Tuesday 31 July 2018 12:08 PM IST

കടലോളം അഭിമാനം... മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് ഐക്യരാഷ്ട്രസഭ പ്രസംഗ പീഠത്തോളം ഉയർന്ന രണ്ടു വനിതകളുടെ കഥ

V R Jyothish

Chief Sub Editor

sea1
ഫോട്ടോ: ഹരികൃഷ്ണൻ

അനുസരണയില്ലാത്ത കുട്ടികളെപ്പോലെ ഇളകിമറിയുകയായിരുന്നു കടൽ!  

മിഥുനത്തിലും കർക്കടകത്തിലുമാണ് കടൽ ഏറ്റവും ക്ഷുഭിതയാകുന്നത്. മത്സ്യത്തൊഴിലാളികൾ പോ ലും ഒന്നു മടിക്കും കടലിൽ പോകാൻ. അതുകൊണ്ടുതന്നെഞങ്ങളെയും കൂട്ടി തോണിക്കാരൻ ക്ലീറ്റസ് കടലിലേക്കു പുറ പ്പെടുമ്പോൾ താക്കീതുകളായിരുന്നു, ചുറ്റും നിന്നവർക്കു തരാനുണ്ടായിരുന്നത്. തീരം വിട്ടുപോകരുത്. അസ്വാഭാവികത ക ണ്ടാൽ കൊടി പറത്തണം. നന്നായി പ്രാർഥിക്കണം. സ്നേഹം നിറഞ്ഞ ഉപദേശങ്ങളുമുണ്ടായി.

കടൽത്തോണിയിൽ ഞങ്ങളൊടൊപ്പം രണ്ടു സ്ത്രീകളാണ്. കടലിൽ സ്ത്രീകൾക്ക് ‘പ്രവേശനം പാസു മൂലം’ നിയന്ത്രിച്ചിട്ടുണ്ട് കടലുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും. ഇവർ രണ്ടുപേരും പക്ഷേ, കടലിന്റെ മക്കളാണ്. കട ൽ ഇവർക്കു സിരകളിൽ ഒാടുന്ന രക്തമാണ്. അതു മാത്രമല്ല ഇവരെ വ്യത്യസ്തരാക്കുന്നത്. കടലറിവുകളുടെ ആഴങ്ങളാണ്. യാത്ര ഈ കടലറിവുകാരോടൊപ്പമാണെങ്കിൽ കടലിനെ പേടി വേണ്ട. എന്തു സംഭവിച്ചാലും ജീവൻ തിരിച്ചുകിട്ടും കടലിന്റെ ഈ മക്കൾ കൂടെയുള്ളപ്പോൾ. കടൽക്കഥ പറയാനാണ് ഇവർ വന്നത്. ഒപ്പം കടലിന്റെ വ ന്യതയിൽ കുറച്ചു ചിത്രങ്ങൾ. അത് അവർക്കു കൂടി നിർബന്ധമുള്ള കാര്യമായിരുന്നു. കടൽക്കരയിലിരുന്ന് ഫോട്ടോെയടുക്കുന്നതുപോലെയല്ലല്ലോ ഉൾക്കടലിൽ തിരമാലകളുടെ നടുവിൽ നിന്ന് ഫോട്ടോയെടുക്കുന്നത്.

ഈ കടൽമക്കളെ പരിചയപ്പെടാം ഒരാൾ െഎക്യരാഷ്ട്രസഭയിൽപ്പോയി കടലിനെക്കുറിച്ചു പ്രസംഗിച്ച ആളാണ്. മറ്റേയാൾ കടലിന്റെ അടിത്തട്ടിൽ നേരിട്ടെത്തി കടൽജീവിതം പഠിക്കുന്ന ശാസ്ത്രജ്ഞയാണ്. അത്യപൂർവമായ ആ കടൽക്കഥകൾ പറയുമ്പോൾ കടൽ അവരെ തിരമാലകൾ കൊണ്ട് അനുഗ്രഹിക്കുകയായിരുന്നു.

ലിസ്ബ യേശുദാസും അനീഷയുമാണ് ഈ കടൽമക്കൾ. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിൽ അധ്യാപികയാണ് ലിസ്ബ യേശുദാസ്. അനീഷ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലെ കടൽ ഗവേഷകയും. അതുകൊണ്ട് അവരുടെ കഥ നിറയെ കടലാണ്. കടൽജീവിതമാണ്. കടലിന്റെ കരുത്തും അഴകുമാണ്. ‘ഇനി ചിങ്ങം പിറക്കണം. കടലൊന്നു തെളിഞ്ഞു ചിരിക്കണമെങ്കിൽ. അതുവരെ ഇങ്ങനെ പേടിപ്പിച്ചുകൊണ്ടിരിക്കും.’’ ലിസ്ബ പറഞ്ഞു തുടങ്ങി; സ്വന്തം ജീവിതം പിന്നെ, കടലമ്മയുെട അറിയാക്കഥകളും.

അക്ഷരങ്ങളുടെ കടലിൽ നിന്ന്

പ്രതികൂല സാഹചര്യങ്ങളോടുള്ള പടവെട്ടലാണ് ലിസ്ബയുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. മത്സ്യത്തൊഴിലാളിയായ യേശുദാസിന്റെയും വീട്ടമ്മയായ ലിസിയുടെയും മൂന്നു മക്കളിൽ ഒരാൾ. പത്താം ക്ലാസ്സുവരെ അപൂർവമായി കടന്നുപോകുന്ന വിദ്യാഭ്യാസകാലം. പതിനെട്ടു വയസാകുമ്പോഴേ വിവാഹം. അതിനു ശേഷം ജീവിതം ഉന്തിയും തള്ളിയും മുന്നോട്ടു കൊണ്ടുപോകാൻ മീൻകുട്ടയും ചുമലിലേറ്റിയുള്ള അ ലച്ചിൽ. ഇങ്ങനെയൊക്കെയാകുമായിരുന്നു ലിസ്ബയുടെ ജീവിതവും. എന്നാൽ, അക്ഷരങ്ങൾ തിരയടിച്ചപ്പോൾ ലിസ്ബയുടെ കടൽ ജീവിതം വഴിമാറുകയായിരുന്നു.

കോവളത്തിനടുത്തുള്ള കടലോരമാണ് പുല്ലുവിള. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടം. കടൽ തിരയടിച്ചു കയറുന്ന തെങ്ങിൻതോപ്പുകളും മീൻവലകൾ ഉണക്കാനിട്ട നാട്ടിടവഴികളും ധാരാളമുണ്ട് പുല്ലുവിളയിൽ. ആ വഴികളിൽ നിന്നു ലിസ്ബ തുടങ്ങിയ ജീവിതയാത്രയാണ് ഇപ്പോൾ െഎക്യരാഷ്ട്രസഭയിൽ എത്തിനിൽക്കുന്നത്.

sea2

കടൽ അദ്ഭുതങ്ങളുടെ ലോകം കൂടിയായിരുന്നു ലിസ്ബയ്ക്ക്. കരയിൽ നിൽക്കുന്ന കമ്പവലക്കാർ കടലിലെ മീൻകൂട്ടത്തെ കണ്ടെത്തുന്നത്, നക്ഷത്രത്തെ നോക്കി ദിക്ക് അറിയുന്നത്, ചൂണ്ടുവിരലിൽ കൊരുത്തിട്ട ചൂണ്ടയുെട ചലനം നോക്കി മീനിന്റെ ഭാരം പറയുന്നത്, കടലിനടിയിലെ പാരു നോക്കി മീൻ പിടിക്കുന്നത്, ചരട് എറിഞ്ഞ് കടലിന്റെ ആഴം അളക്കുന്നത് അങ്ങനെയങ്ങനെ കടൽ വലിയ ഒരു അദ്ഭുതമായിരുന്നു ലിസ്ബയ്ക്ക്. എങ്കിലും പഠിക്കണമെന്ന ആഗ്രഹം കുട്ടിക്കാലത്തേയുണ്ടായിരുന്നു. അച്ഛൻ യേശുദാസ് ആ ആഗ്രഹത്തിന് തടസം നിന്നില്ല. പത്താം ക്ലാസ്സുവരെ മകൾ നന്നായി പഠിക്കണം എന്നായിരുന്നു യേശുദാസിന്റെ ആഗ്രഹം. അതിനുശേഷമുള്ള പഠനത്തെക്കുറിച്ചു അദ്ദേഹവും ആഗ്രഹിച്ചില്ല. അങ്ങനെ തോപ്പ് സെന്റ് റോക്സ് കോൺവെന്റിൽ ലിസ്ബ പ്രാഥമിക വിദ്യാഭ്യാസത്തിനെത്തി. തുടർന്നു നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് കോൺവെന്റിൽ ചേർന്നു.

ലിസ്ബയെ സംബന്ധിച്ചിടത്തോളം ആഡംബരം നിറഞ്ഞതായിരുന്നു ഈ സ്കൂൾ വിദ്യാഭ്യാസകാലം. വീട്ടിലെ സാഹചര്യം അത്രയ്ക്കു മോശമായിരുന്നു എന്നർഥം. പ്ലസ് ടു കഴിഞ്ഞതോടെ പരമ്പരാഗത രീതി പ്രകാരം വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി വീട്ടുകാർ. എന്നാൽ പഠിക്കണം എന്ന ആഗ്രഹത്തിൽ ലിസ്ബ ഉറച്ചുനിന്നു. പുല്ലുവിള സ്കൂളിലെ ബയോളജി അധ്യാപികയായ മിനി ഡികോസ്റ്റയാണു ലിസ്ബയെ തുടർപഠനത്തിനു സഹായിച്ചത്. ബയോ ടെക്നോളജി െഎച്ഛികവിഷയമായെടുത്ത് ബിരുദത്തിനു ചേരാൻ അവർ ഉപദേശിച്ചു.

എന്നാൽ ലിസ്ബയ്ക്ക് ബയോടെക്നോളജിയിൽ അഡ്മിഷൻ കിട്ടിയില്ല. മുന്നിലൊരു വഴിയുണ്ടായിരുന്നത് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാളം ബിരുദത്തിനു ചേരാനായിരുന്നു. മലയാളവും മാസ് കമ്യൂണിക്കേഷനുമായിരുന്നു വിഷയങ്ങൾ. അതിലുപരിയായി ലിസ്ബയുടെ ആഹ്ലാദം കവി പ്രഫ. വി. മധുസൂദനൻ നായർ അന്നു ഡിപ്പാർട്ടുമെന്റ് മേധാവിയാണ് എന്നതായിരുന്നു.

sea3
ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്ന ലിസ്ബാ

സെന്റ് സേവ്യേഴ്സ് കോളജിലെ പഠനമാണ് ലിസ്ബയുടെ ജീവിതത്തെ വഴിതിരിച്ചു വിട്ടത്. മധുസൂദനൻ നായരുടെ മനോഹരമായ ക്ലാസ്സുകൾ മാത്രമല്ല െഎറിസ് കൊയിലിയോ എന്ന അധ്യാപികയുടെ സ്നേഹവും കൂടിച്ചേർന്നപ്പോൾ ലിസ്ബയിലെ വിദ്യാർഥി പുതിയ ഉയരങ്ങൾ തേടി. പഠനവും പ്രസംഗവും ജീവിതത്തിന്റെ ഭാഗമായി. ആ കഠിനാധ്വാനമാണ് ലിസ്ബയെ െഎക്യരാഷ്ട്ര സഭയിലേക്ക് എത്തിച്ചത്.

സെന്റ് സേവ്യേഴ്സ് കോളജിൽ നിന്നു കേരള സർവകലാശാലയുടെ മലയാളം ഡിപ്പാർട്ട്മെന്റിലേക്കായിരുന്നു ലിസ്ബയുടെ അടുത്ത യാത്ര. അവിടെ നിന്നു ബിരുദാനന്തരബിരുദവും എം. ഫിലും. കടലിന്റെ മക്കളുടെ ഭാഷയായിരുന്നു ലിസ്ബയുടെ ഗവേഷണവിഷയം. അതൊരു നന്ദിപ്രകടനം കൂടിയായിരുന്നു ലിസ്ബയ്ക്ക്. ജനിച്ചുവളർന്ന നാടിനു തിരിച്ചുകൊടുക്കുന്ന ഉപഹാരം പോലെയായി ആ ഗവേഷണപ്രബന്ധം.

ഈ സമയത്താണ് ഫ്രണ്ട്സ് ഒാഫ് മ‌െെറൻ െെലഫ് എന്ന സന്നദ്ധസംഘടനയുമായി ലിസ്ബ ബന്ധപ്പെടുന്നത്. കടലിനെക്കുറിച്ച് അപാരമായ അറിവുള്ള ഗവേഷകനും ഗ്രന്ഥകാരനുമായ റോബർട്ട് പനിപ്പിള്ളയാണ് സംഘടനയുടെ സ്ഥാപകൻ. കടലറിവുകളെ ശാസ്ത്രീയമായി ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക, കടലിൽ ഉണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങളെ രാജ്യാന്തരവേദിയിൽ ചർച്ചാവിഷയമാക്കുക, പരമ്പരാഗത കടൽരീതികൾ സംരക്ഷിക്കുക, കടലിന്റെ മക്കളെ കടലുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഉൾപ്പെടുത്തുക തുടങ്ങി ഒന്നിലധികം ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് റോബർട്ട് പനിപ്പിള്ളയുടെ നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഒാഫ് മറൈൻ െെലഫ്. കേരളത്തിൽ ആദ്യമായി മ‌െെറൻ െെജവ െെവവിധ്യരജിസ്റ്റർ തയാറാക്കിയതും ഈ സംഘടനയാണ്. ഈ സംഘടനയിൽ അംഗമായതോടെയാണ് ലിസ്ബയ്ക്ക് െഎക്യരാഷ്ട്രസഭയിലേക്കുള്ള വഴി തെളിയുന്നത്.

അടുത്ത പതിനഞ്ചു വർഷത്തേക്കുള്ള കടൽപരിസ്ഥിതി സംരക്ഷണം എന്നതായിരുന്നു െഎക്യരാഷ്ട്രസഭയുടെ പ്രസംഗവിഷയം. കടലിന്റെ അടിത്തട്ടിൽ പോയി മുത്തുകൾ ശേഖരിക്കുന്നവരെ സംബന്ധിച്ചു കടലിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ. അതായിരുന്നു െഎക്യരാഷ്ട്രസഭ സംഘടിപ്പിച്ച ആദ്യ സമുദ്ര ഉച്ചകോടിയിൽ റോബർട്ട് പനിപ്പിള്ളയ്ക്കും അദ്ദേഹത്തിനോടൊപ്പമുള്ള ലിസ്ബയ്ക്കും പ്രവേശനം നേടാനായത്.

sea4
കടലാഴങ്ങളിൽ അനീഷ (മുകളിൽ)

‘‘ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ഇവിടെ നിൽക്കാ ൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ലോകത്ത് എല്ലായിടത്തുമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളെപ്പോലെ ഒരുപാട് ഇല്ലായ്മകളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. എന്നാൽ ഈ സമുദായത്തിൽ നിന്നുള്ള ഒരു പെൺകുട്ടി എന്നതിൽ ഇവിടെ നിൽക്കുമ്പോൾ സങ്കൽപിക്കാൻ കഴിയാത്ത അഭിമാനം എനിക്കുണ്ട്.’’ െഎക്യരാഷ്ട്രസഭയിൽ ലിസ്ബ പ്രസംഗിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു. െഎക്യരാഷ്ട്രസഭയുടെ പൊതുസഭയിലായിരുന്നു പ്രസംഗം. രാഷ്ട്രത്തലവന്മാർ സംസാരിക്കുന്ന അതേ വേദിയിൽ.

തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാളം മാസ് ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ് ലിസ്ബ യേശുദാസ്. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനും ഗവേഷകനുമായ ജോൺസൺ ആണു ഭർത്താവ്. വിജയിക്കുമെന്ന് ദൃഡനിശ്ചയമെടുത്തവർക്കുള്ള പാഠപുസ്തകമാണ് ലിസ്ബയുടെ ജീവിതം.

പവിഴപ്പുറ്റുകളുടെ കൂട്ടുകാരി

വലിയതുറ കടപ്പുറത്ത് വലിെയാരു തിരയടിച്ചാൽ അനീഷ അ നിയുടെ വീട് നനയും. മഴക്കാലത്ത് ഒന്നിലേറെത്തവണ കടലെടുത്തിട്ടുണ്ട് അനീഷയുടെ വീട്. ആ സ്ഥിതിക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. പക്ഷേ, അനീഷ എന്ന മറൈൻ ബയോളജിസ്റ്റിനെ വ്യത്യസ്തയാക്കുന്നത് വേറെ പല ഘടകങ്ങളാണ്. െഎക്യരാഷ്ട്രസഭയിൽ കടലിനെക്കുറിച്ചു സംസാരിക്കാനുള്ള ക്ഷണമുണ്ടായി എന്നത് അതിലൊന്ന് മാത്രം. വള്ളത്തിൽ കടലിലേക്കു പോയി മീൻ പിടിക്കുന്നതല്ല അനീഷയുടെ കടൽജീവിതം.

കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് കടലിന്റെ അടിത്തറയിലൂടെ നടന്ന് അവിടുത്തെ അദ്ഭുതങ്ങൾ പുറംലോകത്ത് എത്തിക്കുക എന്ന സാഹസികത കൂടി നിറഞ്ഞതാണ് അനീഷയെ വ്യത്യസ്തയാക്കുന്നത്. വലിയതുറ പാലത്തിനടുത്ത് മത്സ്യത്തൊഴിലാളിയായ അനി ബെനഡിക്ടിന്റെയും വീട്ടമ്മയായ റീനയുടെയും രണ്ടു മക്കളിൽ ഒരാളാണ് അനീഷ. കൃഷി ചെയ്യാൻ സ്വന്തം ഭൂമിയില്ലെങ്കിലും കൃഷിയോടായിരുന്നു കുട്ടിക്കാലത്ത് അനീഷയുടെ താൽപര്യം. കടപ്പുറത്തിന് അപൂർവമായ ഉപരിപഠനത്തിലേക്ക് അനീഷയെ നയിച്ചത് ഈ താൽപര്യമാണ്. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്നു ബോട്ടണിയിൽ ബിരുദമെടുത്തപ്പോഴും ചെടികളുടെ അദ്ഭുതലോകം തന്നെയായിരുന്നു അനീഷയെ പ്രലോഭിപ്പിച്ചിരുന്നത്.

ലിസ്ബയെപ്പോലെതന്നെ ഫ്രണ്ട്സ് ഒാഫ് മ‌െെറൻ െെലഫിൽ അംഗമായതോടെ അനീഷയുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായി. അങ്ങനെയാണു കടലാഴങ്ങളെക്കുറിച്ചു പഠിക്കാൻ അനീഷ ആൻഡമാനിലെത്തിയത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മ‌െെറൻ ബയോളജി ആൻഡ് ഒാഷ്യാനോളജി ഡിപ്പാർട്ടുമെന്റ് സ്ഥിതി ചെയ്യുന്നത് ആൻഡമാനിലാണ്. അവിടെ എം.എസ്‌സിക്ക് അഡ്മിഷൻ കിട്ടുന്ന മത്സ്യത്തൊഴിലാളി കുടുംബത്തിലെ അപൂർവം കുട്ടികളിൽ ഒരാളായി അനീഷ. മറൈൻ ബയോളജി അനീഷയ്ക്കു മുന്നിൽ അനന്തമായ സാധ്യതയാണു തുറന്നിട്ടത്. കടലിന്റെ മകൾക്ക് കടലിനെക്കുറിച്ചുള്ള പഠനം രസകരമായിരുന്നു. മാത്രമല്ല സാഹസികത നിറഞ്ഞതും. അതിനു കാരണമുണ്ട്.

കടലറിവുകൾ പലതും ശേഖരിച്ചുവച്ചതാണ്. ഇന്റർനെറ്റിലും പുസ്തകങ്ങളിലും ഇതുമായി ബന്ധപ്പെട്ട വിജ്ഞാനം ധാരാളമുണ്ട്. എന്നാൽ ഒരു മ‌െെറൻ ബയോളജിസ്റ്റ് എന്ന നിലയിൽ കടലിന്റെ അടിത്തട്ടിലേക്കു പോകുകയും അവിടുത്തെ സസ്യങ്ങളെയും ജീവികളെയും കുറിച്ചു പഠിക്കുക എന്ന ദൗത്യം അനീഷ സ്വയം ഏറ്റെടുത്തു. അങ്ങനെയാണ് കോഴ്സിനോടൊപ്പം സ്കൂബാ െെഡവിങ്ങും അനീഷ അഭ്യസിച്ചുതുടങ്ങിയത്. ഇന്നു നാൽപതു മീറ്റർ െെഡവ് ചെയ്യാൻ െെലസൻസുള്ള അപൂർവം ഇന്ത്യക്കാരികളിൽ ഒരാളാണ് അനീഷ.

നാൽപതു മീറ്റർ കടലാഴം എന്നു പറയുമ്പോൾ കേരളതീരത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ തീരത്തുനിന്നു പന്ത്രണ്ടു കിലോമീറ്റർ കടലിലേക്കു പോയാൽ മാത്രമേ നാൽപതുമീറ്റർ കടലാഴമുള്ളൂ. ആൻഡമാനിൽ അത് അഞ്ഞൂറു മീറ്ററും അറുനൂറു മീറ്ററുമാണ്. അതായത് കേരളത്തിൽ കടലിന്റെ അടിത്തട്ട് വിശാലമായ െെമതാനം പോലെയാണ്. പതുക്കെ പതുക്കെ ആഴം കൂടുന്നതാണ് കേരളത്തിന്റെ കടൽ. എന്നാൽ ആൻഡമാനിൽ അഞ്ഞൂറു മീറ്റർ കടന്നാൽ പിന്നെ അഗാധമായ കുഴിയാണ്. എല്ലാ ദ്വീപിന്റെയും പ്രത്യേകത ഇതാണെന്ന് അനീഷ പറയുന്നു.

അദ്ഭുതങ്ങൾ നിറഞ്ഞ കടലിന്റെ അടിത്തട്ടു കാണാനുള്ള ഭാഗ്യം അപൂർവം പേർക്കേ ഉള്ളൂ. അതിെലാരാൾ അനീഷയാ ണ്. കടലിനടിയിൽ ശബ്ദം മൂന്നിരട്ടിയോളം വരും. വസ്തുക്ക ൾ നാം കാണുന്നത് ഇരട്ടിയിലധികം വലുപ്പത്തിലും അടുത്തുമാണ്. കരയിലേതുപോലെ പാറക്കൂട്ടങ്ങളും കുന്നുകളും കുഴികളും നിറഞ്ഞതാണ് കടലിന്റെ അടിത്തട്ടും.’’ അനീഷ പറയുന്നു.

‘‘ഉച്ചസമയത്താണ് കടലിനടിയിൽ നല്ല പ്രകാശം ഉണ്ടാകുക. എന്നാൽ രാത്രി കാഴ്ചകളാണ് ഏറെ മനോഹരം. കാരണം കടൽജീവികൾ സജീവമാകുന്നത് രാത്രിയിലാണ്. സ്വയം പ്രകാശം പൊഴിക്കുന്ന മീനുകൾ ധാരാളമുണ്ട് കടലിനടിയിൽ. ദൂരക്കാഴ്ചകളിൽ കടലിന്റെ അടിത്തട്ട് ഒരു നഗരംപോലെ പ്രകാശിക്കും ചിലപ്പോൾ.’’ അനീഷയുടെ വാക്കുകൾ.

കടലാഴങ്ങൾ അപകടം നിറഞ്ഞ ഇടങ്ങൾ കൂടിയാണ്. കടൽപാമ്പ് മനുഷ്യഗന്ധമേൽക്കുമ്പോൾ തന്നെ സ്ഥലം വിടും. എന്നാൽ കല്ലുമത്സ്യം എന്നു വിളിപ്പേരുള്ള (Stone fish) ഒരിനം മീനാണ് ഏറ്റവും അപകടകാരിയെന്ന് അനീഷയുടെ അനുഭവം. കണ്ടാൽ ഒരു പാറക്കഷ്ണം പോലെ തോന്നുന്ന ഈ മത്സ്യത്തിന്റെ ശരീരം നിറയെ വിഷമുള്ളുകളാണ്. ഈ മുള്ളുകളിലൊന്നിൽ അബദ്ധത്തിൽ െെക തൊട്ടാൽ മതി മരണം സംഭവിക്കാൻ. പാറയാണോ മത്സ്യമാണോ എന്നു തിരിച്ചറിയാൻ കഴിയാത്തതാണ് സ്കൂബാ െെഡവിങ് നടത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി...’’

കടൽ എന്ന അദ്ഭുതത്തെ നെഞ്ചിലേറ്റുന്ന ഈ പെൺകുട്ടിക്കു യു.എന്നിൽ കടലനുഭവങ്ങൾ പറയാൻ അവസരം ഉണ്ടായിരുന്നെങ്കിലും പരീക്ഷ കാരണം കഴിഞ്ഞില്ല. അതൊരു നിരാശയാണ്. എങ്കിലും ഇനിയും അവസരങ്ങൾ വരും എന്ന പ്രതീക്ഷ അനീഷയ്ക്കുണ്ട്.

അനീഷ ഇപ്പോൾ രാജ്യാന്തര രംഗത്ത് അറിയപ്പെടുന്ന മറൈൻ ബയോളജിസ്റ്റാണ്. മത്സ്യത്തൊഴിലാളി കുടുംബാംഗം എന്നതു മാത്രമല്ല കടലിന്റെ അടിത്തട്ടിലേക്കു നിരന്തരം യാത്ര ചെയ്യുകയും പഠനത്തിനുവേണ്ട തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്ന ഗവേഷക എന്ന വിശേഷണവും അനീഷയെ വ്യത്യസ്തയാക്കുന്നു.

കടലിന്റെ മനസ്സ് കണ്ട അനീഷയോടു ചോദിച്ചു: തിരുവനന്തപുരത്തെ കടലിന് എന്താണു പ്രത്യേകത? ‘‘ തിരുവനന്തപുരത്തെ കടലിനടിയിൽ രണ്ടു കപ്പലുകൾ കിടപ്പുണ്ട്. ഒന്ന് ഒരു എണ്ണക്കപ്പലാണ്. അനിനുള്ളിൽ ഇപ്പോഴും എണ്ണയുണ്ട്. അഞ്ചൽഭാഗത്തു ഒരു ചരക്കുകപ്പൽ ഇപ്പോഴും മുങ്ങിക്കിടപ്പുണ്ട്. പിന്നെ െെമാതാനം പോലെ വിശാലമാണ് ഈ കടൽത്തറകൾ. ഏറ്റവും കൂടുതൽ മത്സ്യസമ്പത്ത് ഉള്ള കടലാണിത്. പക്ഷേ, ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യമാണ് കൂടുതലും. ഇതു കടലിന്റെ െെജവ െെവവിധ്യം തകർക്കുന്നു. കടലിൽ മീൻ കുറയുന്നതിന്റെ കാരണം മറ്റൊന്നല്ല.’’ അനീഷ പറയുന്നു.

കടലിനെക്കുറിച്ചു കൂടുതൽ പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുമ്പോഴും കടലെടുക്കുന്ന തന്റെ വീടിനെക്കുറിച്ച് അനീഷ ആധി കൊള്ളുന്നില്ല. കാരണം കടലിന്റെ മകളാണല്ലോ താൻ എന്ന ധൈര്യം.

കഥ തീരാറായപ്പോഴേക്കും കര ഏറെ അകലെയായിരുന്നു. കടൽ കലി തുള്ളുകയാണെങ്കിലും ഉച്ചചൂടിനു കുറവൊന്നുമില്ല. ഒരായിരം രഹസ്യങ്ങൾ ഒളിപ്പിച്ച മാന്ത്രികകൊട്ടാരം പോ ലെ കടൽ തെളിഞ്ഞു കിടക്കുന്നു. കടൽവഞ്ചി കര ലക്ഷ്യമാക്കി കുതിച്ചു.