Saturday 16 June 2018 04:25 PM IST

ഇംഗ്ലിഷ് പഠിക്കാൻ പോകുന്ന മുസ്‌ലിം സ്ത്രീയെക്കണ്ട് ചിലർ കളിയാക്കി ചിരിക്കും, മറ്റുചിലര്‍ വിഷമിപ്പിക്കും

Roopa Thayabji

Sub Editor

maliyekkal

പെണ്ണുങ്ങളുടെ അഭിപ്രായത്തിനും അഭിമാനത്തിനും വിലകൽപിച്ചിരുന്ന ആളായിരുന്നു മാളിയേക്കലെ കാരണവരായ എന്റെ ഉപ്പ. അഞ്ചാം ക്ലാസ് പാസായ കാലത്ത് ഇളയ മകളായ എന്നോട് ഉപ്പ ഒരു ചോദ്യം, ‘നിനക്ക് പഠിക്കാൻ ഇഷ്ടമാണോ?’ ‘അതെ’ എന്ന ഉത്തരം കേട്ട പാടേ തലശ്ശേരിയിലെ സേക്രട്ട് ഹാർട്സ് കോൺവന്റിൽ ചേർത്തു. കന്യാസ്ത്രീകളാണ് ടീച്ചർമാർ. പുതിയ സ്കൂളിലെത്തി ആദ്യദിവസം തന്നെ കാര്യങ്ങൾ കൈവിട്ടു പോകുന്നതു പോലെ എനിക്ക് തോന്നി. അവിടെ ഇംഗ്ലിഷ് മാത്രമേ സംസാരിക്കാൻ പാടുള്ളൂ. അഞ്ചാം ക്ലാസിൽ വച്ചാണ് ഞാൻ എബിസിഡി പഠിച്ചതുപോലും.

ക്ലാസിൽ ആദ്യമൊന്നും കുട്ടികൾ പറയുന്നതു  മനസ്സിലായില്ല. വിഷമിച്ച് വീട്ടിലെത്തിയ എന്നെ ഉപ്പ സമാധാനിപ്പിച്ചു, പിറ്റേന്നു മുതൽ ഇംഗ്ലിഷിൽ ട്യൂഷൻ കിട്ടി. ടീ ഏജന്റായിരുന്ന ഉപ്പ ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, പാഴ്സി, കന്നഡ, തമിഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. ഇംഗ്ലിഷ് പഠിക്കാൻ പോകുന്ന മുസ്‌ലിം സ്ത്രീ എന്നത് അന്നത്തെ കാലത്ത് അത്ര രസമുള്ള സംഗതിയൊന്നും ആയിരുന്നില്ല. ചിലർ കളിയാക്കി ചിരിക്കും, ചിലര്‍ മനസ്സിനു വിഷമം തോന്നുന്ന തരത്തിൽ പ്രവർത്തിക്കും. വിഷമം ഏറിയതോടെ രണ്ടുവശവും മറച്ച റിക്ഷാവണ്ടിയിലായി യാത്ര. യൂണിഫോമിനു മുകളിലൂടെ ഇടുന്ന ബുർഖ ക്ലാസിലെത്തിയാലുടൻ  ഊരി ബാഗിൽ വയ്ക്കും. ഫിഫ്ത് ഫോം എത്തിയപ്പോഴേക്കും പട്ടാളത്തിൽ റിക്രൂട്ടിങ് ഓഫിസറായിരുന്നു മായൻ അലിയുമായി എന്റെ മംഗലം കഴിഞ്ഞു. പിന്നീട് പഠിക്കാൻ പോകാൻ നാണമായി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കകാലം. പട്ടാളത്തിൽ ആളെ ചേർക്കാനുള്ള ഏജൻസി ഉമ്മാമ്മയുടെ പേരിലാണ് എടുത്തത്. യുദ്ധത്തിനു ശേഷം അന്നത്തെ മദ്രാസ്  പ്രസിഡൻസി ഗവർണർ ദർബാറിലേക്കു ക്ഷണിച്ച്  ഉമ്മാമ്മയ്ക്ക്  മെഡൽ സമ്മാനിച്ചു. നാട്ടിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് ഉമ്മാമ്മ മെഡൽ വാങ്ങാൻ പോയത്. ആ കാലത്താണ് കേരളത്തിൽ ‘തൊപ്പിത്തട്ടം’ വന്നത്. മക്കയിൽ വച്ച് അത്തരം തട്ടം കണ്ടുവെന്ന് ഒരു ബന്ധു പറഞ്ഞതുകേട്ട് തുണിയെടുത്ത്, തൊപ്പിയുടെ അളവിൽ തട്ടം തുന്നിയെടുത്തത് എന്റെ േചട്ടത്തിയായ നഫീസയാണ്. മാളിയേക്കൽ വീടിന്റെ ചരിത്രമൊക്കെ ഇങ്ങനെ നീണ്ടുനീണ്ടു പോകുമെങ്കിലും നോമ്പും പെരുന്നാളുമൊക്കെ ഓർത്തെടുക്കാൻ ഇപ്പോഴും വലിയ രസമാണ്.

കോൺവന്റിൽ പഠിച്ച കാലത്ത് 2000 കുട്ടികളെങ്കിലുമുണ്ടായിരുന്നു അവിടെ, കൂട്ടത്തിലെ ഏക മുസ്‌ലിം ഞാനാണ്. ഉച്ചയ്ക്കത്തെ നിസ്കാരത്തിനു വേണ്ടി അടുത്തുള്ള ബന്ധുവീട്ടിലേക്കു പോകും.  ഇതറിഞ്ഞ സിസ്റ്റർമാർ കോൺവന്റിൽ തന്നെ മുറി ഏർപ്പാടാക്കി. നോമ്പു പിടിക്കാൻ എനിക്കൊപ്പം കൂട്ടുകാരികളും കൂടും. വെളുപ്പിനു മൂന്നു മണിക്കാണ് അത്താഴച്ചോറുണ്ണാൻ ഉണരുക, എല്ലാം തലേന്നുതന്നെ തയാറാക്കും. പാചകം കഴിഞ്ഞ് അടുപ്പ് കെടുത്തും. മുൻപ് കനലിലിട്ട് ചുട്ടെടുത്ത നേന്ത്രപ്പഴം നെടുകെ കീറി നാടൻ പശുവിൻ നെയ്യ് ചേർത്ത് കഴിച്ചിരുന്നത് നോമ്പിലെ  രുചിയോർമയാണ്.

കാരയ്ക്കയും  വെള്ളവും  കുടിച്ചാണ് നോമ്പുതുറക്കുക. ചെറിയ പലഹാരങ്ങളായ ഉന്നക്കായും  കോഴി നിറച്ചതും കായ നിറച്ചതും തൈപ്പോളയും കൈവീശലും പുളിവാരലുമൊക്കെ  കഴിക്കും. പിന്നീട് നിസ്കാരം. അതിനുശേഷം പലമാതിരി ഒറോട്ടികളും കോഴിയും  പോത്തും കറി വച്ചതൊക്കെ കഴിക്കും. വലിയ നോമ്പുതുറയ്ക്ക് കോഴി നിറച്ചതും ആട്ടിൻതല മസാലയുമൊക്കെ കാണും. എട്ടുമണി നിസ്കാരത്തിനു ശേഷം ഒരിക്കൽ കൂടി ഭക്ഷണമുണ്ട്, ഇതിനു മുത്താഴമെന്നാണ് പറയുക. പലതരം കഞ്ഞിയും പുഴുക്കുമാണ് ഇതിനുണ്ടാകുക. പിന്നെ കിടന്നുറങ്ങി വെളുപ്പിനു മൂന്നിനുണരും. അന്നൊന്നും മതത്തിന്റെയോ ജാതിയുടെയോ വ്യത്യാസം ആർക്കുമില്ലായിരുന്നു.

തലശ്ശേരിയിൽ വർഗീയകലാപമുണ്ടായ കാലത്ത് ഒട്ടേറെപ്പേർക്ക് അഭയം നൽകിയത് മാളിയേക്കലെ മുറ്റത്തായിരുന്നു. സമാധാനയോഗം വിളിച്ചുചേർത്തതും ഇവിടെത്തന്നെ. നോമ്പുതുറക്കാൻ മേശ നിറയെ വിഭവങ്ങൾ വേണമെന്ന് ഉപ്പയ്ക്ക് നിർബന്ധമായിരുന്നു. നോമ്പുകാലം വരുന്ന മേയ്– ജൂൺ മാസത്തിലാണ് കൊട്ടിയൂർ അമ്പലത്തിലെ ഉത്സവം. കൊട്ടിയൂരപ്പന് ഇളനീർ നേർച്ചയുമായി വരുന്നവരുടെ ‘ഓ... ഓ...’ ശബ്ദം ബാങ്കുവിളിക്കൊപ്പം മുഴങ്ങിക്കേൾക്കും. തലച്ചുമടായി കൊണ്ടുവരുന്ന ഇളനീർ മുറ്റത്ത് ഇറക്കിവച്ച് അവരും നോമ്പുതുറക്കാൻ കൂടും. ഒന്നു വിശ്രമിച്ച്, വിശപ്പടക്കി അവർ യാത്രയാകുമ്പോൾ നോമ്പിന്റെ പുണ്യത്തോടൊപ്പം സാഹോദര്യത്തിന്റെ വലിയ പാഠവും ഞങ്ങൾ പഠിച്ചു.’