Friday 15 March 2019 03:27 PM IST

ആത്മവിശ്വാസമാണ് വിജയമന്ത്രം; മിസിസ് ഇന്ത്യ കേരള സൗന്ദര്യ കിരീടമണിഞ്ഞ് പത്താം ക്ലാസുകാരിയുടെ അമ്മ!

V N Rakhi

Sub Editor

mrs-india-kerala

വിവാഹശേഷം ഭർത്താവിനെയും കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കുന്ന, കഴിവുള്ള എത്രയോ സ്ത്രീകളുണ്ട്. കഴിവും ആത്മവിശ്വാസമുണ്ടെങ്കിൽ ഏതു പ്രായത്തിലും ഏതു രംഗത്തും വിജയം നേടാമെന്നു സ്ത്രീകൾ തിരിച്ചറിയണം.’’ ദീപാലി ഫട്നിസ് മിസിസ് ഇന്ത്യ കേരള മത്സരത്തിൽ മിസിസ് ഇന്ത്യ കേരള 2018, മിസിസ് ഇന്ത്യ അംബാസഡർ എന്നീ ടൈറ്റിലുകൾ നേടിയ ശശിലേഖ നായർ പറയുന്നു. പത്താം ക്ലാസുകാരിയുടെ അമ്മയായ ഇവരുടെ നേട്ടം ഒട്ടേറെ മലയാളി വീട്ടമ്മമാർക്ക് പ്രചോദനമാണ്. സൗന്ദര്യകിരീടമണിഞ്ഞ വിജയനിമിഷങ്ങളിലേക്ക് വീണ്ടും സഞ്ചരിക്കുകയാണ് ശശിലേഖ.

ആത്മവിശ്വാസമാണ് വിജയമന്ത്രം

‘‘വീ ആർ നോട്ട് ലുക്കിങ് ഫോര്‍ മോഡൽസ്, വീ ആർ ലുക്കിങ് ഫോർ റോൾ മോഡൽസ് എന്ന ആശയമാണ് ഈ മത്സരത്തിലേക്ക് എന്നെ ആകർഷിച്ചത്.’’ ശശിലേഖ പറയുന്നു. ‘‘20 മുതൽ 40 വയസ്സ് വരെയുള്ളവർക്കായുള്ള മിസിസ് ഇന്ത്യ വിഭാഗത്തിലാണു മത്സരിച്ചത്. വ്യക്തിത്വം, സാമൂഹിക പ്രതിബദ്ധത, ആത്മവിശ്വാസം ഇവയാണ് വിധികർത്താക്കൾ വിലയിരുത്തിയത്. വിദേശമലയാളികളുൾപ്പെടെ 71 മത്സരാർഥികൾ പങ്കെടുത്തു. മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു മത്സരം.

അഞ്ചു വർഷമായി ഭരതനാട്യം പഠിക്കുന്ന ഞാൻ കുറച്ചു വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഭരതനാട്യം തിരഞ്ഞെടുത്തു എന്നു മത്സരത്തിലെ ചോദ്യോത്തര റൗണ്ടിൽ ചോദ്യമുയർന്നു. എല്ലാ കലാരൂപങ്ങളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ലാസ്യനടനമായ മോഹിനിയാട്ടത്തെക്കാൾ ഭരതനാട്യത്തിന്റെ  ജതിയും രീതികളുമാണ് എന്നെ കൂടുതൽ ആകർഷിച്ചത് എന്നായിരുന്നു മറുപടി. ടാലന്റ് റൗണ്ടിൽ ഭരതനാട്യം അവതരിപ്പിച്ചു.  

യോഗ ട്രെയിനിങ്, ഫിറ്റ്നെസ് ഷൂട്ട്, ഒഡിസി ഡാൻസ് ക്ലാസ്, വോക്ക് ട്രെയിനിങ്, പൂൾ ഷൂട്ട്... എന്നിവയുമുണ്ടായി. പൂൾ ഷൂട്ടിന് കംഫർട്ടബിൾ ആയ എന്തു കോസ്റ്റ്യൂമും ഇടാം എന്നറിഞ്ഞപ്പോഴേ ആശ്വാസമായുള്ളൂ. മുപ്പത് പേരാണ്  ഫൈനൽ റൗണ്ടിലെത്തിയത്. മെഡിസിൻ, എൻജിനീയറിങ്, കൃഷി ഇതിൽ ഏതു പ്രഫഷൻ തിരഞ്ഞെടുക്കും എന്നതായിരുന്നു എന്നോടുള്ള ചോദ്യം. ഞാൻ പറഞ്ഞു, ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. എങ്കിലും വിഷാംശമില്ലാത്ത ഭക്ഷണം എല്ലാവർക്കും ലഭിക്കാൻ സഹായിക്കുന്ന കൃഷിക്കാരിയായാൽ മതി എന്ന്.

ഇരുപത്തിയൊന്നും  ഇരുപത്തിയഞ്ചും വയസ്സുള്ള കുട്ടികളോടാണ് മത്സരിക്കേണ്ടത് എന്നതായിരുന്നു വെല്ലുവിളി. വിജയിയായതോടെ അംബാസഡറായ ഞാൻ കമ്പനിയുടെ ബ്യൂട്ടി വിത്ത് ഹാർട്ട് എന്ന പദ്ധതിയിലൂടെ പ്രമേഹരോഗികൾക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ബെംഗളൂരു മലയാളി അസോസിയേഷനും മലയാളി ഫോറവും സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷനുമായി സഹകരിച്ച് പ്രളയകാലത്ത് കേരളത്തിനു വേണ്ടി സഹായങ്ങൾ നൽകി. ഇനിയും സമൂഹത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം.’’- ലേഖ പറയുന്നു.

മൈക്രോബയോളജിയിൽ ബിരുദവും ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയ ശശിലേഖ തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയുടെ ഡയറക്ടറാണ്. ലണ്ടനിലും ചെന്നൈയിലും ഐടി മേഖലയിൽ ജോലി ചെയ്ത ശേഷമാണ് ഈ കമ്പനി തുടങ്ങിയത്.  ഭർത്താവ് രാജീവ് കുമാർ പിള്ള ബെംഗളൂരുവിൽ ഐടി മേഖലയിലാണ്. മൂത്തമകൾ സ്വാതി. ഇളയമകൾ ജാൻവി നാലിൽ പഠിക്കുന്നു. പത്തനംതിട്ട കാട്ടൂർ റിട്ട. സുബേദാർ മേജർ  ശശിധരൻ നായരുടെയും റിട്ട. അധ്യാപിക വിജയമ്മയുടെയും മകളാണ്. ശശികല സഹോദരിയാണ്. ശശിലേഖയുടെ അച്ഛനും നടൻ മോഹൻലാലിന്റെ അച്ഛനും സഹോദരിമാരുടെ മക്കളാണ്. 

mrs-in245