാൻ അഞ്ച് ശതമാനം മാത്രമേ സാധ്യത കാണുന്നുള്ളൂ. ഈ നിമിഷമല്ലെങ്കിൽ അടുത്ത നിമിഷം എന്തും സംഭവിക്കാം.’ പക്ഷേ ‍ഡോക്ടറുടെ വാക്കുകൾ മുഴുമിക്കാൻ ഞാൻ അനുവദിച്ചില്ല. തരിമ്പെങ്കിലും ജീവൻ ബാക്കിയാക്കി കൃഷ്ണ കുമാറിനെ എനിക്ക് തരണമെന്ന് ഞൻ ഡോക്ടറോട് പറഞ്ഞു. അപ്പോഴുമെത്തി നിരാശ കലർന്ന മറുപടി. ‘ 5 ശതമാനം സാധ്യതയിൽ തിരികെ കിട്ടിയാലും അയാൾ കിടന്ന കിടപ്പിലായിരിക്കും. ഓർമ കാണില്ല. സംസാരിക്കാനാകില്ല. വെറും ശരീരം മാത്രമായിരിക്കും അത്.’ അതു കേട്ടിട്ടും തളർന്നില്ല. ഡോക്ടർ എന്തു െചയ്തിട്ടാണെങ്കിലും വേണ്ടില്ല...ജീവനോടെ ആ മനുഷ്യനെ എനിക്ക് തിരികെ തന്നാൽ മതിയെന്നായി ഞാൻ. അതിനപ്പുറം ഒന്നും എനിക്ക് പറയാനില്ലായിരുന്നു.

kk6

മുൻ‘വിധി’ തോറ്റുപോയ നിമിഷം

അഞ്ചേ അഞ്ച് ശതമാനത്തിന്റെ ആനുകൂല്യം. എന്റേയും കിച്ചയെ സ്നേഹിക്കുന്നവരുടേയും പ്രാർത്ഥന. എല്ലാം കൂടിയായപ്പോൾ ആ മനുഷ്യനെ വിധി എനിക്ക് തിരികെ തരികയായിരുന്നു. ഒരു കൊച്ചു കുട്ടി ഈ ഭൂമിയിലേക്ക് എവ്വിധം കടന്നു വരുമോ അതു പോലെ കിച്ച ജീവിതത്തിലേക്ക്. ആദ്യം കണ്ണുകൾ തുറക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ശരീരം അൽപം പോലും ചലിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞിട്ടും നാളുകൾ നീണ്ട നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. കൃത്യമായ ഇടവേളകളിൽ ടെസ്റ്റുകൾ. മരുന്നും മന്ത്രവും പരിശോധനകളുമായി കഴിഞ്ഞു പോയ നാളുകൾ.

kk-5

ഓർമകളെ തിരികെ കൊണ്ടു വരാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. എന്നിട്ടും കൃഷ്ണകുമാറുമായി ബന്ധപ്പെട്ട സകല ഓർമകളേയും തൊട്ടുണർത്താനുള്ള ശ്രമമായി പിന്നീട്. ഉറ്റ ചങ്ങാതിമാരായ എബിയേയും റെജിയേയും കിച്ചയുമായി ഏറെ അടുപ്പമുള്ള ഇന്ദു ചേട്ടനേയും കുറിച്ച് ഞാൻ എപ്പോഴും സംസാരിച്ചു കൊണ്ടേയിരുന്നു. അന്നാളുകളിലെ വാർത്തകളും കുടുംബ വിശേഷങ്ങളും ഒക്കെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹത്തെ തിരികെ തന്ന ദൈവം ആ ഓർമകളേയും തിരികെ തന്നാലോ?

ks

എന്റെ പ്രാർത്ഥനകളും പ്രയത്നവും ഫിസിയോ തെറാപ്പിയും ഒക്കെ പതിയെ തിരികെ ഫലം കാണുകയായിരുന്നു. സുഹൃത്തുക്കളേയും പഴയ ജീവിത സാഹചര്യങ്ങളേയും കിച്ച തിരിച്ചറിഞ്ഞു തുടങ്ങി. വലം കൈ ഒഴിച്ചുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ സ്വാഭാവിക രീതിയിലേക്ക് വന്നതോടെ സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ. തോറ്റു പോകുമായിരുന്ന നിമിഷത്തിൽ നിന്ന് വിധി എനിക്ക് കിച്ചയെ തിരികെ നൽകിയിരിക്കുന്നു. ഇതിൽപ്പരം വേറെന്ത് വേണം.

തിരികെ വരുന്നു സ്വപ്നങ്ങൾ

എല്ലാം മാറുകയാണ്, പഴയ കൃഷ്ണകുമാറിനെ എനിക്ക് ദൈവം തിരികെ നൽകിയിരിക്കുന്നു. ഞാൻ വിളമ്പി കൊടുക്കുന്ന ഇഷ്ട ഭക്ഷണം കൃഷ്ണ കുമാർ കഴിക്കുന്നത് കാണുമ്പോൾ...പലരെക്കുറിച്ചും ഓർമയോടെ ചോദിക്കുന്നത് കാണുമ്പോൾ അറിയാതെ കണ്ണു നിറയും. ആവശ്യപ്പെടുമ്പോഴൊക്കെ കിച്ചയെ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൊണ്ടു പോകാറുണ്ട്. സുഹൃത്തുക്കളെയൊക്കെ ഈസിസായി ഓർത്തെടുക്കുന്നു. വലം കൈക്ക് അൽപം വയ്യായ്ക ഉണ്ടെങ്കിലും ടൂവീലറും സൈക്കിളും അദ്ദേഹം ഈസിസായി ഓടിക്കാറുണ്ട്.

kk1

ജോലി ചെയ്ത പഴയ സ്ഥാപനങ്ങളിലേക്ക് അദ്ദേഹം തിരികെ കയറി എന്നതാണ് പുതിയ സന്തോഷം. കിച്ചയ്ക്കും എനിക്കും ഇനിയും ഏറെ ദൂരം പോകാനുണ്ട്. കിച്ചയുടെ മാറ്റങ്ങളുടെ ഈ യാത്രയിൽ ഞാനുമുണ്ടാകും. തണലായി തുണയായി...പഴയ കിച്ചയെ പൂർണമായും തിരികെ കിട്ടും വരെ ഞാനെന്റെ പരിശ്രമം തുടർന്നു കൊണ്ടേയിരിക്കും.–നിഷ പറഞ്ഞു നിർത്തി.

Tags:
  • Inspirational Story