Wednesday 15 April 2020 11:30 AM IST

ലോക്ക് ഡൗണിൽ മനസ്സിനെ റീചാർജ് ചെയ്യാൻ വീട്ടിലോരുക്കാം പ്രൈവറ്റ് സ്പേസ്

Roopa Thayabji

Sub Editor

private-space

അച്ഛനും അമ്മയും മക്കളും ഗ്രാൻഡ് പേരന്റ്സുമെല്ലാം വീടിനുള്ളിൽ ലോക് ഡൗൺ ആയിരിക്കുമ്പോൾ എവിടെ നിന്നെങ്കിലുമുള്ള ഒരു ചെറിയ തീപ്പൊരി മതി വീടിന്റെ മൂഡ് ആകെ മാറ്റിമറിക്കാൻ. ഈ ലോക്ക് ഡൌൺ കാലത്തു ജോലിയുടെയും വീടിന്റെയും തിരക്കുകളിൽ നിന്ന് അകന്നുമാറിയിരിക്കാൻ ഒരിക്കലെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ. കൂൾ കൂളായി കുറച്ചു സമയമെങ്കിലും ഒന്നു മനസ്സുനിറഞ്ഞിരിക്കാനും മനസ്സിനെ റീചാർജ് ചെയ്യാനും ഇനിയെങ്കിലും ഒരു പ്രൈവറ്റ് സ്പേസ് വീട്ടിലൊരുക്കാം.

പുസ്തകം വായിച്ചിരിക്കാവുന്ന ഒരു ജനാലയരികോ ഇയർഫോണിൽ പാട്ടുകേട്ടിരിക്കാവുന്ന ഒരു ഇടനാഴിയോ യോഗയും മെഡിറ്റേഷനും ചെയ്യാനാകുന്ന ഒരു കോർണർ സ്പേസോ മതിയാകും നിങ്ങളുടേതു മാത്രമായ ലോകം സൃഷ്ടിച്ചെടുക്കാൻ.

എവിടെ ഒരുക്കാം

അതിഥികളെത്തുന്ന ഫോർമൽ ലിവിങ് അല്ലാത്ത എവിടെയും പ്രൈവറ്റ് സ്പേസ് ഒരുക്കിയെടുക്കാം. അധികം ഇടുങ്ങിയ സ്ഥലമാകരുത്, അധികം വലിപ്പവും വേണ്ട. ചാരുബെഞ്ചുള്ള ബാൽക്കണിയിൽ നിങ്ങൾക്കിഷ്ടപ്പെട്ട ചെടികൾ വച്ചാൽ പോലും കൂടുതൽ അടുപ്പം തോന്നാറില്ലേ. ഇങ്ങനെ ചെറിയ കാര്യങ്ങൾ മതി ഇഷ്ടം തോന്നുന്ന ഒരിടം ഒരുക്കിയെടുക്കാൻ.

പ്രൈവറ്റ് സ്പേസ് ആക്കാനുദ്ദേശിക്കുന്ന ഭാഗത്തിനു പ്രത്യേകം പെയിന്റടിക്കുന്നത് നല്ലതാണ്. മറ്റ് ഇടങ്ങളുടെ തുടർച്ചയല്ല ഇവിടെ എന്നു സൂചിപ്പിക്കാൻ ഇത് സഹായിക്കും. വെള്ളയാണ് മനസ്സിനു ഏറ്റവും സമാധാനം നൽകുന്ന നിറമെങ്കിലും ഇളംനിറങ്ങളേതും ഉപയോഗിക്കാം. പുതുമയും ഉണർവും തോന്നിപ്പിക്കുന്ന മഞ്ഞനിറമോ, സ്വസ്ഥതയും ശാന്തതയും നൽകുന്ന പച്ചയോ, പ്രചോദനവും പ്രോത്സാഹനവും നൽകുന്ന ചുവപ്പോ ഒക്കെ നല്ലതാണ്. കുറേ സാധനങ്ങൾ വിരിനിറച്ച് പ്രൈവറ്റ് സ്പേസിനെ അലങ്കോലമാക്കല്ലേ. സമാധാനവും സ്വസ്ഥതയും മോഹിച്ച് ഇവിടേക്കെത്തുമ്പോൾ പൊടിയും അഴുക്കുമേറ്റ് അലർജി വരാനേ ഇതുപകരിക്കൂ.

ഇവ മറക്കല്ലേ

  1. കിടപ്പുമുറിയിലെ ജനാലയ്ക്കരികിൽ റീഡിങ് കോർണർ ഉണ്ടാക്കാം. സുഖമായിരിക്കാവുന്ന ഒരു കസേരയും റീഡിങ് ലാംപും മാത്രം മതി ഇവിടെ. വായിക്കാനെടുക്കുന്ന പുസ്തകമോ ചായക്കപ്പോ വയ്ക്കാൻ ചെറിയൊരു ടേബിളും ഇടാം. പക്ഷേ, വായനയിൽ നിന്ന് ശ്രദ്ധയകറ്റുന്ന ഒന്നും ടേബിളിൽ വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  2. മനസ്സിൽ പാക്ക് ചെയ്ത് വച്ചിരിക്കുന്ന ആ ഹോബികളൊക്കെ തിരികെ കൊണ്ടുവരാൻ പറ്റിയ സമയമാണ് ലോക്ക് ഡൗൺ. എഴുതാൻ മോഹിക്കുന്നവർക്ക് എഴുത്തുമേശയും ചെയറും ടേബിൾ ലാംപും മതി പ്രൈവറ്റ് സ്പേസിൽ. ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ളയാൾക്ക് കാൻവാസ് വയ്ക്കാനുള്ള ഇടവും നല്ല ലൈറ്റിങ്ങുമാണ് ഒരുക്കേണ്ടത്. പെയിന്റുകളും പാലറ്റും പെൻസിലും ബ്രഷുമൊക്കെ വയ്ക്കാൻ ഒരു ടേബിളും വേണം. തുന്നലിലും എംബ്രോയ്ഡറിയിലും താത്പര്യമുള്ളവർക്കായി തയ്യൽമെഷീനിടാനുള്ള സ്ഥലവും നൂലുകളും മുത്തുകളുമൊക്കെ അടുക്കിവയ്ക്കാനുള്ള ഷെൽഫുമാണ് വേണ്ടത്.

  3. അല്ലലും തിരക്കുമൊഴിഞ്ഞ് പ്രാർഥിക്കാൻ പോലും സമയം കിട്ടുന്നില്ല എന്ന് ചിന്തിക്കുന്നവർക്ക് മെഡിറ്റേഷൻ ചെയ്യാനായി പ്രൈവറ്റ് സ്പേസ് മാറ്റിയെടുക്കാം. സ്വസ്ഥമായിരിക്കാവുന്ന ഒരു കസേരയോ ഡേ ബെഡ്ഡോ യോഗ ചെയ്യുന്നവർക്കായുള്ള മാറ്റോ മതിയാകും ഇവിടേക്ക്. വേണമെങ്കിൽ പ്രിയപ്പെട്ട ഭജനുകളോ ആത്മീയ പ്രഭാഷണങ്ങളോ കേൾക്കാനായി എംപി3 പ്ലേയറും ഹെഡ്ഫോണും കരുതാം.

  4. വിസ്തരിച്ചൊരു കുളിയും മനസ്സിനെ റീചാർജ് ചെയ്യും. ഇതിനായി ബാത്റൂമിനെ ഒരുക്കാം. പ്രധാന ലൈറ്റിനു പുറമേ ഡിമ്മറുകൾ സെറ്റ് ചെയ്താൽ റിലാക്സിങ് മൂഡിലേക്ക് എളുപ്പം മാറാം. ബാത് ടബ്ബിനു മുകളിലായി വേണം ഡിമ്മർ സ്വിച് പിടിപ്പിക്കാൻ. ടബ്ബിൽ വെള്ളം നിറച്ച ശേഷം കുറച്ചുനേരം പാട്ടുകേട്ട് കിടന്നാലോ. ഇതിനായി ചെറിയൊരു മ്യൂസിക് സിസ്റ്റവും വയ്ക്കാം. പക്ഷേ, തട്ടുപൊളിപ്പൻ പാട്ടുകൾ വേണ്ടേവേണ്ട. സുഗന്ധമുള്ള മെഴുകുതിരി കൂടി കത്തിച്ചുവച്ചാൽ ഉള്ളിൽ നറുമണവും സമാധാനവും നിറയും.

പ്രിയപ്പെട്ട ഇടമാക്കാം

  1. മുത്തശ്ശിയോ അമ്മയോ തുന്നിത്തന്ന പഴയ കമ്പിളിക്കുപ്പായം നിധി പോലെ സൂക്ഷിച്ചിട്ടുണ്ടോ. എങ്കിൽ അത് സൂക്ഷിക്കാനുള്ള ഏറ്റവും നല്ലയിടം പ്രൈവറ്റ് സ്പേസാണ്. പഴയ കാലത്തിലേക്കും ഹോബിയിലേക്കും നിങ്ങളെ എത്തിക്കാൻ ഇതു മാത്രം മതി.

  2. ലേസ് പിടിപ്പിച്ച ഹാൻഡ് മെയ്ഡ് ടവ്വലും ടേബിൾ ക്ലോത്തുമൊക്കെ പ്രൈവറ്റ് സ്പേസിലെ ടേബിളിനെ അലങ്കരിക്കട്ടെ. ഇഷ്ടപ്പെട്ടവ കൂട്ടിവച്ചുണ്ടാക്കുന്ന ഇടത്തോട് ഇഷ്ടം കൂടുമെന്ന് ഉറപ്പാണ്.

  3. പ്രിയപ്പെട്ട ഇടത്തിലിരിക്കുമ്പോൾ പ്രിയപ്പെട്ടവർ കൂടെയുണ്ടായാലോ. അച്ഛനും അമ്മയുമൊപ്പം എടുത്ത കുട്ടിക്കാലത്തെ ഫോട്ടോ മുതൽ നിങ്ങളുടെ മക്കളുടെ ചിത്രങ്ങൾ വരെ ചേർത്തു കൊളാഷ് ഉണ്ടാക്കി പ്രൈവറ്റ് സ്പേസിൽ വയ്ക്കാം. ഓർമകളിൽ മുങ്ങി സുഖമായിരിക്കാനും മനസ്സിൽ സന്തോഷം നിറയ്ക്കാനും ഇത് സഹായിക്കും.

  4. നിങ്ങൾ പ്രൈവറ്റ് സ്പേസിലായിരിക്കുമ്പോൾ മറ്റുള്ളവർ ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഉറപ്പായും ‘do not disturb’ ബോർഡ് വയ്ക്കാം. ടിവിയോ മറ്റോ ഉച്ചത്തിൽ വയ്ക്കുന്നതിൽ നിന്ന് പുറത്തുള്ളവരെ തടയാനും ഈ ബോർഡ് സഹായിക്കും.