കറുത്തിരുണ്ട മുടിയിഴകള്‍ക്കു നടുവില്‍ കള്ളനെപ്പോലെ എത്തിനോക്കുന്ന നര. ഗസ്റ്റ്‌റോളില്‍ വരുന്ന ആ ഒരേയൊരു 'കഥാപാത്രം' മാത്രം മതി, മാനംമുട്ടെ ഉയര്‍ത്തി വച്ചിരിക്കുന്ന ചിലരുടെ ആത്മവിശ്വാസത്തെ തകര്‍ത്തു തരിപ്പണമാക്കാന്‍. നേര്‍ത്ത വരപോലെ ഒളിഞ്ഞും തെളിഞ്ഞും പാറിക്കളിക്കുന്ന നരച്ച മുടിയുടെ പേരില്‍ ഉണ്ണാത്തവരേറെ... ഉറങ്ങാത്തവരേറെ. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെ നായകനെ സ്‌ക്രീനില്‍ കാണാനൊക്കെ പൊളിയാണെന്ന് അവര്‍ പറയും. പക്ഷേ നര സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റിനപ്പുറം കൂടെക്കൂടിയാല്‍ പലരും ടെന്‍ഷനടിക്കും, ഡിപ്രഷന്റെ കൂട്ടിലൊളിക്കും.
എന്നാല്‍ ഇവിടെയിതാ കുറച്ചു പേര്‍ നരയെ ആഘോഷമാക്കുകയാണ്. കൃത്രിമത്വത്തിന്റെയും ചമയങ്ങളുടെയും മേക്കോവറുകളുടേയും പിന്നാലെ പോകാതെ നരയെ വ്യക്തിത്വത്തിന്റെ അടയാളമാക്കുകയാണ്. തലയിലും താടിയിലും വെള്ളിവിതാനിച്ചു നീണ്ടുകിടക്കുന്ന നരയില്‍ ഞങ്ങള്‍ 'പെര്‍ഫെക്ട് ഓകെയാണെന്നു' പറയുന്നവരുടെ ആത്മവിശ്വാസത്തിന്റെ കഥയ്ക്ക് വനിത ഓണ്‍ലൈന്‍ നല്‍കിയ പേര് 'ഞാനൊരു നരന്‍.' മാധ്യമപ്രവര്‍ത്തകനും മലപ്പുറം ചങ്ങരംകുളം സ്വദേശിയുമായ സനൂബ് ശശിധരനാണ് ഇക്കുറി നരയ്ക്കു മേല്‍ പടര്‍ന്നു കയര്‍ന്നു കയറിയ ആത്മവിശ്വാസത്തിന്റെ കഥ പറയാനെത്തുന്നത്.
നര നല്ലതാണ്
കൗമാരവും യൗവനകാലവും നരയില്‍ മുങ്ങിയെന്ന് വിലപിക്കുന്നവരേ... ഒരു കഥ സൊല്ലട്ടുമാ... 8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ നരയുടെ വരവറിഞ്ഞവ്യക്തിയാണ് ഞാന്‍. അന്നത്തെ ആ എട്ടാം ക്ലാസുകാരന്‍ 38 വയസിലെത്തി നില്‍ക്കുമ്പോഴും നരയുടെ കഥ തുടരുകയാണ്. ആ കഥയിലെ ഞാന്‍ ദേ ഇങ്ങനെയാണ്- നെറ്റിയിലേക്ക് വീണുകിടന്ന നരച്ച മുടി പിന്നിലേക്കൊതുക്കി സനൂബ് പറഞ്ഞു തുടങ്ങുകയാണ്.
ഒമ്പതാം ക്ലാസിലെത്തിയപ്പോള്‍ നര കുറച്ചു കൂടി ഉഷാറായി വന്നു. ഒന്നു രണ്ടെണ്ണം അവിടെയും ഇവിടെയുമൊക്കെയായിട്ട് കാണാന്‍ പാകത്തില്‍ ഞെളിഞ്ഞങ്ങനെ നിന്നു. അതിന്റെ പിള്ളേര്‍ ഒരു പേരുകൂടി പതിച്ചു നല്‍കി... തന്ത...! അതിന്റെ പേരില്‍ എന്തു മാത്രം വിഷമിച്ചെന്നോ. മുടി നരയ്ക്കുന്നത് പ്രായമുള്ളവര്‍ക്കല്ലേ... ഇന്നത്തെ പോലെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കണ്‍സപ്റ്റ് ഒന്നും അന്നില്ല. കുട്ടിനര കണ്ടാല്‍ ദഹിക്കുന്ന വിശാല മനസ്‌കതയും കൂട്ടുകാര്‍ പിള്ളേര്‍ക്കില്ല. എന്തു ചെയ്യാം കളിയാക്കലുകള്‍ അനുഭവിക്കുക തന്നെ.
മുടി എണ്ണ തേയ്ക്കാതെ പാറിപ്പറത്തി ഇടുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് കരുതി. പക്ഷേ സത്യമതല്ലായിരുന്നു നര ഇനിയങ്ങോട്ട് കൂടെക്കൂടും എന്ന സൂചന തന്നെയായിരുന്നു. കോളജ് കാലഘട്ടം ആയപ്പോഴേക്കും ഒളിച്ചു നിന്ന തര തിരശീല നീക്കി തലയെ പൂര്‍ണമായും കയ്യടക്കി. ഒറ്റനോട്ടത്തില്‍ തന്നെ ഈ നര പലരും പെട്ടെന്ന് ശ്രദ്ധിക്കും. എന്റെ രൂപവും ഈ നരയും അങ്ങ്ട് ശരിയാകുന്നില്ലല്ലോ എന്നായിരിക്കും പലരും ചിന്തിക്കുക. ശരീരം കണ്ടാല്‍ പ്രായം തോന്നിക്കുകയുമില്ല, നരയാണെങ്കില്‍ ഉണ്ടുതാനും. വല്ല അസുഖവും പറ്റിയോ എന്ന് ചോദിച്ചവര്‍ വരെയുണ്ട്. മുടി വെള്ള ഡൈ അടിച്ച് സ്‌റ്റൈലാകാന്‍ നോക്കിയതാണോ എന്ന് മറ്റുചിലര്‍. ഇങ്ങനെ ഡൈ ചെയ്യാന്‍ എത്ര കാശ് ചെലവാകും എന്ന് ചോദിച്ച വിരുതന്‍മാര്‍ വരെയുണ്ട്. പക്ഷേ ഈ അപ്പിയറന്‍സ് എനിക്ക് പൊസിറ്റീവ് ഫീല്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളു. ആരും പെട്ടെന്ന് ശ്രദ്ധിക്കും.
രസകരമായ മുഹൂര്‍ത്തങ്ങളും കൂട്ടത്തിലുണ്ട്. ആളുകള്‍ നമ്മളെ തിരിച്ചറിയാന്‍ നന്നേ പണിപ്പെടും. നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തിനെത്തുകയാണ്. അതും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം. എന്റെ വല്യച്ഛന്‍ എന്നെ കണ്ടിട്ട് മൈന്‍ഡ് ആക്കാതെ പോയി. ഇതെന്താ സംഭവം എന്ന് ഞാനും ചിന്തിച്ചു. എല്ലാം നരയൊപ്പിച്ച പണിയാണേ... അല്ലാ... അവരെയും കുറ്റംപറയാന്‍ പറ്റത്തില്ല. ഇത്രയും കാലത്തിനിടയ്ക്ക് എന്റെ അച്ഛന്റെ ഒരു മുടി പോലും നരച്ചിട്ടില്ല. ഈ പറഞ്ഞ വല്യച്ഛന്റെ മുടി തീരെയും നരച്ചിട്ടില്ല. അതിനിടയില്‍ എന്നെ കണ്ടിട്ട് എങ്ങനെ തിരിച്ചറിയാനാണ്?
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സമയത്ത് അവിടെ ഒരു ഡ്രൈവര്‍ ധര്‍മേന്ദ്രയുണ്ടായിരുന്നു. പുള്ളിക്കാരന്‍ എന്നെക്കാള്‍ പ്രായത്തില്‍ ചെറുതാണ്. നോര്‍ത്തിന്ത്യന്‍സ് ചിലര്‍ക്കെങ്കിലും മുടിയില്‍ കളറടിക്കുന്ന പതിവുണ്ട്. ധര്‍മേന്ദ്രയും ഇങ്ങനെ കളറൊക്കെ അടിച്ച് ചുള്ളനായി നില്‍പ്പാണ്. പുള്ളിയും ഒരിക്കല്‍ ഉപദേശിച്ചു. കളര്‍ ചെയ്തൂടേ എന്ന്.
മങ്കാത്തയിലെ അജിത്തിനെ കണ്ട് ഇന്‍സ്പയര്‍ ആയതാണോ എന്ന് ചിലര്‍ ചോദിക്കും. മങ്കാത്തയ്ക്കും അജിത്തിനു മുന്നേ എന്റെ മുടി ഇങ്ങനെയാണ് ചേട്ടന്‍മാരേ... തമാശയെന്തെന്നാല്‍ പഴയ ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനേ പറ്റില്ല. അപ്പോ എത്തും കമന്റ് നീ കളറടിച്ചു അല്ലേ... അവരെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ പെടുന്നപാട്.
നാട്ടിലെത്തിയപ്പോഴും കളര്‍ ചെയ്തൂടെ... ഹെന്ന ട്രൈ ചെയ്തൂടെ എന്നൊക്കെ പലരും ഉപദേശിക്കാറുണ്ട്. നമ്മളെങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കുക എന്നതാണ് എന്റെ പോളിസി. അതിനു മേല്‍ ചായം പൂശിയിട്ട് എന്തുകാര്യം. മറ്റുള്ളവര്‍ എന്തു വിചാരിക്കും, പ്രായക്കൂടുതല്‍ തോന്നുമോ എന്ന ആശങ്കയൊന്നും എനിക്കില്ല. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന് പറയിക്കാനാണോ ഇങ്ങനെ നടക്കുന്നത് എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. തലയില്‍ ഡൈ പുരട്ടിയ സഹപ്രവര്‍ത്തകാണ് ഇങ്ങനെ ഉപദേശിക്കുന്നത്. എത്രയൊക്കെ ഡൈ അടിച്ചാലും പ്രായം പ്രായമായി തന്നെ നില്‍ക്കില്ലേ എന്നാണ് അവരോട് തിരിച്ചു ചോദിച്ചിട്ടുള്ളത്. ആറായാലും അറുപതായാലും അതൊരു വയസല്ലേ... വയസ് മുപ്പത്തിയെട്ടാകുന്നു. ഈ നിമിഷം വരെയും നര വ്യക്തിത്വത്തിന്റെ അടയാളമാണ് എന്നതിനപ്പുറം ഒരു കുറവായി ഞാന്‍ കാണുന്നില്ല.
എനിക്ക് നരയ്ക്കാനാണെങ്കിലും കുറച്ചു മുടിയെങ്കിലുമുണ്ട്. മുടിയില്ലാത്തവരുടെ കാര്യമോ... വിഗ്ഗ് വച്ചു നടക്കേണ്ടി വരുന്ന ചേട്ടന്‍മാരെ ആലോചിക്കുമ്പോള്‍ ഞാ്ന്‍ ഹാപ്പിയാണ്. കഷണ്ടി ആയാലും, നര ആയാലും അതൊരു കുറവല്ല.- സനൂബ് പറഞ്ഞു നിർത്തി.