Tuesday 07 July 2020 04:50 PM IST

എന്റെ ഭർത്താവിനില്ലാത്ത വിഷമം ആർക്കാണ്, അത് ഞങ്ങളുടെ മാത്രം പ്രണയം; വൈറൽ ചെക്കനും പെണ്ണും പറയുന്നു

Binsha Muhammed

cats-eye-main

സോഷ്യൽ മീഡിയയിലെ സൂം ചെയ്ത് പിടിച്ചമാതിരിയുള്ള സദാചാര കണ്ണുകൾ ഇപ്പോൾ ഒരു ചെക്കനും പെണ്ണിനും നേർക്കാണ് നീളുന്നത്. സോഷ്യൽ മീഡിയയിലെ സദാചാര–സൈബർ ആങ്ങളമാർ കണ്ണു തിരുമ്മി നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്, പ്രണയമഴയിൽ നനഞ്ഞൊട്ടി നിൽക്കുന്ന കല്യാണ ചെക്കനും പെണ്ണും. തുടർന്നങ്ങോട്ട് കമന്റുകളുടേയും കുത്തുവാക്കുകളുടേയും പ്രളയമായിരുന്നു. പതിവു പോലെ വധു–വരൻമാരെ സംസ്കാരം പഠിപ്പിക്കാൻ വന്നവരും നിരവധി. ഇഷ്ടങ്ങൾ ലൈക്കുകളായും ഉപദേശങ്ങൾ കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ആ വൈറൽ ജോഡികൾ മനസു തുറക്കുകയാണ്. സോഷ്യൽ മീഡിയിലെ കുത്തുവാക്കുകളെ സൈഡിലേക്ക് തട്ടിയിട്ട് ജീവിതം കിക്ക് സ്റ്റാർട്ടാക്കിയ സൗമ്യ കെ മോഹനും സുമിത് മേനോനും പറയുന്നു, ‘സദാചാരക്കാർ പ്ലീസ് സ്റ്റെപ്പ് ബാക്ക്’. ഒപ്പം ആ പ്രണയ ചിത്രങ്ങൾ പിറന്ന നിമിഷത്തെക്കുറിച്ച് ക്യാമറാമാൻ അജ്മലും വനിത ഓൺലൈൻ വായനക്കാരോട് സംസാരിക്കുന്നു.

അത് ഞങ്ങളുടെ പ്രണയം... സ്വാതന്ത്ര്യം

ഒരു നല്ലകാര്യം സംഭവിച്ചാൽ പോലും പത്ത് അഭിപ്രായങ്ങൾ പറയാൻ ആൾക്കാരുണ്ടാകും. ആ ചിത്രങ്ങൾ ഞങ്ങളുടെ പ്രണയ നിമിഷങ്ങളാണ്, ഞങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്. അത് മനസിലാക്കാതെ സോഷ്യൽ മീഡിയയിൽ ഉപദേശങ്ങളുമായി വരുന്നവരോട് ഒന്നും പറയാനില്ല. ചിത്രത്തിനു പിന്നാലെയെത്തിയ നെഗറ്റീവ് കമന്റ്സിൽ കുറേയൊക്കെ ശ്രദ്ധിച്ചു. ചില പ്രയോഗങ്ങൾ കണ്ടപ്പോൾ വല്ലാത്ത വിഷമവും ദേഷ്യവുമൊക്കെ തോന്നി. പിന്നെ ചിന്തിച്ചു. അതിനൊക്കെ തലവയ്ക്കാൻ തുടങ്ങിയാൽ പിന്നെ അതിനേ നേരമുണ്ടാകൂ. അതു കൊണ്ട് അത്തരക്കാരുടെ ഉപദേശങ്ങൾക്ക് മറുപടി പറയാൻ തത്കാലം നേരമില്ല. എന്റെ ഭർത്താവിനില്ലാത്ത വിഷമം ആർക്കാണ്? വൾഗാരിറ്റി ഈ പറയുന്ന സദാചാരക്കാരുടെ മനസിലാണ്– സൗമ്യ പറയുന്നു.

cats-eye-cover-6

ഞങ്ങൾ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ, ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ട്. സുമിതും ചിത്രങ്ങൾക്കു നേരെ വന്ന കമന്റുകളെ അതേ സെൻസിൽ എടുത്തിട്ടുണ്ട്. രാജസ്ഥാനിൽ ജനിച്ചു വളർന്ന സുമിതിന് ബിസിനസ്മാനാണ്. ഞാൻ ഓട്ടോമേഷൻ രംഗത്ത് ജോലി ചെയ്യുന്നു. ചിത്രങ്ങൾ നല്ല മനസോടെ ഏറ്റെടുത്ത് എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് നന്ദി പറയാനുള്ളത്, ചിത്രങ്ങൾ പകർത്തിയ അജ്മലിനോടാണ്.– സൗമ്യ പറയുന്നു.

cats-eye-cover-4
cats-eye-cover-1

ചിത്രം പകർത്തിയ അജ്മൽ പറയുന്നു

ചിത്രം കണ്ടിട്ട് കുറേ പേർ വിശേഷിപ്പിച്ചത് അഴിഞ്ഞാട്ടമെന്നാണ്, കുറേ പേർ കമന്റ് ബോക്സിൽ ചെക്കനേയും പെണ്ണിനേയും വിവരം പഠിപ്പിക്കാനുമെത്തി. സഭ്യതയില്ലാതെ ഇവ്വിധം സംസാരിക്കുന്നവരാണോ മറ്റുള്ളവരെ വിവരം പഠിപ്പിക്കാനെത്തുന്നത്. ആ ചിത്രം പിറന്നത് അവരുടെ പ്രണയത്തിൽ നിന്നാണ്. അവരുടെ താത്പര്യത്തിൽ നിന്നാണ്. അതിനുമപ്പുറം അതിൽ അശ്ലീലത കാണുന്നവരോട് മറുപടി പറയാനില്ല. അവരുടെ സ്വാതമന്ത്ര്യത്തെ മാനിക്കണം.

cats-eye-cover-3

ശ്രീലങ്കയിൽ പോയി പകർത്തിയ വെഡ്ഡിംഗ് ഷൂട്ട് എന്നൊക്കം പല ഓൺലൈൻ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് കണ്ടു. അത് സത്യമല്ല. അട്ടപ്പാടി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തത്. ചിത്രങ്ങൾ നല്ല മനസോടെ ഏറ്റെടുത്ത എല്ലാവർക്കും നന്ദി–അജ്മൽ പറഞ്ഞു നിർത്തി.

cats-eye-cover-5

ചിത്രങ്ങൾക്ക് കടപ്പാട്; ക്യാറ്റ്സ് ഐ വെഡ്ഡിംഗ്സ്