Saturday 30 June 2018 02:56 PM IST

നമ്മളും കുരുങ്ങാം സ്മാർട് ട്രാപ്പിൽ! ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം

Roopa Thayabji

Sub Editor

cyber-crime21

ഫോൺ ഇന്റർനെറ്റും ആപ്ലിക്കേഷനുകളും നമ്മളെ സ്മാർട്ടാക്കുമ്പോൾ ഒപ്പമെത്തുന്ന കെണികളെ എങ്ങനെ പ്രതിരോധിക്കാമെന്ന് അറിയാം..

മകളുടെ നഗ്നചിത്രം പരസ്യമാകുമോ എന്നോർത്ത് ഉറക്കം നഷ്ടപ്പെട്ട വീട്ടമ്മ, തന്റേതാണെന്നു പറഞ്ഞ് കൂട്ടുകാരിയുടെ ചിത്രം കാമുകന് അയച്ചുകൊടുത്ത എട്ടാംക്ലാസുകാരി, ഭാര്യയുടെ സ്വഭാവശുദ്ധിയിൽ സംശയം തോന്നി ഫോണിൽ സ്പൈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഭർത്താവ്, മൊബൈൽ ബാങ്കിങ് വഴി പണം നഷ്ടമായ ഐടി ഉദ്യോഗസ്ഥ... ഇതൊക്കെ അങ്ങ് വിദേശത്തല്ലേയെന്ന് മുഖം തിരിക്കാൻ വരട്ടെ. നമ്മുടെ കൊച്ചിയിലും കോട്ടയത്തും കോഴിക്കോട്ടും തിരുവനന്തപുരത്തുമൊക്കെയായി കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങളാണ് ഇവയൊക്കെ.

മൊബൈൽ ഫോൺ സ്മാർട്ടായപ്പോൾ അതുവഴി ഔട്ടാകുന്ന രഹസ്യങ്ങൾ കൂടിയെന്ന് അത്ര ലാഘവത്തോടെ പറയാനാകില്ല. റിപ്പയറിങ്ങിനു കൊടുത്ത ഫോണിലെ സ്വകാര്യ വിഡിയോ യുട്യൂബിൽ വൈറലായതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും വളരെ കൂടുകയാണ്. വിഡിയോ ചാറ്റിങ് റിക്കോർഡ് ചെയ്ത് പീഡിപ്പിക്കുന്നതും പണം തട്ടുന്നതുമായ നിരവധി സംഭവങ്ങൾ നാണക്കേട് ഭയന്ന് പലരും പുറത്തുപറയുന്നില്ല. ഇതിന്റെ കാരണമെന്താണെന്ന് അറിയാമോ. ഫോണിലെ ഇന്റർനെറ്റുപയോഗവും പലവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും സംബന്ധിച്ച് മലയാളിക്ക് അത്ര വിവരമില്ലെന്നതാണ് സത്യം. സ്മാർട്ഫോണിലെ കെണികളെന്തൊക്കെ, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാം. സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, പുരുഷന്മാരെ പോലും വലയിലാക്കുന്ന സ്മാർട്ഫോൺ ട്രാപ്പുകളെക്കുറിച്ച് അറിയാം.

ഗൾഫുകാരിയുടെ പരാതി

കോട്ടയത്തെ നഗരപ്രാന്തത്തിൽ താമസിക്കുന്ന വീട്ടമ്മ വർഷങ്ങളായി വിദേശത്ത് ജോലിചെയ്യുകയാണ്. മകളുടെ നഗ്നചിത്രം തിരികെ കിട്ടണമെന്നാവശ്യപ്പെട്ടാണ് ഇവർ മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധനെ വിളിച്ചത്. സംഭവമിങ്ങനെ. കോട്ടയം നഗരത്തിലെ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ പഴയ ഫോൺ, ബന്ധുവായ പെൺകുട്ടിക്ക് ഉപയോഗിക്കാൻ കൊടുത്തു. അവർ വാട്സ്ആപ്പിന്റെ ‘സെൻഡ്’ ഫോൾഡറിൽ ഈ പെൺകുട്ടിയുടെ ഒന്നു രണ്ടു മോശം ചിത്രങ്ങളും വിഡിയോയും കണ്ടു. നഗ്നചിത്രങ്ങൾ മകൾ ആർക്കോ അയച്ചതാണെന്നു മനസ്സിലായ വീട്ടമ്മ ആകെ വിഷമത്തിലായി.

ഫോട്ടോ കിട്ടിയ ആൾ എന്തെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യുമോ എന്നായിരുന്നു അവരുടെ ടെൻഷൻ. പേടിച്ചുപോയ ആ അമ്മ മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധന്റെ സഹായം തേടുകയായിരുന്നു. ഫോട്ടോ അയച്ചത് ആർക്കാണെന്നറിയാനും അത് എങ്ങനെയെങ്കിലും തിരികെ കിട്ടാനുമായിരുന്നു അവർ ശ്രമിച്ചത്. നേരിട്ടു ചോദിച്ചാൽ ചിത്രങ്ങൾ പലരുവഴി കൈമാറി അമ്മയുടെ അടുത്തെത്തിയിട്ടാണെന്ന് തെറ്റിദ്ധരിച്ച് മകൾ ആത്മഹത്യ ചെയ്യുമോ എന്നും അവർ പേടിച്ചു.

വാട്സ്ആപ്പിലെ ഉദ്യോഗസ്ഥൻ എന്നുപറഞ്ഞ് വിളിച്ച വിദഗ്ധന്റെ മുന്നിൽ ആദ്യം പെൺകുട്ടി എല്ലാം നിഷേധിച്ചു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ കാമുകനാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്നു സമ്മതിച്ചു. പിന്നാലെ കാമുകനെ വിളിച്ചപ്പോൾ ചിത്രങ്ങൾ യാതൊരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും തന്റെ കൈയിലുള്ള ഫോൺ തിരികെ നൽകാമെന്നും അയാൾ ഉറപ്പുനൽകി. മകളെ വിവാഹം കഴിക്കാൻ സമ്മതമാണെന്നറിയിച്ച് ഗൾഫിലുള്ള അമ്മയ്ക്ക് അയാൾ ഫോൺ കൈമാറുകയും ചെയ്തു. വിശ്വസ്തനായ കാമുകന്മാരുടെ കാര്യത്തിൽ ഇത് പ്രാവർത്തികമാകുമെങ്കിലും വഞ്ചിച്ചോ ചതിച്ചോ മറ്റു മുതലെടുപ്പുകൾക്ക് തക്കം പാർത്തിരിക്കുന്നവരെ എന്തുചെയ്യും?

∙ വാട്സ്ആപ്പ് വഴി യാതൊരു കാരണവശാലും സ്വന്തം നഗ്ന, അർദ്ധ നഗ്ന ചിത്രങ്ങളോ വിഡിയോയോ അയയ്ക്കരുത്.

∙ ഫയൽ മാനേജർ ടാബിലെ ആപ്ലിക്കേഷൻസ് ഫോൾഡറിൽ ഓരോ ആപ്ലിക്കേഷൻ വഴിയും ഷെയർ ചെയ്ത മീഡിയ ഫയലുകൾ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെൻഡ് ഫോൾഡറിൽ ഓഡിയോ ഫയലുകളും ഫോട്ടോയും വിഡിയോയും ഉൾപ്പെടെ എല്ലാം സേവ് ആകും. ഇവ ഓരോന്നുമെടുത്ത് ഡിലീറ്റ് ചെയ്യുകയോ മുഴുവനും ഡിലീറ്റ് ചെയ്യുകയോ ചെയ്യാം.

∙ ഏത് ആപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്താലും അതുവഴി ഷെയർ ചെയ്ത മീഡിയ ഫയലുകൾ ഫോണിന്റെ മെമ്മറിയിൽ ഇങ്ങനെ സ്റ്റോർ ചെയ്തിട്ടുണ്ടാകും. ഫോൺ ഫാക്ടറി റീസെറ്റ് ചെയ്താലേ ഈ ഡേറ്റ പൂർണമായും പോകൂ. മറ്റൊരാൾക്ക് കൈമാറും മുമ്പ് ഫോൺ റീസെറ്റ് ചെയ്യാൻ മറക്കരുത്.

cyber09

∙ ഡിലീറ്റ് ചെയ്ത ഡേറ്റ റിക്കവർ ചെയ്യാവുന്ന സോഫ്റ്റ്‌വെയറുകൾ ഇന്നുണ്ട്. മൂന്നര ലക്ഷം രൂപ മുതൽ വിലയുള്ള ഈ സോഫ്റ്റ്‌വെയർ വഴി വാട്സ്ആപ്പ് ചാറ്റും ഹിസ്റ്ററിയുമെല്ലാം റിക്കവർ ചെയ്യാനാകും. എന്നാൽ റീസെറ്റ് ചെയ്ത ഫോണിലെ ഡേറ്റ ഇങ്ങനെ റിക്കവർ ചെയ്യാനാകില്ല.

റിപ്പയറിങ്ങിനു നൽകുമ്പോൾ

ചെറിയ കംപ്ലയിന്റുകളാണെങ്കിൽ ഫോൺ വാങ്ങിവച്ച് നാളെ തരാമെന്നു പറയുന്ന റിപ്പയറിങ്ങുകാരനെ വിശ്വസിക്കരുത്. അവിടെ നിന്ന് റിപ്പയർ ചെയ്ത് വാങ്ങാവുന്നതാണെങ്കിൽ മാത്രം ചെയ്യിക്കുക.

∙ ഫോൺ അൺലോക്ക് ചെയ്യാതെ റിപ്പയറിങ്ങിനു നൽകാനാകില്ല എന്നതുകൊണ്ട് ചിത്രങ്ങളോ വിഡിയോയോ ഉള്ള മെമ്മറി കാർഡ് മാറ്റാൻ മറക്കരുത്. മെമ്മറി കാർഡിൽ നിന്ന് ഡിലീറ്റ് ചെയ്ത ഡേറ്റ റിക്കവർ ചെയ്യാൻ വളരെയെളുപ്പമാണ്.

∙ സ്വകാര്യ ചിത്രങ്ങളോ വിഡിയോയോ ഷെയർ ചെയ്തിട്ടുണ്ട് എന്നു ഉറപ്പാണെങ്കിൽ ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഫോൺ റിപ്പയറിങ്ങിന് നൽകുക.

∙ അംഗീകൃത സർവീസ് സെന്ററുകളിൽ മാത്രം ഫോൺ റിപ്പയറിങ്ങിനു നൽകുക. നിരവധി ഫോണുകൾ റിപ്പയറിങ്ങിനെത്തും എന്നതിനാലും വിശ്വസ്തത പാലിക്കണമെന്നതു കൊണ്ടും ചികഞ്ഞുനോക്കാൻ ഇവർ നിൽക്കാറില്ല.

∙ തീർത്തും സ്വകാര്യമായ ചിത്രങ്ങളോ വിഡിയോയോ ഉള്ള ഫോണുകൾ ഫാക്ടറി റീസെറ്റ് ചെയ്യാനാകാത്ത തരത്തിൽ ഡിസ്പ്ലേ, കീപാഡ്, ടച്ച് പാഡ് തകരാർ വന്നുവെങ്കിൽ നന്നാക്കാതെ പുതിയ ഫോൺ വാങ്ങുന്നതാണ് നല്ലത്.

ബന്ധു കൊടുത്ത പണി

ഈ സംഭവം നടന്നത് കൊച്ചിയിലെ ഒരു സർക്കാരുദ്യോഗസ്ഥന്റെ വീട്ടിലാണ്. ബന്ധുവിന്റെ മകളുടെ ഫോണിലെ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി സർവീസ് സെന്ററിനെ സമീപിച്ച അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഒരു ദുഃഖകഥയാണ്. ബന്ധുവായ പെൺകുട്ടിയുടെ ചാറ്റിങ്ങിൽ സംശയം തോന്നിയ അയൽപക്കത്തെ പയ്യൻ തന്റെ ഫോണിൽ ഇതേ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തു. വെരിഫിക്കേഷൻ കോഡ് എന്താണെന്നറിയാത്ത പെൺകുട്ടിയെ പറ്റിച്ച് കോഡ് കൈക്കലാക്കിയായിരുന്നു ഈ പണി.

24 മണിക്കൂറിനുള്ളിൽ ഈ അക്കൗണ്ട് ഡീആക്ടിവേറ്റ് ആകുമെന്നറിയാമായിരുന്ന പയ്യൻ ചാറ്റ് ബാക്ക്അപ് എടുത്തുനോക്കി. ചാറ്റ് കണ്ട പയ്യൻ ഞെട്ടി. എട്ടാംക്ലാസുകാരിയായ പെൺകുട്ടി വിവാഹിതനായ ഒരാളുമായി ഹോട്ട് ചാറ്റ് ചെയ്യുന്നുവെന്നു മാത്രമല്ല, തന്റേതെന്നു പറഞ്ഞ് അയാൾക്കയച്ച ചിത്രങ്ങളെല്ലാം അടുത്ത ബന്ധുവായ മറ്റൊരു പെൺകുട്ടിയുടേതായിരുന്നു. ഈ പയ്യൻ വിവരമറിയിച്ചതിനെ തുടർന്നാണ് മകളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ആ അച്ഛൻ സർവീസ് സെന്ററിലെത്തിയത്.

∙ മക്കളുടെ വാട്സ്ആപ്പ് ചാറ്റും ഫോൺ സംഭാഷണങ്ങളും മാതാപിതാക്കളുടെ അറിവോടെയാകണം. ചെറിയ കുട്ടികളെ ലക്ഷ്യംവച്ചുള്ള പീഡനങ്ങളും ട്രാപ്പുകളും ഇന്ന് സജീവമാണ്.
ഈ സന്ദർഭങ്ങളിൽ സംയമനത്തോടെ വേണം മാതാപിതാക്കൾ കുട്ടികളോടു സംസാരിക്കാൻ. കുട്ടിയുടെ നീക്കങ്ങൾ അവരറിയാതെ നിരീക്ഷിക്കണം.

∙ മൊബൈൽ ഫോണുമായി കുട്ടി ബാത്റൂമിൽ കയറുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. എതിർവശത്തുള്ളയാൾക്ക് കുട്ടി ബാത്റൂമിലാണ് എന്നറിയുന്നത് ആവേശവും ആവശ്യവും കൂട്ടും. നഗ്നചിത്രങ്ങളും വിഡിയോയും നിർബന്ധിച്ച് അയപ്പിക്കുന്നത് ഈ സന്ദർഭത്തിലാണ്.

∙ ഫോൺ തിരികെ വാങ്ങുകയോ സിം കാർഡ് തിരിച്ചെടുക്കുകയോ ചെയ്താൽ പുതിയ രഹസ്യ സിംകാർഡും ഫോണും കുട്ടി സംഘടിപ്പിക്കില്ല എന്ന് എന്താണുറപ്പ്.

∙ ആത്മഹത്യാ ഭീഷണിയാകും ചില മക്കളുടെ തന്ത്രം. ട്രാപ്പിൽ പെട്ട് നഗ്നചിത്രങ്ങളോ വിഡിയോയോ ഷെയർ ചെയ്യുന്നതും പീഡനത്തിനിരയാകുന്നതും തടയാൻ ചിലപ്പോൾ ഈ ഭീഷണിയെ കണ്ടില്ലെന്നു നടിക്കേണ്ടിവരും.

തുടരും...

വിവരങ്ങൾക്ക് കടപ്പാട്: രതീഷ് ആർ. മേനോൻ, സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ.