വയസ്സ് ഒന്നരയേ ഉള്ളൂ. ചെറിയ ചെറിയ വാക്കുകള്‍ പോലും വഴങ്ങിത്തുടങ്ങുന്നതേയുള്ളൂ. വീട്ടിലെ സ്വിമ്മിങ് പൂളിനടുത്തേക്കെങ്ങാനും കൊണ്ടുപോയാല്‍ മറിയം ആളാകെ മാറും. പേടിയുടെ ലാഞ്ഛന പോലുമില്ലാതെ ഓടിച്ചെന്ന് സ്വിമ്മിങ് പൂളിലൊരു 'ഡെമോ ഡൈവ്' ലൈവായി കാണിച്ചു തരും! നല്ല മൂഡ് ആണെങ്കില്‍ നാല് മീറ്റര്‍ നീളമുള്ള സ്വിമ്മിങ് പൂളിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഒരൊറ്റ ശ്വാസത്തില്‍ നീന്തി മറുകര തൊട്ടുവരികയും ചെയ്യും!
നാവു വഴങ്ങിത്തുടങ്ങും മുമ്പേ നീന്തലിനെ വഴക്കിയെടുത്തിരിക്കുന്നത് തൃശൂര്‍ കിഴക്കുംപാട്ടുകര എലുവത്തിങ്കല്‍ ജോ ലൂയിസിന്റെയും റോസിന്റെയും അഞ്ചു മക്കളില്‍ ഇളയവളാണ്. നടക്കുകയും ഓടുകയുമൊക്കെ ചെയ്യുമെങ്കിലും സ്വിമ്മിങ് പൂളിലേക്ക് അധികം അടുപ്പിച്ചിരുന്നില്ല. ലോക്ഡൗണി്ല് മറിയത്തിന്റെ ചേച്ചിമാരും ഏട്ടന്മാരും സ്വിമ്മിങ് പൂള് പ്രധാന കളിസ്ഥലമാക്കി. അവര്‍ നീന്തുമ്പോള്‍ കൂടെ കളിക്കാനായി അച്ഛന്റെ കൂടെ പൂളില്‍ ഇറങ്ങിത്തുടങ്ങിയതാണ് മറിയം. രണ്ടാഴ്ചയായതേയുള്ളൂ ഈ കുഞ്ഞുമിടുക്കി നീന്തലിന്റെ ബാലപാഠങ്ങള്‍ വശത്താക്കിയിട്ട്. യൂ ടൂബ് നോക്കി കുട്ടികളെ വാട്ടര്‍ ഫ്രണ്ട്ലി ആക്കാനുള്ള ചില ബേസിക് പാഠങ്ങള്‍ കണ്ടുപിടിച്ചതും മറിയത്തെ പഠിപ്പിച്ചതും ജോ തന്നെ. ശ്വാസം നിയന്ത്രിക്കാനും വെള്ളം കുടിക്കാതെ നീന്താനും പഠിപ്പിച്ചു. സഹോദരങ്ങള്‍ ഡൈവ് ചെയ്യുന്നതു കണ്ട് ഒരുദിവസം പേടിയൊന്നും ഇല്ലാതെ മറിയവും ഓടിവന്ന് ചാടി. ഡൈവ് ചെയ്ത് വെള്ളത്തില്‍ മുങ്ങുമ്പോള്‍ ആദ്യമൊക്കെ ജോ പിടിക്കുമായിരുന്നു. ഇപ്പോള്‍ പിടിക്കാതെ തന്നെ വെള്ളത്തില്‍ നില്‍ക്കാനാകുന്ന വഴക്കമായി.

'മറിയത്തിന്റെ ഏറ്റവും മൂത്തസഹോദരന് ലൂയിയും ചേച്ചിമാരായ സെലിനും എല്സയുമെല്ലാം മൂന്നര നാല് വയസ്സില്‍ നീന്തിത്തുടങ്ങിയവരാണ്. തൊട്ടു മൂത്തഏട്ടന്‍ നാലരവയസ്സുള്ള മാത്യു മൂന്നു മാസം മുമ്പ് നീന്തിത്തുടങ്ങിയതേയുള്ളൂ. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേഡ്സ് അനുസരിച്ച് നാലു വയസ്സിലാണ് നീന്തല്‍ തുടങ്ങേണ്ടത്. കുറച്ചു വര്‍ഷങ്ങളായി വിദേശരാജ്യങ്ങളില്‍ നാലു വയസ്സായ കുട്ടികള്‍ക്ക് ഫ്ളോട്ടിങ് പോലുള്ള, നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സ്വിമ്മിങ് പൂള് ഉള്ള വീടുകളില്‍ പൂളില്‍ വീണു മരിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ അതു തടയാനും സര്‍വൈവിങ് സ്കില്‍ വികസിപ്പിച്ചെടുക്കാനും വെള്ളത്തോടുള്ള പേടി മാറ്റാനുമാണ് ഇത്തരം പരിശീലനം തുടങ്ങിയത്.ഇന്ത്യയില്‍ ഇതത്ര പ്രചാരത്തില്‍ വന്നിട്ടില്ല.'ജോ പറയുന്നു.
മറിയത്തിന്റെ ആവേശവും പ്രകടനവും കണ്ട് പ്രചോദിതയായി അമ്മ റോസും ഇപ്പോള്‍ നീന്തല്‍ പഠിക്കാനുള്ള ഒരുക്കത്തിലാണ്. തൃശൂരിലെ ബില്‍ഡേഴ്സ് കമ്പനിയുടമയാണ് ജോ ലൂയിസ്.
