ഇസ്രയേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം നീറുന്ന ഒാർമകളിൽ...
ഇടുക്കി കീരിത്തോടുള്ള ഒറ്റമുറി വീട്ടിലേക്ക് നട്ടുച്ചയ്ക്ക് കയറിച്ചെല്ലുമ്പോൾ സന്തോഷും മകനും കുടുംബാംഗങ്ങളും സെമിത്തേരിയിൽ സൗമ്യയെ കാണാനായി പോയി തിരികെയെത്തിയതേയുള്ളൂ.
‘‘ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിൻ ഫോണിൽ സംസാരിക്കാനാഗ്രഹിക്കുന്നുവെന്ന് കോൺസുലേറ്റിൽ നിന്ന് അറിയിച്ചിട്ടുണ്ട്. അതു കഴിഞ്ഞു സംസാരിക്കാം’’ സന്തോഷ് മെല്ലെ പറഞ്ഞു. പിന്നെ, ഫോണിൽ സൗമ്യയുടെ ഫോട്ടോയിലേക്കു ഉറ്റുനോക്കി സങ്കടത്തോടെ ഇരുന്നു.
ദ്വിഭാഷിയുടെ സഹായത്തോടെ പ്രസിഡന്റിനോടു സംസാരിക്കുമ്പോഴെല്ലാം അയാളുടെ സ്വരമിടറി. ചെയ്ത സഹായങ്ങൾക്ക്, സൗമ്യയ്ക്ക് നൽകിയ ആദരവിന് എല്ലാം വീണ്ടും വീണ്ടും നന്ദി പറഞ്ഞുകൊണ്ടിരുന്നു. തിരക്കുകൾ അവസാനിച്ചപ്പോൾ മകൻ അഡോണിനെ ചേർത്തു പിടിച്ചു കൊണ്ടു സന്തോഷ് എല്ലാം ഓർത്തെടുക്കാൻ തുടങ്ങി. സൗമ്യയുടെ അച്ഛനമ്മമാരും സന്തോഷിന്റെ മാതാപിതാക്കളും സഹോദരിമാരും എല്ലാം ആ സ്നേഹത്തോടു ചേർന്നു നിന്നു. അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു അവർക്കെല്ലാം സൗമ്യ.
എന്റെ കൺമുന്നിലാണ്...
‘‘വൈകിട്ട് നാലര മണി സമയം. ഞാൻ അവളോടു ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദിവസം നാലും അഞ്ചും തവണ ഞങ്ങൾ വിളിക്കും. എന്നോടു സംസാരിച്ചു കൊണ്ടാണ് അവൾ ജോലികളൊക്കെ ചെയ്യുക. ഇസ്രയേൽ – പലസ്തീൻ സംഘർഷം തുടങ്ങിയപ്പോഴൊന്നും അവൾ പേടിച്ചിരുന്നില്ല. റോക്കറ്റുകൾ അന്തരീക്ഷത്തിൽ വച്ചുതന്നെ നിർവീര്യമാക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. അതുപോലെ റോക്കറ്റുകൾ പതിക്കുന്നതിനു മുൻപ് ഷെൽട്ടറുകളിൽ സുരക്ഷിതമായി എത്തിച്ചേരാനുള്ള സൈറണും മുഴങ്ങും.
ഇസ്രയേലിൽ അഷ്ക്കലോണിലുള്ള നോമി എന്ന അമ്മൂമ്മയുടെ കെയർടേക്കറായിട്ടായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്. അവരുടെ വീട്ടിൽ ഷെൽട്ടർ ഉണ്ടായിരുന്നില്ല. പൊതു ഷെൽട്ടറുകളിലേക്കു പോകണമെങ്കിൽ നിരവധി പടികൾ ഇറങ്ങേണ്ടതുകൊണ്ടു വീൽച്ചെയറിലുള്ള ഇവരെ അവിടേക്ക് കൊണ്ടുപോകാനും സാധിക്കില്ല. സംഘർഷം തുടങ്ങിയ അവസരത്തിൽ തന്നെ അമ്മൂമ്മയുടെ മകൾ ഇവരെ രണ്ടുപേരെയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയാറായിരുന്നു. ‘കുറച്ചു ദിവസം കൂടി നോക്കിയിട്ടു പോകാം’ എന്ന തീരുമാനമാണ് അമ്മൂമ്മ എടുത്തത്. എങ്കിലും സൗമ്യ രണ്ടുപേരുടെയും ബാഗ് പാക്ക് ചെയ്തു വച്ചു.
സ്ഥിതി രൂക്ഷമാകുന്നതറിഞ്ഞു ഞാനാണ് സൗമ്യയോടു പറഞ്ഞത്. ‘മകളെ ഫോണിൽ വിളിച്ചു നിങ്ങളെ കൊണ്ടുപോകാൻ പറയൂ. ഇനി ഇവിടെ കഴിയുന്നത് അപകടമാണ്.’ ഞാൻ കേൾക്കെ തന്നെയാണ് സൗമ്യ മകളെ വിളിച്ചത്. അവർ പത്തു മിനിറ്റിനകം എത്താമെന്ന് വാക്കും പറഞ്ഞു.
‘ഞാൻ പോയി ഇത്തിരി കഞ്ഞി കുടിക്കട്ടെ. അവരുടെ വീട്ടിൽ പോയാൽ ഇസ്രായേൽ ഫൂഡ് മാത്രമായിരിക്കും.’ എന്നു പറഞ്ഞു എന്റെ കൺമുന്നിലൂടെ അടുക്കളയിലേക്കു നടന്നു പോയവളാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന പോലെ ഒരു ശബ്ദം കേട്ടു. അവളുടെ ഫോൺ താഴെ പോയെന്നു മനസ്സിലായി. ഞാൻ സൗമ്യയെ വിളിച്ചു കൊണ്ടിരുന്നു. പക്ഷേ, അവൾ വിളി കേട്ടില്ല. എന്റെ നെഞ്ചിൽ ഒരു ഭാരം പതിയെ വളർന്നു വന്നു.
ഒരു മിനിറ്റു കഴിഞ്ഞപ്പോൾ ആളുകൾ ഓടിക്കൂടുന്ന ശബ്ദവും ആംബുലൻസു വരുന്ന ശബ്ദവും കേട്ടു. ഞാൻ വേഗം സൗമ്യയുടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. പിന്നെ, ഇസ്രയേലിൽ ജോലി ചെയ്യുന്ന എന്റെ ചേച്ചിയെ വിളിച്ചു. നാട്ടിലുള്ള മൂത്ത ചേച്ചിയേയും വിളിച്ചു. ചേച്ചി 13 വർഷം അവിടെ ജോലി ചെയ്ത ആളാണ്. വേഗം ഇസ്രയേലിലെ ഏജൻസിയെ അറിയിച്ചു. അവർ ഹോസ്പിറ്റലിലേക്കു വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചപ്പോഴേക്ക് അവൾ തണുത്തു പോയിരുന്നു...’’ മരവിച്ച ഓർമയെ കുടഞ്ഞു കളയാനായി സന്തോഷ് കണ്ണുകൾ അമർത്തിതുടച്ചു.
എല്ലാവരുടെയും ‘ഞൂഞ്ഞ’
എന്റെ ചേച്ചിയുടെ കുടുംബവും സൗമ്യയുടെ വീട്ടുകാരും വാടക വീട്ടിലെ രണ്ടു മുറികളിലായി താമസിച്ചിരുന്നു.അന്നു സൗമ്യ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. ചേച്ചി എപ്പോഴും പറയും ‘നല്ലൊരു കുട്ടിയാണ് സൗമ്യ.’ അങ്ങനെയാണ് അവൾ എന്റെ ഉള്ളിൽ പതിയുന്നത്. ‘ഞൂഞ്ഞ’ എന്നായിരുന്നു സൗമ്യയെ വീട്ടിൽ വിളിച്ചിരുന്നത്.
രണ്ടു മതമായതുകൊണ്ട് എതിർപ്പുകളുണ്ടായിരുന്നു. രണ്ടുപേരും പ്രണയത്തിൽ നിന്നു പിൻവാങ്ങില്ലെന്നു കണ്ടപ്പോൾ കല്യാണം നടത്തിതന്നു. സിനിമാ സെറ്റിലേക്കു ക്രെയിൻ കൊണ്ടുപോയി വർക്കു ചെയ്യിക്കുന്ന പണിയായിരുന്നു എനിക്ക്. ഭാരമുള്ള ജോലിയല്ലേ, ഡിസ്ക്കിനു പ്രശ്നം വന്ന് സർജറി ചെയ്തു. ഇപ്പോൾ അധികം ഭാരമെടുക്കുന്ന ജോലികൾ ചെയ്യാൻ കഴിയില്ല. സൗമ്യ അന്നു തൊഴിലുറപ്പിന്റെ സൂപ്പർവൈസർ ആയും ബാങ്കിൽ സ്വീപ്പറായുമൊക്കെ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്തിട്ടുണ്ട്.
എന്റെ നാലു ചേച്ചിമാർ ഇസ്രയേലിൽ കെയർ ടേക്കർമാരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. വിവാഹശേഷം രണ്ടര വർഷം കഴിഞ്ഞപ്പോൾ സൗമ്യയും അവിടേക്കു പോയി. മത്തായി എന്നു വിളിക്കുന്ന മകൻ അഡോണിനു ഒന്നര വയസ്സായിരുന്നു അന്ന്. സൗമ്യയുടെ അമ്മയാണ് കുഞ്ഞിനെ നോക്കിയത്. അഡോൺ ഇനി അഞ്ചാം ക്ലാസിലേക്കാണ്.
ഇസ്രയേലിൽ ഒരു അപ്പൂപ്പനെ നോക്കാനുള്ള വീസയായിരുന്നു ആദ്യം ലഭിച്ചത്. ആറു വർഷം അദ്ദേഹത്തെ നോക്കി. സൗമ്യയെ അവരുടെ വീട്ടുകാർക്ക് എന്തു കാര്യമായിരുന്നെന്നോ. അപ്പൂപ്പൻ പറഞ്ഞു വച്ചതനുസരിച്ച്, അദ്ദേഹത്തിന്റെ മരണശേഷം സൗമ്യയെ ഇസ്രയേലിൽ തന്നെ തുടർന്നും ജോലിക്കു നിർത്തണമെന്നു ശുപാർശക്കത്ത് ഗവൺമെന്റിലേക്ക് അയയ്ക്കുകയും ചെയ്തു. ഇത്രനാളും അവൾക്കു വേണ്ട കേരള ഫൂഡ്, കുറച്ചകലെയുള്ള സ്േറ്റാറിൽ നിന്നു വാങ്ങികൊടുത്തിരുന്നത് ആ മക്കളാണ്.
രണ്ടു വർഷമായി നോമി അമ്മൂമ്മയുടെ കൂടെയാണ്. വിഡിയോ കോൾ വിളിക്കുമ്പോൾ അമ്മൂമ്മ എന്നോടു സൗമ്യ നല്ല സ്നേഹമുള്ളവളാണ്, നിന്റെ ഭാഗ്യമാണ് എന്നെല്ലാം ആംഗ്യഭാഷയിലൂടെ പറയും. റോക്കറ്റു വീണു തകർന്ന വീടിനടിയിൽ പെട്ടാണ് സൗമ്യ മരിച്ചത്. തൊട്ടടുത്ത ഷെൽട്ടറിലേക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്നു ചോദിച്ചവരുണ്ട്. അന്നം നൽകുന്ന അമ്മൂമ്മയെ ഒറ്റയ്ക്കാക്കി സൗമ്യ ഒരിക്കലും സ്വരക്ഷ തേടി പോകില്ല. രണ്ടു കാലുകളും അറ്റുപോയി അമ്മൂമ്മ ഇപ്പോൾ വെന്റിലേറ്ററിലാണ്.
2019 സെപ്റ്റംബറിലാണ് സൗമ്യ അവസാനം നാട്ടിൽ വന്നു പോയത്. മൂന്നു പെങ്ങന്മാർ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കു വന്നു. സൗമ്യയും ഒരു പെങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. പത്തു സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്.അതിൽ വീട് വയ്ക്കാൻ വേണ്ടിയായിരുന്നു സൗമ്യ കുറച്ചുനാൾ കൂടി അവിടെ നിൽക്കാമെന്നുറപ്പിച്ചത്. ഡിസംബറിൽ വന്നു പുതിയ വീട്ടിൽ വച്ചു മകന്റെ ആദ്യ കുർബാന സ്വീകരണം ആഘോഷത്തോടെ നടത്തണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. ഒരു പെൺകുഞ്ഞു കൂടി വേണം.... എത്ര സ്വപ്നങ്ങളായിരുന്നു അവൾക്ക്. മേയ് മാസം 31ാം തീയതി ഞങ്ങളുടെ പതിനൊന്നാം വിവാഹവാർഷികമാണ്.’’ സന്തോഷ് കരച്ചിലിലേക്ക് അടർന്നു വീണു.
മകളല്ല, ഗൃഹനാഥ
സൗമ്യയുടെ അച്ഛൻ സതീശനു തയ്യൽ ജോലിയാണ്.അമ്മ സാവിത്രി. രണ്ടുപേരും മുൻ പഞ്ചായത്തു മെമ്പർമാ ർ കൂടിയാണ്. ‘‘അനിയത്തി സനുപ്രിയയുടെ കല്യാണം നടത്തിയതും വീട്ടിലെ കടങ്ങൾ വീട്ടിയതും എല്ലാം അവളാണ്. മരിക്കുന്നതിനു തലേന്നും വിളിച്ചിരുന്നു. ‘അമ്മയ്ക്കും അച്ഛനും എന്തെങ്കിലും വേണോ’ എന്നു ചേദിച്ചു. ഒന്നും വേണ്ട എന്നു പറഞ്ഞു. എനിക്കു അടുക്കളയിൽ പണിത്തിരക്കായിരുന്നു. പിന്നെ, വിളിച്ചോളാം എന്നു പറഞ്ഞു വച്ചതാണ്.’’ അമ്മ മത്തായിയെ മുറുക്കെ കെട്ടിപ്പിടിച്ചു.
‘‘ഇക്കഴിഞ്ഞ വിഷുവിനു മത്തായിക്ക് 600 രൂപ കൈനീട്ടം കിട്ടി. ആരു ചോദിച്ചിട്ടും അവനതു കൊടുത്തില്ല. സൗമ്യ ഫോൺ വിളിച്ചപ്പോൾ ‘ഞാനിത് ഞൂഞ്ഞമ്മയ്ക്കു തരാം’ എന്നു പറഞ്ഞു. ചുരിദാർ വാങ്ങിക്കൊടുത്തയയ്ക്കണം എന്നു പറഞ്ഞിരുന്നു സൗമ്യ.
അവന്റെ സമ്പാദ്യം കൊണ്ടു അമ്മയ്ക്കുള്ള ചുരിദാർ സ്വയം തിരഞ്ഞെടുക്കണമെന്നു വാശി പിടിച്ചു മത്തായി. എത്ര സന്തോഷത്തോടെയാണ് കുഞ്ഞ് ഉടുപ്പു വാങ്ങി പൊതിഞ്ഞു അമ്മയ്ക്ക് അയച്ചത്. അതു അവിടെ എത്തുമ്പോഴേക്കും എന്റെ മകൾ ഇവിടേക്കു പോന്നു. ‘ഞാൻ ഞൂഞ്ഞമ്മയ്ക്കു വാങ്ങിയ ഡ്രസ്സ് ഇനി എന്തു ചെയ്യും?’ എന്ന് ഇന്നലെ ഉറങ്ങാൻ നേരം എന്നോടു ചോദിച്ചു. അന്നയച്ച പാഴ്സൽ തിരിച്ചു വരുമെന്നു കേട്ടു കുഞ്ഞിനു സങ്കടമായി. ‘ഞൂഞ്ഞമ്മ എന്റെ സമ്മാനം കണ്ടില്ലല്ലോ...’