Monday 25 June 2018 03:19 PM IST

കണ്ണെഴുതി പൊട്ടുംതൊട്ട്; പ്രമുഖർ പറയുന്നു, അരങ്ങിൽ പെണ്ണായ കഥ!

Roopa Thayabji

Sub Editor

penveshangal

സ്റ്റുഡിയോ ലൈറ്റുകൾ മിഴിചിമ്മിത്തുറന്ന ഫ്ലോറിലേക്ക് അലസമായ ചുവടുകളോടെ അവൾ വന്നുനിന്നു. നെറ്റിയിലേക്ക് ഇളകിക്കിടന്ന മുടിയിൽ വിരൽ ചേർത്തും നുണക്കുഴി കവിളിന്റെ ഭംഗിയേറ്റി മെല്ലെ ചിരിച്ചും പോസ് ചെയ്തു. ഓരോ സ്നാപ്പിനും ഓരോ ഭാവങ്ങൾ നൽകിയ ആ കൺകോണിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. ഫോട്ടോഷൂട്ടിനൊടുവിൽ ഗ്രീൻ റൂമിൽ നിന്നിറങ്ങിയ ‘അവളെ’ കണ്ട് കാത്തുനിന്നവർ ഞെട്ടി.

മലയാളത്തിന്റെ സൂപ്പർ ആക്ടർ ജയസൂര്യയാണ് കാതുകുത്തി പൊട്ടുതൊട്ട് തോളൊപ്പം മുടി വെട്ടിയൊതുക്കി അഴകും കരുത്തുമുള്ള പെൺകഥാപാത്രമായി മാറിയത്. രഞ്ജിത് ശങ്കർ സംവിധാനം  ചെയ്യുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമയിലെ നായികയാണ് ജയസൂര്യയുടെ മേരിക്കുട്ടി. ‘വനിത’യുടെ എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ടിനെത്തുമ്പോൾ കരിയറിൽ ആദ്യമായി പെൺകഥാപാത്രമായി മാറിയതിന്റെ ത്രില്ലിൽ ആയിരുന്നു ജയസൂര്യ. ‘‘പെണ്ണായി അഭിനയിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. എങ്കിലും തിരിച്ചറിയുന്നു, പെണ്ണിന്റെ കരുത്തും ബുദ്ധിമുട്ടുകളും എത്ര വലുതാണെന്ന്.

ആണുങ്ങൾക്ക് അഞ്ചു മിനിറ്റിനുള്ളിൽ ഒരുങ്ങിയിറങ്ങാം. എന്നാൽ സാരിയുടുക്കുന്ന പെണ്ണ് 50 മിനിറ്റ് എടുത്താലും  കുറ്റം പറയാനാകില്ല. സരിതയോടു പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്, ‘എന്തു സാരിയാടീ ഇത്’ എന്ന്. അത് എത്രമാത്രം ആത്മവിശ്വാസം കെടുത്തുമെന്ന് ഇപ്പോൾ എനിക്കറിയാം. സരിതയും അനിയത്തി ശരണ്യയുമാണ് പെണ്ണാകുന്നതിന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞുതന്നത്. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ‘മേരിക്കുട്ടി’ എന്ന് രഞ്ജിത് ശങ്കർ വിളിക്കുമ്പോഴേ അറിയാമായിരുന്നു. ഏറെ ബഹുമാനിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഇവളെ സമർപ്പിക്കുന്നു.’’

‘അവ്വൈ ഷൺമുഖി’യിലെ കമലഹാസനും ‘മായാമോഹിനി’യിൽ ദിലീപും ‘അമ്മയാണെ സത്യ’ത്തിൽ ആനിയും ‘രസതന്ത്ര’ത്തിൽ മീരാ ജാസ്മിനും ‘അർധനാരി’യിൽ  മനോജ് കെ. ജയനുമെല്ലാം വേഷപ്പകർച്ചയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചവരാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലരുണ്ട്, അരങ്ങിൽ അവർ കെട്ടിയ പെൺവേഷത്തെക്കുറിച്ച് അറിയാം...

penve1

സാരി കീറിയ പെൺ‌വേഷക്കാലം: അടൂര്‍ ഗോപാലകൃഷ്ണന്‍

ഞാനൊരു പഴയ നാടകക്കാരനാണ്. മീശ മുളയ്ക്കുന്നതിന് മുൻപ് അഭിനയിച്ച അധികം നാടകങ്ങളിലും പെൺ‌വേഷമായിരുന്നു കിട്ടിയിരുന്നത്. അപ്പോഴും മുഴുവന്‍ ചിത്രമായില്ല, അതെല്ലാം നായികാവേഷങ്ങളുമായിരുന്നു. വേഷം കെട്ടിയാല്‍ അത്ര ഭംഗിയുണ്ടാകില്ലെങ്കിലും അഭിനയപ്രധാനമായ ആ വേഷങ്ങള്‍ ഞാന്‍ ചെയ്താലേ ശരിയാകൂ എന്ന ധാരണ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഉണ്ടായിരുന്നു. ഡിമാൻഡുള്ള ആർട്ടിസ്റ്റായിരുന്നു ഞാനെന്ന് പറഞ്ഞാല്‍ ആത്മപ്രശംസയായി കാണരുത്. കാരണം, എന്റെ അമ്മയുടെ അനുജന്‍ ആര്‍ട്ടിസ്റ്റ് രാമന്‍ ഉണ്ണിത്താന്‍ എഴുതി അവതരിപ്പിച്ചിരുന്ന നാടകങ്ങളിലും വടക്കിടത്തുകാവ് മിഡില്‍ സ്കൂളില്‍ അധ്യാപകനായിരുന്ന ഓയൂര്‍ എം.പി എന്ന നാടകകൃത്തിന്റെ കൃതികളിലും നായികവേഷം എല്ലായ്പോഴും എനിക്കായി റിസർ‌വ് ചെയ്യപ്പെട്ടിരുന്നു. അ തേസമയം ഞാനെഴുതി അവതരിപ്പിക്കുന്ന നാടകങ്ങളിലെല്ലാം ഒന്നൊഴിയാതെ നായകവേഷം കളിച്ചു (പകരം വീട്ടി).

എന്നില്‍  നാടകക്കമ്പം  കൊളുത്തി വിട്ടത്  വീടിനടുത്തുള്ള കോട്ടറ പ്രൈമറി സ്കൂളിലെ മലയാളം അധ്യാപകന്‍ ഗോപാലപിള്ള സാര്‍ ആണ്. ആണ്ടിലൊരിക്കല്‍ മഹാരാജാവിന്റെ പിറന്നാള്‍ (തിരുനാള്‍ എന്നേ അന്ന് പറയാറുള്ളൂ) ആഘോഷത്തിന് സ്കൂളില്‍ വിശേഷ പരിപാടികള്‍ നടത്തും. അതില്‍ പ്രധാനം പ്രസംഗങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളുമാണ്. സിദ്ധാര്‍ഥ രാജകുമാരന്റെ മഹാപ്രസ്ഥാനത്തെപ്പറ്റിയുള്ളതായിരുന്നു സാറെഴുതിയ നാടകം. അതില്‍ എങ്ങനെ, എന്തുകൊണ്ട് എന്ന് ഇപ്പോഴും അറിയില്ല. നായകവേഷത്തിന് എന്നെയാണ് തിരഞ്ഞെടുത്തത്. നാടകം കാണാന്‍ നാട്ടുകാരും വീട്ടുകാരുമെല്ലാം  വന്നിരുന്നു. സിദ്ധാർഥ രാജകുമാരനായി പയ്യന്‍ കസറിയെന്നായിരുന്നു പരക്കെയുള്ള പ്രതികരണം. അങ്ങനെ ഒരു നടന്‍ യാദൃശ്ചികമായി ജനിച്ചു. തുടര്‍ന്നാണ് നാടകമെഴുത്തും അഭിനയവും  ആരംഭിക്കുന്നത്.  കൂട്ടായി സമപ്രായക്കാ രായ രവീന്ദ്രന്‍, നാരായണന്‍ എന്നീ കസിന്‍സും കൂടി. വീടിന്റെ തുറന്ന വരാന്തയായിരുന്നു സ്റ്റേജ്. മുറ്റത്ത് അധികപങ്കും കുട്ടികളും മുതിര്‍ന്നവരുമെല്ലാം  ചേര്‍ന്ന സദസ്സും. വിശേഷദിവസങ്ങളിലും  അവധിക്കാലത്തുമെല്ലാം  പരിപാടികള്‍ നടത്തും. ബന്ധുക്കള്‍ ഞങ്ങളുടെ നാടകം കുട്ടിക്കളിയായല്ല കണ്ടിരുന്നത്. സ്ത്രീവേഷം കെട്ടുമ്പോള്‍ അമ്മയെയോ സഹോദരിമാരെയോ മാതൃകയാക്കിയിരിക്കണം. എന്റെ മൂന്ന് സഹോദരിമാരും  ഏറെ മുതിര്‍ന്നവരും  എന്നോളം പ്രായമുള്ള കുട്ടികളുടെ അമ്മമാരും ആയിരുന്നു.

പന്തളം കോളജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോഴാണ് അവസാനമായി പെണ്‍‌വേഷം കെട്ടിയത്. ‘അളിയന്‍ വന്നത് നന്നായി’ എന്ന നാടകത്തിൽ. കോളജില്‍ എത്തിയിട്ടും  പെൺ‌വേഷം കെട്ടുന്നതില്‍ കൂട്ടുകാര്‍ കളിയാക്കുമെന്ന ഭീതിയില്ലായിരുന്നു. നാടകം മോശമാണെങ്കില്‍ കൂവി നാണം കെടുത്തുമെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും നന്നായി റിഹേഴ്‌സ് ചെയ്തവതരിപ്പിച്ച നാടകം കൈയടി നേടി. വേഷമൊരുക്കലും സാരിയുടുപ്പിക്കലും ചമയക്കാരന്റെ ചുമതലയാണ്. സാരിയുടുക്കുന്നതിനെപ്പറ്റി ഏകദേശ ധാരണയുണ്ട്. പക്ഷേ, പ്രയോഗിക്കേണ്ടി വന്നിട്ടില്ല. സാരി, ബ്ലൗസ് ഒക്കെ ചേരുന്ന അളവില്‍ കടം വാങ്ങുകയാണ് പതിവ്. ഒരിക്കല്‍ നാടകം കഴിഞ്ഞ് മ ടക്കികൊടുത്തപ്പോള്‍ ചേച്ചിയുടെ സാരി നെടുകെ കീറിയിരുന്നു. അവര്‍ പറഞ്ഞ വഴക്കെല്ലാം കുറ്റവാളിയായി കേട്ടുനിന്നു. പകരം വാങ്ങിത്തരാം എന്ന് പറയാനുള്ള കെല്‍പില്ലല്ലോ.

നാടകഭ്രാന്തരായ ഞങ്ങള്‍ കളി കഴിഞ്ഞ് മേക്കപ് അഴിക്കില്ല. അടുത്ത ദിവസം കുളിക്കുന്നതു വരെയെങ്കിലും മുഖത്ത് ചായം മായാതിരിക്കണെമെന്ന്  ഓരോരുത്തരും കൊതിച്ചു.  പിറ്റേന്ന് മറ്റുള്ളവര്‍ കാണുമ്പോള്‍ ഇദ്ദേഹമാണ് ഇന്നലെ അരങ്ങ് തകര്‍ത്തത് എന്ന് ഓര്‍ക്കണ്ടേ, അതൊരു ഹരമായിരുന്നു. സ്ത്രീ വേഷങ്ങളില്‍ അഭിനയിച്ചതുകൊണ്ട് മാത്രമല്ല, കുട്ടിക്കാലം മുഴുവന്‍ അമ്മയെ സ്വന്തമാക്കി അവരോടൊട്ടി നടന്നുനേടിയ പ്രത്യേക അനുഭവസമ്പത്ത് എനിക്കുണ്ടായിരുന്നു. വീടുകളില്‍ പിന്നാമ്പുറം എത്ര പ്രധാനമാണെന്ന് അക്കാലങ്ങളില്‍ ബോധ്യമായി. അയല്‍ക്കാര്‍, വേലക്കാര്‍, പരാതിക്കാര്‍, പരാധീനക്കാര്‍, പരദൂഷണക്കാര്‍ എല്ലാം സ്ത്രീരൂപത്തില്‍ അവതരിക്കുന്ന അപൂർ‌വാനുഭവങ്ങളുടെ മേളക്കൊഴുപ്പാണ് പിന്നാമ്പുറത്ത്. സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ ഇവരോരുത്തരും എനിക്ക് മാതൃകകളും പ്രചോദനവും ആയിരുന്നു.

penve5

ലേഡീസ് ഹോസ്റ്റലും ഫാൻസി ഡ്രസും: സി.ആർ. ഓമനക്കുട്ടൻ

കോട്ടയം സിഎംഎസ് കോളജിൽ ഞാൻ ഡിഗ്രി ഒന്നാംവർഷം പഠിക്കുന്നു. 1963 ആണ് കാലം. ആർട്സ് ഫെസ്റ്റിവലിന് ഫാൻസി ഡ്രസിൽ മത്സരിക്കണമെന്ന്  ഒരു മോഹം. ഭ്രാന്തിയും  മീൻകാരിയുമൊക്കെ പതിവു വേഷങ്ങളാണ്. അതിൽ നിന്നു മാറി സുന്ദരിയായ ഒരു പെണ്ണായി ഒരുങ്ങാൻ തീരുമാനിച്ചു. ആ തീരുമാനം ശരിയായി എന്നു മനസ്സിലായത് ഫസ്റ്റ് പ്രൈസ് കിട്ടിയപ്പോഴാണ്. മേരി മിസ്സായിരുന്നു അന്നു ലേഡീസ് ഹോസ്റ്റലിലെ വാർഡൻ. പങ്കിയമ്മ എന്നായിരുന്നു ഞങ്ങൾ അവരെ തമാശയായി വിളിച്ചിരുന്നത്. ഫാൻസി ഡ്രസ് മത്സരത്തിനു വേണ്ടി സാരിയും ബ്ലൗസും തപ്പാൻ കൂട്ടുകാരികൾക്കൊപ്പം ലേഡീസ് ഹോസ്റ്റലിലെത്തിയ എന്നെ മേരി മിസ് ചെവിയിൽ പിടിച്ച് പുറത്തേക്കെറിഞ്ഞു.

ഡ്രസ് മേടിക്കാൻ വന്നതാണെന്നു പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. തനിക്കെന്തിനാ പെണ്ണുങ്ങളുടെ സാരിയും  ബ്ലൗസുമെന്നു  ചോദിച്ചായിരുന്നു  ആക്രോശം. മേക്കപ് ചെയ്ത് സ്റ്റേജിൽ കയറുമ്പോൾ മേരി മിസ് എന്നെ കണ്ടോ എന്ന് ഇപ്പോഴും അറിയില്ല. കഴിഞ്ഞ വർഷം ജനുവരി 26ന് സിഎംഎസിലെ പൂർവവിദ്യാർഥി സംഗമത്തിനു ചെല്ലുമ്പോൾ മേരി മിസ്സും വന്നിരുന്നു. അന്നു ഞാൻ മേരി മിസ്സിനോടു ഈ കഥ പറഞ്ഞു.

ഫാൻസിഡ്രസ്സിനു വേണ്ടി എന്നെ ഒരുക്കിയത് കോട്ടയത്തെ പഴയ നാടകപ്രവർത്തകരിൽ പ്രമുഖരായിരുന്ന സോമരാജ് സാറും  ജോണുമായിരുന്നു. അന്നത്തെ വലിയ ചമയക്കാരായിരുന്ന അവർ വലിയ സ്നേഹത്തോടും  വാത്സല്യത്തോടെയുമാണ് ഒരുക്കിയത്. മേക്കപ് ചെയ്തിറങ്ങിയ എന്നെ സീനിയേഴ്സ് കൂട്ടിക്കൊണ്ടുപോയി സദസ്സിൽ  അവർക്കിടയിൽ ഇരുത്തി. ചെസ്റ്റ് നമ്പർ വിളിച്ചപ്പോൾ  അവിടെ നിന്നിറങ്ങിയാണ് സ്റ്റേജിൽ കയറിയത്.

മത്സരത്തിനുശേഷം തനിച്ചു നടന്നാണ് മുനിസിപ്പൽ ഓഫിസിനു മുന്നിലെ കൃഷ്ണൻ നായർ സ്റ്റുഡിയോയിലേക്ക് പോയി ഫോട്ടോ എടുത്തത്. അന്നത്തെ ഫൊട്ടോഗ്രഫർ സുകുമാരൻ നായർ ചേട്ടനെടുത്ത ഈ ഫോട്ടോ ഇന്നും നിധി പോലെ കൈയിലുണ്ട്. സ്റ്റുഡിയോയി ൽ നിന്നിറങ്ങി യൂണിയൻ ക്ലബ്ബിനടുത്തുള്ള വീട്ടിലേക്കും നടന്നു തന്നെ പോയി. വഴിയിൽ ചിലരൊക്കെ, ഇവളാരാ എന്ന മട്ടിൽ നോക്കിയെങ്കിലും ആരും കമന്റടിക്കുകയോ  ശല്യപ്പെടുത്തുകയോ ചെയ്തില്ല.

penve2

ഞാൻ ജഗതി ശ്രീകുമാറിന്റെ മകൾ: രവി വള്ളത്തോൾ

കവിതയുടെയും നാടകത്തിന്റെയും നോവലിന്റെയുമൊക്കെ നക്ഷത്രങ്ങൾ വിരുന്നുവരുന്ന വീട്ടിലാണ് ഞാൻ ജനിച്ചുവീണത്. മലയാളത്തിന്റെ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ  അനന്തരവൾ മിനി ആണ് എന്റെ അമ്മ.  രക്തത്തിൽ സാഹിത്യവും നാടകവുമൊ ക്കെ ഉള്ളപ്പോൾ അഭിനയത്തിൽ ഒരുകൈ നോക്കാതിരിക്കു ന്നതെങ്ങനെ. സ്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങൾ കൂട്ടുകാരായി. അന്നെനിക്കു കിട്ടിയ മറ്റൊരു കൂട്ടുകാരനാണ് സഹപാഠി കൂടിയായ സാക്ഷാൽ ജഗതി ശ്രീകുമാർ.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അരങ്ങേറ്റം. പത്താം ക്ലാസുകാരുടെ നാടകമാണ്. അതിൽ അഭിനയിക്കാൻ ഒരു പെൺകുട്ടിയെ വേണം. പെൺമക്കളെ നാടകത്തിൽ അഭിനയിക്കാൻ വിടാൻ രക്ഷിതാക്കളാരും തയാറല്ല. നാടകാചാര്യനായ ടി.എൻ. ഗോപിനാഥൻ നായരുടെ മകൻ എന്നതാണ് അ വ ർ എന്നിൽ കണ്ട ക്വാളിഫിക്കേഷൻ. പാവാടയും ബ്ലൗസുമിട്ട്  ഞാൻ പെണ്ണായി. പൂജപ്പുര രാമു ചേട്ടനാണ് ആദ്യമായി മുഖത്ത് ചായമിട്ടത്. പിന്നെ, ഒരുപാടു നാടകങ്ങളിൽ പെൺവേഷമണിഞ്ഞു.

ജഗതിയും ഞാനുമായിരുന്നു നാടകസംഘം. സ്കൂളിൽ പ ഠിക്കുമ്പോഴേ ഞാൻ ബെസ്റ്റ് ആക്ട്രസ്സും അവൻ ബെസ്റ്റ് ആക്ടറുമായിരുന്നു. സ്കൂൾ മുതൽ കോളജ് വരെയുള്ള കാലത്ത് അൻപതോളം നാടകങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. ജഗതി ശ്രീകുമാർ അച്ഛനും  ഞാൻ  മകളുമായി വരെ നാടകം  അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കോമഡിയുടെ തമ്പുരാനാണെങ്കിലും  ഒറ്റ നാടകത്തിൽ പോലും അവൻ കോമഡി റോളുകൾ ചെയ്തതായി ഞാനോർക്കുന്നില്ല.

നാടകവുമായി നടന്ന് പത്താം ക്ലാസ്സിൽ ഫ സ്റ്റ് ക്ലാസ് കിട്ടിയില്ല. മാർ ഇവാനിയോസ് കോളജിലെ അഞ്ചുവർഷം  ഞങ്ങൾ  ക്യാംപസ് നാടകത്തിന്റെ  ജീവാത്മാവും പരമാത്മാവുമായി. പിന്നെ, ജഗതി കോടമ്പാക്കത്തേക്ക് പോയി. അമ്മയുടെ മരണത്തോടെ ഞാൻ നാടകം വിട്ടു.

penve3

പൊള്ളുന്ന ‘പെൺനടൻ’: സന്തോഷ് കീഴാറ്റൂര്‍

കണ്ണൂരാണ് എന്റെ സ്വദേശം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊട്ടാരം നാടകസമിതിയിലൂടെയായിരുന്നു അരങ്ങേറ്റം. സംഘത്തിലെ ഒരു നടന് വരാനാകാത്തതിനാൽ പകരക്കാരനായാണ് അരങ്ങിലെത്തിയത്. പിന്നീടുള്ള നാടകകാലത്ത് കലാകാരന്മാരുടെ പൊള്ളുന്ന ജീവിതവും അനുഭവങ്ങളും നേരിട്ടറിഞ്ഞു. സ്ത്രീവേഷങ്ങൾ ചെയ്യുന്ന കലാകാരന്മാരുടെ  നോവുകൾ മനസ്സിലുടക്കിയ കാലത്താണ് ഓച്ചിറ വേലുക്കുട്ടിയാശാന്റെ ജീവിതം  ആസ്പദമാക്കിയുള്ള നാടകത്തിലേക്ക് വിളിയെത്തിയത്. ‘വാസവദത്ത’യിൽ തുടങ്ങി 40 വര്‍ഷത്തോളം ആശാൻ പകർന്നാടിയ വേദികൾ ആറായിരത്തിലധികം വരും.

പെൺ‌വേഷം  മാത്രം കെട്ടിയ ആശാന്റെ ജീവിതം  ഏകാംഗനാടകമാക്കുമ്പോൾ ചില പേടികളുണ്ടായിരുന്നു. അരങ്ങില്‍ ഒന്നരമണിക്കൂര്‍ പെൺ‌വേഷത്തില്‍ ചെലവഴിക്കുക അത്ര എളുപ്പമല്ല. മുടി വലിയ വട കൊണ്ടു കെട്ടി വയ്ക്കണം, സാരിയുടുക്കണം, ചേരുന്ന ആഭരണങ്ങളും. ഇടയിൽ ചില പകർന്നാട്ടങ്ങളുണ്ട്. പലർക്കും സ്ത്രീവേഷം കെട്ടുമ്പോൾ സംഭവിക്കുന്നതു പോലെ അസഭ്യമാകാൻ പാടില്ല എന്ന നിർബന്ധവുമുണ്ട്.

ആദ്യവേദി എറണാകുളത്തായിരുന്നു, പ്രാർഥനയോടെ ‘പെൺനടന്റെ’ അരങ്ങിലേക്ക്. കർണനെ അരങ്ങിലവതരിപ്പിക്കാൻ ആഗ്രഹിക്കുമ്പോഴും തുടരെ സ്ത്രീവേഷങ്ങൾ തേടിയെത്തിയ നടന്റെ ആത്മസംഘർഷവും അരങ്ങിലെ സ്ത്രീ വേഷക്കാരന്‍ നേരിടുന്ന അപമാനവും വേദനയുമെല്ലാം ‘പെൺ നടനി’ലുണ്ട്. ഒടുവിൽ മരണത്തിലേക്കു പോകുന്ന രംഗമെത്തിയപ്പോൾ സദസ്സ് ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നത് കണ്ടു. പിന്നെ, കേട്ടത് നീണ്ട കൈയടി. വിദേശരാജ്യങ്ങളുൾപ്പെടെ അറുപതിലേറെ വേദികളിൽ ‘പെൺനടൻ’ അവതരിപ്പിച്ചുകഴിഞ്ഞു.

സ്ത്രീവേഷത്തിനു സ്ത്രീകൾ നൽകുന്ന കൈയടിയാണ് ഏറെ വിലമതിക്കുന്നത്. ബെംഗളൂരുവിൽ നാടകം അവതരിപ്പിച്ച് വേദി വിടുമ്പോൾ മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി കാണാൻ വന്നു. ഞാൻ നൃത്തം  പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അവരുടെ സംശയം. ആ സംശയം പോലും എനിക്കു ലഭിച്ച അംഗീകാരമാണ്. തിരുവനന്തപുരത്ത് വച്ച് സംവിധായകൻ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി വന്നുകണ്ട് അഭിനന്ദിച്ചു. രസമുള്ള മറ്റൊന്നുമുണ്ട്. തെക്കൻ കേരളത്തിലെ ഒരു വേദി. മേക്കപ്പ് ചെയ്ത് ഗ്രീൻറൂമിനു വെളിയിലേക്ക് ഒന്നിറങ്ങിയതാണ്. അവിടെ നിന്ന ഒരു വിരുതൻ മാറിൽ തന്നെ പിടിച്ചു. പിടിച്ചു രണ്ടുതല്ലു കൊടുത്തേ ഞാൻ വിട്ടുള്ളൂ.