Thursday 28 May 2020 01:59 PM IST

മൂഡ് ഔട്ടിന് അടിമപ്പെടാതെ 'ഗെറ്റ് ഔട്ട്' അടിക്കാം ; ഡിപ്രഷനെ ചെറുത്തുനിൽക്കാനുള്ള ടിപ്സുകളിതാ!

V N Rakhi

Sub Editor

mood-out

മനസ്സാകെ അസ്വസ്ഥം, ആകെയൊരു മടുപ്പും താല്‍പര്യമില്ലായ്മയും. ഇടയ്‌ക്കൊക്കെ മനസ്സ് നമ്മളറിയാതെ പിടിവിട്ടു പോകും. പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. ഈ മൂഡ് ഓഫ് നമ്മളെ കേറി ഭരിക്കാതിരിക്കാനും അതിനെ ചെറുത്തു തോല്‍പിക്കാനും ഇതാ ചില ടിപ്‌സ്...

ചിരിച്ചോളൂ...മതിയാവോളം

ചിരിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന രാസമാറ്റങ്ങള്‍ മൂഡ് ഓഫ് മാറ്റാന്‍ സഹായിക്കും. ഡിപ്രഷന്‍, ദേഷ്യം പോലുള്ള നെഗറ്റീവ് വികാരങ്ങളുടെ മേല്‍ സന്തോഷം എന്ന പൊസിറ്റീവ് വികാരം ആധിപത്യം സ്ഥാപിക്കും. ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക് പോകുകയാണ് ചെയ്യാവുന്നത്. തമാശക്കാരനായ ഒരു ചങ്ങാതിയെ ഫോണില്‍ വിളിച്ചോ നേരിട്ടോ കുറച്ചു നേരം സംസാരിച്ചു നോക്കൂ. ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും നിങ്ങള്‍ ഹാപ്പി മൂഡിലെത്തിയിരിക്കും. തമാശരംഗങ്ങളോ കോമഡി പരിപാടികളോ കാണാം. ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കുന്നതു പോലും മനസ്സിന് മാറ്റമുണ്ടാക്കും. തമാശക്കഥകള്‍ വായിച്ചും ചിരിക്കാം.

വ്യായാമം എന്ന മൂഡ് ബൂസ്റ്റര്‍

അഞ്ച് മിനിറ്റ് വ്യായാമം ചെയ്താല്‍ മതി, മൂഡ് മാറ്റം അനുഭവിച്ചറിയാം. ഹൃദയമിടിപ്പ് കൂട്ടുന്ന ഏത് വ്യായാമവും അല്‍പനേരം ചെയ്താല്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തിലുണ്ടാകുകയും പൊസിറ്റീവ് വികാരങ്ങള്‍ ഉണര്‍ത്തുകയും ചെയ്യും. ഓട്ടം, ജോഗിങ്, നീന്തല്‍, ഡാന്‍സിങ് അങ്ങനെ ശരീരമാകെ ചലപ്പിക്കുന്നതെന്തും ട്രൈ ചെയ്യാം.

താരതമ്യം ആവശ്യമില്ല

അന്ന് എനിക്കത്രയേറെ ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇന്ന് ഒന്നും സാധിക്കുന്നില്ല എന്ന രീതിയില്‍ നിങ്ങളുടെ പ്രവര്‍ത്തനത്തെ താരതമ്യം ചെയ്യരുത്. എല്ലാ ദിവസവും ഒരുപോലെ ജോലി ചെയ്യാനും സന്തോഷത്തോടെയിരിക്കാനും ആര്‍ക്കും കഴിയില്ല. പല സമയത്ത് പല രീതിയിലാകാം നമ്മുടെ കഴിവ് ഉപയോഗിക്കാന്‍ കഴിയുക. ഇപ്പോള്‍ എത്രയാണോ നിങ്ങള്‍ക്കു സാധിക്കുക, അതുമാത്രം ചെയ്യുക. മൂഡ് ഔട്ട് ആയിരിക്കുമ്പോഴും സാധാരണ രീതിയില്‍ പെര്‍ഫോം ചെയ്യാനാകണം എന്നു വാശി പിടിക്കേണ്ട. കുറച്ചു നേരം മനസ്സിനെ അതുപോലിരിക്കാന്‍ അനുവദിച്ചാല്‍ വലിയ പ്രയത്‌നമൊന്നും കൂടാതെ മനസ്സ് പഴയ രീതിയിലേക്ക് തിരിച്ചെത്തുന്നതു അനുഭവിക്കാം. അപ്പോള്‍ നിങ്ങള്‍ക്ക് പഴയതു പോലെ ജോലി ചെയ്യാനുമാകും.

നല്ല കാര്യങ്ങള്‍ ചെയ്‌തോളൂ

മറ്റുള്ളവരുടെ സന്തോഷം കാണുന്നതു തന്നെ നമുക്കു സന്തോഷം തരും. സംശയമില്ല. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ടെന്നറിഞ്ഞാല്‍ കഴിയുന്നതുപോലെ അവര്‍ക്ക് സഹായം നല്‍കാം. അത്തരം നന്‍മകളിലൂടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തി നോക്കൂ. മൂഡ് ഓഫ് എല്ലാം എവിടെയോ പോയ് മറയും.

ഇഷ്ടമുള്ളത് ചെയ്യാം

മനസ്സിന് ഏറ്റവും എന്‍ജോയ് ചെയ്ത് ചെയ്യാനാകുന്ന ഏതെങ്കിലും കാര്യത്തില്‍ മുഴുകുക. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളാകാം. നിങ്ങളെ സന്തോഷിപ്പിക്കുന്നതെന്താണെന്ന് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അറിയുന്നത് നിങ്ങള്‍ക്കു തന്നെയാണ്.അതുകൊണ്ട് മൂഡ് ഔട്ട് ആകാന്‍ പോകുന്നു എന്നു സൂചന കിട്ടുമ്പോഴേ ഇഷ്ടമുള്ള ആ കാര്യത്തിലേക്ക് മനസ്സിനെ കൊണ്ടുപോകുക. ഇത് സ്‌ട്രെസ് കുറയ്ക്കാനും ചീത്ത മൂഡില്‍ നിന്ന് ശ്രദ്ധ തിരിയാനും സഹായിക്കും. പുസ്തകം വായിക്കാം, സിനിമ കാണാം, ടി വിയിലെ ഇഷ്ടപ്പെട്ട ഷോ കാണാം, പാട്ടു കേള്‍ക്കാം...അങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കുന്ന എന്തും ചെയ്യാം.

ഷോപ്പിങ്ങിനു പോകാം

ഷോപ്പിങ് പോലുള്ള മറ്റു ചില വിദ്യകള്‍ മൂഡ് ഓഫിനെ അകറ്റാന്‍ നല്ല മരുന്നാണ്. ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ മൂഡ് ഓഫ് ആയാല്‍ ഞാന്‍ പോയി ഒരു ഡ്രസ് എടുക്കും എന്ന്. അത്തരക്കാര്‍ക്ക് സന്തോഷം നല്‍കാനാകും ഷോപ്പിങ്ങിന്. വ്യക്തി മൂഡ് ഓഫ് ആകാന്‍ കാരണമായ ചുറ്റുപാടില്‍ നിന്ന് അല്‍പനേരത്തേക്കെങ്കിലും ്അകന്നു നില്‍ക്കും എന്നതുകൊണ്ട് മനസ്സിന്റെ ശ്രദ്ധ മാറിപ്പോകും എന്നതാണ് ഒരു ഗുണം. കൂടാതെ എനിക്കു വേണ്ടി ഇത്തിരി സമയം ചെലവാക്കിയല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യാം. ഇനി വെറുതെ പണം മുടക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ചുമ്മാ വിന്‍ഡോ ഷോപ്പിങ്ങ് ചെയ്തും കടല്‍ത്തീരത്തോ പാര്‍ക്കിലോ സുന്ദരമായ കാഴ്ചകള്‍ കണ്ട് അല്‍പനേരം ചെലവിട്ടും ഇതിനൊന്നും പറ്റില്ലെങ്കില്‍ വെറുതെയൊന്നു പുറത്തു കറങ്ങി തിരിച്ചെത്തിയും സന്തോഷത്തെ തിരികെ കൊണ്ടുവരാവുന്നതേയുള്ളൂ.

Tags:
  • Spotlight