Saturday 05 September 2020 02:14 PM IST

ഒന്നും രണ്ടുമല്ല, ഇരുപത്തിയാറു വർഷം പുഴ നീന്തിക്കേറി സ്‌കൂളിലെത്തി; ഇപ്പോൾ മാലിക് മാഷ് കടലുണ്ടിപ്പുഴ നീന്താറില്ല! ആ കഥയിതാ...

V R Jyothish

Chief Sub Editor

malik-mashu-story

മലപ്പുറത്തുകാരനായ മാലിക് മാഷിനെ ഓർമ്മയുണ്ടോ? ഓർമ്മ കാണാതിരിക്കില്ല. കാരണം കേരളത്തിൽ മാലിക്ക് മാഷിനെപ്പോലെ മറ്റൊരു മാഷില്ല. അന്നും ഇന്നും.. മലപ്പുറം പടിഞ്ഞാറ്റുമുറി ഈസ്റ്റ് എ. എം ലോവർ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് ഇപ്പോൾ മാലിക് മാഷ്. മലപ്പുറം ജില്ലയിലെ തന്നെ പെരുമ്പലത്തു നിന്നാണ് ഈ മാഷ് വാർത്തയിൽ ഇടം തേടിയത്. ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും മാഷ് വാർത്തയായിരുന്നു. സംഭവം ഇങ്ങനെയായിരുന്നു;

മാഷ് താമസിക്കുന്ന പെരുമ്പലം വഴിയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. പുഴയുടെ അക്കരെയാണ് പടിഞ്ഞാറ്റുമുറി ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ. മാഷ് താമസിക്കുന്ന വീട്ടിൽ നിന്ന് സ്കൂളിലെത്താൻ ഒന്നര മണിക്കൂർ ബസ് യാത്ര ചെയ്യണം. അതിരാവിലെ ആൾക്കാരുടെ ഉന്തും തള്ളും സഹിച്ച് ബസിൽ യാത്ര ചെയ്ത് സ്കൂളിൽ എത്തുമ്പോഴേക്കും മാഷ് ആകെ ക്ഷീണിതനാവും. അങ്ങനെ വരുന്ന അവശനായി വരുന്ന മാഷിനെ കണ്ടപ്പോൾ സഹഅധ്യാപകനായ ബാപ്പുട്ടി ചോദിച്ചു; ‘മാലിക്കേ... നിനക്ക് ആ പുഴയൊന്നു നീന്തിക്കേറിയാൽ പോരേ... എന്തിനാണ് ഈ കറക്കം?’ 

നീന്തൽ അറിയാവുന്ന മാലിക് മാഷിന് സംഗതി നല്ലതാണെന്നു തോന്നി. അങ്ങനെ ഒരു ട്യൂബും സംഘടിപ്പിച്ച് മാലിക് മാഷ് കടലുണ്ടിപ്പുഴ നീന്തിക്കടക്കാൻ തുടങ്ങി. രാവിലെ പുഴക്കര വന്ന് വസ്ത്രവും ചോറ്റുപാത്രങ്ങളുമൊക്കെ ഒരു പ്ലാസ്റ്റിക് കവറിലാക്കി മാഷ് നീന്താൻ തുടങ്ങും. പതിനഞ്ചു മിനിറ്റു മതി പുഴ നീന്തി ഇക്കരെ കടക്കാൻ. വീണ്ടും കടവിൽ വന്ന് വസ്ത്രം മാറി. കടവിനടുത്തുള്ള സുഹൃത്തിന്റെ കാർഷെഡിൽ ട്യൂബും തൂക്കിയിട്ട് മാഷ് സ്കൂളിലേക്കു നടക്കും. രാവിലെ വേണ്ട വ്യായാമവുമായി. കുളിച്ചുകയറിയ പ്രതീതിയോടെ മാഷ് ക്ലാസ്മുറിയിലേക്കു കടക്കും. കണക്കാണ് മാഷിന്റെ വിഷയം. 

malikdddddd

മാലിക് മാഷ് ഇങ്ങനെ പുഴ നീന്തിക്കയറിയത് ഒന്നും രണ്ടുമല്ല. ഇരുപത്തിയാറു വർഷം. അങ്ങനെ പുഴ നീന്തി നീന്തിപ്പോകുന്ന അധ്യാപകൻ വാർത്തയിൽ ഇടം പിടിച്ചു. വാർത്ത കണ്ട പലരും മാഷിനെ വിളിച്ചു. മാഷിന് കാർ വാങ്ങിനൽകാം എന്നു വാഗ്ദാനം ചെയ്തവർ വരെയുണ്ട് എന്നിട്ടും മാഷിന്റെ മനസ് മാറിയില്ല. അങ്ങനെ മാഷ് കടലുണ്ടിപ്പുഴയെ പ്രണയിച്ചു കൊണ്ടിരുന്നു. അവസാനം! രണ്ടു വർഷം മുമ്പ് മാഷ് കടലുണ്ടിപ്പുഴയോടു താൽകാലികമായി വിട പറഞ്ഞു. മാഷിന് സ്ഥലംമാറ്റം കിട്ടിയതുകൊണ്ടല്ല. മാഷിന് പ്രമോഷൻ കിട്ടി. സ്കൂളിലെ ഹെഡ്മാസ്റ്ററായി.

അപ്പോൾ മേലധികാരികൾ ചോദിച്ചു. ‘വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട ഒരു ഹെഡ്മാസ്റ്റർ ഇങ്ങനെ വസ്ത്രം മാറി പുഴ നീന്തിവരുന്നത് ശരിയാണോ?’. അതിൽ ശരികേടൊന്നും കണ്ടില്ലെങ്കിലും മാഷ് കടലുണ്ടിപ്പുഴയോടു കാര്യം പറഞ്ഞു. മറ്റുള്ളവരുടെ മുന്നിൽ മാഷ് മോശക്കാരനാകുന്നത് കടലുണ്ടിപ്പുഴയ്ക്കും ഇഷ്ടമായിരുന്നില്ല. അങ്ങനെ രണ്ടുവർഷം മുമ്പ് മാഷും പുഴയും അത്യന്തം ഹൃദയവേദനയോടെ താല്കാലികമായി വിട പറഞ്ഞു.

‘‘ഓരോ ദിവസവും പുതിയൊരു പുഴയിലാണ് നമ്മൾ ഇറങ്ങുന്നത്. ആ തണുപ്പ് നമ്മളുടെ ആത്മാവിനെ വരെ തണുപ്പിക്കും.’’-കടലുണ്ടിപ്പുഴയുടെ ഓർമ്മയിലേക്ക് മാഷ് വീണ്ടും ഊളിയിട്ടു. ഇപ്പോൾ ബസിലാണു യാത്ര. പഴയതുപോലെ തിക്കും തിരക്കുമില്ല. പിന്നെ ബസിലും ഹെഡ്മാസ്റ്റർ എന്നൊരു പരിഗണന കിട്ടുന്നുണ്ട്. ഇപ്പോൾ സ്വന്തം വാഹനവുമുണ്ട്. എങ്കിലും; കടലുണ്ടിപ്പുഴയെ ഉപേക്ഷിച്ചതിൽ വിഷമം ഉള്ള ചില സുഹൃത്തുക്കളുണ്ട് മാലിക് മാഷിന്. അവരുടെ വിഷമത്തിന്റെ കാരണം മറ്റൊന്നല്ല; പുഴ നീന്തിക്കടന്ന് സ്കൂളിലെത്തുന്ന വേറൊരു ഹെഡ്മാസ്റ്ററുണ്ടാകുമോ ഇന്ത്യയിൽ? ആ റിക്കോർഡ് ആണല്ലോ മാലിക് മാഷേ... നീയ് വേണ്ടെന്നുവച്ചത്.....

Tags:
  • Spotlight
  • Inspirational Story