Thursday 31 October 2019 05:00 PM IST

‘ഒടുവിൽ അമ്മയും പറഞ്ഞു, തടി കുറയ്ക്ക് മോളേ...കെട്ടിച്ചു വിടണ്ടേ’; 85ൽ നിന്നും 65ലേക്ക് പറന്നെത്തിയ രഞ്ജിനിയുടെ‌ കഥ

Binsha Muhammed

renjini

‘ എങ്ങനെയെങ്കിലും ഒന്ന് തടി കുറയ്ക്ക് മോളേ...നിന്നെയൊന്ന് കെട്ടിച്ചു വിട്ടോട്ടേ...’

കല്യാണാലോചനകളൊക്കെ പൊണ്ണത്തടിയുടെ പേരിൽ പാതിവഴിയിൽ മുടങ്ങിയപ്പോൾ മനസില്ലാ മനസോടെയാണ് ആ അമ്മ അത് പറഞ്ഞത്. വരുന്ന ചെക്കൻമാരൊക്കെ പെണ്ണിന്റെ മോശമല്ലാത്ത തടി കണ്ട് ഗുഡ്ബൈ പറഞ്ഞു പോകുകയാണ്. കുടുംബക്കാരുടെ കളിയാക്കലുകൾ വേറെയും. ഇതിനിടയ്ക്ക് സൗഹൃദക്കൂട്ടങ്ങൾക്കിടയിൽ ചെല്ലപ്പേരുകൾ വേറെയും. കുട്ടിയാന...തടിച്ചി...എന്നിങ്ങനെ ചിരിയിൽ പൊതിഞ്ഞ കളിയാക്കലുകള്‍.

85 കിലോഭാരം ചില്ലറ വീർപ്പുമുട്ടിക്കലൊന്നുമല്ല തിരുവനന്തപുരം സ്വദേശിയായ രഞ്ജിനിക്ക് നൽകിയത്. കളിയാക്കലുകളെ ആദ്യം കണ്ടില്ലെന്ന് നടിച്ചു. പക്ഷേ പുതിയൊരു പ്രശ്നം കൂടി തലപൊക്കി. തടികുറച്ചില്ലെങ്കിൽ ചിലപ്പോൾ കല്യാണം തന്നെ അനിശ്ചിതത്വത്തിലാകും അതാണ് സീൻ!

വിവാഹം കഴിക്കാനായാണോ തടി കുറച്ചതെന്ന് ചോദിച്ചാൽ രഞ്ജിനി ജോസഫ് മറുപടി ഒരു കള്ളച്ചിരിയിൽ ഒതുക്കും. അത്യാവശ്യം തടിയുള്ള ഒരു ചെക്കനെ കിട്ടിയതു കൊണ്ട് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ!’ പക്ഷേ രോഗങ്ങൾ തന്ന് ശരീരം പണിമുടക്കി തുടങ്ങിയപ്പോൾ വേറെ നിവൃത്തിയില്ലെന്നായി. ഡയബറ്റീസ് ആണ് ആദ്യം പണി തന്നത്. അതിന്റെ പേരിൽ ഒരു മാസം വാങ്ങിക്കൂട്ടിയത് ഒരു ലോഡ് മരുന്നുകൾ! കളിയാക്കലും ശാരീരിക ബുദ്ധിമുട്ടുകളും സംഘം ചേർന്ന് ആക്രമിച്ച നിമിഷത്തിൽ രഞ്ജിനി ആ തീരുമാനമെടുത്തു. തടി കുറച്ചിട്ടേ ഉള്ളൂ എന്തും, അതിന് കൂട്ടുപിടിച്ചതോ ചുരുങ്ങിയ കാലം കൊണ്ട് ഫിറ്റ്നസ് ഫ്രീക്കുകളുടെ ഉൾത്തുടിപ്പായി മാറിയ കീറ്റോ ഡയറ്റും...ബാക്കി കഥ രഞ്ജിനിയുടെ മെലിഞ്ഞുണങ്ങിയ സുന്ദരമായ ശരീരം പറയും. തടി കുറച്ച് സുന്ദരിയായ രഹസ്യം ‘വനിത ഓൺലൈൻ’ വായനക്കാർക്കായി രഞ്ജിനി പങ്കുവയ്ക്കുന്നു.

r4

ജങ്ക് ഫു‍ഡുകളെ പ്രണയിച്ചാ കാലം

2010 മുതലാണ് പൊണ്ണത്തടിയുമായി പ്രണയത്തിലാകുന്നത്. കൊച്ചിയായിരുന്നു അപ്പോഴൊക്കെ എന്റെ തട്ടകം. അവിടെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി. അക്കാലത്ത് ജങ്ക് ഫുഡുകളോടായിരുന്നു കൂട്ട്. മധുരമല്ലായിരുന്നു അന്നേരത്തെ വില്ലൻ. പുറത്തെ ഭക്ഷണങ്ങളും ഓയിലും ബർഗറും പിസയും റെഡ്മീറ്റുമൊക്കെ ശരീരഭാരത്തെ 80 കടത്തി. കളിയാക്കലുകൾ അന്നേരം ആവോളം ഉണ്ടായിരുന്നു. കുട്ടിയാന ആനക്കുട്ടി എന്നൊക്കെ വിളിച്ചായിരുന്നു കളിയാക്കലുകൾ. അതൊക്കെ മൈൻഡ് ചെയ്യാതെ അങ്ങനേയങ്ങ് ജീവിതം മുന്നോട്ടു നീങ്ങി. ഇതിനിടയ്ക്ക് കല്യാണാലോചനകൾ ഒന്നിനു പുറകേ വന്നായി വരാൻ തുടങ്ങി. പക്ഷേ പെണ്ണിന് തടി കൂടിയതിന്റെ പേരും പറഞ്ഞ് വന്ന ചെക്കൻമാരെല്ലാം ഗുഡ്ബൈ പറഞ്ഞു പോയി. പക്ഷേ എന്റെ തടിയൊന്നും കാര്യമാക്കാത്ത ഒരാൾ വന്നു. പുള്ളിക്കാരനും അല്‍പം തടിയുണ്ടായിരുന്നതു കൊണ്ട് ഹാപ്പിയായി അങ്ങ് കെട്ടി. പുള്ളിക്കാരനും ഹാപ്പി ഞാനും ഹാപ്പി. ഭർത്താവ് ജോസഫ് ഒരു ഷോപ്പിൽ റീട്ടെയിൽ മാനേജറാണ്.  

r5

പക്ഷേ 2014ൽ കഥമാറി, പുതിയൊരു വില്ലൻ രംഗപ്രവേശം ചെയ്തു. ഞാൻ ഷുഗർ രോഗിയെന്ന് ഡോക്ടർ വിധിയെഴുതി. ഗുളികയ്ക്കു നടുവിലായിരുന്നു പിന്നീട് എന്റെ ജീവിതം. നല്ലൊരു തുക തന്നെ ഗുളികയ്ക്ക് ചെലവാകും. ആകെപ്പാടെ ശോകം സീൻ...അതു വരെയുള്ള കളിയാക്കലുകൾ പോലും എന്നെ ബാധിച്ചിരുന്നില്ല. പക്ഷേ പൊണ്ണത്തടി സമ്മാനിച്ച പ്രമേഹം, അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ അന്നാദ്യമായി ദൃഢപ്രതിജ്ഞയെടുത്തു പൊണ്ണത്തടി, ഗുളിക, പ്രമേഹം ഈ മൂന്ന് സംഗതികളിൽ നിന്നും ശരീരത്തെ മോചിപ്പിച്ചിട്ടേ ഇനി വിശ്രമമുള്ളൂ.

കീറ്റോതന്നെ ശരണം

സോഷ്യല്‍ മീഡിയ വഴി അടുത്തറിഞ്ഞ കീറ്റോ തന്നെയായിരുന്നു ആദ്യ ഓപ്ഷൻ. എന്തു വില കൊടുത്തും ഗുളികകൾ ഒഴിവാക്കണം. കീറ്റോയെങ്കിൽ കീറ്റോ...കളിയാക്കിവരേയും ഗുളിക കുറിച്ചു തന്ന ഡോക്റേയും മനസിൽ ധ്യാനിച്ചു കൊണ്ട് കീറ്റോയ്ക്ക് കിക്ക് സ്റ്റാർട്ട്! രണ്ടു വർഷം മുന്നേ ജോലി രാജിവച്ച് കുടുംബക്കാരി ആയതു കൊണ്ട് ഡയറ്റൊക്കെ ഈസിയായി എന്നു വേണം പറയാൻ.

രാവിലെ രാവിലെ ബട്ടർ കോഫിയിൽ തുടങ്ങും. ബ്രേക്ക് ഫാസ്റ്റ് രാജകീയമാക്കിയാൽ ബാക്കി കാര്യങ്ങളൊക്കെ ഉഷാറല്ലേ. രണ്ടോ മൂന്നോ മുട്ട, ചീസ്, വെജിറ്റബിൾ സാലഡ് ഇവയൊക്കെ ഉൾപ്പെടുത്തി വിശപ്പിനെ കൺട്രോൾ ചെയ്യും. പത്തോ പതിനെന്നോ മണിയാകുമ്പോൾ വിശപ്പു വരും അതു ഷുവറാ..എണ്ണിത്തിട്ടപ്പെടുത്തിയ അഞ്ച് കാശ്യൂ നട്ട്സ്, അഞ്ച് ബദാം...ഇവയൊക്കെയാണ് അന്നേരത്തെ ആശ്വാസം. ഉച്ചയ്ക്ക് കൃത്യം ഭക്ഷണം കഴിക്കണം എന്ന് നിർബന്ധം പിടിച്ചില്ല. വിശക്കുമ്പോൾ ഭക്ഷണം, അതാണ് രീതി. ബീഫോ ചിക്കനോ 200 ഗ്രാം വീതം. കൂട്ടിന് വെണ്ടയ്ക്കയോ കാബേജോ കോവയ്ക്കയോ ഉപയോഗിച്ചുള്ള മെഴുക്ക് പെരട്ടി. 5 മണിക്ക് വീണ്ടും ബട്ടർ കോഫി. നേരത്തെ സൂചിപ്പിച്ച അതേ അളവിൽ ബദാമും അണ്ടിപ്പരിപ്പും കഴിക്കും. അത്താഴത്തിന് പനീറാണ് മെയിൻ‌, കൂട്ടിന് സൂപ്പോ ചീരയോ ഒക്കെ ഉണ്ടാകും. ഇത്രയും പറഞ്ഞൊപ്പിക്കാൻ ഈസിയാണ്. പക്ഷേ ശരീരത്തിനെ ഇതു പറഞ്ഞു പഠിപ്പിക്കാനാണ് പ്രയാസം. ആദ്യത്തെ ആഴ്ചകളിൽ ശരിക്കും കഷ്ടപ്പെട്ടു. ഗുളിക കഴിക്കുന്ന കാര്യം ആലോചിക്കുമ്പോൾ എല്ലാം ബുദ്ധിമുട്ടും മറക്കും. ഒന്നും വെറുതെയായില്ല, ഒരു മാസത്തിനുള്ളിൽ ഫലം കിട്ടിത്തുടങ്ങി. എന്നെ ബുദ്ധിമുട്ടിച്ച തടി പതുക്കെ പടിയിറങ്ങുകയാണ്, കൂടെ ഗുളികകളും.

r1

കീറ്റോയ്ക്ക് സൈഡ് എഫക്റ്റോ?

കീറ്റോ ഡയറ്റ് കിഡ്നിക്ക് പ്രശ്നത്തില്‍ കൊണ്ടെത്തിക്കും, പിസിഒഡിയിൽ പ്രശ്നങ്ങളെ ഗുരുതരമാക്കും എന്നൊക്കെ സോഷ്യൽ മീഡിയയിൽ കണ്ടു. അതിനെക്കുറിച്ചൊന്നും ഞാൻ സംസാരിക്കുന്നില്ല. ഞാൻ എന്റെ സാഹചര്യം പറയാം. ഡയബറ്റിക് ഗുളികകൾ കിഡ്നിക്ക് പ്രശ്നം വരുത്തും എന്ന മുന്നറിയിപ്പിൽ കിഡ്നിക്ക് കൂടി വേണ്ടി മരുന്ന് വാങ്ങിച്ച വ്യക്തിയാണ് ഞാൻ. ഗുളികയുടെ സൈഡ് എഫക്റ്റിനെ നിയന്ത്രിക്കാൻ മറ്റൊരു ഗുളിക അതായിരുന്നു അവസ്ഥ. അത്തരം ‘എഫക്റ്റുകളിൽ’ നിന്നും കീറ്റോ എന്നെ രക്ഷപ്പെടുത്തിയില്ലേ? അതല്ലേ വലിയ കാര്യം. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. 85 കിലോയുടെ സ്ഥാനത്ത് 65 കിലോയായി. പറഞ്ഞ പോലെ ഗുളികകളും ഡയബറ്റിക്കും ഇല്ലാതെ ഹാപ്പിയോടു ഹാപ്പി.–രഞ്ജിനി പറഞ്ഞു നിർത്തി.

r3
Tags:
  • Diet Tips