'ആ പൂവിറുക്കരുതേ... തങ്കക്കൊലുസേ... പൂക്കള്‍...ഹണിബീക്കുള്ളതല്ലേ... തേന്‍ തേടി വരുമ്പോ പൂവ് കണ്ടില്ലെങ്കില്‍ പാവം ഹണീബീക്ക് വിഷമാവൂല്ലോ...'
തയ്യില്‍ വീടിന്റെ മുറ്റത്ത് പൂവിട്ട ജമന്തി പറിക്കാനോടിയതാണ്, സാന്ദ്രാമ്മയുടെ 'തങ്കക്കൊലുസുകള്‍.' അമ്മയുടെ പിന്‍വിളി കേട്ട് അവര്‍ നിന്നു. മുഖം തെല്ലൊന്ന് വാടിയെങ്കിലും ഹണി ബീ വിഷമിക്കുമെന്ന് സാന്ദ്രാമ്മ പറഞ്ഞപ്പോള്‍ ഇരുവർക്കും നൂറുവട്ടം സമ്മതം.
'പാവാല്ലേ...ഹണീബീ, തേന്‍ കുടിച്ചോട്ടേ...'- ഉമ്മുകുല്‍സു കൊഞ്ചി.
തയ്യില്‍ വീടിന്റെ മുറ്റത്ത് ഇപ്പോള്‍ കലപിലയൊഴിഞ്ഞ് നേരമില്ല. മഴ നനഞ്ഞ്, മണ്ണില്‍ കളിച്ച്, മണ്ണപ്പം ചുട്ട് സാന്ദ്രാമ്മയുടെ ഉമ്മിണിത്തങ്കയും ഉമ്മു കൊല്‍സുവും നിലമ്പൂരിലെ വീടിനെ സ്വര്‍ഗമാക്കുകയാണ്. ചെളിമണ്ണില്‍ കുളിക്കുന്ന തൊടിയിലെ പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറയുന്ന ആ രണ്ട് പെറ്റിക്കോട്ടുകാരികളുടേയും അമ്മ മലയാളത്തിന്റെ പ്രിയനടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്. ഉമ്മിണിതങ്കയെന്നും തങ്കക്കൊലുസെന്നും സ്‌നേഹത്തോടെ വിളിക്കുന്ന ആ വീടിന്റെ അരുമകളെ തയ്യില്‍ വീട് മാത്രമല്ല, സോഷ്യല്‍ മീഡിയയും കൊഞ്ചിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 'അ ആ ഇ ഈക്കു' പകരം മൊബൈലിലും ഇന്റര്‍നെറ്റിലും എ ടു ഇസഡ് പഠിക്കുന്ന പുതുതലമുറയുടെ കാലത്ത് മണ്ണിനേയും മഴയേയും പ്രണയിച്ച് ഓടിച്ചാടി നടക്കുന്ന സാന്ദ്രയുടെ ഇരട്ടക്കണ്‍മണികളെ വനിത ഓണ്‍ലൈന്‍ തേടിയെത്തുമ്പോഴും കളിചിരിയും കലപിലയും നിലയ്ക്കുന്നുണ്ടായിരുന്നില്ല. സിനിമയുടെ ചമയങ്ങളഴിച്ചു വച്ച് തനിക്കു കിട്ടിയ ബാല്യകാലം ഇരട്ടക്കണ്‍മണികളായ കേറ്റ്‌ലിന്‍ സാന്ദ്ര വില്‍സണും, കെന്റല്‍ സാന്ദ്രാ വില്‍സണും അതേപടി മക്കള്‍ക്കു നല്‍കുന്ന അമ്മയുടെ റോളില്‍ സാന്ദ്ര പറഞ്ഞു തുടങ്ങുകയാണ്, തങ്കക്കൊലുസുകളുടെ ലോകത്തെക്കുറിച്ചും, അവര്‍ കണ്ട ലോകത്തെ കുറിച്ചും.

എന്റെ തങ്കക്കൊലുസുകള്‍
കേറ്റ്‌ലിന്‍ സാന്ദ്ര വില്‍സണ്‍, കെന്റല്‍ സാന്ദ്രാ വില്‍സണ്‍. കേറ്റ്‌ലിനെ വിളിക്കുന്നത് ഉമ്മിണിത്തങ്കയെന്നും, കെന്റലിനെ വിളിക്കുന്നത് ഉമ്മുക്കുല്‍സുവെന്നുമാണ്. ഉമ്മു കുല്‍സുവെന്ന പേര് പണ്ടേ ഇഷ്ടമാണ്. ഉമ്മിണിത്തങ്കയെന്ന പേരിന്റെ ക്രെഡിറ്റ് കഥകളിലെ എട്ടുവീട്ടില്‍ പിള്ളമാരുടെ പെങ്ങളായ ഉമ്മിണിത്തങ്കയ്ക്കാണ്. ഇരു പേരുകളിലേയും തങ്കവും കുല്‍സുവും കടമെടുത്താണ് തങ്കക്കൊലുസെന്ന് പരിഷ്‌ക്കരിച്ചത്. അതാകുമ്പോ ഒറ്റ വിളിയില്‍ രണ്ടുപേരും വിളിപ്പുറത്തുണ്ടാകും- കണ്‍മണികളെ ചേര്‍ത്ത് പിടിച്ച് സാന്ദ്ര പറഞ്ഞു തുടങ്ങുകയാണ്.

രണ്ടു വയസാകുന്നു കലപില കൂട്ടുന്ന ഈ കുട്ടുക്കൊലുസകൾക്ക്. രണ്ടു പേരും വന്ന ശേഷം വീട്ടിൽ എപ്പോഴും ബഹളമാണ്. രണ്ടു പേരുടെയും പിന്നാലെ ഓടി...അവര്‍ക്കൊപ്പം കൂട്ടുകൂടി നടക്കുന്നതാണ് ജീവിതത്തിലെ എന്റെ പുതിയ റോള്‍. മൊബൈലും ടിവിയും കാര്‍ട്ടൂണും അവരെ സ്വാധീനിക്കരുതെന്ന് എനിക്കും വിൽസണും (ഭര്‍ത്താവ് വില്‍സണ്‍ തോമസ്) നിര്‍ബന്ധമുണ്ടായിരുന്നു. പിച്ചവച്ചകാലം തൊട്ടേഇരുവരേയും മുറ്റത്തിക്കിറക്കി. മണ്ണില്‍ കളിപ്പിച്ചു. ചെടിയും പൂക്കളും മഴയും മരങ്ങളും കാറ്റും എന്തെന്ന് അറിഞ്ഞ് അവര്‍ വളര്‍ന്നു. തേന്‍ കുടിക്കാന്‍ വരുന്ന പൂമ്പാറ്റയേയും തേനീച്ചയേയും അട്ടയേയും എല്ലാം കണ്ടു പഠിച്ചു. ചൊറിയണത്തില്‍ തൊട്ടാല്‍ ഉവ്വാവു വരുമെന്നും, തൊട്ടാവാടിയെ തൊട്ടാല്‍ പിണങ്ങുമെന്നും അവര്‍ക്കറിയാം. മഴ മാനത്തു കണ്ടാല്‍ തന്നെ തുള്ളിച്ചാട്ടമാണ്. രണ്ടു പേരും മുറ്റത്തേക്കോടും, മഴനനയും, ചെളിയില്‍ നൃത്തം വയ്ക്കും. അങ്ങനെയൊക്കെ വളര്‍ത്തിയതു കൊണ്ടാകാം മഴയുടേയോ കാറ്റിന്റെയോപേരില്‍ ഒരു ജലദോഷ പനി പോലും അവര്‍ക്ക് വന്നിട്ടില്ല. പിന്നെ മഴയിലും ചെളിയിലും കളിച്ചു മറിഞ്ഞ് എത്തുമ്പോള്‍ എന്റെ പണി കൂടുമെന്നു മാത്രം- തമാശകലര്‍ത്തി സാന്ദ്രയുടെ കമന്റ്.
നിലമ്പൂര്‍-ബന്ദിപ്പൂര്‍ റോഡിലൂടെ ഒരുപാട് വട്ടംയാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ കണ്ട് പരിചയപ്പട്ടിട്ടുള്ള മയിലിനേയും മാനിനേയും ഇരുവര്‍രക്കും നല്ലവണ്ണം അറിയാം. ഒരിക്കല്‍ കാട്ടിക്കൊടുത്തിട്ടേ ഉള്ളൂ, അപ്പോഴൊക്കെ മയിലേ... മയിലേ...എന്ന് വിളിച്ച് രണ്ടും പിന്നാലെ ഓടും. അനിമല്‍ പ്ലാനറ്റ് മാത്രം ആദ്യ കാലങ്ങളില്‍ കാട്ടിക്കൊടുത്തിരുന്നു. പിന്നെ അതും നിര്‍ത്തി, ഇപ്പോള്‍ കണ്ണില്‍ കാണുന്ന മൃഗങ്ങളും പൂക്കളും എല്ലാം അവര്‍ക്ക് കൂട്ടുകാരാണ്.
എന്റെ ബാല്യം അവര്‍ക്കും വേണം
മനോഹരമായ ബാല്യകാലത്തിന്റെ ഓര്‍മകള്‍ അച്ഛന്‍മാരും അമ്മമാരും അയവിറക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ സ്വന്തം മക്കള്‍ക്ക് ആ നിഷ്‌ക്കളങ്ക ബാല്യം തിരികെ നല്‍കാറുണ്ടോ എന്ന് ചോദിച്ചാല്‍ പലരും കൈമലര്‍ത്തും. മകന് യൂട്യൂബ് ചാനലുണ്ടെന്നും, മകള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഉണ്ട് എന്നും അഭിമാനത്തോടെ പറയും പലരും. പക്ഷേ അവര്‍ പ്രകൃതിയെ അറിഞ്ഞിട്ടുണ്ടോ... ഈ മനോഹരമായ ലോകം കണ്ടിട്ടുണ്ടോ എന്ന ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. ന്യൂജനറേഷന്‍... എന്ന ടാഗ് നല്‍കി...എന്തായാലും എന്റെ കുഞ്ഞുങ്ങളെ ഈ സൗഭാഗ്യങ്ങളില്‍ നിന്നും അന്യമാക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്വാര്‍ത്ഥയായ അമ്മയല്ല ഞാന്‍. മനോഹരമായ ബാല്യകാലം എനിക്ക് എന്റെ അച്ഛനും അമ്മയും നല്‍കിയിട്ടുണ്ട്. ഞാന്‍ അതവര്‍ക്ക് തിരികെ നല്‍കുന്നു. അത്രമാത്രം.
ഒരു മഴകൊണ്ടാല്‍ ജലദോഷപ്പനിയും ഇന്‍ഫക്ഷനും വരുന്ന മക്കളായി നമ്മുടെ മക്കള്‍ മാറിയെങ്കില്‍ അതിനുത്തരവാദി നമ്മള്‍ കൂടിയല്ലേ. മുറ്റത്തേക്കിറക്കാതെ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ച് അടച്ചിരുത്തുന്നതു കൊണ്ടാണ്, ഒരു ചാറ്റല്‍ മഴ കൊണ്ടാല്‍ ഉടനെ തന്നെ അവര്‍ക്ക് വയ്യാണ്ടാകുന്നത്. സിനിമയുടെ തിരക്കുകള്‍ മാറ്റിവച്ചാല്‍ ഞാന്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരമ്മയാണ്. തനി നാട്ടിന്‍ പുറത്തുകാരി. അതേ മനസോടെ ഞാനോരോന്നും എന്റെ കുഞ്ഞുങ്ങളെ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മെഷീനുകളുടെ ലോകത്ത് അവരെ മനുഷ്യരാക്കി വളര്‍ത്താനും ഓരോന്നിന്റെയും മൂല്യങ്ങള്‍ അറിഞ്ഞു വളരാനും സ്വായത്തരാക്കുന്നു. നമ്മുടെ മക്കള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അനന്തര സ്വത്തും അതു തന്നെ.
അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അവരുടെ അമ്മ അരികിലുണ്ടാകണം. അച്ഛന്റെ കരുതലുണ്ടാകണം. അതാണ് ഞങ്ങളുടെ പോളിസി. എത്ര തിരക്കിലും ഞാനും വില്‍സണും അത് ഉറപ്പു വരുത്തുന്നുണ്ട്. സിനിമയില്‍ സജീവമാകുമ്പോഴും കുഞ്ഞുങ്ങള്‍ക്കരികില്‍. മാക്‌സിമം സമയം ചെലവഴിക്കാറുണ്ട്. ബിസിനസ് തിരക്കുകള്‍ക്കിടയില്‍ മക്കളുടെ ഒപ്പം സമയം ചെലവഴിക്കാൻ വില്‍സണും ശ്രദ്ധിക്കാറുണ്ട്. ഏറ്റവും വലിയ ഭാഗ്യമെന്തെന്നാല്‍ എന്റെയും വില്‍സന്റേയും മാതാപിതാക്കളുടെ സ്‌നേഹവും അവര്‍ക്ക് ആവോളം കിട്ടുന്നുണ്ട്.
ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന കള്ളന്‍ എന്ന ചിത്രമാണ് പുറത്തിറങ്ങാനാനുള്ളത്. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നതും ഞാനാണ്- സാന്ദ്ര പറഞ്ഞു നിര്‍ത്തി.