Thursday 25 January 2018 12:27 PM IST

‘പുറംകാലു കൊണ്ട് ആന തട്ടുമ്പോൾ ഞാന്‍ മണ്ണിനോടു ചേർന്നു കിടന്നു..’

V R Jyothish

Chief Sub Editor

ele5 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഹരികൃഷ്ണൻ

റോസമ്മയ്ക്ക് നാട്ടാനകളെ പണ്ടേ പേടിയാണ്. അതുകൊണ്ട് ആനയെ വഴിക്കു വച്ചു കണ്ടാൽ റോസമ്മ ഓടി മാറും. ഇപ്പോൾ റോസമ്മയ്ക്ക് നാട്ടാനകളെ അത്ര പേടിയൊന്നുമില്ല. റോസമ്മയുെട ആനപ്പേടി മാ റ്റിയത് നാട്ടാനയോ നാട്ടുകാരോ അല്ല. കാട്ടാനക്കൂട്ടമാണ്.

കാട്ടാനക്കൂട്ടത്തിന്‍റെ മുന്നില്‍ നിന്നു രക്ഷപ്പെട്ടു വന്ന മലയാളി കുടുംബത്തെക്കുറിച്ചറിഞ്ഞാണ് റോസമ്മയെയും ബന്ധുക്കളെയും വിളിച്ചത്. അപ്പോൾ അവർ പറഞ്ഞു. ‘രണ്ടുമാസം കഴിയട്ടേ.... അപ്പോഴേ ഞങ്ങളൊന്ന് നോർമലാകൂ...’ ആ മറുപടിയുടെ സ്വരത്തിലുണ്ടായിരുന്നു അനുഭവങ്ങളുടെ വിറയൽ. രണ്ടുമാസം കഴിഞ്ഞ് മനസ്സു ശാന്തമായപ്പോള്‍ അവര്‍ ആ അനുഭവം ആദ്യമായി പങ്കുവച്ചു. അവർക്കു തന്നെ അവിശ്വസനീയമായ നിമിഷങ്ങള്‍.

േഡാ. സഖറിയാ മാർ തിയോഫിലോസ് തിരുമേനിയുെട ഖബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാനാണ് തിരുമേനിയുെട ബന്ധുക്കളായ അഞ്ചുപേർ തിരുവല്ലയിൽ നിന്നു രാ ത്രി കോയമ്പത്തൂരിലേക്കു പുറപ്പെട്ടത്. ഏബ്രഹാം തെക്കേപ്പടിക്കൽ, കിഴക്കൻമുത്തൂർ തെക്കേപ്പടിക്കൽ ബാബു, കല്ലറയ്ക്കൽ റോസമ്മ ജേക്കബ്,  ജോൺ ചാക്കോ, റെജി കുരുവിള എന്നീ അ‍ഞ്ചു പേര്‍.

കോയമ്പത്തൂരിനടുത്ത് താവളം  എന്ന സ്ഥലത്തായിരുന്നു ഖബറടക്ക ശുശ്രൂഷകൾ. പുലർച്ചെ നാലു മണിയോടെ അവർ അവിടെയെത്തി. തിരുമേനിയുെട ഭൗതികശരീരം കണ്ട് പ്രാർഥിച്ച ശേഷം അഞ്ചുമണിയോടെ പ്രാഥമിക കാര്യങ്ങൾക്ക് പുറത്തിറങ്ങിയ താണ്. വെളുപ്പാൻകാലത്തേ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു. പള്ളിയിൽ നിന്നു കുറച്ചകലെ ഒരു ആശുപത്രിയിലാണ് മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ ദൂരെ നിന്നു വരുന്നവർക്ക് സൗകര്യം ഒരുക്കിയിരുന്നത്. അങ്ങനെ ആശുപത്രി ലക്ഷ്യമാക്കി ന ടക്കുകയായിരുന്നു അഞ്ചംഗസംഘം.  െപട്ടെന്നാണ് മൊബൈൽ ഫോൺ വെട്ടത്തിൽ ആ രൊക്കെയോ വിളിച്ചു കൂവുന്നത് കേൾക്കുന്നത്. ‘ആന... ആന...’ എന്ന്.  നാട്ടാനയെ കണ്ട കൗതുകത്തിൽ പിള്ളേരു വിളിച്ചു കൂവാറില്ലേ. അങ്ങനെ മാത്രമേ ഈ അഞ്ചംഗ സംഘവും കരുതിയുള്ളൂ. ഏതോ ഉത്സവത്തിന് എഴുന്നെള്ളിക്കാൻ‍ കൊണ്ടുപോയ ആനയെ ഈ കൊച്ചുവെളുപ്പാൻകാലത്ത് തിരിച്ചു കൊണ്ടുപോകുന്നതായിരിക്കാം എ ന്നവർ കരുതി.

ele3

എന്നാൽ രംഗങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്. എഴുന്നള്ളത്തിനു കൊണ്ടു വന്ന നാട്ടാനയല്ല, കാട്ടാനക്കൂട്ടമായിരുന്നു അതെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ആ അഞ്ചുപേർക്ക് അടുത്തേക്ക് ആനക്കൂട്ടം അലറി അടുത്തിരുന്നു. ഒരു ചെറിയ ഇടവഴിയിലായിരുന്നു അപ്പോൾ അവര്‍. അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ പറ്റാത്ത വിധം ആനക്കൂട്ടം അവരെ വളഞ്ഞു. കൊമ്പനും പിടിയും കുട്ടിയാനയും ഉൾപ്പെടുന്ന കാട്ടാന കുടുംബമായിരുന്നു അതിലൊരു കൂട്ടം. ഈ അഞ്ചുപേരും നിൽക്കുന്നയിടത്തേക്ക്  കൊലവിളിയുമായി വന്നത്

കൊമ്പനായിരുന്നു. കൊമ്പും തുമ്പിക്കൈയും ഉയർത്തിയുള്ള ആ വരവ് ഒന്നു സങ്കൽപിച്ചു നോക്കൂ. അതു കണ്ടാൽ തന്നെ ഹൃദയം പൊട്ടി മരിക്കും ഒരുമാതിരിയുള്ളവരൊക്കെ.
ഇടവഴിയുടെ ഒരു വശത്തു നിന്നു മറ്റേവശത്തേക്ക് കാട്ടാന യ്ക്ക് അലറിയെത്താനുള്ള സമയം മാത്രമേ ഈ അഞ്ചു പേർ ക്കും  കിട്ടിയുള്ളു. അതിനിടയിൽ അവർ വീണുപോയി. ജോൺ ചാക്കോയും റെജി കുരുവിളയും വശങ്ങളിലൂടെ ഊർന്ന് ഓടിപ്പോയി. ഈ രണ്ടുപേരുമാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ. അവർക്കും വളരെ ദൂരേക്ക് ഓടി മാറാൻ കഴിഞ്ഞില്ല.

മരണവുമായി മുഖാമുഖം

റോസമ്മയായിരുന്നു കാട്ടുകൊമ്പന്റെ കാലടിയിലേക്കു നേ രേ വീണത്. ഏബ്രഹാമും ബാബുവും വശങ്ങളിലും. ഓടിയടു ത്ത കാട്ടാന റോസമ്മയെ കോർക്കാൻ കൊമ്പുകൾ ഉയർത്തി യതിനു ശേഷം താഴ്ത്തുകയായിരുന്നു. പിടിയാനയും ആനക്കുട്ടിയും തൊട്ടപ്പുറത്ത് നിന്ന് കൊമ്പന്റെ പരാക്രമങ്ങൾ കാ ണുന്നു. ബാക്കി റോസമ്മ പറയും;

‘‘സത്യം പറഞ്ഞാൽ എന്താണ് സംഭവിക്കുന്നതെന്ന് എ നിക്ക് അറിഞ്ഞു കൂടായിരുന്നു. നാട്ടാനയെ കാണുമ്പോൾ പേ ടിച്ചു വിറയ്ക്കുന്ന ഞാൻ കാട്ടാനയുെട കീഴിൽ കിടന്നപ്പോൾ പേടിച്ചതേയില്ല. ഒന്നുമറിയാതെ ഞാൻ കമിഴ്ന്നു കിടക്കുക യായിരുന്നു. ആന കാലു കൊണ്ട് എന്നെ തൊടുന്നത് പല പ്രാവശ്യം അറിഞ്ഞു. പ്രാണഭയത്താൽ എനിക്ക് ശ്വാസമെടു ക്കാൻ പോലും കഴിഞ്ഞില്ല.’’ േറാസമ്മ ഇരുെെകകളും കൂപ്പി െെദവത്തെ സ്മരിക്കുന്നു.

ele2

‘‘ആന മൂന്നാലു പ്രാവശ്യം പുറംകാലു കൊണ്ട് എന്നെ തട്ടി. ഞാൻ മണ്ണിനോടു കൂടുതൽ ചേർന്നു കിടന്നു. ഞാന്‍ ഭയക്കുകയോ വിറയ്ക്കുകയോ ചെയ്തില്ല എന്നത് എന്നെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു. കമഴ്ന്ന് കിടന്നിരുന്ന ഞാ ന്‍ ഇടയ്ക്കൊന്നു തലയുയർത്തി നോക്കി ആന തൊട്ടടുത്തു തന്നെ നിൽപ്പുണ്ട്. ഞാൻ വീണ്ടും തലതാഴ്ത്തി. പിന്നീടാണുചിലർ പറഞ്ഞത് തലയുയർത്തുന്നത് ആന കണ്ടിരുന്നെങ്കിൽ തീർച്ചയായും തലയ്ക്കിട്ട് ചവിട്ടിയേനെ എന്ന്. അതോടെ എ ല്ലാ കഥയും  തീരുമായിരുന്നു. ഇങ്ങനെ വർത്തമാനം പറയാനൊന്നും ഞാൻ ഉണ്ടാകില്ലായിരുന്നു...

എന്റെ പ്രാർഥന ദൈവം കേട്ടു. അതിൽ കൂടുതൽ എന്തു പറയാനാണ്.’’ പുറ്റൂർ കല്ലറയ്ക്കൽ വീട്ടിൽ റോസമ്മ ജേക്കബിന്റെ വാക്കുകളിലുണ്ട് മരണത്തെ കൈവിരലകലത്തിൽ കണ്ട ഞെട്ടൽ.

‘‘ആനയുടെ തുമ്പികൈയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി ഞങ്ങൾ കിടക്കുകയായിരുന്നു. റോസമ്മ ചേച്ചിയെ കാലു കൊണ്ടു തട്ടുന്നതൊക്കെ ഞങ്ങൾ കാണുന്നുണ്ട്. ചേച്ചിയെ കൊമ്പില്‍ കോർക്കും. ഞങ്ങളെ ചവിട്ടി അരയ്ക്കും എന്നുത ന്നെയാണ് കരുതിയത്. പക്ഷേ, ആരോ തടഞ്ഞു നിർത്തിയതു പോലെ ആന നിന്നു.’’ കാട്ടാനയുടെ പരാക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് മാസം രണ്ടു കഴിഞ്ഞിട്ടും ഏബ്രഹാമിന്റെ സ്വരത്തിലെ സംഭ്രമം മാറിയിട്ടില്ല.  

ഉത്തരേന്ത്യയിലെ പല സ്കൂളുകളിലും പ്രിൻസിപ്പലായി ജോലി നോക്കിയ ആളാണ് ഏബ്രഹാം തെക്കേപ്പടിക്കൽ. നാട്ടിൽ സ്ഥിരതാമസമാക്കിയിട്ട് അധികം നാളായിട്ടില്ല. കാട്ടാ നക്കൂട്ടങ്ങൾ മേയുന്ന ഒരുപാട് ഇടങ്ങളിൽ യാത്ര െചയ്തിട്ടുണ്ട്. പക്ഷേ, ഇത്തരമൊരു അനുഭവം ആദ്യം. ഇതുപോലെ ഒരു പരീക്ഷണം ഉണ്ടാക്കരുതേ എന്നു മാത്രമാണ് ദൈവത്തോട് ഇപ്പോഴുള്ള പ്രാർഥന.

ele4

ആനയിറങ്ങും താഴ്വര

കൂട്ടത്തിൽ ഏറ്റവും കൂടുതൽ പരിക്കു പറ്റിയത് ബാബുവിനാണ്. വീഴ്ചയിൽ തോളെല്ല് പൊട്ടി. പക്ഷേ, പാവം ആനയെ സംശയിക്കേണ്ട. ആനയ്ക്ക് ഇതിൽ യാതൊരു പങ്കുമില്ല. ആന ബാബുവിനെ തൊട്ടതേയില്ല. ഭയന്നോടി വീണപ്പോൾ പറ്റിയതാണ്. സഹിക്കാനാകാത്ത വേദനയിലും കരച്ചിലിന്റെ ചെറുശബ്ദം പോലും കേൾപ്പിക്കാതിരിക്കാനുള്ള വിവേകം പുലർത്തിയത് ബാബുവിനും കൂട്ടർക്കും രക്ഷയായി.

തോളിന്റെ വേദന ഇപ്പോഴും  മാറിയിട്ടില്ലെങ്കിലും  ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ബാബു അതൊന്നും  കാര്യമാക്കുന്നില്ല. അമേരിക്കയിലെ ജോലി വേണ്ടെന്ന് വച്ച് നാട്ടിലെത്തിയ ബാബു അതിനു ശേഷം തിരുവല്ലയിലും പരിസരങ്ങളിലും സേ വനപ്രവര്‍ത്തനങ്ങൾ നടത്തുന്നു.

‘‘കാട്ടാനക്കൂട്ടം പിൻവാങ്ങിയതിനു ശേഷമാണ് ആളുകൾ അങ്ങോട്ട് അടുത്തത്. ജീവഭയം എല്ലാവർക്കും ഒരു പോലെയ ല്ലേ.’’ ബാബു ഒാര്‍ക്കുന്നു. ‘മൂന്നു പേരെങ്കിലും പോയി കാ ണും’ എന്ന് അവർ പരസ്പരം പറയുന്നത് ഞങ്ങൾക്ക് കേൾ ക്കാമായിരുന്നു. പക്ഷേ, നാട്ടുകാർ പോലും അദ്ഭുതപ്പെട്ടു, ഞ ങ്ങളെ ജീവനോടെ കണ്ടപ്പോൾ.’’

ele1

കോയമ്പത്തൂരിന് അടുത്തുള്ള ഒരു ഉൾപ്രദേശമാണ് താ വളം. ചോളവയലുകളാണു ചുറ്റും. കരിമ്പിൻതോട്ടങ്ങളുമുണ്ട്. അതുകൊണ്ടുകൂടിയാണ് കാട്ടാനകൾ കൂടെക്കൂടെ വരുന്നത്. കരിമ്പും ചോളവുമാണ് ആനയുടെ ഇഷ്ടവിഭവങ്ങൾ. പിന്നെ വാഴത്തോട്ടങ്ങളും. താവളത്തിൽ ആനയിറങ്ങുന്നതുകൊണ്ട് നാട്ടുകാർ മുൻകരുതൽ എടുക്കാറുണ്ട്. എന്നാൽ പുറമേ നിന്നു വരുന്നവർക്ക് അതറിയാനും കഴിയില്ല. തിരുവല്ലയിൽ നിന്നു പോയ അഞ്ചുപേർക്കും സംഭവിച്ചത് അതായിരുന്നു.

ആനക്കൂട്ടത്തിന്‍റെ മുന്നില്‍ നിന്നു രക്ഷപെട്ടവരെ കാണാന്‍ പലരുമെത്തി. അവര്‍ പറഞ്ഞ ഒരു കാര്യം േകട്ട് േറാസമ്മയും കൂട്ടരും ഒരിക്കല്‍ക്കൂടി ഞെട്ടി. ഈ സംഭവം നടന്ന അതേ സ്ഥലത്തു വച്ച്, ആനക്കൂട്ടത്തിലെ കൊമ്പനാന ഇതേ സമയ ത്ത് ആ വഴി പോയ ഒരു സ്ത്രീയെ രണ്ടായി വലിച്ചുകീറി ദൂരെ യെറിഞ്ഞിട്ട് രണ്ടാഴ്ച പോലും കഴിഞ്ഞിരുന്നില്ലത്രെ.

കാട്ടാനകളെ ഇത്രയും അടുത്തു കണ്ടിട്ട് ജീവൻ തിരിച്ചുകി ട്ടിയ അധികം പേരൊന്നും നമുക്കിടയിലുണ്ടാകില്ല. അതുകൊണ്ട് ഇവരോട് ഒരു ചോദ്യം കൂടി. നാട്ടാനയും കാട്ടാനയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഉത്തരം വളരെ ലളിതം. വലപ്പോഴും മദം പൊട്ടുന്ന ആനയാ ണ് നാട്ടാന. എന്നാൽ കാട്ടാനയാകട്ടെ എപ്പോൾ മനുഷ്യനെ കണ്ടാലും അതിനു കലിയിളകും. പണ്ടാരാണ്ടോ പറഞ്ഞതു പോലെ നാട്ടാന അലറുകയേയുള്ളു. പക്ഷേ, കാട്ടാനയാണെങ്കിൽ അലറലോടലറലോടലറലായിരിക്കും...