Wednesday 15 July 2020 05:14 PM IST

3 സെന്റിലെ വീടിന്റെ ടെറസിൽ പച്ചക്കറികളും മീനും കോഴിയും വരെ, വീട്ടിൽ പച്ചക്കറി വാങ്ങിയിട്ട് 14 വർഷം! സജീവ് പാഴൂരിന്റെ ‘തൊണ്ടിമുതലിന് ദൃക്സാക്ഷികൾ’ ആകുന്നവർ അമ്പരക്കും

V.G. Nakul

Sub- Editor

s1

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ഒറ്റ തിരക്കഥ മതി സജീവ് പാഴൂരിന്റെ പ്രതിഭ അടയാളപ്പെടുത്താൻ. തിരക്കഥാകൃത്തെന്ന നിലയിൽ സജീവിനെ പ്രേക്ഷകർ അംഗീകരിച്ചതുമാണ്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’, ‘കേശു ഈ വീടിന്റെ ഐശ്വര്യം’ എന്നീ ചിത്രങ്ങൾക്കു ശേഷം അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് സജീവ്. അതിനിടെ കഴിഞ്ഞ ദിവസം നടൻ ജോജു ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സജീവിന്റെ മറ്റൊരു മുഖം കൂടി പ്രേക്ഷകർ തിരിച്ചറിഞ്ഞു, മൂന്നു സെന്റിൽ സ്വർണം വിളയിക്കുന്ന കർഷകന്റെ മുഖം. മൂന്നു സെന്റിലെ വീടിന്റെ ടെറസിൽ ഗ്രോബാഗിൽ പച്ചക്കറികളും മത്സ്യവും കോഴിയുമെല്ലാം വളർത്തി നൂറു മേനി വിളവെടുക്കുന്ന നല്ല ഒന്നാന്തരം കർഷകൻ. ഈ ‘തൊണ്ടിമുതൽ’ തേടിചെല്ലുന്നവർ ‘ദൃക്സാക്ഷി’കളാകുന്നത് അവിശ്വസനീയമായ ആ കാഴ്ചയ്ക്കാണ്. സ്ഥലമുണ്ടെങ്കിൽ കൃഷി ചെയ്തേനേ എന്നു പരിതപിക്കുന്നവർ വെറും മൂന്നു സെന്റിലുള്ള വീടിന്റെ ടെറസിൽ സജീവൊരുക്കിയ മാജിക് ഒന്നു കാണണം.

സംസ്ഥാന സർക്കാരിന്റെ പിആർഡിയിലെ അസിസ്റ്റന്റ ് കൾച്ചറൽ ഓഫീസറായ സജീവിന്റെ ലോകം തിരുവനന്തപുരം പൂജപ്പുരയിൽ മൂന്നു സെന്റിലിരിക്കുന്ന വീടും അതിന്റെ ടെറസിലുള്ള കൃഷിയുമാണ്. ടെറസിലെ കൃഷി ‘ഹോബി’ക്ക് കൊള്ളാം എന്നു പരിഹസിക്കുന്നവരോട് സജീവ് പറയും, ‘14 വർഷമായി പുറത്തു നിന്ന് ഞങ്ങൾ പച്ചക്കറി വാങ്ങാറില്ല’. കർഷകനാകാൻ കൃഷി ഭൂമി വേണമെന്ന് കരുതുന്നവരോട് സജീവ് പങ്കുവയ്ക്കുകയാണ്, വീടിന്റെ ടെറസിൽ ഒരുക്കിയ ‘സൂപ്പർഹിറ്റ്’ കൃഷിയുടെ കഥയും തിരക്കഥയും.

സത്യം പറഞ്ഞാൽ വിശ്വസിക്കില്ല

‘‘ഇതൊരു മഹത്തരമായ കാര്യമാണെന്ന ധാരണ എനിക്കില്ല. തിരുവനന്തപുരം പോലുള്ള നഗരത്തിൽ എനിക്ക് ചെയ്യാമെങ്കിൽ എവിടെയും ആർക്കും അനായാസം സാധിക്കും. 14 വർഷമായി ഇതു തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ വലിയ കാര്യമായി തോന്നിയിരുന്നില്ല. എന്റെ കൃഷി രീതികളെക്കുറിച്ച് ഇതുവരെ അധികമൊന്നും പറയാതിരുന്നതും അതിനാലാണ്. ഇപ്പോൾ സംവിധായകൻ എബ്രിഡ് ഷൈൻ പറഞ്ഞാണ് ജോജു ഇതേക്കുറിച്ച് അറിഞ്ഞത്. അങ്ങനെ വീട്ടിലെത്തി കണ്ട് ത്രില്ലടിച്ച് ജോജുവും കൃഷിക്കാരനായെന്നു പറഞ്ഞാൽ മതിയല്ലോ?

ഇപ്പോഴത്തെ സാഹചര്യത്തിൽ വീട്ടിലെ കൃഷിയുടെ പ്രാധാന്യം വർധിക്കുകയാണല്ലോ, പക്ഷേ സ്ഥലം ഇല്ലാത്തതു കൊണ്ട് കൃഷി ചെയ്യാൻ പറ്റുന്നില്ലെന്ന പരാതിയാണ് പലർക്കും. അവർക്കു പ്രോത്സാഹനമാകുമെങ്കിൽ ആകട്ടെ എന്നേ കരുതുന്നുള്ളൂ, ‘വേണമെങ്കില്‍ ചക്ക വേരിലും കായിക്കും’ എന്നാണല്ലോ...’’

ഞങ്ങളുടെ വീടിരിക്കുന്നത് മൂന്നു സെന്റ ് സ്ഥലത്താണ്. രണ്ടു നിലകളുള്ള വീടിന്റെ 700 സ്ക്വയർഫീറ്റനടുത്തു വലുപ്പമുള്ള ടെറസിലാണ് എന്റെ കൃഷിയിടം. പച്ചക്കറി കൃഷിയും മീൻ, കോഴി വളർത്തലുമൊക്കെയായി ടെറസ് ‘ഹൗസ് ഫുള്ളാണ്’. 14 വർഷമായി പുറത്തു നിന്നു പച്ചക്കറി വാങ്ങാറില്ല. വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും ഞങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഒപ്പം മീനും കോഴിയും. എല്ലാം ടെറസിലാണ്. ടെറസിൽ റെയിൻ ഷെൽട്ടർ ഉണ്ട്. ഷെൽട്ടറില്‍ വീഴുന്ന മഴവെള്ളം ഫിൽട്ടർ ചെയ്ത് കാർ പോർച്ചിന് അടിയിലുള്ള 6000 ലിറ്ററിന്റെ ഫൈബർ ടാങ്കിൽ ശേഖരിക്കുന്നു. അതു നിറയുമ്പോൾ അധികം വരുന്ന വെള്ളം കിണറ്റിലേക്കു പോകും. മഴക്കാലത്ത് ഈ വെള്ളമാണ് വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക. അപ്പോൾ വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഓഫ് ചെയ്യും. കിണറ്റിലെ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത് കൃഷിക്ക് ആണ്. വൈദ്യുതി ഉണ്ടെങ്കിലും സോളറിലാണ് വീട്ടിലെ ലൈറ്റും ഫാനും ഉൾപ്പടെയുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. സോളർ പാനലും ടെറസിലാണ് സ്ഥാപിച്ചിരിക്കുന്നത്.

s5

മീനും കോഴിയും കൃഷിയും ഈ വീടിന്റെ ഐശ്വര്യം

മൂന്ന് ഫിഷ് ടാങ്കുണ്ട്, നൂറ്, എഴുപത്, അന്‍പത് മീനുകളെ വീതം വളർത്താവുന്ന വലുപ്പമുള്ളവ. അതിൽ താഴെ, കിണറിനോട് ചേർന്നുള്ളത് കോൺക്രീറ്റ് ടാങ്കാണ്. ബാക്കി രണ്ടും ഫൈബര്‍ ടാങ്കുകളും. മീൻ കുഞ്ഞുങ്ങളെ താഴത്തെ ടാങ്കിൽ ഇട്ടു വളർത്തി, ഒരു പരുവം കഴിഞ്ഞ് മുകളിലേക്കു മാറ്റും. അതേ സമയം പുതിയ കുഞ്ഞുങ്ങളെ താഴത്തെ ടാങ്കിൽ ഇടും. അങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഉപയോഗിക്കാവുന്ന തരത്തിലേക്ക് അവയെ പരുവപ്പെടുത്തും. അതിനാൽ മീനിന്റെ ലഭ്യത എപ്പോഴും ഉറപ്പാണ്.

നെയ്യാറിലെ ഒരു സുഹൃത്തിൽ നിന്നാണ് മീൻ കുഞ്ഞുങ്ങളെ വാങ്ങുന്നത്. വളർത്തിത്തുടങ്ങി, മൂന്നു മാസം മുതൽ ഉപയോഗിച്ച് തുടങ്ങാം. അതിനാൽ ലോക്ക് ഡൗണ്‍ സമയത്ത് മീൻ കിട്ടാതെ വന്നപ്പോൾ ബുദ്ധിമുട്ട് ഉണ്ടായില്ല. മുന്നു കൂടുകളിലായി 10 കോഴിയുണ്ട്. ദിവസേന ശരാശരി 7 മുട്ട വരെ കിട്ടും.

ചേന, കുമ്പളം, പാവൽ, പടവലം, വെണ്ട, പലതരം ചീര, തക്കാളി, പയർ, ചുരയ്ക്ക, വഴുതന, കത്തിരിക്ക, മുളക്, പുതിന, ഉള്ളി എന്നു തുടങ്ങി വീട്ടിലേക്ക് ആവശ്യമായ എല്ലാം കൃഷി ചെയ്യുന്നുണ്ട്.

ഗ്രോ ബാഗിലാണ് പ്രധാനമായും കൃഷി. വീടു വച്ചപ്പോൾ തന്നെ കൃഷി മുൻകൂട്ടിക്കണ്ട് ടെറസിൽ തിട്ട ഉണ്ടാക്കിയിരുന്നു. അതിലും മണ്ണ് നിറച്ച് തൈകൾ നട്ടിട്ടുണ്ട്. ഗ്രോ ബാഗുകൾ ഇരുമ്പു ബെഞ്ചുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനടിയില്‍ നനയ്ക്കുമ്പോൾ അധികം വരുന്ന വെള്ളം ശേഖരിക്കാൻ ട്രേകളും ഉണ്ട്. റെയിൻ ഷെൽട്ടറിന്റെ അടിയിലായി വിളവുകൾക്കു മേലെ പന്തൽ ഇട്ട്, അതിലാണ് ഈ വള്ളികൾ പടർത്തിയിരിക്കുന്നത്.

ഇരുന്നൂറോളം ചെറിയ കവറുകളിലാണ് ഉള്ളി നട്ടിരിക്കുന്നത്. ഒരു ദിവസം വീട്ടിലെ ആവശ്യത്തിന് എത്ര ഉള്ളി വേണം എന്നു കണക്കാക്കി, കൃത്യമായി പരുവപ്പെട്ടു കിട്ടുന്ന രീതിയിലാണ് നട്ടിരിക്കുന്നത്. ഉള്ളിയുടെ തണ്ട് തോരന് നല്ലതാണ്.

കൃഷിക്ക് പ്രധാന വളം ഫിഷ് ടാങ്കിലെ വെള്ളം ആണ്. കോഴിയുടെ വേസ്റ്റ് കഴുകിയെടുക്കാനുള്ള സംവിധാനം ഉണ്ട്. ഡയല്യൂട്ട് ചെയ്ത് അതും ഉപയോഗിക്കും. ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ പുറത്തു നിന്നു വാങ്ങും. ഓർഗാനിക്കല്ലാത്ത ഒരു വളവും ഉപയോഗിക്കാറില്ല. വീടിനു മുമ്പിലെ പന്തൽ നിറയെ മുന്തിരിയാണ്. ഒപ്പം ചാമ്പയും സപ്പോട്ടയുമുണ്ട്. എല്ലാം ഈ മൂന്ന് സെന്റിലാണ്.

s3

ലൊക്കേഷൻ വീട്, ക്രൂ ഞാനും എന്റെ ഫാമിലിയും

പണ്ടു മുതലേ എനിക്ക് താൽപര്യമുള്ള മേഖലയാണ് കൃഷി. വീട് വച്ചപ്പോൾ കൃഷിക്ക് ആവശ്യമായ സംവിധാനം വേണം എന്നു തീരുമാനിച്ചിരുന്നു. അതിനനുസരിച്ചാണ് ടെറസ് ഒരുക്കിയത്. അഞ്ചു വർഷം മുമ്പ് വീട് പുതുക്കിപ്പണിതപ്പോള്‍ കൃഷി സ്ഥലം കുറച്ചു കൂടി വലുതാക്കി. എവിടെപ്പോയാലും കിട്ടുന്ന സ്ഥലങ്ങളിൽ നിന്നൊക്കെ വിത്ത് ശേഖരിക്കും.

s2

നമുക്ക് ആവശ്യമുള്ള ഭക്ഷണത്തിന്റെ ഒരു പങ്ക് സ്വയം കൃഷി ചെയ്യണം എന്ന നിലപാടാണ് എനിക്ക്. സ്വയം കൃഷി ചെയ്യുന്നത് ഉപയോഗിക്കുമ്പോൾ കിട്ടുന്ന തൃപ്തി വളരെ വലുതാണ്.

ഞാനും അച്ഛനും അമ്മയും ഭാര്യയും മക്കളും ചേർന്നാണ് കൃഷിയുടെ കാര്യങ്ങൾ നോക്കുന്നത്. പുറത്തു നിന്ന് ആരെയും ജോലിക്ക് വിളിക്കാറില്ല. അവരവരുടെ സമയം അനുസരിച്ച് ഓരോരുത്തരായി ഓരോന്ന് ഏറ്റെടുക്കുകയാണ് പതിവ്. ഇപ്പോള്‍ ഇത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോൾ സമാന താൽപര്യമുള്ള കുറേ ആളുകളുമായി സൗഹൃദമുണ്ട്. സുഹൃത്തുക്കൾ വീട്ടിൽ വന്നാൽ കൊടുത്തയക്കുന്നതും പച്ചക്കറികളാണ്.

s4

അടുത്തിടെ ഞാൻ വീടിന് തൊട്ടടുത്തു കുറച്ചു സ്ഥലം കൂടി വാങ്ങി. അവിടെ കുറച്ച് കൂടി വിശാലമായി എല്ലാ കൃഷിയും ചെയ്തു കൊണ്ടിരിക്കുന്നു. വാഴയും പയറും മുരിങ്ങയും കറിവേപ്പിലയും കപ്പയുമൊക്കെയുണ്ട്. ജോലിക്കു പോയാലും സിനിമയ്ക്കു പോയാലും എനിക്കു സമയം കിട്ടാത്ത അവസ്ഥയില്ല. എനിക്കങ്ങനെ തോന്നിയിട്ടുമില്ല. നമുക്ക് ആവശ്യമാണെന്ന് തോന്നിയാൽ നമ്മൾ എന്തും ചെയ്യുമല്ലോ, അത്രേയുള്ളൂ.