Saturday 05 September 2020 03:29 PM IST

പോര് അവസാനിച്ചെങ്കിലും യുദ്ധവീര്യം രക്തത്തിൽ നിന്നു മായില്ലല്ലോ; യുദ്ധത്തിന്റെ ഓർമ പുതുക്കി നടത്തുന്ന ഓണത്തല്ല്, വിശേഷങ്ങൾ

Roopa Thayabji

Sub Editor

Onam Special_13th August.indd

നാടുവാഴിയെ ചതിച്ചു കൊന്നതിനു പകരം ചോദിക്കാൻ പോരാടിയവരുടെ ‘തല്ല് ’ നാട്ടിൽ ഇന്നും തുടരുന്നു...

ഓണപ്പൊട്ടനും കുമ്മാട്ടിയും വള്ളംകളിയുമൊക്കെ ഓണനാളുകൾക്ക് നിറം ചാർത്തുമ്പോൾ മാമാങ്കത്തിന്റെ നാടായ നിളയുടെ കര ചേർന്നു കിടക്കുന്ന പല്ലശ്ശനയിലെയും കുന്ദംകുളത്തെയും നാട്ടിടവഴികളിൽ ‘പൂവേ... പൊലി പൂവേ...’ എന്ന പൂപ്പൊലിയല്ല നിറയുന്നത്. യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ചോരയുടെയും ഓർമ നിറയ്ക്കുന്ന ‘ഹയ്യത്തട... ദുയ്... ദുയ്...’ എന്ന പോർവിളിയാണ്.

സാമൂതിരിക്കാലം മുതൽ ആരംഭിച്ച ‘ഓണത്തല്ല്’ ഇന്നും മുടങ്ങാതെ തുടർന്നു പോരുന്നു പാലക്കാട് ജില്ലയിലെ പല്ലശ്ശനയും തൃശൂരിലെ കുന്ദംകുളവും. ഈ നാട്ടിലെ കാറ്റിനു പോലും വീറും വാശിയും കൂടുതലുള്ളപ്പോൾ ഇവർക്കെങ്ങനെ ഓണത്തിനു തല്ലുകൂടാതിരിക്കാനാകും. നാടുവാഴിയുടെ ചോരയ്ക്കു പകരം ചോദിക്കാൻ കച്ച കെട്ടിയിറങ്ങിയ പാരമ്പര്യത്തിൽ നിന്നുകൂടി വേണം ഇന്നാട്ടിലെ ഓണത്തല്ലിന്റെ കഥ കേട്ടുതുടങ്ങാൻ.

നാടിന്റെ പ്രതികാരം

പണ്ടു പണ്ട്, അങ്ങു രാജഭരണ കാലത്താണ് ഈ കഥ തുടങ്ങുന്നത്. സാമൂതിരിയുടെ സാമന്തനായിരുന്ന കുറൂർ നമ്പിടിയെ അയൽ നാടുവാഴിയായ കുതിരവട്ടത്തു നായർ യുദ്ധത്തിൽ ചതിച്ചു കൊന്നു. നാടുവാഴി നാടുനീങ്ങിയ വാർത്ത അറിഞ്ഞ ദേശവാസികൾ പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു. ഇരുനാടുകളും തമ്മിൽ അന്നു തുടങ്ങിയ പോര് കാലങ്ങളോളം നീണ്ടപ്പോൾ പ്രശ്നപരിഹാരത്തിനു സാമൂതിരി തന്നെ നേരിട്ട് ഇടപെടേണ്ടി വന്നു. നാടുവാഴിയെ നഷ്ടപ്പെട്ട പല്ലശ്ശന ദേശക്കാർക്ക് രാജാവായി കണ്ട് ആരാധിക്കാൻ സാമൂതിരി വേട്ടക്കരുമന്റെ വിഗ്രഹം നൽകി. പോര് അവസാനിച്ചെങ്കിലും യുദ്ധവീര്യം രക്തത്തിൽ നിന്നു മായില്ലല്ലോ. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികൾ ശത്രുക്കളോടു നടത്തിയ യുദ്ധത്തിന്റെ ഓർമ പുതുക്കി ഇന്നും ഓണത്തല്ല് നടത്തുന്നു.

തിരുവോണം നാളിലും അവിട്ടം നാളിലും പല്ലശ്ശനയിൽ നടക്കുന്ന ഓണത്തല്ലിന് ക്ഷേത്രാചാരങ്ങളുമായി ബന്ധമുണ്ട്. ഇതിനു പിന്നിൽ മറ്റൊരു ഐതിഹ്യം കൂടിയുണ്ടെന്ന് പല്ലശ്ശന വേട്ടക്കരുമൻ ക്ഷേത്ര സെക്രട്ടറി ചെമ്മിണിക്കരെ ചന്ദ്രശേഖരൻ പറയുന്നു. ‘‘നരബലി പതിവായ കാലം. ഊഴപ്രകാരം അന്നേ ദിവസം ബലി നൽകേണ്ട വീട്ടിൽ അമ്മയ്ക്ക് ആകെയൊരു ആൺകുട്ടിയേ ഉള്ളൂ. ബാല്യം പോലും വിടാത്ത മകനെ ബലി നൽകുന്നതിന്റെ വേദനയിൽ ക്ഷേത്രനടയിലെത്തി അമ്മ കരഞ്ഞു പ്രാർഥിച്ചു.

അടുത്ത നിമിഷം ഒരു അശരീരി കേട്ടു, ‘ഇനി മുതൽ നരബലി വേണ്ട. പകരമായി അവിട്ടദിനത്തിൽ കരക്കാർ അടിച്ചു പിരിഞ്ഞാൽ മതി.’ അന്നുതൊട്ട് എല്ലാ വർഷവും നാട്ടിലെ ആൺതരികൾ വേട്ടക്കരുമൻ ക്ഷേത്രമുറ്റത്തെത്തി ഓണത്തല്ലിൽ പങ്കെടുക്കും. ഒന്നും ഒന്നരയും വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവർ വരെ ചടങ്ങുകൾക്കെത്തുന്നത് ഈ വിശ്വാസത്തിന്റെ ചുവടു പിടിച്ചാണ്.’’

തിരുവോണ നാളിലാണ് ചെറിയ കുട്ടികളെ ക്ഷേത്രത്തിലെ തല്ലിൽ പങ്കെടുപ്പിക്കുന്നത്. മുതിർന്നവരുടെ ചിട്ടപ്രകാരമുള്ള തല്ല് അവിട്ടം നാളിൽ ക്ഷേത്രമുറ്റത്ത് നടക്കും.

onathalluy

ആചാരങ്ങളുടെ കണ്ണി മുറിയാതെ

രണ്ടു നാടുകൾ തമ്മിൽ നടന്ന പോരിന്റെ ചിട്ട പിന്തുടരുന്നതു കൊണ്ടാകാം, കിഴക്കേ മുറിയെന്നും പടിഞ്ഞാറേ മുറിയെന്നും രണ്ടായി തിരിഞ്ഞാണ് പല്ലശ്ശനയിലെ ഓണത്തല്ല്. ആദ്യം കിഴക്കേ മുറിക്കാരുടെ ഊഴമാണ്. ‘ദുയ്... ദുയ്...’ എന്ന് ആർപ്പുവിളിച്ചെത്തി, നിരയോട്ടം നടത്തി തല്ലുനടക്കുന്ന തറയ്ക്കരികിലെത്തും. പിന്നാലെ പടിഞ്ഞാറേ മുറിക്കാരും വരും. പണ്ടു നിരയോട്ടം നടക്കുന്ന സമയത്ത് കൂട്ടയടി നടക്കുമായിരുന്നത്രേ.

പിന്നെ, രണ്ടു സ്ഥലത്തുനിന്നും സമപ്രായക്കാരാണ് തട്ടി ൽ കയറുക, ഈ ജോടിയെ ‘ആട്ടി’ എന്നാണ് വിളിക്കുന്നത്. പിൻതിരിഞ്ഞു നിൽക്കുന്നയാളിന്റെ മുതുകത്ത് കൈപ്പത്തി പരത്തി ആഞ്ഞടിക്കും. മുഷ്ടി ചുരുട്ടി ഇടിക്കാനോ മുട്ടുപയോഗിച്ച് മർദിക്കാനോ പാടില്ല, അടി തടയാനുമാകില്ല. ആദ്യം അ ടിച്ചയാൾ പിൻതിരിഞ്ഞു നിൽക്കുമ്പോൾ കിട്ടിയ അടി തിരിച്ചുകൊടുക്കാം. തല്ലുകഴിഞ്ഞാണ് ‘വള്ളിച്ചാട്ടം.’ ഒരാൾ ചുരിക പോലെ തോർത്തുമുണ്ടു കൊണ്ട് വീശും. ഈ ചുഴറ്റൽ കാലിലേൽക്കാത്ത തരത്തിൽ മൂന്നുവട്ടം ഉയർന്നു ചാടണം.

ഓണത്തല്ലിനു പതിയാട്ടിൽ വീട്ടിലെ ആൺതരിയാണ് ദേശവാഴിയായി എത്തുന്നത്. നാഞ്ചാത്തെ വീട്ടിൽ നിന്നു നാടുവാഴിയും വരും. ‘പാലുള്ള’ മരത്തിന്റെ വടി (കറയുള്ള) ചെത്തിയെടുത്ത് നീലവും വെള്ളയും ചാർത്തി അനുഷ്ഠാനത്തോടെ എത്തിക്കും. ദക്ഷിണ കൊടുത്ത് സ്വീകരിക്കുന്നതോടെ ഈ വടി അധികാരദണ്ഡായി മാറും.

ആർട്ടിക്കിൾ പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം... 

Tags:
  • Spotlight