Thursday 02 January 2020 06:03 PM IST

‘വെറൈറ്റിക്ക് വേണ്ടി എന്തും ചെയ്യുവോടേ...’; സേവ് ദ് ഡേറ്റും സദാചാരക്കണ്ണുകളും; പുതിയ തലമുറയ്ക്ക് പറയാനുള്ളത്

Rakhy Raz

Sub Editor

sd-vanitha

പാട്ടായാലും പടമായാലും കഥയായാലും കദനമായാലും വൈറൽ ആയില്ലെങ്കിൽ പിന്നെന്തിന് കൊള്ളാം എന്ന് ചിന്തിക്കുന്ന പിള്ളേരാണ് ചുറ്റിലും. അതിനിടയിലേക്കാണ് മേനിവടിവ് മുഴുവൻ പുറത്തു കാട്ടുന്ന ഉടുപ്പുമിട്ട് ചില സേവ് ദ് ഡേറ്റ് ചിത്രങ്ങൾ കയറി വന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകാൻ പിന്നെ, താമസമുണ്ടായില്ല. കിടപ്പറയിൽ കെട്ടിമറിഞ്ഞും കടലിൽ നനഞ്ഞൊട്ടിയും മടിയിലിരുന്നും ചുംബനത്താൽ തീപിടിപ്പിച്ചും ഫോട്ടോകൾ പടപടാന്ന് വന്നു തുടങ്ങിയതോടെ മറുഭാഗം ഇളകി. ‘പിടിച്ച് ജയിലിലിടണം’ എന്നുവരെ പറഞ്ഞ് ചിലർ കത്തിക്കയറി.

ഇതൊക്കെ ഞങ്ങളുടെ സ്വാതന്ത്ര്യം, വെറുതെ സദാചാര പൊലീസ് കളി വേണ്ടന്ന് മറുകൂട്ടർ. അനാവശ്യ പതിവുകളുടെ തുടക്കമാകും ഇത് എന്ന് താക്കീതു നൽകിയവരോട് ‘നിങ്ങളുടെ അനാവശ്യം, അവർക്കു ചിലപ്പോൾ ആവശ്യമായിരിക്കും’ എന്ന ജഗതി ഡയലോഗുമായാണ് പുതിയ ട്രെൻഡിനെ പിന്തുണയ്ക്കുന്നവർ നേരിട്ടത്.

അരീക്കൽ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പുണെക്കാരായ റാമും നവവധു ഗൗരിയും തങ്ങളുടെ സേവ് ദ് ഡേറ്റ് ഫോട്ടോയ്ക്കായി പോസ് ചെയ്തത്. ഗൗരി അണിഞ്ഞ ശരീരത്തോട് ഒട്ടിനിൽക്കുന്ന നേർത്ത സ്ട്രച്ച് ഗൗണും വിവാഹത്തിനു മുൻപ് തന്നെ തൊട്ടുരുമ്മി നിൽക്കുന്ന അവരുടെ പോസും ആണ് പലരെയും ചൊടിപ്പിച്ചത്.

rg-sd

റാമിന്റെയും ഗൗരിയുടേയും സേവ് ദ് ഡേറ്റ് ഫോട്ടോയ്ക്ക് ഇരുവശവുമായി ചേരി തിരിഞ്ഞ് ആളുകൾ പോര് നടത്തുന്നതിനിടെയാണ് തികച്ചും സമാധാനപരമായി, ശാന്തമായി സ്നേഹത്തോടെ നമ്മുടെ പൊലീസ് ഒരു അഭിപ്രായം പറഞ്ഞത്. ‘‘ഇതൊക്കെ ആയിക്കോളൂ.. പക്ഷേ കുട്ടികളടക്കമുള്ള സമൂഹം കാണുന്നുണ്ട് കേട്ടോ..’’അതോടെ പൊലീസിനു മേലായി അർമാദം. അല്ലെങ്കിൽ തന്നെ കിട്ടുന്ന ചാൻസിന് നാല് ചീള് വാരിയെറിയാതെ നമുക്കെന്ത് ആഘോഷം !

sd-2

വെറൈറ്റിക്ക് വേണ്ടി എന്തും ചെയ്യുവോടേ..

അഭിനന്ദനവും വിമർശനവും ഒരു പോലെ ഏറ്റു വാങ്ങി ഹൗസ് ഫുൾ ആയി ഓടിയതിൽ റാം – ഗൗരി സേവ് ദ് ഡേറ്റ് ഷൂട്ട്, സിനിമാതാരം ജോൺ കൈപ്പള്ളിൽ – ഹെബ്സിബ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്, യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ. ചെറിയാൻ–അനിഷ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് എന്നിവയായിരുന്നു മുന്നിൽ. മലയാളിക്ക് തികച്ചും അപരിചിതമായ ബൊഡോയ്‌ർ ഷൂട്ടും കേരളത്തിൽ നടന്നു.

സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങൾ കല്യാണ ഫൊട്ടോഗ്രഫർമാരെ തളർത്തി എന്നൊന്നും കരുതരുത്. രാമൻകുട്ടിമാർ അങ്ങനെ തളരാൻ വേണ്ടി ജനിച്ചവരല്ല. വെറൈറ്റിക്കുവേണ്ടി ഇങ്ങനെ എന്തും ചെയ്യുമോ എന്ന് ചോദിക്കുന്നവർ തന്നെ ഒരാഘോഷം വന്നാൽ ഞങ്ങളുടെ പേരുകൾ സെർച്ച് ചെയ്യും എന്ന ആത്മവിശ്വാസത്തിലാണ് വെഡ്ഡിങ് ഫൊട്ടോഗ്രഫി ടീമുകൾ.

vanaitha-sd

‘‘റാമിന്റെയും ഗൗരിയുടെയും സേവ് ദ് ഡേറ്റ് ഷൂട്ട് അവർക്ക് വളരെ ഇഷ്ടപ്പെട്ടു. മലയാളികൾ സദാചാരക്കണ്ണു കൊണ്ടാണ് അത് കണ്ടത്. ഞങ്ങളുടെ പോസ്റ്റിനും ഇതിനെച്ചൊല്ലി വന്ന വാർത്തകൾക്കും താഴെ സദാചാരം പറഞ്ഞിട്ട് ഗൗരിയുടെ പ്രൊഫൈൽ കണ്ടുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയാണ് പലരും ചെയ്തത്. റാമിന്റെയും ഗൗരിയുടെയും ഷൂട്ടിനു പിന്നിലുള്ള പിന്നക്കിൾ ഇവന്റ്സ് സിഇഒ ഷാലു. എം. എ ബ്രഹാം വെളിപ്പെടുത്തി.

‘‘സഭ്യമല്ലാത്ത ഒന്നും ആ ഫോട്ടോയിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടാനാകില്ല, തനിയേ ഡിലീറ്റ് ആകും. ആവശ്യവുമായി സമീപിക്കുന്ന ക്ലയന്റിനെ ഇത് ചെയ്യാനാകില്ല എന്നു പറഞ്ഞ് ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിയില്ല’’ റാമിന്റെയും ഗൗരിയുടെയും ചിത്രമെടുത്ത ഫൊട്ടോഗ്രഫർ രഞ്ജിത്ത് മങ്ങാട്.

ഇഴുകിച്ചേർന്നുള്ള പോസ്റ്റ് വെഡ്ഡിങ്– ഹണിമൂൺ ഫോട്ടോകൾ എടുക്കുന്നത് പ്രിയപ്പെട്ട നിമിഷങ്ങൾ എന്നെന്നും സൂക്ഷിച്ചുവയ്ക്കാൻ വേണ്ടിയാണെന്ന് പറയുന്നു. എങ്കിൽ എന്തിനാണ് ഇത് സോഷ്യൽ മീഡിയയിൽ ഇടാൻ അനുവദിക്കുന്നത്. എടുക്കുന്നതിൽ തെറ്റില്ല, ലോകം മുഴുവൻ പരസ്യപ്പെടുത്തേണ്ടതുണ്ടോ എന്നു ചോദിക്കുന്നു ഗവൺമെന്റ് ഉദ്യോഗസ്ഥയായ മഞ്ജു. ഈ ആശയയുദ്ധത്തിനു നടുവിലേക്കാണ് പൊലീസിന്റെ കടന്നുവരവ്. എന്തായാലും കാക്കി കമന്റ് വന്നതോടെ ചർച്ച പുതിയ വഴിത്തിരിവിലെത്തി.

sd-1

കൂടുതൽ വായന വനിത ഡിസംബർ രണ്ടാം ലക്കത്തിൽ