Tuesday 18 August 2020 04:05 PM IST

പാവലും, പടവലവും, മാവും പ്ലാവും തെങ്ങും! അങ്ങ് യുഎസിലും മലയാളിയുടെ പറമ്പ് മാസാണ്

Binsha Muhammed

agriii3344

തലയാട്ടി നില്‍ക്കുന്ന ചോളപ്പാടങ്ങള്‍...സ്വര്‍ണ നിറംപൊതിഞ്ഞ് ചന്തത്തില്‍ നില്‍ക്കുന്ന ബാര്‍ലി വിളകള്‍... തുടുത്തു നില്‍ക്കുന്ന ഓറഞ്ച് ഫാമുകള്‍. അംബര ചുംബികളായ കെട്ടിടങ്ങളും ആഡംബര സൗധങ്ങളും മാറ്റിനിര്‍ത്തിയാലുള്ള അമേരിക്കയുടെ ചിത്രം ഇങ്ങനെയൊക്കെയാണ്. നമ്മുടെ രാത്രി പകലാകുന്ന അമേരിക്കയില്‍ കാര്‍ഷിക രീതിയും കേരളത്തിലേതിനേക്കാള്‍ രാപ്പകല്‍ വ്യത്യാസം. അങ്ങനെയുള്ള നാട്ടില്‍ പാവലും, പടവലവും, മാവും പ്ലാവും തെങ്ങുമൊക്കെ പിടിപ്പിച്ച് മാസ് കാണിക്കാന്‍ ആരെക്കൊണ്ടു പറ്റും? അതു പോട്ടെ, ബര്‍ഗറും ചീസും പിസയും കോണ്‍ഫഌക്‌സും നിന്നും മടുത്ത മലയാളിക്ക് നൊസ്റ്റാള്‍ജിയ  വരുമ്പോള്‍ ചേനയും ചേമ്പും കപ്പയും മതിയാവോളം വിളമ്പാനും കഴിയുമോ സക്കീര്‍ഭായിക്ക്? അതിമോഹമാണ് മോനേ ദിനേശാ... എന്നെങ്ങാനും പറഞ്ഞാല്‍... ബട്ട് ഐ കാന്‍... എന്ന് ഫ്‌ളോറിഡക്കാരന്‍ ഷെന്‍സി മാസ് മറുപടി നല്‍കും. 

അമേരിക്കയിലോ...? നമ്മുടെ പാവലും പടവലവും പയറും മാവും പ്ലാവുമൊക്കെയോ... എന്ന് പറഞ്ഞ് അന്തിച്ചും അവിശ്വസിച്ചും നിന്ന ഒരുപാട് പേരുണ്ടായിരുന്നു. അങ്ങനെ പറഞ്ഞവരൊക്കെ കോട്ടയം സംക്രാന്തിക്കാരന്‍ ഷെന്‍സിയുടെ കലവറ ഗാര്‍ഡന്‍സിലെത്തി കണ്ണു തള്ളിയതും കയ്യടിച്ചതും മുന്‍കാല ചരിത്രം. മലയാളി സ്വപ്‌നങ്ങള്‍ കൊയ്യുന്ന ചിങ്ങമാസത്തിലും ഏഴുകടലിനക്കരെ നൂറുമേനി വിളവുമായി നില്‍ക്കുന്ന ഷെന്‍സിയുടെ ഫ്‌ളോറിഡയിലെ  വൃന്ദാവനത്തിലേക്ക് വനിത ഓണ്‍ലൈനും വിരുന്നു പോകുകയാണ്. വേരുപിടിക്കില്ലെന്ന മുന്‍വിധികള്‍ക്ക് മുന്നില്‍ കേരളീയ കാര്‍ഷിക വിളകളുടെ വൃന്ദാവനം തീര്‍ത്ത ഷെന്‍സിയുടെ മാജിക് കാണാന്‍. രണ്ടേക്കറിലെ ഷെന്‍സിയുടെ സ്വര്‍ഗം കാണാന്‍...

agrinbhvfdf776

അമേരിക്കന്‍ കര്‍ഷകന്‍

 ഒന്നുകില്‍ നഴ്‌സ്. അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍. അമേരിക്കന്‍ മലയാളികളെ നമ്മുടെ നാട്ടുകാര്‍ ഭാവനയില്‍ കാണുന്നത് അങ്ങനെയാണ്. അങ്ങനെയിരിക്കേ... അമേരിക്കയില്‍ പോയി കൃഷിപ്പണി ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പലരും മൂക്കത്തു വിരല്‍ വയ്ക്കും. 2006ല്‍ കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറിയ ഷെന്‍സി എങ്ങനെ ഇവിടെ കര്‍ഷകനായി എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം, ഞാന്‍ നാട്ടില്‍ ഒന്നാന്തരം ഒരു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത് ഭായ്... നമ്മുടെ വേരു മറക്കുന്നതെങ്ങനെ?- പുളിയിലക്കരയുള്ള തോര്‍ത്ത് തലയില്‍ മുറുക്കിക്കെട്ടി ഷെന്‍സി പറഞ്ഞു തുടങ്ങുകയാണ്. 

കാറ്ററിംഗ് ബിസിനസാണ് എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയിരുന്നത്. ഭാര്യ ആശുപത്രിയില്‍ നഴ്‌സ്. മലയാളിയെ അറിയാല്ലോ... നാട്ടില്‍ വൈറ്റ് കോളര്‍ ജോലി മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന് വാശി പിടിച്ചാലും അന്യ നാട്ടില്‍ പോയി എത്ര വേണമെങ്കിലും കഷ്ടപ്പെടും. ഞാനിവിടെ വരുമ്പോളും എല്ലാ മലയാളികളും നല്ല ഒന്നാന്തരം കഠിനാദ്ധ്വാനികള്‍.  എന്ത് ജോലി ചെയ്യാനും ആള്‍ക്കാര്‍ ഒരുക്കമാണ്. എന്റെ അധ്വാനം എന്തു കൊണ്ട് കാര്‍ഷിക മേഖലയില്‍ വിനിയോഗിച്ചു കൂടാ എന്ന് ചിന്തിച്ചു.

സ്വന്തമാക്കിയ 20 സെന്റിലും വീടിനും പരിസരത്തായിരുന്നു ആദ്യ കൃഷി പരീക്ഷണം. ദൈവാനുഗ്രഹം എന്തെന്നാല്‍ നമ്മുടെ നാടിന്റെ അതേ കാലാവസ്ഥയെ തന്നെയാണ് ഫ്‌ളോറിഡയിലു. തണുപ്പ് കുറവ്, ആവശ്യത്തിന് മഴ. ബുദ്ധിമുട്ടിക്കാത്ത ചൂട്. അങ്ങനെയുള്ളപ്പോള്‍ നമ്മുടെ നാട്ടിലെ കൃഷിരീതി ഇവിടെയും എന്ത് കൊണ്ട് അവലംബിച്ചു കൂടാ എന്നചിന്തയുണ്ടായി. പരീക്ഷണാടിസ്ഥാനത്തില്‍ പാവലും പയറും പടവലവും ചേമ്പുമൊക്കെ നട്ടു നോക്കി, മോശമല്ലാത്ത രീതിയില്‍ അതിന്റെ ഫലം കിട്ടിയപ്പോള്‍ അമ്പരന്നു പോയി.

shency-1

അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയിലും ഒത്തു ചേരലിലും ഒക്കെയാണ് എന്‍റെ കാറ്ററിംഗ് സര്‍വീസ് സാധാരണ നടത്തുന്നത്. ഒരു വിരുന്നില്‍ വച്ച് ഞാന്‍ നമ്മുടെ വിളവെടുത്ത ചേനയും ചേമ്പും കാച്ചിലുമൊക്കെ അങ്ങ് വിളമ്പി. അമേരിക്കന്‍ ഭക്ഷണ വിഭവങ്ങള്‍ക്കിടയില്‍ നാട്ടിലെ കിഴങ്ങു വര്‍ഗങ്ങളും തോരനുമൊക്കെ കണ്ടപ്പോള്‍ മലയാളികളുടെ കണ്‍ട്രോള്‍ പോയി. കഴിച്ചവരും രുചിച്ചവരും എന്നെ മനസു നിറഞ്ഞ് അഭിനന്ദിച്ചു. ആ അഭിനന്ദനവും സ്വീകാര്യതയും ഒരു തുടക്കമായിരുന്നു. പിന്നെ ഞാന്‍ തുനിഞ്ഞിറങ്ങി. തൂമ്പയും കൈക്കോട്ടും വിത്തുകളുമായി മണ്ണിലേക്കിറങ്ങി. അമേരിക്കന്‍ നാടിനെ മലയാളികളുടെ സ്വര്‍ഗമാക്കിയ യാത്ര അവിടെ തുടങ്ങുകയായിരുന്നു. 

സ്വപ്‌നം പൂവിട്ടത് നൂറുമേനി 

നൊസ്റ്റാള്‍ജിയയും ഹോബിയും മാത്രമാകുന്ന കൃഷി എനിക്ക് ജീവിതമാകുന്ന കാഴ്ചയാണ് പിന്നെക്കണ്ടത്. പതിയെ പതിയെ കൃഷി വിപുലീകരിച്ചു. വിളവും ആവശ്യക്കാരും ഏറിയപ്പോള്‍ വീടും പുരയിടവും കൂടി ചേരുന്ന രണ്ടേക്കര്‍ ഭൂമി വിലയ്ക്കു വാങ്ങി. അതു വരെയുള്ള നീക്കിയിരിപ്പും സമ്പാദ്യവും കൊണ്ട് നേടിയ സ്വര്‍ഗഭൂമി. മറുനാട്ടിലെ കൃഷിക്ക് വേണ്ട മണ്ണൊരുക്കം സംരക്ഷണം എന്നിവയെക്കുറിച്ചുള്ള  അറിവ് മലയാള മനോരമയുടെ കര്‍ഷക ശ്രീ പോലുള്ള മാഗസിനുകളില്‍ നിന്നും പഠിച്ചെടുത്തു. ഒരു വട്ടം നാട്ടില്‍ വന്നുപോയപ്പോള്‍ കൊണ്ടു പോയ വിത്തുകള്‍, തൈകള്‍ എന്നിവ അന്ന് പുതിയ തുടക്കമെന്നോണം ഫ്‌ളോറിഡയുടെ മണ്ണുതൊട്ടു. പയര്‍, പാവല്‍, വെണ്ട, പടവലം, വെള്ളരി, തുടങ്ങി മലയാളിക്ക് പ്രിയപ്പെട്ട ഒന്നിനേയും വിട്ടില്ല.

shency-5

കാലം മാറിമറിയുമ്പോള്‍ വാഴ തന്നെ നാലഞ്ച് ടൈപ്പ് എന്റെ മുറ്റത്ത് തലയാട്ടി നില്‍ക്കുന്നു. പിന്നെ കൂര്‍ക്ക, ചീര മുളക്, മഞ്ഞള്‍ അതിനു വേണ്ടി പ്രത്യേകം സെക്ഷന്‍.  കാച്ചില്‍, കപ്പ, ചേന അങ്ങനെ ജനപ്രിയ വിഭവങ്ങള്‍ വേറെ. ചേന മാത്രം 500 എണ്ണം ഇത്തവണ നട്ടു. കപ്പ മാത്രം നാല് ഐറ്റം ഉണ്ട്. മാവ്, പ്ലാവ്, തെങ്ങ്, പുളി, വാളന്‍ പുളി അങ്ങനെ വിശേഷപ്പെട്ട അതിഥികള്‍ വേറെ. 43 തെങ്ങ് നട്ടതില്‍ 25 എണ്ണമെങ്കിലും കായ്ച്ചു. മാവ് തന്നെ 10 മുതല്‍ 12 വരെ ഐറ്റം. ഔഷധ സസ്യങ്ങളായ കറ്റാര്‍ വാഴ, ആര്യവേപ്പ്, നെല്ലി, തുളസി, പുതിന, തുളസി, മുരിങ്ങ, ആര്യവേപ്പ്,  കറിവേപ്പ് പലതും ഗമയോടെ അമേരിക്കന്‍ മണ്ണില്‍ പൂത്തും തളിര്‍ത്തും നില്‍ക്കുന്നു. 

നാട്ടിലെ കൃഷി രീതി വച്ചു നോക്കുമ്പോള്‍ ഇവിടുത്തെ വ്യത്യാസം എന്താണ് എന്ന് ചോദിച്ചാല്‍ ചേമ്പ് കപ്പ ചേന പോലുള്ള മണ്ണിനടയില്‍ വിളയുന്നവ വിളവെടുക്കാന്‍ 9 മാസം വരെ വേണം. നാട്ടിലാണെങ്കില്‍ 6 മാസം മതിയാകും. പക്ഷേ വാഴ നാട്ടിലേതിനേക്കാള്‍ വളരെ വേഗം വിളവെടുക്കാം. തൈ നട്ട് ആറുമാസം ആകുമ്പോഴേക്കും വാഴ കുലച്ച് സുന്ദരനായി നില്‍ക്കും.

ഇവിടുത്തെ കൃഷി വിളവെടുപ്പ് കണ്ട് അമേരിക്കയിലെ കര്‍ഷകര്‍ പോലും അന്തംവിട്ടിട്ടുണ്ട്. പയര്‍ മാത്രം ആഴ്ചയില്‍ 600 പൗണ്ട് വരെ വിളവെടുത്തിട്ടുണ്ട്. അതായത് 272കിലോ വരെ. കാന്താരി മുളക് നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നത് പറിക്കാന്‍ പോലും പാടാണ്. അത്രമാത്രം തിങ്ങിനിറഞ്ഞു നില്‍ക്കുന്നു. പയറും പടവലവും എല്ലാം തലച്ചുമടായാണ് ഇവിടെ നിന്നും പുറത്ത് എത്തിക്കുന്നത്. ഇത്തവണ മാത്രം 1500 പൌണ്ട് ചേന വിളവെടുത്തു, അതായത് 680 കിലോ വരെ!

shency-4

പൂര്‍ണമായും ജൈവ വളമാണ് നമ്മുടെ ഗാര്‍ഡനില്‍ ഉപയോഗിക്കുന്നത്. കലവറ ഗാര്‍ഡനോടു ചേര്‍ന്ന് 200 നാടന്‍ കോഴി കൃഷി, 60 താറാവ്, അമ്പതോളം ആട് എന്നിവയുമുണ്ട്. നമ്മുടെ ഫാമില്‍ തന്നെ വളര്‍ത്തുന്ന ആട്, കോഴി, താറാവ് എന്നിവയുടെ കാഷ്ഠങ്ങള്‍ വളമായി ഉപയോഗിക്കുന്നു. പിന്നെ ജൈവവളം സംസ്‌കരിച്ച് തോട്ടങ്ങളിലേക്കെത്തിക്കുന്നു. നാട്ടിലെ പോലെ കീടങ്ങളുടെ ശല്യം ഇല്ലാ എന്നതും അനുകൂല ഘടകമാണ്. പിന്നെ ഇതിന്റെയൊക്കെ ഓള്‍ ഇന്‍ ഓള്‍... അതും ഞാന്‍ തന്നെയാണ്. മണ്ണൊരുക്കം, സംരക്ഷണം എന്നിവയ്ക്കു മാത്രം ഞാന്‍ സഹായം പുറത്തു നിന്നു തേടുന്നു. 

shency-6

ഏറെ അഭിമാനം

കാറ്ററിംഗിനും ഇവിടുത്തെ മലയാളികളുടെ പച്ചക്കറി സ്റ്റാളുകളിലും എന്റെ കാര്‍ഷികോത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. പൂര്‍ണമായും ഓര്‍ഗാനിക് ഫാമിങ് ആണ് എന്നതു കൊണ്ട് തന്നെ എന്റെ പച്ചക്കറികള്‍ തേടിദൂര ദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്താറുണ്ട്. ഷെന്‍സിയുടെ പച്ചക്കറിയാണോ എന്ന് പലരും ചോദിച്ചു വാങ്ങും. എന്റെ വീട്ടില്‍ വന്ന് നേരിട്ടു വാങ്ങി പോകുന്നവരും വിത്തുകള്‍ സ്വന്തമാക്കുന്നവരും ഉണ്ട്. എല്ലാവര്‍ക്കും നിറഞ്ഞ മനസോടെ ഞാന്‍ വേണ്ടതു നല്‍കുന്നു. ചില കാര്യങ്ങളില്‍ നിറഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്. ഇവിടുത്തെ മലയാളിക്ക് കേരളത്തിന്റെ ഓര്‍മ്മകള്‍ നല്‍കാന്‍ കഴിയുന്നു, അവര്‍ മനസു നിറഞ്ഞു കഴിക്കുന്നു എന്നതില്‍ പരം അഭിമാനം മറ്റൊന്നില്ല. 2006ല്‍തുടങ്ങിയ ഈ സംരംഭം പടര്‍ന്നു പന്തലിച്ച് നിറഞ്ഞു നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത അഭിമാനമുണ്ട്... മനസിനൊരു സുഖമുണ്ട്- ഷെന്‍സി പറഞ്ഞു നിര്‍ത്തി.

shency-7