Saturday 11 August 2018 03:41 PM IST

ചിലരുടെ ദുരഭിമാനം പ്രിയപ്പെട്ടവരുടെ ജീവനെടുത്തപ്പോൾ; വെളിച്ചം കെട്ടുപോയ ജീവിതത്തെക്കുറിച്ച് നീനുവും ബ്രിജേഷും

Roopa Thayabji

Sub Editor

athira-kevin23 ഫോട്ടോ: റെജു അർനോൾഡ്, ജിതിൻ ജോയൽ ഹാരി

കാത്തിരുന്നു കാത്തിരുന്ന് അവസാനം ആ സ്വപ്നം സ്വന്തമായിത്തീരാൻ ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രാണൻ പകുത്തു നൽകി സ്നേഹിച്ച ആളിന്റെ മരണമാണ് ഇവർക്ക്  രണ്ടുപേർക്കും കാണേണ്ടി വന്നത്. വിവാഹത്തലേന്ന് അച്ഛൻ ജീവനെടുത്ത മലപ്പുറംകാരി ആതിരയുടെ പ്രതിശ്രുത വരൻ ബ്രിജേഷും, വിവാഹ രജിസ്ട്രേഷൻ നടപടികൾക്കിടെ കൊല്ലപ്പെട്ട കോട്ടയംകാരൻ കെവിന്റെ വധു നീനുവും.  

ഉറ്റവരുടെ ദുരഭിമാനത്തിന് ഇരയാക്കപ്പെട്ട് ഇവരുടെ പ്രിയപ്പെട്ടവർക്ക് ജീവൻ വെടിയേണ്ടി വന്നു. പ്ര ണയം കൊണ്ടു മുറിവേറ്റവരെങ്കിലും ആ പ്രണയമാണ് ഇപ്പോൾ നീനുവിനും  ബ്രിജേഷിനും  ജീവിക്കാനുള്ള കരുത്ത്, മുന്നോട്ടു നടത്തുന്ന വെളിച്ചം...

‘ഒരു മിസ്ഡ് കോൾ’ ദൂരത്ത് ഉണ്ടെന്നല്ലേ’

‘രണ്ടുവർഷം മുൻപാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്. ലീവിനു വീട്ടിലേക്ക് പോകാൻ കോട്ടയം ബസ്‌സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ഞാൻ. എന്റെ കൂട്ടുകാരിയുമായി  അടുപ്പമുണ്ടായിരുന്ന  ആൺകുട്ടി അവളെ കാണാൻ വന്നു. കൂടെ വന്നത് കെവിൻ ചേട്ടനായിരുന്നു. കോട്ടയം അമലഗിരി ബികെ കോളജിൽ ബിഎസ്‍സി ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഞാനന്ന്.

കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി പിന്നെ ഒന്നു രണ്ടു തവണ വിളിച്ചു. ഇടയ്ക്കൊക്കെ ചാറ്റ് ചെയ്യുമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചേട്ടൻ എ ന്നോടു ചോദിച്ചു. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു മാത്രം അന്നു പറഞ്ഞു. വീണ്ടും കണ്ടുമുട്ടിയപ്പോൾ ഞാൻ എന്റെ അതുവരെയുള്ള ജീവിതം കെവിൻ ചേട്ടനോടു തുറന്നു പറഞ്ഞു.

ക്രിസ്ത്യൻ– മുസ്‌ലിം  പ്രണയ വിവാഹമായിരുന്നു പപ്പയുടേതും അമ്മയുടേതും. രണ്ടുപേരും വിദേശത്തായിരുന്നതിനാൽ  പപ്പയുടെ കുടുംബവീട്ടിൽ നിന്നായിരുന്നു എന്റെയും  ചേട്ടന്റെയും  സ്കൂൾ പഠനം. ഞാൻ അഞ്ചാം ക്ലാസ്സിലായപ്പോൾ അമ്മ നാട്ടിൽ വന്ന് അമ്മയുടെ ബാപ്പ നടത്തിയിരുന്ന കട ഏറ്റെടുത്തു. അതിനു പിന്നിലുള്ള സ്ഥലത്ത് വീടും വച്ചു. എന്റെ പപ്പയും  നാട്ടിലേക്ക് പോന്നു. ഒരു കടയുടെ സ്ഥാനത്ത് രണ്ടു കടകളായി. ഒപ്പം അവർ തമ്മിലുള്ള വഴക്കും ഇരട്ടിയായി. രാത്രി കടകളുടെ കണക്കെടുപ്പ് നടക്കുമ്പോഴാണ് വഴക്ക്.  അടിപിടിയിലാകും ഇത് കലാശിക്കുക.  ഒരിക്കൽ അമ്മയെ അടിക്കാനായി പപ്പ ഓങ്ങിയ ടോർച്ച് വന്നുകൊണ്ടത് എന്റെ മൂക്കിലാണ്. മൂക്കുപൊട്ടി ചോര വന്നു. അതിനു ശേഷം വഴക്കു മൂക്കുമ്പോൾ ഞാൻ പിടിച്ചു മാറ്റാൻ പോയിട്ടില്ല.

2neen

പ്ലസ് ടു തിരുവല്ലയിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. ഡിഗ്രിക്കും വീടു വിട്ട് ദൂരെയെവിടെങ്കിലും പഠിക്കണമെന്നായിരുന്നു. ആ സമയത്താണ് ചേട്ടൻ സാനുവിന്റെ കല്യാണം. അമ്മയ്ക്ക് ആ വിവാഹത്തോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഒരിക്കൽ പപ്പ ശാരീരികമായും  മാനസികമായും പീഡിപ്പിക്കുന്നു എന്ന് അമ്മ പൊലീസിൽ പരാതി നൽകി. എന്നെയും ചേട്ടനെയും  അതിൽ കൂട്ടുപ്രതികളാക്കിയിരുന്നു. പിന്നീട് ഒരിക്കൽ കുടുംബവഴക്കിനെ തുടർന്ന് പൊലീസ് ഇടപെട്ട് എന്നെ പപ്പയുടെ അമ്മയോടൊപ്പം നിർത്തി. കുറച്ചുകാലം അമ്മയുടെ ഒരു ബന്ധുവീട്ടിലും നിന്നു. അപ്പോഴാണ് കോട്ടയത്ത് ജിയോളജിക്ക് അഡ്മിഷൻ കിട്ടിയത്. വീട്ടിലെ ശ്വാസംമുട്ടലിൽ നിന്നുള്ള രക്ഷപെടലായിരുന്നു എനിക്കത്. നിശബ്ദനായിരുന്ന് എന്റെ ജീവിതം മുഴുവൻ കേട്ടു അന്ന് കെവിൻ ചേട്ടൻ. പിന്നെ, എന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ട് ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ’ എന്ന് പറഞ്ഞു. എനിക്കും തോന്നി, ആ കൈ ഇനി വിടരുതെന്ന്. വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് മനസ്സിലിരുന്നാരോ ഓർമിപ്പിച്ചിരുന്നുവെങ്കിലും.

വീടു വയ്ക്കണമെന്നും  കൃപ ചേച്ചിയുടെ കല്യാണം നന്നായി നടത്തണമെന്നും വലിയ മോഹമായിരുന്നു കെവിൻ ചേട്ടന്. വയർമാൻ കോഴ്സ് പഠിച്ച ചേട്ടൻ ദുബായിലേക്ക് പോയത് അതിനായിരുന്നു. എങ്കിലും എല്ലാ ദിവസവും എന്നെ വിളിച്ച് അന്നത്തെ വിശേഷങ്ങൾ പറയുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിയും. തമാശകൾ പറഞ്ഞ് ചിരിപ്പിക്കും. ജീവിതത്തിൽ ഞാനേറെ സന്തോഷിച്ചത് ആ ദിവസങ്ങളിലാണ്.

ഫെബ്രുവരി 15നാണ് ചേട്ടൻ ലീവിനു വന്നത്. മാർച്ചിൽ   സെക്കൻഡ് ഇയർ പരീക്ഷ കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. അ പ്പോഴാണ് അറിഞ്ഞത് വീട്ടുകാർ എനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന്. എന്റെ വിഷമം കണ്ട് കെവിൻ ചേട്ടൻ വിളിച്ചു പറഞ്ഞു, ‘നീ ഇങ്ങു പോരൂ...’ പരീക്ഷയുണ്ട്  എന്നുപറഞ്ഞ് ആ വ്യാഴാഴ്ച ഞാൻ വീട്ടിൽ നിന്നിറങ്ങി.
കോട്ടയത്ത് എത്തിയ ശേഷം കെവിൻ ചേട്ടന്റെ കൂടെ പോകുകയാണെന്ന് വീട്ടിൽ അറിയിക്കുകയും ചെയ്തു. ചേട്ടന്റെ സുഹൃത്തിന്റെ ബന്ധുവീട്ടിലാണ് അന്ന് താമസിച്ചത്. പിറ്റേന്ന് ഏറ്റുമാനൂരിൽ നിന്ന് വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചു. എന്നെ കാണുന്നില്ലെന്നു കാണിച്ച് പപ്പ പരാതി നൽകിയതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് ഞങ്ങളെ വിളിപ്പിച്ചു. പപ്പ തിരികെ ചെല്ലാൻ നിർബന്ധിച്ചങ്കിലും വീട്ടിലെ പ്രശ്നങ്ങൾ സഹിക്കാൻ പറ്റില്ലെന്നും കെവിൻ ചേട്ടനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഞാൻ പറഞ്ഞു.

പക്ഷേ, അവർ എന്നെ കാറിലേക്ക് വലിച്ചു കയറ്റാൻ നോക്കി. സ്റ്റേഷന്റെ മുറ്റത്തെ ചെളിയിലൂടെ വലിച്ചിഴക്കുന്നതു കണ്ട് കെവിൻ ചേട്ടൻ ഓടിവന്ന് എന്നെ പിടിച്ചു മാറ്റി. പിടിവലി കണ്ട് അപ്പോഴേക്കും ആളുകൂടി. ‘ചെല്ലില്ല’ എന്ന് ഉറപ്പായപ്പോൾ പപ്പ ഒരു ഡിമാൻഡ് വച്ചു. കൂടെ ചെന്നാൽ ഒരു മാസ ത്തിനകം ആഘോഷമായി വിവാഹം ചെയ്തുവിടാമെന്ന്. താൽപര്യമില്ലെന്ന് ഞങ്ങൾ രണ്ടുപേരും പറഞ്ഞു. അതോടെ ഒരു മാസത്തേക്ക് ഹോസ്റ്റലിൽ നിർത്താൻ സമ്മതിച്ചു. സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നു കെവിൻ ചേട്ടനൊപ്പം വന്നതാണെന്നും ഹോസ്റ്റലിലേക്ക് പോകാമെന്നും എഴുതിവച്ച് എ ല്ലാവരും ഒപ്പിട്ടു. പപ്പയും കൂട്ടരും തിരിച്ചു പോയി.

സ്റ്റേഷനിൽ നിന്നിറങ്ങിയ എനിക്ക് മാറാൻ പുതിയ ഡ്രസ്സും ചെരിപ്പും കെവിൻ ചേട്ടൻ വാങ്ങിത്തന്നു. സ്റ്റേഷനിൽ നടന്ന സംഭവമെല്ലാം പറഞ്ഞ ശേഷമാണ് ഹോസ്റ്റലിൽ റൂം ശരിയാക്കിയത്. ആരു വന്നു വിളിച്ചാലും വിടരുത് എന്നു വാർഡനോടു നിർബന്ധമായി പറഞ്ഞിട്ടാണ് ചേട്ടൻ പോയത്.

neen890

ഒാർക്കാനാകില്ല, എങ്കിലും...

പിറ്റേന്നു രാവിലെ കോട്ടയത്ത് കലക്ടറേറ്റിൽ വിവാഹ രജിസ്ട്രേഷനുള്ള നോട്ടീസ് ഇടാൻ പോകുംവഴി വനിതാ സെല്ലിൽ കയറി കാര്യങ്ങളെല്ലാം സംസാരിച്ചു. പരിചയമുള്ള ആരുടെയെങ്കിലും കത്ത് വേണമെന്നു പറഞ്ഞതിനെ തുടർന്ന് നോട്ടീസ് ഇടാനാകാതെ തിരികെ പോന്നു. ഹോസ്റ്റലിനടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ട് ചേട്ടനാണ് ചോറ് വാരിത്തന്നത്. അന്നു രാത്രി കുറേ നേരം ഫോണിൽ സംസാരിച്ചു. ഞാൻ വാങ്ങി കൊടുത്ത നീല ടീഷർട്ടാണ് അന്നു ചേട്ടൻ ഇട്ടിരുന്നത്. വിവാഹ രജിസ്ട്രേഷനു വേണ്ടി ഓഫിസിൽ കൊടുക്കാൻ വാർഡ് മെമ്പറുടെ കത്ത് വാങ്ങാൻ പോകാൻ രാവിലെ വിളിച്ചുണർത്തണമെന്നു പറഞ്ഞു. രാത്രി ഒന്നരയോടെ കിടന്നുറങ്ങും മുൻപ് ഞാൻ ഒന്നുകൂടി ഒാർമിപ്പിച്ചു, ഒറ്റയ്ക്കൊന്നും രാത്രി പുറത്തിറങ്ങരുതെന്ന്. രാവിടെ 5.45നു ഞാൻ വിളിച്ചപ്പോൾ ആരോ ഫോൺ കട്ട് ചെയ്തു. ആറിനു വീണ്ടും വിളിച്ചെങ്കിലും എടുത്തില്ല. പിന്നെ, വിളിച്ചപ്പോഴൊന്നും എടുത്തില്ല. കെവിൻ ചേട്ടന്റെ ഒപ്പം അവർ പിടിച്ചുകൊണ്ടുപോയ കസിൻ അനീഷ് ചേട്ടന്റെ സഹോദരി വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്.

കുറച്ചുകൂടി കഴിഞ്ഞപ്പോൾ വനിതാ പൊലീസുകാർ ഹോസ്റ്റലിൽ വന്ന് എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചേട്ടനവിടെ എത്തിയിട്ടുണ്ടെന്നാണ് ഞാൻ കരുതിയത്. കാണാഞ്ഞിട്ട് എല്ലാവരോടും അന്വേഷിച്ചെങ്കിലും ആരും ഒന്നും പറഞ്ഞില്ല. പിന്നെ, എന്നെ മജിസ്ട്രേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. രണ്ടു വീട്ടുകാർക്കും വിവാഹത്തിനു സമ്മതമാണെന്നും ഒരു മാസത്തിനു ശേഷം വിവാഹം നടത്താമെന്നുള്ള ഉറപ്പിന്മേലാണ് പപ്പയ്ക്കൊപ്പം നീനുവിനെ വിട്ടതെന്നും പൊലീസ് അവിടെ ബോധിപ്പിച്ചു. പിടിവലിയും ബഹളവുമൊക്കെ കഴിഞ്ഞ ശേഷമാണ് പപ്പ ആ ഡിമാൻഡ് വച്ചതെന്ന് ഞാൻ തിരുത്തി. അതുകൊണ്ടാകാം എന്നെ കെവിൻ ചേട്ടന്റെ അച്ഛനമ്മമാർക്കൊപ്പം വിടാൻ മജിസ്ട്രേറ്റ് പറഞ്ഞത്. ചേട്ടന്റെ പപ്പയും അമ്മയും സ്റ്റേഷനിൽ വന്ന് പേപ്പറിൽ എഴുതി നൽകിയ ശേഷം എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മ എന്നെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറ്റി. അന്നു രാത്രി മുഴുവൻ പ്രാർഥിച്ചത് ചേട്ടൻ വേഗം വരണേ എന്നാണ്. ഞങ്ങളൊന്നിച്ച് ജീവിക്കാനിരിക്കുന്ന ദിവസങ്ങളെ കുറിച്ചാണ് അന്നു സ്വപ്നം കണ്ടത്. പക്ഷേ, പിറ്റേന്ന് വെളുപ്പിന് പപ്പ കരഞ്ഞുകൊണ്ടു വന്നു. അതുകണ്ട് ചേച്ചിയും അമ്മയും കരച്ചിലായി. എനിക്കു കണ്ണിൽ ഇരുട്ടുകയറുന്ന പോലെ തോന്നി. ബോധം വരുമ്പോൾ ആശുപത്രിയിലാണ്. അവിടെ വച്ചാണ് കെവിൻ ചേട്ടൻ ഇനി വരില്ല എന്ന് അറിഞ്ഞത്.

ഒരു വേദനയും  ആരോടും പറയാത്ത ചേട്ടനെ എത്ര മാത്രം വേദനിപ്പിച്ചാണ് അവർ ഈ ലോകത്തു നിന്ന് പറഞ്ഞുവിട്ടത്.കെവിൻ ചേട്ടന്റെ  അച്ഛന്റെ പെങ്ങളുടെ മകനാണ് ഒപ്പമുണ്ടായിരുന്ന അനീഷേട്ടൻ. അച്ഛനും അമ്മയും മരിച്ച അനീഷേട്ടൻ പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ ത നിച്ചാണ്. കാഴ്ചയ്ക്ക് പ്രശ്നമുള്ളതുകൊണ്ട് കെവിൻ ചേട്ടനാണ് കൂടെ കൊണ്ടുപോയിരുന്നത്. അന്നു രാത്രി എന്റെ ചേട്ടനും ആളുകളും ആക്രമിക്കാൻ വന്നപ്പോൾ കെവിൻ ചേട്ടൻ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. മരിക്കുന്നതിനു മുൻപത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയിരുന്നു. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല.

തുടർന്ന് പഠിക്കണമെന്ന് എല്ലാവരും  പറയുന്നു, പക്ഷേ, ആകുമോ എന്നറിയില്ല. എന്റെ സങ്കടങ്ങൾ പറയാൻ ഇനി ആരുമില്ലല്ലോ. ‘ഒന്നു മിസ്ഡ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്ന് എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ്ഡ് കോൾ ചെയ്തിട്ടും മറുവിളിയെത്തുന്നില്ലല്ലോ. സന്തോഷത്തോടെ ഒരുപാട് വർഷങ്ങൾ ജീവിക്കാമെന്നും ഒരിക്കലും കരയിക്കില്ലെന്നും വാക്കുതന്ന ആൾ...’

എന്റെ നെഞ്ചിലുണ്ട് നിനക്കേറ്റ മുറിവ്

4sree

‘അമ്മയാണ് എന്നെയും അനിയൻ ബ്രിജിത്തിനെയും വളർത്തിയത്. അച്ഛൻ 15 വർഷം മുൻപ് ഞങ്ങളെ വിട്ടു പോയിരുന്നു. പ്രമേഹം മൂർഛിച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ അമ്മയ്ക്ക് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന ഞാൻ ആയിടയ്ക്കു ലീവിനു വന്നപ്പോൾ അമ്മയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി. എത്രയും വേഗം അഡ്മിറ്റാകണമെന്നാണ് ഡോക്ടർ പറഞ്ഞത്. ആ സമയത്ത് ആതിര അവിടെ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് ചെയ്യുകയായിരുന്നു. മലപ്പുറം അരീക്കോടുകാരിയായ ആ പെൺകുട്ടി അമ്മയോട് വേഗം കൂട്ടായി. സ്വന്തം മോളെ പോലെ അമ്മ ആതിരയെ കണ്ടു. എന്റെ കാലം കഴിഞ്ഞാലും നിന്നെ നോക്കാൻ ഇതുപോലൊരു മോളെ കണ്ടുപിടിക്കണം എന്ന് അമ്മ പറഞ്ഞു തുടങ്ങി.

ഒരുദിവസം  രാവിലെ  ഡയാലിസിസ്  കഴിഞ്ഞ്  ഐസിയുവിലേക്ക് മാറ്റിയ ശേഷം ആതിര ഡ്യൂട്ടി കഴിഞ്ഞു പോയി. അ ന്നു രാത്രിയാണ് അമ്മ മരിക്കുന്നത്. പിറ്റേന്ന് അമ്മയെ അന്വേഷിച്ചപ്പോൾ അടുത്ത ബെഡ്ഡിലെ രോഗിയാണ് വിവരം പറഞ്ഞത്. മൂന്നുദിവസം  കഴിഞ്ഞ് കേസ് ഫയലിൽ നിന്ന് എന്റെ നമ്പരെടുത്ത് അവൾ വിളിച്ചു. അമ്മയെ അവസാനമായി കാണണമെന്നു മോഹമുണ്ടായിരുന്നു എന്നു പറഞ്ഞ് കരഞ്ഞു. പിന്നീട് പതിവായി ഞങ്ങൾ വിളിക്കുമായിരുന്നു. നാലുമാസം  കഴിഞ്ഞ് ലീവിനു വന്നപ്പോൾ നേരിൽ കണ്ടു. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഈ പെൺകുട്ടിയെ  തന്നെ ആ യിരിക്കുമെന്ന് ഞാൻ അവൾക്ക് ഉറപ്പുകൊടുത്തു.

പ്രശ്നങ്ങളുടെ തുടക്കം

ആതിരയുടെ അച്ഛൻ രാജൻ ഡ്രൈവറാണ്. അമ്മ സുനിതയും അപ്പച്ചിയായ സുലോചനയാന്റിയുമാണ് ആതിരയെ പൊ ന്നു പോലെ വളർത്തിയത്. സുലോചനാന്റിയെ ചേച്ചിയമ്മ എ ന്നാണ് ആതിര വിളിച്ചിരുന്നതും. കോഴ്സ് കഴിഞ്ഞ് മെഡിക്കൽ കോളജിൽ തന്നെ ട്രെയിനിയായി ആതിരയ്ക്ക് ജോലി കിട്ടി.  ആയിടെ അവൾക്ക് ഒരു വിവാഹാലോചന വന്നു. പെണ്ണുകാണൽ ചടങ്ങിനു നിൽക്കാതെ രാവിലെ ജോലിക്കു പോകാനിറങ്ങിയ ആതിരയെ അ ച്ഛൻ തടഞ്ഞു. അപ്പോഴാണ് ഞങ്ങളുടെ ഇഷ്ടം അവൾ പ റഞ്ഞത്. അതോടെ അച്ഛൻ മദ്യപിച്ചു വന്ന് അടിയും വഴക്കും  പതിവായി. ബന്ധുക്കൾ ഉപദേശിക്കാൻ തുടങ്ങിയതോടെ എല്ലാം അവസാനിപ്പിച്ചു എന്ന് അവൾ കള്ളം പറഞ്ഞു. അമ്മയ്ക്കും ആന്റിക്കും പക്ഷേ, അറിയാമായിരുന്നു ഞങ്ങളുടെ ഇഷ്ടം ഒരു തരിപോലും കുറഞ്ഞിട്ടില്ലെന്ന്.

ഇതിനിടെ മഞ്ചേരി താലൂക്കാശുപത്രിയിൽ ആതിരയ്ക്ക് ജോലി കിട്ടി. ബന്ധത്തിലുള്ള ഒരാളുമായി വിവാഹം ഉറപ്പിച്ചതോടെ എതിർത്തപ്പോൾ അച്ഛൻ പറഞ്ഞു: ‘ആ ബന്ധം അവസാനിപ്പിച്ചില്ല എന്ന് അറിയാമായിരുന്നു. ഏതുവരെ പോകുമെന്നറിയാൻ കാത്തിരുന്നതാണ്.’ അത്യാവശ്യമായി തിരിച്ചുവിളിക്കണം എന്നുപറഞ്ഞ് മാർച്ച് അഞ്ചിനു രാവിലെ ആ    തിരയുടെ ഫോൺ വന്നു. അച്ഛൻ മദ്യപിച്ചുവന്ന് വലിയ പ്രശ്നമാണെന്നും അമ്മയെ തല്ലുകയാണെന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞാൽ ആതിരയ്ക്ക് നൈറ്റ് ഡ്യൂട്ടി തുടങ്ങും. രാവിലെ അൽപം താമസിച്ച് വീട്ടിലെത്തിയാൽ മതിയെന്നും, അ പ്പോഴേക്കും അച്ഛൻ പോകുമല്ലോ എന്നും ഞാൻ ആശ്വസിപ്പിച്ചു.

മാർച്ച് എട്ട്. അന്നു വൈകിട്ട് ആതിര ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോൾ അച്ഛൻ വഴക്കുണ്ടാക്കിയത്രേ. ‘അവനെ മറന്നില്ലെങ്കിൽ വീട്ടിലേക്ക് തിരിച്ചുവരേണ്ട എന്നും വന്നാൽ വെട്ടിക്കൊല്ലുമെന്നും’ അയാൾ ഭീഷണിപ്പെടുത്തി. ഡ്യൂട്ടി കഴിഞ്ഞ് ലീവെടുത്ത് കുറച്ചുദിവസം മാറിനിൽക്കാൻ ഞാൻ പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്ക് ആതിര പോയി. അന്നു വൈകിട്ട് ഡൽഹിയിൽ ക്യാംപിൽ ഞാൻ റിപ്പോർട്ട് ചെയ്തു. ‘ജീവനുള്ള കാലത്തോളം നിന്നെയും ആതിരയെയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ല’ എന്നുപറഞ്ഞ് ആതിരയുടെ അച്ഛൻ എന്റെ ഫോണിലേക്ക് വിളിച്ചു. നേരത്തെയും പലവട്ടം അയാ ൾ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പിറ്റേദിവസം ആതിരയുടെ അച്ഛന്റെ പരാതിയെ തുടർന്ന് അരീക്കോട് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു. ആതിരയോടു സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ അവളുടെ നമ്പരിലേക്ക് വിളിച്ച് കോൺഫറൻസ് കോൾ ഇട്ടുകൊടുത്തു. ‘സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും, അച്ഛന്റെ ഭീഷണി പേടിച്ച് ഇറങ്ങിപ്പോയതാണെന്നും’ അവൾ പൊലീസിനോടു പറഞ്ഞു. അപ്പോഴാണ് അച്ഛൻ വിവാഹത്തിനു സമ്മതിച്ചെന്നും വേഗം നാട്ടിൽ വരണമെന്നും അവർ എ ന്നോട് പറഞ്ഞത്.

രണ്ടു ദിവസത്തിനു ശേഷം  കൊച്ചി വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ആതിര വന്നിരുന്നു. അവിടെ നിന്ന് രാത്രി പന്ത്രണ്ടരയോടെ ഞങ്ങൾ എന്റെ അമ്മാവന്റെ വീട്ടിലേക്ക് വന്നു. അമ്മയുടെ മരണശേ ഷം എന്നെയും അനിയനെയും നോക്കുന്നത് അമ്മാവനാണ്. പിറ്റേ ദിവസം രാവിലെ ആതിരയും എന്റെ മാമന്മാരും ഏട്ടനും സുഹൃത്തുക്കളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇറങ്ങുംമുമ്പ് എന്റെ വീട്ടുകാർ പറഞ്ഞു, ആതിരയ്ക്ക് താലി കെട്ടാൻ. പക്ഷേ, താലിയൊക്കെയിട്ട്  പെട്ടെന്നു കാണുമ്പോൾ അച്ഛനും അമ്മയ്ക്കും വിഷമമാകുമെന്ന് അവൾ കരുതി.
 രാവിലെ മുതൽ വൈകിട്ടുവരെ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു. ഈ സമയത്തൊക്കെ വിമൻസ് ഡെസ്കിൽ ആതിരയ്ക്ക് കൗൺസിലിങ് നൽകുന്നുണ്ടായിരുന്നു. ‘എന്റെ കൂടെയേ വരൂ’ എന്ന നിലപാടിൽ ആതിര ഉറച്ചുനിന്നു. എസ്ഐ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ മാർച്ച് 23നു കൊയിലാണ്ടി നിത്യാനന്ദാശ്രമത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. അതുവരെ ആതിരയെ ഹോസ്റ്റലി ൽ നിർത്തണം എന്നു ഞങ്ങൾ ആവശ്യപ്പെട്ടെങ്കിലും അച്ഛന്റെ ചേട്ടന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് അവർ മുൻകൈയെടുത്തത്.

athira-brijesh112

അവൾ അത് വിശ്വസിച്ചുപോയി

കൊല്ലുമെന്നു പേടിച്ചിട്ടാണ് വീട്ടിലേക്ക് പോകാത്തത് എന്ന് ആതിര പറയുന്നത് കേട്ട് അച്ഛൻ കരഞ്ഞുപറഞ്ഞു, ‘21 വർഷം വളർത്തിയ മോളോട് അച്ഛൻ അങ്ങനെ ചെയ്യുമോ.’ ആ വാക്കുകൾ ആതിര വിശ്വസിച്ചു. അച്ഛനൊപ്പം പോകാമെന്നു അവൾ സമ്മതിച്ചു. അവളെക്കൂട്ടി എസ്ഐയെ കണ്ടു ഞാനൊരു നിബന്ധന വച്ചു. വിവാഹദിവസം വരെ മാനസികമായോ ശാരീരികമായോ ആതിരയ്ക്ക് ഒരു വിഷമവും ഉണ്ടാകാൻ പാടില്ല. ഇക്കാര്യം സ്റ്റേഷൻ രജിസ്റ്ററിൽ എഴുതി ഒപ്പിടീച്ച ശേഷമാണ് ആതിരയെ വിട്ടത്.

ഇതിനിടെ അമ്മയുടെയും അച്ഛന്റെയും രക്ഷിതാക്കൾക്ക് വരാൻ സൗകര്യത്തിനു വേണ്ടി ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് കല്യാണം മാറ്റിയിരുന്നു. ഞായറാഴ്ചത്തെ അവധി കൂടി കഴിഞ്ഞ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജോലിക്കു പോകാൻ ആതിര ഒരുങ്ങിയിറങ്ങിയെങ്കിലും അച്ഛൻ തടഞ്ഞു. ജോലിക്കു പോകണമെന്നു പറഞ്ഞ് വാശി പിടിച്ച അവളെ ആന്റി സമാധാനിപ്പിച്ചു, ‘രണ്ടുദിവസം കൂടി കഴിഞ്ഞാൽ ആരെയും പേടിക്കാതെ ജീവിക്കാമല്ലോ.’

ബന്ധുക്കളെയോ അയൽക്കാരെയോ ഒന്നും അതുവരെ വിവാഹത്തിനു ക്ഷണിച്ചിരുന്നില്ല. അന്നുരാത്രി അബി ചേട്ടനും ആന്റിയുമൊക്കെ വിവാഹത്തലേന്ന് വീട്ടിൽ പാർട്ടി നടത്തണമെന്ന് ആഗ്രഹം പറഞ്ഞു. അച്ഛനും അച്ഛന്റെ ചേട്ടനും  ഇതിനെ ശക്തമായി എതിർത്തു. വിവാഹത്തിനു പോലും ആരെയും കൊണ്ടുപോകില്ലെന്നും ആതിരയെ അമ്പലത്തിൽ കൊണ്ടുവിട്ടിട്ടു പോരുമെന്നും തറപ്പിച്ചുപറഞ്ഞു. എതിർത്തപ്പോൾ അമ്മയെ തല്ലി.  

കല്യാണത്തലേന്ന് രാവിലെ ആതിര വിളിച്ചു, അച്ഛൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വല്ലാതെ പേടി തോന്നുന്നു എന്നും പറഞ്ഞു. ഒരു ദിവസം കൂടിയല്ലേ, കാത്തിരിപ്പ് നാളെ തീരുമല്ലോ എന്നു ഞാൻ സമാധാനിപ്പിച്ചു. ഫോണിൽ ചാർജ് ഇല്ല, കുറച്ചു കഴിഞ്ഞ് വിളിക്കാം എന്നുപറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. ഉച്ചകഴിഞ്ഞ് ചേച്ചിയെയും മാമി യെയും കൂട്ടി ഞാൻ താലിമാലയും മറ്റും വാങ്ങാൻ വടകരയിലേക്ക് പോയി. ആറരയോടെ അവിടെയെത്തി വിളിച്ചപ്പോൾ ആതിരയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, ആന്റിയെ വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ല.

ഏഴുമണിക്ക് എന്റെ വല്യമ്മ വിളിച്ച് ആതിരയുടെ അച്ഛന്റെ പേര് എന്താണെന്നു ചോദിച്ചു. ‘രാജൻ’ എന്നു ഞാൻ മറുപടി പറഞ്ഞതിനു പിന്നാലെ ഫോൺ കട്ടായി. കുറച്ചു കഴിഞ്ഞ് എന്റെ കൂടെ ഉണ്ടായിരുന്ന മാമിക്ക് ഫോൺ വന്നു. അറ്റൻഡ് ചെയ്തതും മാമി പൊട്ടിക്കരഞ്ഞതും ഒന്നിച്ചാണ്. അമ്പരന്നുപോയ ഞാൻ കാര്യം ചോദിച്ചപ്പോൾ അടുത്ത വീട്ടിലെ അമ്മൂമ്മയ്ക്ക് സുഖമില്ല എന്നും  വേഗം  പോണമെന്നും മാമി പറഞ്ഞു. ‘കല്യാണത്തലേന്ന് അ ച്ഛന്റെ കുത്തേറ്റ് മകൾ മരിച്ചു’എന്ന വാർത്ത  വാട്സ്‌ആപ്പിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ ബന്ധുക്കളെല്ലാം അറിഞ്ഞത്.  

അപ്പോഴേക്ക് ആതിരയുടെ ബന്ധു വിളിച്ച് ആതിരയ്ക്ക് കുത്തേറ്റെന്നും മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെന്നും പറഞ്ഞു. ആശുപത്രിയിലേക്ക് അപ്പോൾ തന്നെ പോകണമെന്നു പറഞ്ഞെങ്കിലും വീട്ടിൽ ആരും സമ്മതിച്ചില്ല. പിറ്റേദിവസം രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അവളെ കാണാൻ പോയത് മന്ത്രകോടിയും  താലിയുമൊക്കെ എടുത്താണ്. അവിടെ വച്ചെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽ താലി ചാർത്തണമെന്നു ഞാൻ മോഹിച്ചു. പക്ഷേ, അവൾ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച്....
എപ്പോഴും അവൾക്ക് കാവൽ നിന്നിരുന്ന അബി ഏട്ടനെ നിർബന്ധിച്ച് അയാൾ ജോലിക്ക് പറഞ്ഞുവിടുകയായിരുന്നു. മദ്യലഹരിയിലെത്തി വിവാഹവസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച ശേഷം കത്തി തിരയുന്നത് കണ്ട് ആന്റി ആതിരയെ തൊട്ടടുത്ത വീട്ടിൽ ഒളിപ്പിച്ചു. അവിടേക്ക് ഓടിയെത്തിയ അയാൾ ആതിരയുടെ നെഞ്ചിലേക്ക് തന്നെ കത്തി കുത്തിയിറക്കി.

ഒന്നും ആഗ്രഹിച്ചിട്ടല്ല. എനിക്ക് ആതിരയെ മാത്രം മതിയായിരുന്നു. പക്ഷേ, ഞങ്ങൾ ഒന്നിക്കുന്നതായിരുന്നു അയാൾക്ക് സഹിക്കാൻ പറ്റാത്തതും. മരണവിവരം  അറിഞ്ഞതോടെ പിറ്റേന്നുതന്നെ ജോലിക്കു തിരിച്ചുകയറാൻ യൂണിറ്റിൽ നിന്നു വിളിച്ചു. പക്ഷേ, പോകാൻ തോന്നിയില്ല. ഞാനും ആത്മഹത്യ ചെയ്തു എന്ന മട്ടിൽ ചില ഓൺലൈൻ പത്രങ്ങളിൽ വാർത്ത വന്നു. എല്ലാത്തിനും തുണയായി കൂടെ നിന്ന അമ്മാവന്റെ മകൻ സ്ട്രോക്ക് വന്നു മരിച്ചു. എല്ലാം വിധിയാണ്, സഹിക്കാതെ തരമില്ല. ഞാനൊരു പട്ടാളക്കാരൻ അല്ലായിരുന്നെങ്കിൽ പിടിച്ചുനിൽക്കാനാകാതെ എന്തെങ്കിലുമൊക്കെ ചെയ്തു പോയേനെ. അനിയനു വേണ്ടി ജീവിക്കണം. പിന്നെയെല്ലാം  വരുന്നതു പോലെ.

മുമ്പ് ഓരോ കാര്യവും വിളിച്ച് ഓർമിപ്പിക്കാൻ അവളുണ്ടായിരുന്നു. പിറ്റേ ദിവസം ഇടാനുള്ള യൂണിഫോം വരെ എടുത്തുവച്ചോ എന്നു ചോദിച്ചിട്ടേ അവൾ ഫോൺ വയ്ക്കാറുള്ളൂ. ഡിസംബർ 25 ആണ് എന്റെ  ജന്മദിനം, ആതിരയുടേത് ഡിസംബർ 23 ഉം. രണ്ടും ഒന്നിച്ച് ആഘോഷിക്കാനിരുന്നതാണ്. പക്ഷേ, കൊന്നുകളഞ്ഞില്ലേ, അവളെ...’

3sree