Monday 27 April 2020 03:19 PM IST

'രണ്ടു തവണ അബോര്‍ഷനായ ആ ചേച്ചി ചിത്രം കണ്ട് കരഞ്ഞു'; ജീവന്റെ തുടിപ്പ് മാങ്ങാണ്ടിയിലെത്തിച്ച കലാകാരന്‍ ഇവിടെയുണ്ട്

Binsha Muhammed

sarath-main

'ആ കലാകാരന്റെ കൈകളില്‍ ദൈവസ്പര്‍ശമുണ്ട്. ആ കലയില്‍ ദൈവവും ഒളിഞ്ഞിരിക്കുന്നു.'

കാണുന്ന കാഴ്ചകളിലെല്ലാം കലയും കരവിരുതും ഒളിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കണമെങ്കില്‍ അയാള്‍ കലാകാരന്‍ മാത്രമല്ല. ദൈവത്തിന്റെ കരസ്പര്‍ശം ഹൃദയത്തിലേറ്റു വാങ്ങിയ മനു്ഷ്യന്‍ കൂടിയായിരിക്കണം. അങ്ങനെയൊരു കലാകാരന്റെ കരവിരുത് കണ്ട് ഭ്രമിച്ചു നില്‍ക്കയാണ് സോഷ്യല്‍ മീഡിയ. മൊട്ടിടുന്ന ജീവനെ മാങ്ങാണ്ടിയില്‍ കൊത്തിയെടുത്ത ഒരു കലാകാരനെ കണ്ട് മയങ്ങിപ്പോയ സോഷ്യല്‍ മീഡിയ വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. 'ആ കലാകാരന്റെ കൈകളില്‍ ദൈവസ്പര്‍ശമുണ്ട്.'

പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് ആ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത്തിരിപ്പോന്ന മാങ്ങാണ്ടിക്കുള്ളില്‍ മൊട്ടിടുന്ന മനുഷ്യ ജീവനെ കൊത്തി വച്ചിരിക്കുന്നു. കണ്ടാല്‍ ജീവന്‍ തുടിക്കുന്ന ആ കലാരൂപം സോഷ്യല്‍ മീഡിയയുടെ ഹൃദയത്തിലാണ് കൊണ്ടത്. കലയുംകലാകാരനും സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുമ്പോള്‍ വനിത ഓണ്‍ലൈന്‍ ആ കലാകാരനെ വെളിച്ചത്തു കൊണ്ടു വരികയാണ്. ആലുവ സ്വദേശിയായ ശരത് എം നായരാണ്, ജീവന്റെ തുടിപ്പിനെ കുഞ്ഞനൊരു മാങ്ങാണ്ടിയിലേക്ക് പറിച്ചു നട്ട ആ അത്ഭുത മനുഷ്യന്‍. സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ ആ കരവിരുതിന്റെ പിറവിയെക്കുറിച്ച് പറയുമ്പോള്‍ ശരതിന്റെ മുഖത്ത് നിറഞ്ഞ ചാരിതാര്‍ത്ഥ്യം...

sar

ജീവന്‍ പിറവിയെടുക്കുന്നു

നേരവും കാലവും കണക്കാക്കി പിറവിയെടുക്കുന്നതല്ല കലയും കലാസൃഷ്ടിയും. നേരമാകുമ്പോള്‍ അതു നമ്മുടെ മനസിലേക്ക് ദൈവം ഇട്ടു തരും. അങ്ങനെയല്ലായിരുന്നെങ്കില്‍ മുറ്റത്തെവിടെയോ ചിതറിക്കിടന്ന ആ മാങ്ങാണ്ടിയില്‍ ഇങ്ങനെയൊരു ചിത്രം ജനിക്കില്ലായിരുന്നു.- ശരത് പറഞ്ഞു തുടങ്ങുകയാണ്.

jok

കാണുന്ന ഒബ്ജക്റ്റുകള്‍ ഫ്രെയിമാണെന്നും, അതിനകത്തേക്ക് ഒരു കലാസൃഷ്ടി എത്തും എന്നുള്ളതും നിയോഗമാണ്.അലസമായ ചിന്തകള്‍ക്കിടെ അവിചാരിതമായി എപ്പോഴോ  മാങ്ങാണ്ടി കണ്ണില്‍പ്പെടുകയാണ്. അപ്പോഴാണ് തലയില്‍ ബള്‍ബ് മിന്നുമ്മത്. കേവലം 20 മിനിറ്റ് സമയമെടുത്താണ് ഗര്‍ഭസ്ഥ ശിശുവിന്റെ രൂപം കൊത്തിയെടുത്തത്. കണ്ണിന്റെ ഭാഗത്ത് അല്‍പം അക്രിലിക് പെയിന്റ് തൊട്ടുവച്ചു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം കൊത്തിയെടുത്തതാണ്. ഭൂമിയില്‍ ഒരു ചെടി മുളയ്ക്കുന്നതും മനുഷ്യന്‍ പിറവിയെടുക്കുന്നതും ഇങ്ങനെയല്ലേ. ഒരു വിത്ത് നാമ്പിടുന്നത് പോലെയാണ് അമ്മയുടെ ഉദരത്തില്‍ ജീവന്‍ പിറവി കൊള്ളുന്നത്. ആ രണ്ട് കാഴ്ചകളേയുമാണ് ഇവിടെ സന്നിവേശിപ്പിച്ചത്. നേരത്തെ ഇത്തരത്തില്‍ കൊത്തിയെടുത്ത ജോക്കറിന്റെ ചിത്രവും ഒരുപാട് അഭിനന്ദനങ്ങള്‍ കൊണ്ടു തന്നു. ജയസൂര്യയുടെ ചിത്രം കൊത്തിയെടുത്തപ്പോള്‍ അദ്ദേഹമെന്റെ വര്‍ക് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. അതും വലിയ അംഗീകാരമായി. 

ഹൃദയം നിറച്ച കമന്റ്

ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ നിരവധി കമന്റുകളാണ് എത്തുന്നത്. കൂട്ടത്തില്‍ ഹൃദയം നിറച്ചത് കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു ചേച്ചിയുടെ അഭിപ്രായമാണ്. കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ രണ്ടു തവണയും അബോര്‍ഷന്‍ ചെയ്യേണ്ടി വന്നു അവര്‍ക്ക്. ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയാണ്. ആ കാത്തിരിപ്പിന് വേഗമേറുമ്പോഴാണത്രേ എന്റെ ചിത്രം കാണുന്നത്.

കലാപരമായി എന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ സിനിമയാണ് ബന്ധമെന്ന് അഭിമാനത്തോടെ പറയും. 14 വര്‍ഷമായി സിനിമാ ഫീല്‍ഡിലുണ്ട്. സിനിമയില്‍ ആര്‍ട്ട് അസോസിയേറ്റായി വര്‍ക് ചെയ്യുന്നു. സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഈമയൗ തുടങ്ങി നിരവധി ചിത്രങ്ങളുമായി അസോസിയേറ്റ് ചെയ്തു. കൂട്ടത്തില്‍ ഏറ്റവും അഭിനന്ദനം കൊണ്ടു തന്നത് കമ്മാരസംഭവമാണ്. ചിത്രത്തില്‍ ദിലീപേട്ടന്‍ ഒരു മെഷീന്‍ ഗണ്‍ ഉപയോഗിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ജാപ്പനീസ് മെയ്ഡ് എച്ച്എംജി ഗണ്‍ ആണത്. ഒരുപാട് അന്വേഷണത്തിനു ശേഷം ചിത്രത്തിന്റെ കലാംസംവിധായകന്‍ മനുജഗത് എന്നെയാണ്  ആ മാതൃക സൃഷ്ടിക്കാന്‍ ഏല്‍പ്പിച്ചത്. ഒറിജനിലെ വെല്ലും വിധം അത് പണികഴിപ്പിച്ചപ്പോള്‍ ഒരുപാട് അഭിനന്ദനമെത്തി.  സിനിമ തന്നെയാണ് എന്റെ വഴി. ആര്‍ട്ട് മേഖലയില്‍ തിളങ്ങാന്‍ തന്നെയാണ് ആഗ്രഹം. എല്ലാ സ്വപ്‌നങ്ങള്‍ക്കും കൂട്ടായി എന്റെ നല്ലപാതി കാര്‍ത്തിക ഒപ്പമുണ്ട്.- ശരത് പറഞ്ഞു നിര്‍ത്തി.

Tags:
  • Social Media Viral