Thursday 11 April 2019 04:49 PM IST

ഇവൾ മാളയിലെ ഉണ്ണിയാർച്ച! ക്ഷേത്ര പൂജാരിയുടെ മകൾ ഇപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണി, തടൂസിന്റെ സ്വപ്നവും അൽപം വിചിത്രം

Binsha Muhammed

krishna

പെണ്ണൊരുവൾ സ്കൂട്ടിയുമായി ട്രാഫിക്കിലേക്കിറങ്ങിയാൽ ഒന്നിരുത്തി നോക്കുന്ന ചേട്ടന്മാരുടെ കാലം. വണ്ടിയും കൊണ്ട് എങ്ങാനം ഒന്ന് ഓവർ ടേക്ക് ചെയ്ത് പോയാൽ ‘കലികാലം’ എന്ന് പുലമ്പുന്ന കുല പുരുഷൻമാരുടെ കാലം. നാട് എത്ര വേണേലും പുരോഗമിച്ചോട്ടെ, പക്ഷേ പെണ്ണായാൽ ഇച്ചിരി അടക്കവും ഒതുക്കവുമൊക്കെ വേണമെന്ന് ശഠിക്കുന്നവരുടെ കണ്ണു തള്ളിക്കുന്നതായിരുന്നു ആ കാഴ്ച. നീണ്ടു നിവർന്ന് കിടക്കുന്ന റോഡിൽ സ്കൂട്ടറിനു പകരം കുതിരയെ പായിക്കുന്നൊരു മിടുക്കി പെണ്ണ്. എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസം സ്കൂളിലേക്ക് കുതിരയിൽ പാഞ്ഞ പെൺകൊടി. ‘ഇതെന്ത് കൂത്തെന്ന്’ കണ്ട് അന്തം വിട്ടു നിന്നപ്പോഴേക്കും സംഭവം വേറെ ലെവലായി. കേരളത്തിലെ ഇത്തിരിപ്പോന്നൊരു ഗ്രാമത്തിൽ കുതിര സവാരി നടത്തിയ പെൺകുട്ടി സോഷ്യൽ മീഡിയയിൽ വൈറലോട് വൈറൽ. എന്തിനേറെ പറയണം. കടലും കരയും കടന്ന് പ്രവഹിച്ച അവളുടെ കരളുറപ്പിനെ വാഴ്ത്തി നിരവധി പേരെത്തി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയായിരുന്നു ആ കുതിര സവാരിക്കാരിയെ കണ്ട് ‘വിജൃംഭിച്ചു’ നിന്നവരിൽ പ്രമുഖൻ.

തൃശ്ശൂർ മാളയിലെ ആ വൈറൽ കുതിര സവാരിക്കാരിയെ നേരിൽക്കാണുമ്പോഴും ആ ത്രില്ലിൽ‌ നിന്നും മോചനം കിട്ടിയിട്ടില്ല. വൈറൽ മഴ നനഞ്ഞ്, ലൈക്ക് പ്രവാഹത്തിൽ മനം നിറഞ്ഞ് ഹോഴ്സ് റൈഡർ കഥാനായിക ഹാപ്പിയോടു ഹാപ്പി. വീട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ തടൂസ് എന്ന് വിളിക്കുന്ന കൃഷ്ണ എന്ന അശ്വാരൂഢ വനിത ഓൺലൈൻ വായനക്കാരോട് പുതിയതായി കിട്ടിയ പേരും പെരുമയുടെയും കഥ പറയുകയാണ്.

99


ദിവസവും പത്തു മണിക്കൂർ ജിമ്മിൽ, ചപ്പാത്തിയും ഓട്സും പ്രധാന ഭക്ഷണം, ചിക്കനും മീനും സ്റ്റീം ചെയ്തു കഴിക്കും! ശരീര സൗന്ദര്യത്തിലെ മിസ് കേരളയെ പരിചയപ്പെടാം

പുന്നാരിച്ചാൽ മാത്രം മതിയോ?; കുഞ്ഞുങ്ങളെ ഞങ്ങൾ തല്ലും, മറ്റാരും തല്ലേണ്ട; ഹൃദയത്തിൽ നിന്നും ഒരമ്മയുടെ കുറിപ്പ്

krish-3

മഹാലക്ഷ്മിക്ക് ഗുരുവായൂരിൽ ചോറൂണ്! കാവ്യയ്ക്കും മകൾക്കും തുലാഭാരവും

ഹോഴ്സ് ലവർ

ഇതെന്റെ മാത്രം കഥയല്ല ചേട്ടാ...റാണിയുടേയും ഝാൻസിയുടേയും റാണയുടേയും കൂടി കഥയാണ്. ഇവരൊക്കെ ആരാണെന്ന് പറയേണ്ടതില്ലല്ലോ. എന്റെ പ്രിയപ്പെട്ട കുതിരകൾ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ആദ്യമായി കുതിരയെ വാങ്ങുന്നത്. അത് വെറുമൊരു നേരമ്പോക്കല്ല കേട്ടോ, മാളയിലെ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലാണ് ഞാൻ പഠിക്കുന്നത്. അവിടെ കുതിര സവാരിക്ക് പ്രത്യേക പരിശീലനമുണ്ടായിരുന്നു. ബാലപാഠങ്ങൾ പഠിച്ച് കഴിഞ്ഞപ്പോൾ എന്തോ ആ കുതിരക്കമ്പം അങ്ങനെ വിടാൻ തോന്നിയില്ല. അച്ഛനോട് ആഗ്രഹം പറഞ്ഞു. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് അച്ഛൻ‌ അജയ് കാലിന്ദി.

krish-4

തേടിപ്പിടിച്ച്, അന്വേഷിച്ച് ഒടുവിൽ ആ ആഗ്രഹം സാധിച്ചെടുത്തു. റാണിയെന്ന് ഞാൻ സ്നേഹ പൂർവം വിളിക്കുന്ന ഝാൻസി റാണി എന്റെ വീട്ടിലേക്ക് വരുന്നത് അങ്ങനെയാണ്. നല്ല ഒന്നാന്തരമൊരു വെള്ളക്കുതിര. പിന്നെ പിന്നെ അവളായി എന്റെ കൂട്ട്. കുതിര സവാരി പഠിത്തം വിശദമായി തുടങ്ങുന്നത് അവിടെ നിന്നാണ്. ഡാനി ഡേവിസും അഭിജിത്ത് കോട്ടപ്പുറവുമായി മാസ്റ്റേഴ്സ്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സംഭവം കൈയ്യിൽ നിൽക്കുമെന്നായി. പരിശീലനത്തിനിടെ റാണി കുറുമ്പു കാട്ടിയപ്പോൾ ഞാൻ വീണു പോയത് ഒരിക്കലും മറക്കില്ല. ബെക്കിംഗ് എന്നു പറയും, കുതിര രണ്ടു കാലിൽ നിന്ന് മേലോട്ടു പൊങ്ങിയപ്പോൾ ഞാൻ ദാ കിടക്കുന്നു നടുവും തല്ലി താഴെ. തല മുറിഞ്ഞു, കാലിൽ ചവിട്ടു കിട്ടി. പക്ഷേ അവിടം കൊണ്ടൊന്നും ഞാൻ പഠിച്ചില്ല. അവളെ മെരുക്കി ഉള്ളം കൈയ്യിലാക്കുന്നത് വരെ തുടർന്നു ട്രെയിനിങ്ങ്. സംഭവം ഓകെ ആയപ്പോൾ ഐശ്വര്യമായി റാണിയേയും കൊണ്ട് റോഡിലേക്കിറങ്ങി ടെസ്റ്റ് റൈഡിന്. സംഭവം കളറായെന്നു പറഞ്ഞാൽ മതിയല്ലോ.

ജാൻവിയും കൃഷും പിന്നെ ഞാനും

krish-2

റാണിയെ കൊടുക്കേണ്ട സാഹചര്യമുണ്ടായി. ഈ നാളുകൾക്കിടയിൽ ഞങ്ങൾ ഏറെ അടുത്തിരുന്നു. അവൾ പോയതോടെ ആകെ സെന്റി സീനായി. കുടുംബത്തിലെ ഒരാൾ നഷ്ടപ്പെട്ടത് മാതിരിയൊരു ഫീലിംഗ്. അവസാനം അച്ഛനോട് തന്നെ വിഷമം പറഞ്ഞു. എന്റെ നിർബന്ധം കൂടിയായപ്പോൾ പഴയ പടി അന്വേഷിച്ചിറങ്ങി. തമിഴ്നാടും ബാംഗ്ലൂരും ഏറെ അലഞ്ഞു. ഒടുവിൽ ജാൻവിയെ എന്ന സുന്ദരിക്കുതിരയെ തമിഴ്നാട്ടിൽ നിന്നും തപ്പിപ്പിടിച്ചു. അപ്പോഴും റാണിയെ പോലെ ഒരു വെള്ളക്കുതിരയെ തന്നെ വേണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. ഒരുപാട് ശ്രമിച്ചു, കിട്ടിയില്ല. ഇതിനിടെയാണ് റാണാ കൃഷ് എന്ന നമ്മുടെ ഇപ്പോഴത്തെ താരത്തെ കണ്ടു കിട്ടുന്നത്. വെളുത്ത കുതിരയല്ലെങ്കിലും പുള്ളിക്കാരനെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു,

മരംകേറി പെണ്ണല്ല

മാള കുറിവിലശ്ശേരിയിലെ വീടിന്റെ പടികടന്ന് ഇറങ്ങിയത് മാത്രമേ ഓർമയുള്ളൂ. അഹങ്കാരി, തന്റേടി, തലതെറിച്ചവൾ, മരംകേറി എന്നീ ഓമനപ്പേരുകൾ ചിലർ എനിക്ക് ചാർത്തി തന്നു. പെണ്ണായ ഞാൻ കുതിരയേയും കൊണ്ട് പുറത്തേക്കിറങ്ങിയതായിരുന്നു ഇവർക്ക് പ്രശ്നം. പക്ഷേ അതൊന്നും മൈൻഡ് ചെയ്യാനേ എനിക്ക് താത്പര്യമില്ലായിരുന്നു. സ്കൂട്ടി ഓടിക്കുന്നതിനു പകരം കുതിരയുമായി പുറത്തേക്കിറങ്ങുമ്പോൾ ഇതെന്ത് വട്ടാണെന്നൊക്കെ ചിലർ ചോദിക്കുമായിരിക്കും. പിന്നെ ഇതൊക്കെ ഒരു വൈറൈറ്റി അല്ലേ. ഒന്നുമില്ലെങ്കിലും പെട്രോളടിച്ച് കാശ് കളയേണ്ടല്ലോ. പിന്നെ വിഡിയോ വൈറലായതോടെ പഴയ കുറ്റം പറച്ചിലുക്കാരെയൊന്നും പിന്നെ ഈ വഴി കാണാനേയില്ല. ഞാനിപ്പോൾ ഇന്നാട്ടുകാരുടെ അഭിമാനമാണ്. അവരുടെ നല്ല വാക്കു കേൾക്കുമ്പോൾ മനസിനൊരു കുളിരാണ്.

സ്വപ്നങ്ങളേ ഇതിലേ...ഇതിലേ...

എന്ത് വന്നാലും ഈ കുതിര പ്രേമം എന്നെ വിട്ട് പോകും എന്ന് തോന്നുന്നില്ല. അത് കൂടെ തന്നെ കാണും. ഡ്രംസ് ആണ് പാഷൻ. അറിയപ്പെടുന്നൊരു ഡ്രമ്മർ ആകണമെന്നാണ് ആഗ്രഹം. പിന്നെ ഇടയ്ക്കയും പ്രാക്ടീസ് ചെയ്യുന്നുണ്ട്. അമ്മ ഇന്ദുവും കട്ട സപ്പോർട്ടാണ്. വിഡിയോ വൈറലായതിനു ശേഷം വീട്ടിലെല്ലാവരും ഇരട്ടി സന്തോഷത്തിലാണ്. അവരാരും പ്രതീക്ഷിച്ചിരുന്നതല്ല കേട്ടോ ഈ അംഗീകാരം. ഇപ്പോ വീട്ടിലൊക്കെ നിറച്ചും ആളാണ്. കുതിര സവാരിക്കാരി പെണ്ണിനെ കാണാൻ– ഒരു ചെറു ചിരിയോടെ കൃഷ്ണ പറയുമ്പോൾ ഈ കൗമാരക്കാരിയുടെ മനസ്സ് കടിഞ്ഞാണില്ലാതെ സന്തോഷത്തിന്റ ലോകത്തേക്ക് കുതിച്ചു പായുകയായിരുന്നു.