കലാ വിദ്യാർത്ഥി ആണെങ്കിലും കൃഷ്ണജിത്ത് എന്ന കലാകാരന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവിനെ പുറത്തെടുത്തത് ലോക്ക് ഡൗണ് കാലഘട്ടമാണ്. മികച്ച രീതിയിൽ നിറങ്ങൾ ഉപയോഗിച്ചു ഛായാചിത്രം ( പോർട്രേറ്റ്) മെനയുന്നവർ ഒരുപാടുണ്ട്. അവരിൽ നിന്നും കൃഷ്ണജിത്തിനെ വ്യത്യസ്തനാക്കുന്നത് ചാർക്കോൾ പെൻസിൽ കൊണ്ട് ഫോട്ടോ പെർഫെക്ഷനിൽ വരയ്ക്കുന്ന വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ ആണ്.
മമ്മൂട്ടിയും പൃഥ്വിരാജും ജയസൂര്യയും കൃഷ്ണജിത്തിന്റെ ചിത്രങ്ങളായി നിന്നു ചിരിക്കുന്നു. വാട്ടർ ടാപ്പിൽ നിന്നും വെള്ളം കുടിക്കുന്ന നായ്കുട്ടി, ചിമ്പാൻസി കുഞ്ഞുങ്ങൾ, പ്രശസ്ത ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം, ജാക്വിൻ ഫീനിക്സിന്റെ ജോക്കർ ചിത്രം എന്നിവ തിരൂർകാരൻ ആയ കൃഷ്ണജിത്തിന് ഏറെ കയ്യടി നേടികൊടുത്ത ചിത്രങ്ങൾ ആണ്.
"എന്റെ അച്ഛൻ പി. സുരേഷ് നന്നായി പോർട്രേറ്റ് ചെയ്യും. അച്ഛൻ വരയ്ക്കുന്നത് കണ്ടാണ് എനിക്കും വരയ്ക്കാൻ തോന്നി തുടങ്ങിയത്. പക്ഷേ വര പഠിച്ചാൽ ജീവിതത്തിൽ നല്ലൊരു നില കിട്ടില്ല എന്ന് പലരും ഉപദേശിച്ചിരുന്നു. അച്ഛൻ സൂപ്പർ മാർക്കറ്റും ജ്വല്ലറിയും നടത്തുകയാണ്.
പ്ലസ് ടു വിന് കമ്പ്യൂട്ടർ സയൻസാണ് പഠിച്ചത്. പിന്നീട് ഗ്രാഫിക് ഡിസൈനിങ്ങിലേക്ക് ചുവടു മാറ്റി. പഠനത്തിന് ഇടയ്ക്ക് ചാർക്കോൾ പെൻസിൽ കൊണ്ട് റിയൽ ലൈഫ് സ്കെച്ചുകൾ ചെയ്തിരുന്നു. "
ചാർക്കോൾ പെൻസിലിൽ ചെയ്യുന്ന വർക്കുകൾ പൊതുവേ ഇല്ലസ്ട്രേഷൻ (ചിത്രീകരണം ) പോലെയാണ് വരിക. പോർട്രേറ്റ് (ഛായാചിത്രം) പോലെ ചാർക്കോൾ പെൻസിൽ കൊണ്ട് വരയ്ക്കാനാകുമോ എന്ന ചിന്തയാണ് കൂടുതൽ വരയ്ക്കാനും ഇപ്പോഴത്തെ പൂർണതയിലേക്ക് വളരാനും കൃഷ്ണജിത്തിനെ സഹായിച്ചത്.
"ആദ്യമൊന്നും ശരിയായില്ല. പക്ഷേ താമസിയാതെ ചിത്രങ്ങൾ നന്നായി വന്നു തുടങ്ങി. അമ്മ ഹേമലതയും ചേട്ടന്മാരായ ശിവജിത്തും സൂര്യജിത്തും അച്ഛനും പ്രോത്സാഹിപ്പിച്ചു. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ധാരാളം സമയം കിട്ടി. അതോടെ ഒരുപാട് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി."
കൃഷ്ണജിത്ത് വരച്ച ജയസൂര്യയുടെ ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തതോടെ കൃഷ്ണജിത്തിന് ആരാധകർ ഏറി. "മണി ഹേസ്റ്റ്" എന്ന പ്രശസ്ത വെബ് സീരീസിലെ ബെർലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പെട്രോ അലെൻസോ കോറോ എന്ന നടനെ വരച്ചപ്പോൾ അദ്ദേഹം 'ദ് പവർ' എന്നു ചിത്രത്തിനടിയിൽ കമെന്റ് ചെയ്തത് ഒരുപാട് സന്തോഷം നൽകി." കൃഷ്ണജിത്ത് പറയുന്നു.

ഐവറി പേപ്പറിൽ കറുത്ത ചാർക്കോൾ പെൻസിൽ കൊണ്ടാണ് കൃഷ്ണജിത്തിന്റെ വര. ഐവറി പേപ്പറിന്റെ നേർത്ത ഷെയ്ഡ് ചിത്രത്തിന് അല്പം നിറം കൊടുത്തിട്ടുള്ളതായി തോന്നിപ്പിക്കും. കൃഷ്ണ ജിത്ത് ചിത്രങ്ങളിൽ ക്രിസ്റ്റഫർ നോളന്റെ ചിത്രം ആണ് ഇപ്പോൾ വൈറൽ.