Wednesday 15 April 2020 05:25 PM IST

നഴ്സ് ദമ്പതികളിൽ ഭർത്താവിന് കോവിഡ്, ഭാര്യയേയും മക്കളെയും ഫ്ലാറ്റിലേക്ക് കയറ്റാതെ ജനം! ഡൽഹിയിൽ മലയാളി കുടുംബം നേരിട്ടത്

Binsha Muhammed

family

'ഫ്‌ളാറ്റ് നമ്പര്‍ ബി 607, അവരെ ഈ സൊസൈറ്റിയിലേക്ക് പ്രവേശിപ്പിക്കരുത്. ആ കുടുംബത്തിന് കോവിഡാണ്!'

സമയം, അര്‍ദ്ധരാത്രി ഒരു മണി. ഡൽഹിയിലെ സ്വന്തം ഫ്ലാറ്റിന്റെ പടിപോലും കടക്കാനാകാതെ അയല്‍ക്കാരുടെ ഭ്രഷ്ടിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഒരമ്മയും രണ്ട് കുഞ്ഞ് മക്കളും. അയല്‍ക്കാരും ഇന്നലെ വരെ മുഖത്തു നോക്കി നിറഞ്ഞു ചിരിച്ചരും വരെയുണ്ട് തടയാനെത്തിയവരുടെ കൂടെ. ആവുന്നത്ര കാലു പിടിച്ചു... കെഞ്ചി നോക്കി. രോഗമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. എന്നിട്ടും ആ കൂടി നിന്നവരുടെ മനസ് അലിഞ്ഞില്ല. അവരുടെ കണ്ണില്‍ ആ അമ്മയും ഒന്നുമറിയാത്ത രണ്ടു കുഞ്ഞുങ്ങളും കൊറോണയുടെ മൊത്തക്കച്ചവടക്കാരായിരുന്നു.

കാവല്‍മാലാഖയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വാഴ്ത്തുന്ന ഒരു നഴ്‌സിനും കുടുംബത്തിനും രാജ്യത്തിന്റെ തലസ്ഥാനത്ത് സംഭവിച്ച വേദനയുടെ ചിത്രമാണിത്. നെഞ്ചു പിളര്‍ക്കുന്ന ഈ രംഗങ്ങള്‍ അരങ്ങേറുമ്പോള്‍ ഇവരുടെ ഭർത്താവ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ഐസൊലേഷനിലാണ്. പേര് സതീഷ്, കോട്ടയം മുണ്ടക്കയം സ്വദേശി. തനിക്ക് കോവിഡ് പിടിപ്പെട്ടതിന്റെ പേരില്‍ ഭാര്യക്കും മക്കള്‍ക്കും അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ കോവിഡിനെക്കാളും വലിയ വേദനയെന്ന് പറയുമ്പോൾ സതീഷിന്റെ വാക്കുകൾ ഇടറി. ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്.

പക്ഷേ വേദനയും ഒറ്റപ്പെടലും എല്ലാം നേരിടേണ്ടി വന്നത് രോഗം പിടികൂടാത്ത ഭാര്യ ഷീനയ്ക്കും മക്കൾക്കുമാണെന്ന് സതീഷ് പറയുന്നു. ഐസൊലേഷനിൽ കോവിഡിനോട് പൊരുതുന്നതിനിടെ ആ സങ്കടകഥകൾ സതീഷ് ‘വനിത ഓണ്‍ലൈനു’മായി പങ്കുവച്ചു.

ആശുപത്രി വരെ അടച്ചു പൂട്ടിയ കോവിഡ്

ഞാനും ഭാര്യ ഷീനയും വര്‍ഷങ്ങളായി ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സുമാരാണ്. എന്റെയും ഷീനയുടെയും വീട് മുണ്ടക്കയത്താണ്. കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാം സുരക്ഷാ നടപടികളും കൈക്കൊണ്ടിരുന്നു. കൊറോണ പിടിമുറുക്കി തുടങ്ങിയ നാളുകളിലും ജാഗ്രതയോടെ മുന്നോട്ടു പോയി. പക്ഷേ എന്നിട്ടും ഫലമുണ്ടായില്ല. ഇംഗ്ലണ്ടില്‍ നിന്നെത്തിയ ബന്ധുവിനെ സന്ദര്‍ശിച്ച ഒരു ഡോക്ടർ ഞങ്ങളുടെ ആശുപത്രിയിലേക്ക് കോവിഡ് എത്തിച്ചു. ഇതോടെ ഒരാശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി. സന്ദര്‍ശനം കഴിഞ്ഞ് ഇതൊന്നും കൂസാക്കാതെ അദ്ദേഹം ഡ്യൂട്ടിക്ക് വന്നു. എട്ടാം ദിനം അദ്ദേഹത്തിന് പനി പിടിപ്പെട്ടു. പരിശോധനയിൽ കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ഡോക്ടറുമായി ഇടപെട്ട എട്ട് പേരെയാണ് തുടര്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. അവരില്‍ അഞ്ചു പേര്‍ക്ക് പോസിറ്റിവായി. ഇതോടെ മുഴുവന്‍ സ്റ്റാഫും സ്രവ പരിശോധനയ്ക്ക് തയ്യാറായി. അങ്ങനെ അഞ്ചു പേരിൽ പേരില്‍ നിന്നും 26 പേരിലേക്ക് കൊറോണ പടര്‍ന്നു കയറി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികള്‍ വരെ പോസിറ്റീവായി. ആശുപത്രിയുടെ സമ്പൂര്‍ണമായി അടച്ചിടാൻ അധികൃതർ അങ്ങനെയാണ് തീരുമാനിച്ചത്.

family-2

ഉറങ്ങാത്ത രാത്രി

ആശുപത്രിയുടെ പ്രവര്‍ത്തനം നിർത്തുന്നു എന്ന് അറിയിപ്പുണ്ടാകുമ്പോള്‍ ഞാനും ഷീനയും വീട്ടിലാണ്. അടിയന്തിരമായി പരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു അറിയിപ്പ്. ആദ്യം പരിശോധനയ്ക്ക് വിധേയനായത് ഞാനാണ്. പേടിച്ചതു തന്നെ സംഭവിച്ചു, എന്റെ കോവിഡ് ഫലം പോസിറ്റീവ്. ഭൂമി കീഴ്‌മേല്‍ മറിയുന്ന പ്രതീതിയായിരുന്നു. പക്ഷേ പേടിപ്പിച്ചതും ആശങ്കയേറ്റിയതും മറ്റൊന്നാണ്. ഭാര്യയുടേയും മക്കളുടേയും റിസല്‍റ്റ് പിന്നെയും വൈകി. എനിക്ക് സംഭവിച്ചത് ഒരു പക്ഷേ ഷീനയ്ക്കു സംഭവിക്കും എന്നത് ഉള്‍ക്കൊള്ളാനുള്ള മനസൊരുക്കം ഞങ്ങള്‍ ഇരുവര്‍ക്കും ഉണ്ട്. പക്ഷേ ഞങ്ങളുടെ കുഞ്ഞുങ്ങള്‍.... അവരുടെ റിസല്‍റ്റ് എന്താകും? ഞാന്‍ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതിന് തൊട്ടു മുമ്പും ഞങ്ങള്‍ ഒരുമിച്ചായിരുന്നു ഇരുന്നത്.

പോസിറ്റീവ് ആണ് റിസല്‍റ്റ് അറിഞ്ഞപാടെ ഞാന്‍ മുറിയില്‍ കയറി കതകടച്ച് ഇരിപ്പായി. അന്ന് രാത്രി തന്നെ നോഡല്‍ ഓഫീസറോട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. അന്നത്തെ രാത്രി ഞങ്ങള്‍ ഉറങ്ങിയിട്ടു കൂടിയില്ല. പിറ്റേദിവസം വണ്ടിയെത്തി അവരേയും പരിശോധനയ്ക്ക് എത്തിക്കാം എന്നാണ് നോഡല്‍ ഓഫീസര്‍ നല്‍കിയ ഉറപ്പ്. പക്ഷേ പിറ്റേദിവസവും ഒന്നും സംഭവിച്ചില്ല. ഒടുവില്‍ കുടുംബം മൊത്തം അഡ്മിറ്റാകാന്‍ തീരുമാനം എടുത്തു. കുടുംബം ഒന്നാകെ ആശുപത്രിയിലേക്കെത്തുമ്പോഴും നേരിട്ടു വലിയ പ്രശ്‌നങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് പോലും സമയത്തു ഭക്ഷണം കിട്ടുന്നില്ല. ടെസ്റ്റ് റിസള്‍ട്ട് അനന്തമായി നീളുന്നു. ഒടുവില്‍ നാട്ടിലേക്ക് വിളിച്ച് ജനപ്രതിനിധികള്‍ ഇടപെട്ടാണ് കാര്യങ്ങള്‍ക്ക് തീരുമാനം ആക്കി തന്നത്. രാത്രി പന്ത്രണ്ടു മണിയോടെ അവളുടേയും കുഞ്ഞുങ്ങളുടേയും റിസള്‍ട്ട് വന്നു. ഫലങ്ങള്‍ നെഗറ്റീവ്!

'ബീ പോസിറ്റീവ്'

നേരിട്ടതിലും വലിയ വേദനയായിരുന്നു പിന്നെ കാത്തിരുന്നത്. പോസിറ്റീവായ എന്നെപ്പോലും ആശുപത്രി കാര്യമായി കെയര്‍ ചെയ്തിരുന്നില്ല. കോവിഡ് ബാധിച്ചതായി സംശയം ഉണ്ടായിരുന്നവര്‍ക്കിടയില്‍ ആയിരുന്നു എന്നെയും പാര്‍പ്പിച്ചിരുന്നത്. ഭക്ഷണം പോലും കൃത്യമായി കിട്ടിയിരുന്നില്ല. പക്ഷേ താമസ സ്ഥലത്ത് ഷീനയെയും കുഞ്ഞുങ്ങളെ കാത്തിരുന്നത് മറ്റൊരു പരീക്ഷണമാണ്.

1400 പേരോളം താമസിക്കുന്ന ഹൗസിങ് കോളനിയിലെ ഒരു വിഭാഗം അവരെ തടഞ്ഞു. സൊസൈറ്റിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞു. കോവിഡ് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഞാന്‍ പറഞ്ഞത് പ്രകാരം, 100 ഡയല്‍ ചെയ്ത് പൊലീസ് എത്തിയതോടെയാണ് അവര്‍ക്ക് അകത്തു കയറാനായത്. പക്ഷേ ഞങ്ങളെ അവര്‍ പൂര്‍ണമായും ഒറ്റപ്പെടുത്തി. വീട്ടിലേക്ക് പാലും പച്ചക്കറികളും പോലും എത്തിക്കുന്നത് തടഞ്ഞു. എന്നിട്ടും എല്ലാ വേദനയും സഹിച്ച് അവര്‍ പിടിച്ചു നിന്നു. വേദനകളും ദുഖങ്ങളും പരിചിതമാകേണ്ടുന്ന പ്രൊഫഷന്‍ തന്നെയാണ് ഞങ്ങളുടേത്. പക്ഷേ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്.

നഴ്‌സുമാര്‍ക്കുള്ള വാഴ്ത്തു പാട്ടുകളും അഭിനന്ദനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ്. അതിന്റെ നേര്‍ ചിത്രമാണ് എന്റെ കുടുംബം അനുഭവിച്ചത്. ഒരു തരത്തില്‍ ദൈവം ഞങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. അവള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കില്‍ എന്റെ കുഞ്ഞുങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു. അവരെ ആര് നോക്കും... അവള്‍ക്ക് രോഗം പിടിപ്പെട്ടിരുന്നെങ്കിലോ... ഇപ്പോള്‍ സൊസൈറ്റിയിലെ അവസ്ഥ ശാന്തമാണ്. ഇപ്പോൾ ഞാൻ കാത്തിരിക്കുകയാണ്, എന്റെ ഫലവും നെഗറ്റീവ് ആകുന്ന നിമിഷത്തിനായി. അതിനു ശേഷം, ഓടിയെത്തണം, എന്റെ കുഞ്ഞുങ്ങള്‍ക്ക് അരികിലേക്ക്.– സതീഷിന്റെ വാക്കുകളിൽ പ്രതീക്ഷ.