Friday 20 December 2019 06:06 PM IST

വിധിക്കു കൊടുത്തു ഒന്നാന്തരമൊരു ‘കൊട്ട്’! ഈ ചെണ്ടമേളം ബുദ്ധിയുള്ളവർ കണ്ടു കയ്യടിക്കട്ടെ

Binsha Muhammed

sampreethi

ഓർത്തു വയ്ക്കാനും ചേർത്തു നിർത്താനും ആയിരം സന്തോഷങ്ങളുണ്ട്, അതിലേറെ സ്വപ്നങ്ങളുമുണ്ട് നമുക്ക്. പക്ഷേ ഇതൊന്നും തിരിച്ചറിയാനോ ആസ്വദിക്കാനോ വിധിയില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്നവർ വിധിയുടെ കണക്കു പുസ്തകത്തിൽ നിർഭാഗ്യവാൻമാരാണത്രേ. ആഘോഷം പെയ്തൊഴിയാതെ നിൽക്കുന്ന ക്രിസ്മസ് രാവുകളിൽ സന്തോഷവും സംഗീതവും എല്ലാം അവർക്ക് അന്യം, അതാണ് വിധിയും. പക്ഷേ ബുദ്ധിമാന്ദ്യമുള്ളവരെന്ന വിളിപ്പേര് സമ്മാനിച്ച വിധിക്ക് ഒന്നാന്തരമൊരു ‘കൊട്ട്’ കൊടുത്ത് അവർ ക്രിസ്മസ് ആഘോഷിക്കുകയാണ്, നമ്മളിൽ പലരേയും പോലെ.

കോട്ടയം കുമാരനല്ലൂർ കുടമാളൂരിലെ സംപ്രീതിയെന്ന സന്നദ്ധ സ്ഥാപനത്തിലെ 19 അന്തേവാസികൾ. വിധി ഒരുക്കിയ ചതിക്കുഴി എന്തെന്ന് പോലും തിരിച്ചറിയാനുള്ള വിവേകം നിഷേധിക്കപ്പെട്ടവരാണ്. പക്ഷേ ഈ ക്രിസ്മസ് രാവുകൾക്ക് ആഘോഷച്ചാർത്തു നൽകി ചെണ്ടയിൽ അവർ ഹൃദയതാളം കൊട്ടുമ്പോൾ അത് ആരും സാക്ഷ്യം വഹിക്കാത്ത അപൂർവതയായി മാറും.

s2

അവരെ പൊന്നു പോലെ ചേർത്തു നിർത്തുന്ന കാവൽ മാലാഖമാരിലൊരാളായ സംപ്രീതിയുടെ ഡയറക്ടർ ഫാദർ ടിജോ മുണ്ടു നടയ്ക്കൽ പറയുന്നു, പ്രതിഭയിൽ ഇവർക്കു മാന്ദ്യമില്ല. ഈ വരുന്ന 21ന് സംപ്രീതിയിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവർ ചെണ്ടമേളം അവതരിപ്പിക്കുമ്പോൾ അത് ഫാദർ ടിജോ ഉൾപ്പെടെയുള്ളവർക്ക് അഭിമാനത്തിനുള്ള വക സമ്മാനിക്കും.

s4

സംപ്രീതിയെന്ന കാവൽ വിളക്ക്

18നും 52നും ഇടയിൽ പ്രായമുള്ള 19 അന്തേവാസികളാണ് സംപ്രീതിയിലുള്ളത്. അച്ഛനും അമ്മയും ഇല്ലാത്തവർ, ഉപേക്ഷിക്കപ്പെട്ടവർ, ഇനി അഥവാ ബന്ധുക്കൾ ഉണ്ടെങ്കിൽ തന്നെ അവർക്കെല്ലാം ഭാരമായവർ. പ്രൊഫഷണലുകളായ അച്ഛനും അമ്മയ്ക്കും നോക്കാൻ ബുദ്ധിമുട്ടുള്ളവരും ഇവിടെയുണ്ട്. എല്ലാവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. അതിനേക്കാളേറെ നിർധന കുടുംബാംഗങ്ങൾ. അവർക്കെല്ലാം തണലൊരുക്കുന്ന സന്നദ്ധസ്ഥാപനമാണ് സംപ്രീതി. കത്തോലിക്ക സഭയുടെ സന്യാസ സഭയായ എംസിബിഎസിനു കീഴിലാണ് ഞങ്ങളുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. സഭയുടെ സഹായത്തിനൊപ്പം നല്ലവരായ ആൾക്കാർ നൽകുന്ന സഹായത്തിലാണ് സ്ഥാപനം പ്രവർത്തിച്ചു പോരുന്നത്. മാനിസിക വെല്ലുവിളി നേരിടുന്നു എന്ന കാരണത്താൽ ഈ ലോകത്തെ ഒരു സന്തോഷവും അവർക്ക് അന്യമായി കൂടാ എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ജാതി മത വേർതിരിവോ, മറ്റ് താത്പര്യങ്ങളോ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം. കേരളത്തിന്റെ പലഭാഗങ്ങളിലായുള്ളവർ ഇന്ന് ഞങ്ങളുടെ സ്ഥാപനത്തിൽ അന്തേവാസികളായുണ്ട്. ഞങ്ങൾ അവരെ മാലാഖമാരെന്നാണ് വിശേഷിപ്പിക്കുന്നത് സംപ്രീതിയുടെ ഡയറക്ടർ സ്ഥാനത്തുള്ളത് ഞാനാണ്. ഫാദർ അഭിലാഷ്, ബ്രദർ റിജോ എന്നിവരും ഞങ്ങളുടെ ഈ സദ്ഉദ്യമത്തിന് കാവലും കരുതലുമായി കൂടെയുണ്ട്–ഫാദർ ടിജോ പറയുന്നു.  

s1

ആഘോഷങ്ങളെ ഇഷ്ടപ്പെടുന്നവർ

ആരോരുമില്ലാത്തവരാണ് ഞങ്ങളുടെ കുഞ്ഞുങ്ങൾ. ഓണവും ക്രിസ്മസുമൊക്കെ പലരും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ആഘോഷിക്കുമ്പോൾ ഇവർക്കിതെല്ലാം അന്യമാണ്. ആ കുറവ് നികത്തി ഓരോ സന്തോഷവും ആഘോഷവും അവർക്ക് നൽകാൻ ‍ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. ചെറിയ സന്തോഷങ്ങൾ പോലും അവർക്ക് സ്വർഗം കീഴടക്കുന്നതിന് സമാനമാണ്. ഓണാഘോഷവും അത്തപ്പൂക്കളവും സദ്യയുമൊക്കെ കഴിഞ്ഞപ്പോഴേ അവർ ക്രിസ്മസ് ആഘോഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ക്രിസ്മസ് പടിവാതിൽക്കലെത്തിയപ്പോഴേ പുൽക്കൂടൊരുക്കാനും നക്ഷത്ര തോരണമൊരുക്കാനും അവർ മുൻപന്തിയിലുണ്ടായിരുന്നു. ആഘോഷം ഒന്നു കൂടി ഉഷറാക്കാനാണ് അവരെ ചെണ്ടമേളം പഠിപ്പിച്ച് അരങ്ങിലെത്തിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. സംഗീതം മനസുകളോട് സംവദിക്കാറുണ്ട് എന്നല്ലേ പറയാറ്. ഒരു പക്ഷേ അവർ തിരിച്ചറിയുന്നതും ആ ഹൃദയതാളമായിരിക്കും. അങ്ങനെയാണ് ആഘോഷം പൊടിപൂരമാക്കാൻ ചെണ്ടയിലേക്ക് തിരിഞ്ഞത്.

പാഠം പഠിച്ച്...താളം പിടിച്ച്

ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന സ്ഥാപനങ്ങളിലെല്ലാം ബാൻഡ് മേളവും, ടീമും ഒക്കെ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കാരണം അവർക്ക് താളവും സംഗീതവുമെല്ലാം വലിയ ഇഷ്ടമാണ്. പക്ഷേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യം എടുത്തപ്പോൾ അൽപമൊരു വെറൈറ്റി പരീക്ഷിക്കാമെന്ന് ഉറപ്പിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപ ചെലവിൽ നാല് ചെണ്ടയും മറ്റ് സംഗീത ഉപകരണങ്ങളും മേടിച്ചു. കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയ പ്രശസ്ത ചെണ്ട വിദ്വാൻ ഷാജി ചെംപിലാവിനെ അധ്യാപകനായി നിയോഗിച്ചു. തടിക്കഷണങ്ങളില്‍ പഠിച്ച് തുടക്കം. ഓരോ ദിവസവും ആവേശത്തോടെയാണ് കുഞ്ഞുങ്ങൾ മേളം അഭ്യസിക്കാന‍ എത്തിയത്. അവരുടെ പ്രകടനവും താത്പര്യവും കണ്ട് അമ്പരന്നു പോകുകയായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങളെയൊക്കെ അദ്ഭുതപ്പെടുത്തി കൊണ്ടായിരുന്നു അവരുടെ പ്രകടനം. കേവലം 30ഉം 40ഉം ശതമാനം മാത്രം ബുദ്ധിയുള്ളവരാണ് ഒരു സംഗീതോപകരണത്തെ അടുത്ത് അറിഞ്ഞ് പഠിച്ചെടുക്കുന്നതെന്നോർക്കണം. അവരുടെ കഴിവിന്റെ പരമാവധി അവർ ഞങ്ങൾക്കു തന്നു എന്നതാണ് സത്യം. അവരുടെ പരിശ്രമവും എന്റെ പരീക്ഷണവും ദൈവം പൂർണതയിലെത്തിച്ചു എന്ന് ചിന്തിക്കുമ്പോൾ ഏറെ ചാരിതാർത്ഥ്യം. ഈ വരുന്ന 21ന് എന്റെ കുഞ്ഞുങ്ങള്‍ അവർ അഭ്യസിച്ച താളങ്ങളുമായി സംപ്രീതിയുടെ ആഘോഷവേദിയിൽ അരങ്ങേറും. അത് കണ്ട് അവരെ ഇങ്ങനെയാക്കിയ വിധി നാണിച്ചു പോകും ഉറപ്പ്– ഫാദർ ടിജോ പറഞ്ഞു നിർത്തി.

s3