Wednesday 18 November 2020 05:02 PM IST

‘പഞ്ചായത്ത് മാറിയാലും വേണ്ടില്ല, വോട്ട് മുഴുവൻ ചേച്ചിക്ക്’; വൈറലാക്കിയ ട്രോളനെ തേടി കൊല്ലത്തെ സ്ഥാനാർത്ഥി മോൻസിദാസ്

Binsha Muhammed

election

‘പഞ്ചായത്ത് മാറിയിട്ടാണേലും വേണ്ടില്ല... ഞങ്ങടെ വോട്ട് ചേച്ചിക്ക് തന്നെ.’

കൂപ്പു കൈകളുമായി വോട്ടഭ്യർത്ഥിച്ച് നിരത്തിലേക്കിറങ്ങേണ്ട താമസം, മോൻസി ദാസിനു നേരെ ഉളിയക്കോവിലിലെ ചുള്ളൻ ചെക്കൻമാർ ആ കമന്റ് പാസാക്കും. വീടുവീടാന്തരം വോട്ടുതേടി എത്തി സ്വയം പരിചപ്പെടുത്താൻ തുടങ്ങുമ്പോഴും എത്തും ഇതേ ഡയലോഗ്.

‘മോൻസിയല്ലേ... ഞങ്ങള് ഫെയ്സ്ബുക്കിൽ കണ്ടു കേട്ടോ... സ്ഥാനാർത്ഥി ആളങ്ങ് ഫേമസ് ആയിപ്പോയല്ലോ.’

പശമുക്കി നിറംമങ്ങിയ സാരിയും നരച്ചമുടിയും വർഷങ്ങളുടെ പാരമ്പര്യവുമൊക്കയായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ സ്ഥാനാർത്ഥികളുടെ കാലം പൊയ്പ്പോയിരിക്കുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോൾ എങ്ങും കാണാനുള്ളത് യുവത്വത്തിന്റെ കരുത്തുറ്റ പോരാട്ടം. ഖദറിട്ട് വെളുക്കെ ചിരിച്ച് എത്തുന്ന തലമൂത്ത സ്ഥാനാർത്ഥിമാരുടെ സ്ഥാനത്ത് സ്റ്റൈലൻ ലുക്കിൽ പുഞ്ചിരി തൂകി നിൽക്കുന്ന സുന്ദരിമാരായ സ്ഥാനാർത്ഥികളുടെ നീണ്ട നിര. കൊല്ലം കടപ്പാക്കട ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി മോൻസിദാസും ആ സുന്ദരിമാർക്കിടയിലെ പ്രമുഖയാണ്.

‘പഞ്ചായത്ത് മാറി വോട്ട് ചെയ്യാന്‍ വകുപ്പുണ്ടെങ്കിൽ ഉറപ്പായും ആ വോട്ട് മോൻസിക്കായിരിക്കും’ എന്നാണ് മോൻസിയുടെ വൈറലായ ചിത്രത്തിന്റെ അടിക്കുറിപ്പ്. ഫെയ്സ്ബുക്കിൽ അക്കൗണ്ടു പോലുമില്ലാത്ത സ്ഥാനാർത്ഥിയെ ഏതോ ഒരു വിരുതൻ വൈറലാക്കിയപ്പോൾ സംഭവിച്ചതാകട്ടെ ഡബിൾ ഇംപാക്റ്റ്! പഞ്ചായത്തും ജില്ലയും വിട്ട് മോൻസിദാസ് എന്ന സ്ഥാനാർത്ഥി സൈബർ ലോകത്ത് മിന്നുംതാരമായി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പാറിപ്പറന്നു നടക്കുമ്പോൾ മോൻസിയാകട്ടെ പ്രചാരണ തിരക്കിലും. തന്നെ വൈറലാക്കിയ ആ അജ്ഞാതനോട് നന്ദി പറഞ്ഞായിരുന്നു മോൻസി ‘വനിത ഓൺലൈനോട്’ സംസാരിച്ചു തുടങ്ങിയത്.

സ്ഥാനാർത്ഥി വൈറലായി

‘എടീ... ഫെയ്സ്ബുക്ക് നിറയെ നിന്റെ ഫോട്ടോയാണ്’ എന്ന് അയൽപക്കത്തെ ചേച്ചി പറയുമ്പോൾ ഞാൻ അന്തംവിട്ടിരിക്കുകയായിരുന്നു. ഫെയ്സ്ബുക്കിന്റെ ഏഴയലത്തു പോലും ഇല്ലാത്ത എന്റെ ഫോട്ടോയോ എന്ന് അമ്പരപ്പോടെ തിരിച്ചു ചോദിക്കുകയും ചെയ്തു. പക്ഷേ ആ ഫോട്ടോയ്ക്കു കീഴെയുള്ള കമന്റാണ് എന്നെ ഏറെ ചിരിപ്പിച്ചത്. ‘പഞ്ചായത്ത് മാറി വോട്ട് ചെയ്യാൻ വകുപ്പുണ്ടെങ്കിൽ... ആ വോട്ട് മോൻസി ചേച്ചിക്ക്.’ അതാരാണ് ചെയ്തത് എന്ന് എനിക്കറിയില്ല. ആരായാലും അങ്ങനെയൊരു ട്രോൾ പടച്ചുവിട്ട ‘മഹാനോട്’ ഒരുപാട് നന്ദിയുണ്ട്. എന്നെയിപ്പോ ഈ പഞ്ചായത്തിനെന്നു മാത്രമല്ല ജില്ലയ്ക്കു മുഴുവനും അറിയാം– ചിരിയോടെയാണ് മോൻസി തുടങ്ങിയത്.

moncy-2

മഹിളാമോർച്ച കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി എന്നതായിരുന്നു എന്റെ ഇതിനു മുന്നേയുള്ള മേൽവിലാസം. സംഘടന തലത്തിൽ കടപ്പാക്കടയിലെ കുറുവേലി, ചീരാഞ്ചേരി, എംജി കോളനി തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മാത്രമല്ല കേന്ദ്ര സർക്കാരിന്റെ സുകന്യ പോലുള്ള പദ്ധതികളെ കുറിച്ച് പ്രദേശങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആ പ്രവർത്തനങ്ങളാണ് എനിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള വഴി തുറന്നത്. രാഷ്ട്രീയവും കൊടിയുടെ നിറവുമൊക്കെ മാറ്റി നിർത്തിയാൽ എന്നെ അംഗീകരിക്കുന്ന സ്വീകരിക്കുന്ന ഒരു കൂട്ടം പേർ ഇവിടെ ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. അവരുടെ പിന്തുണയാണ് ഈ തെരഞ്ഞെടുപ്പിൽ ഞാൻ പ്രതീക്ഷിക്കുന്നത്.

ജയിച്ചു കഴിഞ്ഞാൽ നാട്ടിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചൊക്കെ എനിക്ക് കൃത്യമായ ധാരണയുണ്ട്. മലിന ജലം ഒഴുക്കിവിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കുത്തേറ്റ് യുവതി മരിച്ച സംഭവം ഏവരും ശ്രദ്ധിച്ചു കാണുമല്ലോ. എന്റെ നാടായ ഉളിയക്കോവിലിലെ പഴയത്തു ജംക്ഷനിലാണ് ആ സംഭവം നടന്നത്. അവിടുത്തെ പ്രധാന പ്രശ്നം പ്രദേശത്തെ മലിനജലമായിരുന്നു. മാലിന്യനിർമ്മാർജ്ജനം, ഓട നവീകരണം ഉൾപ്പെടെയുള്ള നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം നൽകും എന്നതാണ് എന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്.

moncy-1

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഏറ്റവും സന്തോഷിച്ചത് ഭർത്താവ് സുജിലാലാണ്. ചിത്രങ്ങൾ പ്രവാസ ലോകത്തും വൈറലായതോടെ പുള്ളിക്കാരൻ ഡബിൾ ഹാപ്പി. തെരഞ്ഞെടുപ്പ് പ്രചാരണമൊക്കെ ഈസിയായല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സ്വാസിക് ലാലാണ് ഞങ്ങളുടെ മകൻ. മകൾ ഫേമസ് ആയതിൽ അച്ഛൻ മോഹൻദാസും, അമ്മ സിന്ധുവും സന്തോഷത്തിലാണ്.

നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നുണ്ടെങ്കിലും ഇതു വരേയും മോശം കമന്റുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. ട്രോളുകൾ കണ്ട് വിഷമമാകുന്നുണ്ടോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്? എന്റെ ജോലി എളുപ്പമാക്കിയ ട്രോളൻമാരോട് എന്തിന് ദേഷ്യം? ഇപ്പോ പിന്നെ വീടുകളിലെത്തി നമസ്കാരം പറയും മുന്നേ... ആൾക്കാർ ഞങ്ങൾക്കറിയാം മോൻസിയെ എന്നാണ് പറയുന്നത്. ഇങ്ങനെയൊക്കെ ഞാൻ ഫേമസായത് അവരുള്ളത് കൊണ്ടല്ലേ.– മോൻസി പറഞ്ഞു നിർത്തി.

Tags:
  • Social Media Viral