Tuesday 02 June 2020 04:57 PM IST

ഫിസിക്സാണ് സാറിന്റെ മെയിൻ! ലാത്തി കൈയിലെടുക്കും മുൻപ് ചൂരൽ എടുത്ത സർക്കിൾ സോഷ്യൽ മീഡിയയിലെ താരം

Binsha Muhammed

viral-ci

പ്രതികളെ ‘ചോദ്യം’ ചെയ്തു മാത്രം ശീലമുള്ള പൊലീസുകാരന്‍, ചോദ്യ പേപ്പറും പിടിച്ചങ്ങനെ നിൽപ്പാണ്! ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പാടെ പതിവു രീതിയിൽ ചോദ്യമുയർന്നു പൊലീസുകാർക്കെന്താ ചോദ്യക്കടലാസിൽ കാര്യം!

കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട വടകരയിലെ എംയുഎം ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് ഡ്യൂട്ടിക്കിറങ്ങിയ പൊലീസുകാരനാണ് കഥയിലെ നായകൻ. പ്ലസ്ടു ഭൗതിക ശാസ്ത്രം പരീക്ഷ നടക്കുന്ന പരീക്ഷ ഹാളിന് പരിസരത്ത് സുരക്ഷാർത്ഥം റോന്തു ചുറ്റുന്നതിനിടയിലാണ് കക്ഷി പിള്ളേർക്ക് വട്ടംവച്ചത്. കാക്കിയുടെ ഗൗരവം കണ്ട് പിള്ളേർ ആദ്യമൊന്ന് പേടിച്ചു. പക്ഷേ സർക്കിൾ സാറിന്റെ ചോദ്യം കേട്ടപ്പോൾ  ഐസ് പോലെ അലിഞ്ഞു.

‘ആ ഫിസിക്സ് ചോദ്യ പേപ്പർ ഒന്നിങ്ങു തന്നേ...’

പൊലീസ് മഹസർ പരിശോധിക്കുന്ന ലാഘവത്തോടെ ചോദ്യ പേപ്പർ പരിശോധിക്കുന്ന സർക്കിൾ ഇൻസ്പെക്ടറുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സംഭവം വൈറലായി. പക്ഷേ പൊലീസുകാരനും ക്വസ്റ്റ്യൻ പേപ്പറും തമ്മിലെന്ത് ബന്ധമെന്ന ‘പ്രമാദമായ ചോദ്യം’ മാത്രം ബാക്കിയായി. നാടായ നാടും സോഷ്യല്‍ മീഡിയയും മുഴുവൻ സർക്കിളിനെ തപ്പി നടക്കുമ്പോൾ ചോദ്യ പേപ്പർ കണ്ട് സ്റ്റോപ്പിട്ട വടകര സർക്കിൾ ഇൻസ്പെക്ടർ ഹരീഷ് പിഎസ്, വനിത ഓൺലൈനു മുന്നിൽ ‘കീഴടങ്ങിയിരിക്കുകയാണ്.’ കാക്കിയുടെ ഗൗരവമില്ലാതെ ആ വൈറൽ ചിത്രം പിറന്ന കഥ അദ്ദേഹം വനിത ഓൺലൈനോട് പറഞ്ഞതിങ്ങനെ.

ci-1

അറിയാവുന്നവർക്ക് ഈസി അറിയാത്തവർക്ക് ഇത്തിരി പാട്’

12–ാം ക്ലാസിലെ ഫിസിക്സ് ചോദ്യ പേപ്പർ കണ്ട് സ്റ്റോപ്പിട്ടതിനു പിന്നിൽ എന്താണ് ചേതോവികാരം എന്ന് ആദ്യമേ പറയാം. കാക്കി നെഞ്ചത്തോട്ട് കയറും മുമ്പ് ഞാനൊരു അധ്യാപകനായിരുന്നു. ലാത്തി കയ്യിലെടുക്കും മുമ്പ് എന്റെ കയ്യിൽ ചൂരലുണ്ടായിരുന്നു എന്നു വേണമെങ്കിൽ സിനിമാ സ്റ്റൈലിൽ പറയാം– ഹരീഷ് ചിരിയോടൊണ് തുടങ്ങിയത്.

ചോദ്യ പേപ്പർ തിരക്കി പോയതല്ല. വടകരയിലെ എംയുഎം സ്കൂൾ പരിസരം കോവിഡിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയുള്ള കണ്ടെയ്ൻമെന്റ് സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവിടെയായിരുന്നു എനിക്കും സഹപ്രവർത്തകർക്കും ഡ്യൂട്ടി. പുറത്ത് ഡ്യൂട്ടിയിലുള്ളപ്പോൾ അകത്ത് പരീക്ഷ നടപ്പുണ്ടെന്ന് അറിയാമായിരുന്നു. കുട്ടികൾ പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് എന്നിലെ പഴയ അധ്യാപകൻ തലപൊക്കിയത്. ഒരു ആകാംക്ഷയുടെ പുറത്ത് കുട്ടികളെ അടുത്തു വിളിച്ചു. ചോദ്യ പേപ്പർ ചോദിച്ചു വാങ്ങി. എല്ലാം ആകാംക്ഷയുടെ പുറത്ത് ചെയ്തതാണ്. പക്ഷേ ചിത്രം ആരോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇത് വൈറലാകുമെന്ന് ആരു കണ്ടു. പലരും ചോദിക്കുന്നു ക്വസ്റ്റ്യൻ കണ്ടിട്ട് എന്തു തോന്നിയെന്ന്. സംഗതി എനിക്ക് ഈസി ക്വസ്റ്റ്യൻസ് ആയിരുന്നു. പിള്ളേർ അൽപം വിയർത്തുവെന്നാണ് തോന്നുന്നത്.

ഭൂഗോളത്തിന്റെ സ്പന്ദനം ‘ഫിസിക്സ്’

കേരള പൊലീസിലെ 2014 ബാച്ചാണ് ഞാൻ. അതിനു മുമ്പ് സ്കൂളുകളിലും കോച്ചിംഗ് സെന്ററുകളിൽ അടക്കം അധ്യാപകനായിരുന്നു. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കാണെങ്കിൽ എന്റെ ഹൃദയസ്പന്ദനം ഫിസിക്സായിരുന്നു. മോശമല്ലാത്തൊരു ശിഷ്യ സമ്പത്തും ഉണ്ട്. ചിത്രം വൈറലാകാന്‍ പ്രധാന കാരണവും അവരാണെന്ന് ഞാൻ കരുതുന്നു. എല്ലാവരും വളരെ ഉത്സാഹത്തോടെ ഷെയർ ചെയ്തു. ഈ നിമിഷം വരെയും ഫോൺവിളികളും സന്ദേശങ്ങളും നിലച്ചിട്ടില്ല. അധ്യാപനം വിട്ടിട്ട് എന്തിന് കാക്കിയിലേക്ക് കുടിയേറി എന്നാണ് പലരും ചോദിക്കുന്നത്. വളരെ ഡൈനാമിക്കായി ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ആ ആഗ്രഹത്തിന്റെ ബാക്കിയാണ് ഈ കാക്കിയിലേക്കുള്ള പരകായ പ്രവേശം. ഇത് വൈറലാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എങ്കിലും സദുദ്ദേശ്യത്തോടെ ഷെയർ ചെയ്ത എല്ലാവർക്കും നന്ദി. കോഴിക്കോട് ബാലുശ്ശേരിയാണ് എന്റെ സ്വദേശം. ഭാര്യ രമ്യ, മകൾ ആരാധ്യക്ക് നാലു വയസാകുന്നു– ഹരീഷ് പറഞ്ഞു നിർത്തി.