Wednesday 24 June 2020 02:52 PM IST

റമ്പുട്ടാനും പുലാസനും പറമ്പിൽ നിറയട്ടെ; ഇത് പൊന്നു വിളയുന്ന ഞാറ്റുവേലക്കാലം; ക്യാംപയിനുമായി കൃഷിത്തോട്ടം ഗ്രൂപ്പ്

Roopa Thayabji

Sub Editor

ktg

കോവിഡ് 19നെ പേടിച്ച് വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങിയവർക്ക് ഇപ്പോൾ വിളവെടുപ്പിന്റെ കാലമാണ്. അങ്ങനെ കൃഷി ചെയ്യുന്നവർക്ക് ഓർത്തുവയ്ക്കാവുന്ന ദിവസങ്ങളാണ് ഈ കടന്നുപോകുന്നത്. കർഷകർക്ക് ഏറ്റവും പ്രിയപ്പെട്ട, മണ്ണിൽ വീണ ഏതു വിത്തും മുളപ്പിക്കുന്ന പ്രകൃതിയുടെ പ്രജനനകാലമായ തിരുവാതിര ഞാറ്റുവേലയാണ് ജൂൺ 21 മുതൽ ജൂലൈ അഞ്ചുവരെ.

ഞാറ്റുവേലയെ കുറിച്ച് ഒരു കാര്യം കൂടി പറഞ്ഞാൽ അതിന്റെ പ്രാധാന്യം മുഴുവനായി മനസിലാകും. ഡച്ചുകാർ നമ്മുടെ നാട്ടിൽ നിന്ന് കുരുമുളകിനൊപ്പം കുരുമുളകു വള്ളികളും കൊണ്ടുപോകുന്നു എന്ന് മന്ത്രിമാർ സാമൂതിരിയെ ആശങ്ക അറിയിച്ചു. അപ്പോൾ സാമൂതിരിയുടെ മാസ് മറുപടി ഇങ്ങനെ, ‘‘വള്ളിയല്ലേ കൊണ്ടുപോകാൻ പറ്റൂ. നമ്മുടെ തിരുവാതിര ഞാറ്റുവേല അവർക്ക് കൊണ്ടുപോകാൻ പറ്റില്ലല്ലോ...’’ വിരൽ മുറിച്ച് നട്ടാലും വേരു പിടിക്കും എന്നു പറയപ്പെടുന്ന ഈ ഞാറ്റുവേല കാലത്ത് ഫലവൃക്ഷ തൈകൾ നടാൻ ആഹ്വാനം ചെയ്യുന്ന കൃഷിത്തോട്ടം ഗ്രൂപ്പിന്റെ ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്.

പച്ചക്കറിയിൽ മാത്രമല്ല പഴങ്ങളിലും സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ക്യാംപയിൻ നടത്തിയതെന്ന് കെടിജി ഗ്രൂപ്പ് സ്ഥാപകനും അഡ്മിൻ പാനൽ അംഗവുമായ ലിജോ ജോസഫ് വനിത ഓൺലൈനോടു പറഞ്ഞു. ‘‘ക്യാംപയിനിൽ പങ്കെടുക്കാനായി ഗ്രൂപ്പംഗങ്ങൾക്ക് പറമ്പിൽ റമ്പുട്ടാനോ പുലാസനോ സപ്പോട്ടയോ നടാം. തൈ നടുന്ന ചിത്രം #ktgfruitsplantschallenge എന്ന ഹാഷ് ടാഗിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 5000ലേറെ രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 22ന് നടന്ന മത്സരത്തിൽ 500ഓളം േപരാണ് പങ്കെടുത്തത്. മത്സരത്തിൽ പറഞ്ഞതിനു പുറമേ മറ്റു ഫലവൃക്ഷ തൈകൾ നട്ടവരും ഏറെ.’’

വിഷമില്ലാത്ത പച്ചക്കറി ജൈവരീതിയിൽ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ ആരംഭിച്ച കെടിജി കൂട്ടായ്മ ഇന്ന് രണ്ടുലക്ഷത്തോളം ജൈവകർഷകർ അംഗങ്ങളായ ബൃഹത് ട്രസ്റ്റാണ്. ഓരോ സീസണിലും കൃഷി ഇറക്കാവുന്ന ഇനങ്ങളെ കുറിച്ചും അവയുടെ വളപ്രയോഗം, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ചുമൊക്കെ സമയാസമയത്ത് നിർദേശങ്ങൾ ഗ്രൂപ്പിൽ ലഭിക്കും. ജൈവകൃഷിയുമായി ബന്ധപ്പെട്ട ഏതു സംശയങ്ങൾക്കും ഉത്തരങ്ങളുമായി മറ്റ് അഡ്മിൻ പാനൽ അംഗങ്ങളായ റിജോഷ് മാരോക്കിയും സൽവ ഹസ്കറും ജോൺസൺ ചെറിയാനും മുതിർന്ന അംഗങ്ങളുമൊക്കെ ഗ്രൂപ്പിൽ സജീവമാണ്.

ktg-1

കൃഷിവകുപ്പിന്റെ ജൈവകൃഷി ചലഞ്ച് ഏറ്റെടുത്ത് #100growbagchallenge ഉം നേരത്തേ കെടിജി നടത്തിയിരുന്നു. അംഗങ്ങൾക്ക് കൃഷിക്കാവശ്യമുള്ള വിത്തുകളും തൈകളും എത്തിച്ചു നൽകാനും കൃഷി ക്ലാസുകളും മീറ്റുകളും നടത്താനും മുന്നിട്ടിറങ്ങിയ കെടിജി കഴിഞ്ഞ പ്രളയത്തിനു ശേഷം കൃഷി നശിച്ചവർക്കായി ഒരു ലക്ഷത്തിലധികം പച്ചക്കറി തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ഈ പ്രവർത്തനങ്ങൾക്ക് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ അഭിനന്ദനവും ലഭിച്ചു.