Tuesday 02 April 2019 11:42 AM IST

മണ്ടൻ, വായാടി, പേടിത്തൊണ്ടൻ, ദേഷ്യക്കാരി...; കുട്ടികളെ ഇങ്ങനെ ‘ലേബൽ’ ചെയ്യുന്നതിന് മുൻപ് അച്ഛനമ്മമാർ അറിഞ്ഞിരിക്കേണ്ടത്!

Roopa Thayabji

Sub Editor

parenting ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കുഞ്ഞ് പിറന്നപ്പോൾ സ്നേഹത്തോടെയിട്ട സുന്ദരൻ പേരുകളല്ലാതെ മറ്റൊരു പേരും ഒരച്ഛനും ഒരമ്മയും മനഃപൂർവം കുട്ടിയെ വിളിക്കില്ല. പക്ഷേ, ചില സന്ദർഭങ്ങളിൽ സ്വയമറിയാതെ ചില വിളികളൊക്കെ വിളിക്കും... പേടിത്തൊണ്ടൻ, അരിശക്കാരി... ദേഷ്യത്തിന്റെ ആധിക്യത്തിലോ ചിലപ്പോൾ ചെറുതായൊന്നു പരിഹസിക്കാനോ ഒക്കെയാകും കുട്ടികളെ ഇങ്ങനെയൊക്കെ വിളിക്കുക.

എന്തിനു തന്നെയായാലും ‘ലേബലിങ്’ ചെയ്യുമ്പോൾ അച്ഛനമ്മമാർ കുട്ടികളോട് ഗുരുതരമായ രണ്ടു തെറ്റുകളാണ് ചെയ്യുന്നതെന്ന് മറക്കരുത്. കുട്ടി എങ്ങനെ ആ സ്വഭാവത്തിലേക്കെത്തി എന്ന് അന്വേഷിക്കാത്തതാണ് ആദ്യത്തെ തെറ്റ്. ആ പെരുമാറ്റത്തിൽ നിന്നു പുറത്തു കൊണ്ടുവരാൻ സഹായിക്കാതെ വീണ്ടും അതേ പെരുമാറ്റത്തിന്റെ പേരിൽ  കുറ്റപ്പെടുത്തുന്നതാണ് രണ്ടാമത്തെ തെറ്റ്. ഈ രണ്ടു തെറ്റും കുട്ടിയുടെ ഭാവിയെ സാരമായി ബാധിക്കും.

മുന്നോട്ടുള്ള ജീവിതം നന്നായി കൊണ്ടുപോകാൻ മക്ക   ളെ പാകപ്പെടുത്തേണ്ട അഞ്ചു മുതൽ 15 വയസ്സു വരെയുള്ള കാലത്തു തന്നെ ഇത്തരം പെരുമാറ്റ പ്രശ്നങ്ങളും പേടികളും തിരിച്ചറിഞ്ഞ് തിരുത്താൻ കുട്ടികളെ സഹായിക്കണം.

ഇങ്ങനൊരു പേടിത്തൊണ്ടൻ...

‘അയ്യോ, അമ്മേ ഓടിവായോ’ മകന്റെ അലർച്ച കേട്ട് അടുക്കളയിൽ നിന്ന് ഓടിപ്പാഞ്ഞെത്തിയതാണ് അമ്മ. ‘ദേ, ഒരു പാറ്റ’ പേടിച്ചു വിയർത്തു കണ്ണുംതള്ളി കട്ടിലിനു മുകളിൽ നിൽക്കുന്ന മകനെ കണ്ടതും അമ്മയുടെ ടെംപർ തെറ്റി. ‘ഇങ്ങനൊരു പേടിത്തൊണ്ടനെ ഞാ ന്‍ കണ്ടിട്ടില്ല’.  

പേടിത്തൊണ്ടനെന്ന ലേബൽ ഒട്ടിച്ച് പുറംതിരിഞ്ഞു നടക്കുമ്പോൾ അമ്മയുടെ പ്രശ്നം കഴിഞ്ഞു. പക്ഷേ, കുട്ടിയുടെ പ്രശ്നം അവിടെയാണ് തുടങ്ങുന്നത്. മുന്നിലെത്തുന്ന സാഹചര്യത്തെ വളരെ ബുദ്ധിമുട്ടാണെന്ന മുൻവിധിയോടെ നോക്കിക്കാണുന്നതാകും മിക്കപ്പോഴും  കുട്ടിയുടെ നിലവിളിക്കു കാരണം. കുട്ടികളിലെ അന്തർമുഖത്വമാണ് മറ്റൊരു കാരണം. ഒരു കാര്യത്തിനും സ്വമേധയാ മുന്നോട്ടുവരാത്തതും നിർബന്ധിച്ചാൽ കരയുന്നതും ക്ഷീണവും തളർച്ചയും ഭക്ഷണത്തോടു വിരക്തിയുമെല്ലാം കാണിക്കുന്നതും അന്തർമ്മുഖത കൊണ്ടാകാം.

∙ പേടിയുള്ള കുട്ടിയെ ആ പേരിൽ കളിയാക്കുകയോ വഴക്കുപറയുകയോ ചെയ്യരുത്. തനിക്ക് ഒരിക്കലും മിടുക്കനോ മിടുക്കിയോ ആകാൻ കഴിയില്ലെന്ന ചിന്ത ഡിപ്രഷനിലേക്കോ അക്രമവാസനയിലേക്കോ കുട്ടിയെ എത്തിക്കാം.

 ∙ നന്നായി തയാറെടുത്ത് റിസ്കുകളെ നേരിടാൻ മക്കളെ പ ഠിപ്പിക്കണം. ‘പൊസിറ്റീവ് റിസ്ക്’ എന്നാണ് ഇതിനെ വിളിക്കുന്നത്. വീണു പരുക്കേൽക്കും എന്നു പേടിച്ച് സൈക്കിൾ ചവിട്ടാനോ സ്കേറ്റിങ് ചെയ്യാനോ മക്കളെ വിടാതിരിക്കുന്ന അമ്മമാരുണ്ട്.  ഇങ്ങനെ  പേടിപ്പിക്കുന്നത്  മക്കളുടെ  ആത്മവിശ്വാസം തകർക്കും. പൊസിറ്റീവ് റിസ്കുകൾ എടുക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നത് ആത്മവിശ്വാസം കൂട്ടും.

∙ കുട്ടികളെ ചിട്ട പഠിപ്പിക്കാനോ തമാശയായോ അനാവശ്യ മായി പേടിപ്പിക്കരുത്. ഇരുട്ടത്തു നിന്നാൽ പ്രേതം വന്നു പിടിക്കും എന്നു പറയുക, അനുസരണക്കേടു കാണിച്ചാൽ മുറിയിൽ പൂട്ടിയിടുമെന്നു പറയുക, കുട്ടി ഇരിക്കുന്ന മുറിയിലെ വെളിച്ചമണച്ച് പേടിപ്പിക്കുക... ഇത്തരം രീതികൾ വേണ്ട.

എന്തൊരു വാശിക്കാരിയാ...

‘അച്ഛാ, എനിക്ക് ആ ബാർബി ഡോൾ വാങ്ങിത്താ’ കട്ടക്ക ലിപ്പിലാണ് മകൾ. ‘വീട്ടിൽ ഉണ്ടല്ലോ ഇതുപോലൊരെണ്ണം. ഇ നി വേണ്ട’ അച്ഛന്റെ ഉത്തരം പക്ഷേ, മകൾക്ക് ഇഷ്ടമായില്ല. കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞ് ആകെ സീൻ. ‘ഇവള് ഭയങ്കര വാശിക്കാരിയാ, ദേഷ്യം വന്നാൽ പിന്നെയിങ്ങനെയാ’ കണ്ടു നിൽക്കുന്നവർക്കു മുന്നിൽ വച്ചുതന്നെ കുട്ടിയുടെ ചുമലിൽ ലേബലൊട്ടിച്ചു കഴിഞ്ഞു അച്ഛൻ.

കുട്ടികൾ വാശി പിടിക്കുന്നത് സ്വാഭാവികമാണ്. ശീലത്തിൽ നിന്നാണ് വാശിയുണ്ടാകുക. ചെറിയ വാശികൾ സാധിച്ചുകൊടുത്തു ശീലമാക്കിയാൽ വലിയ വാശികൾക്കു മുന്നിൽ കീഴടങ്ങുകയേ വഴിയുണ്ടാകൂ.

∙ ദേഷ്യവും വാശിയും അടക്കാനും നിയന്ത്രിക്കാനും പഠിപ്പിക്കാം. പറ്റില്ല, വേണ്ട എന്നീ വാക്കുകൾ ആവശ്യസമയത്ത് ഉപയോഗിക്കണം. എന്നുകരുതി എല്ലാം നിഷേധിക്കരുത്. വാശി നല്ലതല്ലെന്നും വാശി പിടിച്ചാൽ കാര്യം സാധിക്കാമെന്ന ധാരണ തെറ്റാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. ആവശ്യമെങ്കിൽ ശിക്ഷയുമാകാം.

∙ മക്കളുടെ വാശി പൊസിറ്റീവായി കാണാനും ശ്രമിക്കാം. ‘വാശിക്കാരി’ എന്നു പറയാതെ ‘മോൾ മിടുക്കിയാ, ഇഷ്ടങ്ങളൊക്കെ പറയാൻ അറിയാം. കുറച്ചുകൂടി വലുതാകുമ്പോ മറ്റുള്ളവരുടെ ഇഷ്ടംകൂടി അറിഞ്ഞു പെരുമാറിക്കോളും’ എന്നു പറയാം. ഇത് തീർച്ചായായും പൊസിറ്റീവ് മാറ്റമാകും കുട്ടികളിൽ ഉണ്ടാക്കുക.

∙ വീട്ടിലോ സ്കൂളിലോ ഉണ്ടാകുന്ന മാനസികസംഘർഷ     ങ്ങളാകാം കുട്ടിയെ ഇത്തരം പ്രവൃത്തികളിലേക്ക് എത്തിക്കുന്നത്. സ്നേഹപൂർണമായ അന്വേഷണങ്ങളിലൂടെ കുട്ടിയു ടെ മനസ്സിൽ എന്താണുള്ളതെന്ന് കണ്ടുപിടിച്ച് തിരുത്താം.  

തന്നിഷ്ടക്കാരനാ ഇവൻ...

‘പേനയും പെൻസിലും പോലും കൂട്ടുകാർക്കു കൊടുക്കില്ല. ‘സ്വാർഥ’നാണ് നിങ്ങളുടെ കുട്ടി.’ മകന്റെ സ്കൂളിലെത്തിയാൽ അമ്മ കേൾക്കുന്നത് ടീച്ചറുടെ ഈ ലേബലൊട്ടിക്കലുകളാണ്. ഉടൻതന്നെ മകനെ നോക്കി കണ്ണുരുട്ടി പല്ലു കടിച്ച് ‘വീട്ടിലും ഇതു തന്നെയാ ടീച്ചറെ. ഇളയ കുട്ടിയെ ഇവന്റെ കട്ടിലിൽ പോലും കയറ്റില്ല.’ എന്നു പറയരുത്.

മറ്റുള്ളവരെ തന്റെ ഇടത്തിൽ പ്രവേശിപ്പിക്കാനും മറ്റുള്ള വരുടെ ഇടത്തിലേക്ക് പോകാതിരിക്കാനും ശ്രദ്ധിക്കുന്ന കുട്ടികളെ സ്വാർഥനെന്നു വിളിക്കുന്നത് ശരിയല്ല. ‘സേഫ് സോൺ’ ബ്രേക് ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പ്രശ്നത്തിനു പിന്നിൽ.

∙ ഏതു സാഹചര്യത്തിലും ഇടപഴകാൻ മക്കളെ പഠിപ്പിക്കണം. എവിടെയും  ഇടിച്ചുകയറണം  എന്നല്ല,  പ്രസന്നത  കൈ വിടാതെ ഗ്രൂപ്പിന്റെ ഭാഗമാകുകയാണ് വേണ്ടത്.

∙ കുട്ടിയുടെ സുഹൃദ്‌വലയം വിശാലമാക്കണം. ഓരോ അ  ധ്യയന വർഷവും ഡിവിഷൻ മാറ്റാം. പുതിയ കൂട്ടുകാരുമായി ഇണങ്ങാൻ അവൻ പഠിക്കട്ടെ. അവധിക്കാലത്ത് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കുറച്ചുദിവസം താമസിക്കാൻ അനുവദിക്കാം. സ്വയം മാനേജ് ചെയ്യാനുള്ള ആദ്യപാഠം ഇതാണ്.

∙ കൊടുക്കുന്ന സഹായങ്ങളാണ് നമുക്ക് ആവശ്യം വരുമ്പോ ൾ തിരിച്ചുകിട്ടുക എന്നു പറയാൻ മടിക്കേണ്ട. യാത്രകളിൽ കാണുന്നവരോട് വെറുതേ വിശേഷങ്ങൾ തിരക്കിയും അത്യാവശ്യഘട്ടങ്ങളിൽ പരസ്പരം സഹായിച്ചും കുട്ടിക്ക് മാതൃകയാകാം. നല്ല സൗഹൃദങ്ങൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നും ഇതിലൂടെ കുട്ടി പഠിക്കും.

∙ ഭക്ഷണം കഴിച്ച പാത്രം അടുക്കളയിൽ കൊണ്ടുവച്ചതിലും അലക്കിയ തുണികൾ മടക്കി വയ്ക്കാൻ സഹായിച്ചതിലും കുട്ടിയോട് ‘താങ്ക്സ്’ പറയാം. പറ്റിയ തെറ്റിനു ‘സോറി’ പറയാ  നും മറക്കരുത്. ക്ഷമയും സഹാനുഭൂതിയുമില്ലാതെ സൗഹൃദങ്ങൾ ഉണ്ടാകില്ല എന്ന് കുട്ടി പഠിക്കും.

pare-label

വായാടി ചെക്കാ, നാവടക്ക്...

‘ഫ്ലവർ വേസ് എടുക്കല്ലേ മോനേ, താഴെ വീണാൽ പൊട്ടും’ അപ്പൂപ്പൻ വാത്സല്യത്തോടെ പറഞ്ഞു. ‘എനിക്കറിയാം  എന്താ ചെയ്യേണ്ടതെന്ന്. അപ്പൂപ്പൻ അപ്പൂപ്പന്റെ പണി നോക്ക്’ എന്നു പറയുന്ന കൊച്ചുമകനെ അപ്പൂപ്പൻ വായാടിയെന്ന് ലേബലടിക്കാതിരിക്കുന്നതെങ്ങനെ?

സന്ദർഭവും സാഹചര്യവും നോക്കാതെ വായിൽ വരുന്നത് വിളിച്ചു പറയുക, മുതിർന്നവരുടെ മുന്നിൽ വച്ചു നിഷേധസ്വഭാവം കാണിക്കുക... ഇതൊക്കെ സിനിമയിലാണെങ്കിൽ കയ്യടി കിട്ടും. പക്ഷേ, കുട്ടി ചീത്ത വാക്ക് പറഞ്ഞാൽ നല്ല തല്ലാകും കിട്ടുക. കയ്യടി കൊടുത്താലും അതിരുകടന്ന് തല്ലിയാലും പ്രശ്നമാണ്. ശ്രദ്ധ കിട്ടേണ്ട എന്തോ കാര്യമാണ് ചെയ്തത് എന്ന ചിന്ത കുട്ടിയിലുണ്ടാകുന്നത് വിപരീത ഫലമേ നൽകൂ.  

∙ അതിരുവിട്ട പെരുമാറ്റപ്രശ്നങ്ങളോട് കർശന നിലപാട് എടുത്തേ മതിയാകൂ. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് വഴക്കു പറയുന്നതും വിമർശിക്കുന്നതും കുട്ടികളുടെ ആത്മവിശ്വാസം കെടുത്തും. വീട്ടിലെത്തുന്ന അതിഥികളോട് കുട്ടിയുടെ കുറ്റം പറയുന്നതു നല്ലതല്ല. എപ്പോഴും വഴക്കും ശകാരവും കേൾക്കുന്ന കുട്ടി നിഷേധസ്വഭാവം കൂടി കാണിച്ചുതുടങ്ങുമെന്ന് ഓർക്കുക.

∙ ചെറുപ്പകാലത്തെ അച്ചടക്കമില്ലായ്മ മുതിർന്ന ശേഷവും  തുടരുന്നത് വീട്ടിലുള്ളവരുടെ മനസ്സിനെ മുറിവേൽപ്പിക്കും. അ ച്ഛനോടും അമ്മയോടും തർക്കുത്തരം പറയുക, മുതിർന്നവരോടും അധ്യാപകരോടും മോശമായി പെരുമാറുക... ഇതെല്ലാം ഒഴിവാക്കണമെങ്കിൽ മുതിർന്നവരെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് അച്ഛനമ്മമാരുടെ മാതൃക കണ്ടു തന്നെ പഠിക്കണം. വീട്ടിൽ അതിഥികൾ വന്നാൽ അങ്കിൾ, ആന്റി എന്നുമാത്രം  പറയാതെ കൃത്യമായ ബന്ധം കുട്ടിയെ പറഞ്ഞുമനസ്സിലാക്കുക. ബന്ധത്തിന്റെ വിലയും ശക്തിയും കുട്ടി തിരിച്ചറിയട്ടേ.

എന്തൊരു ‘ബഡായി’...

‘എന്റെ അച്ഛന്റെ ഓഡി കാറിൽ കയറിയാലുണ്ടല്ലോ, 110 കിലോമീറ്റർ സ്പീഡിൽ ഒരു പറപ്പിക്കലാ...’ മക്കളുടെ ഈ ബഡായികൾ കേട്ട് തല പെരുത്ത് അമ്മ ഒന്നു സൂക്ഷിച്ചു നോക്കി. ആ നോട്ടം കാര്യമാക്കാതെ കുട്ടി തുടർന്നു ‘പിന്നെ, ഹൈവേയിൽ കേറിയതും മിന്നൽ പോലൊരു പോക്കാ...’

∙ പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന ദമ്പതികളുടെ മക്കൾ പെരുമാറ്റത്തിലെ വിനയം താനേ പഠിച്ചുകൊള്ളും. കുട്ടികളുടെ മുന്നിൽ വച്ചുള്ള കുറ്റപ്പെടുത്തലും  കളിയാക്കലും വേണ്ട. എന്തും പെരുപ്പിച്ചുപറയുന്ന ശീലം തുടക്കത്തിലേ നിരുത്സാഹപ്പെടുത്താം.

∙ കുട്ടി ബഡായി പറയുമ്പോള്‍ വീണ്ടും പറയാൻ പ്രേരിപ്പിക്കുന്നതും കുട്ടി സംസാരിക്കുമ്പോൾ അടക്കിച്ചിരിക്കുന്നതും കുട്ടിക്ക് പ്രോത്സാഹനമാകുകയേ ഉള്ളൂ. വാക്കും പ്രവൃത്തിയും ഒന്നായിരിക്കണമെന്ന് കുട്ടിയെ ചെറുപ്പത്തിലേ പഠിപ്പിക്കണം. കള്ളത്തരം കാണി ക്കാതിരുന്നാൽ മാത്രം പോരാ, ചെയ്ത തെറ്റുകൾ സ്വയം ഏൽക്കാൻ തയാറാകുകയും  വേണമെന്ന് പ റഞ്ഞുകൊടുക്കാം.

∙ കുട്ടിയുടെ മുന്നിൽ വച്ച് കള്ളം പറയാതിരിക്കാനും കള്ളത്തരം കാണിക്കാതിരിക്കാനും അച്ഛനമ്മമാർ ശ്രദ്ധിക്കണം.

പ്രോത്സാഹിപ്പിക്കാൻ ഒട്ടും മടിക്കേണ്ട

നേച്ചറും നർച്ചറും (Nature and Nurture) കുട്ടികളുടെ കാര്യത്തിൽ പ്രധാനമാണ്. ജനിതകമായി ആർജിക്കുന്ന സവിശേഷതകളാണ് നേച്ചറിന്റെ ഗണത്തിൽ പെടുന്നത്. മാതാപിതാക്കളോ ചുറ്റുപാടുമുള്ളവരോ കുട്ടിയിൽ വളർത്തിയെടുക്കുന്ന സവിശേഷതകളാണ് നർച്ചർ.  

മണ്ടൻ, വഴക്കാളി, പേടിത്തൊണ്ടി, കള്ളൻ, വായാടി, ത ന്നിഷ്ടക്കാരൻ തുടങ്ങി കുട്ടികളുടെ സ്വഭാവത്തെ വിലയിരുത്തി നടത്തുന്ന ഏതു കമന്റും നെഗറ്റീവ് കമ്യൂണിക്കേഷനാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ കേൾക്കുന്നത് കുട്ടിയുടെ ഉള്ളിൽ ‘നെഗറ്റീവ് സെൽഫ് ഇമേജ്’ ഉണ്ടാക്കും. ഇതാണ് പലപ്പോഴും കുട്ടികളെ അന്തർമ്മുഖ   രും ആത്മവിശ്വാസം കുറഞ്ഞവരും ആക്കുന്നത്.  

എന്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ ചെറിയൊരു പൊസിറ്റീവുണ്ടെങ്കിൽ പോലും വലിയ അഭിനന്ദനം നൽകി നോക്കൂ. പ്രോത്സാഹനത്തിൽ കുട്ടിയുടെ ആത്മവിശ്വാസം കൂടും. പ്രോത്സാഹനം കിട്ടിയാൽ കുട്ടിയിൽ നല്ല ശീലങ്ങൾ വളരുമെന്നു മാത്രമല്ല, ചീത്ത ശീലങ്ങൾ ഇല്ലാതാകുകയും ചെയ്യും. പാരമ്പര്യമായി  കിട്ടുന്ന കഴിവുകൾ (നേച്ചർ) കുറവാണെങ്കിൽ പോലും മൂല്യബോധമുള്ള മെച്ചപ്പെട്ട അന്തരീക്ഷം കുട്ടിയുടെ വളർച്ചയ്ക്ക് ഇരട്ടി ഫലം നൽകും.

ഞാൻ ദേഷ്യക്കാരിയാ; അമ്മ പറയാറുണ്ടല്ലോ...

‘കണ്ണൊന്നു തെറ്റിയാൽ രണ്ടും കൂടി അടിയാണല്ലോ’ അമ്മയുടെ ശകാരം കേട്ട് ചേട്ടനും അനിയത്തിയും പരസ്പരം നോക്കി. ‘എന്താ രണ്ടിനും ഇത്ര ദേഷ്യം...’

കുടുംബാംഗങ്ങള്‍ തമ്മിലെ പ്രശ്നങ്ങളും കുട്ടികളുടെ കാര്യത്തിലെ ശ്രദ്ധക്കുറവും പലപ്പോഴും കുട്ടിയെ ദേഷ്യക്കാരനാക്കാം. പെട്ടെന്ന് ദേഷ്യം വരുന്നതും കുട്ടിയെ ശകാ രിക്കുന്നതും പോലും പ്രതികൂല ഫലമാകും ഉണ്ടാക്കുക.

∙ മറ്റുള്ളവരെ ഉപദ്രവിച്ചാൽ, ‘നിനക്ക് വേദനിക്കുന്നതു പോലെ തന്നെ അവർക്കും വേദനിക്കും’ എന്ന് പറഞ്ഞുകൊടുക്കണം. അനുകമ്പ വേണമെന്നും അറിയാതെ പോലും ആരെയും ഉപദ്രവിക്കരുതെന്നും പറയണം.

∙ ചെറിയ അടിപിടികൾക്ക് സ്വയം പരിഹാരം കാണാൻ പറയാം. എല്ലാത്തിലും രക്ഷിതാക്കൾ ഇടപെടുന്നത് പ്രശ്നങ്ങ ൾ പരിഹരിക്കാനുള്ള കുട്ടിയുടെ കഴിവിനെ ബാധിക്കും.

∙ വഴക്കിടുന്ന കുട്ടികളെ സമാധാനത്തോടെ ഒന്നിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചറിയണം. ഇരുവരും പരസ്പരം പഴിചാരുമെങ്കിലും  ഒരാളുടെ പക്ഷം ചേരുന്നു എന്ന തോന്നലുണ്ടാകാതെ വേണം പരിഹാരം കാണാൻ. കുറ്റം ചെയ്തയാളെ ശിക്ഷിക്കാൻ തിടുക്കം വേണ്ട. ഒരു അവസരം കൂടി നൽകാമെന്ന് പറയാം. സോറി പറയിപ്പിക്കാൻ മടിക്കേണ്ട.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി.എൻ. സുരേഷ് കുമാർ, പ്രഫസർ, സൈക്യാട്രി വിഭാഗം, കെഎംസിടി മെഡിക്കൽ കോളജ്, കോഴിക്കോട്.