Monday 19 August 2019 05:58 PM IST

പ്രളയത്തിനു മീതേ പറന്നെത്തിയ മുത്തിന് പിറന്നാൾ മധുരം! സുബ്ഹാന് സമ്മാനപ്പൊതികളുമായി രക്ഷകർ

Binsha Muhammed

subhan-1

ആർത്തലച്ചെത്തിയ പ്രളയത്തിന്റെ ഇരമ്പം പോലെയായിരുന്നു സജിത ജബീലിന്റെ കരച്ചിലും. പ്രളയം മുക്കിയ കൂരയുടെ മേലാപ്പിൽ കയറി നിന്ന് സഹായത്തിനായി കേണപേക്ഷിച്ച ആ നിറവയർ ഗർഭിണിയെ അത്രവേഗമൊന്നും മലയാളക്കര മറക്കില്ല. പ്രളയം മുക്കിയ ദുരന്ത തീരത്ത് നിറവയറുമായി നിന്ന സാജിതയ്ക്കും അവളുടെ ഉദരത്തിലെ പൈതലിനുമായി പ്രാർത്ഥിക്കാത്ത ആരുമുണ്ടാകില്ല. അലറിപ്പാഞ്ഞെത്തിയ പ്രളയത്തിന്റെ ദിനരാത്രങ്ങളിൽ മലയാളക്കര തേടിയത് ഒന്നു മാത്രം. ‘സാജിതയ്ക്ക് എന്ത് സംഭവിച്ചു?’. പ്രാർത്ഥനയുടെ നിമിഷങ്ങളിൽ സഹൃദയർ തേടിയത് ഒന്നു മാത്രം, ആ കുഞ്ഞിനെ അവർ രക്ഷിച്ചുവോ?

s4

നിമിഷങ്ങളെ ആയിരം കഷണങ്ങളാക്കി മുറിച്ച് കാത്തിരുന്ന മലയാളക്കര ഒടുവിൽ‌ ആ സന്തോഷ വർത്തമാനം കേട്ടു. ‘ദുരിത ദീരത്തു നിന്നും സഹായത്തിനായി കേണ സജിത നേവിയുടെ സുരക്ഷിത കൈകളിലേക്കെത്തിയിരിക്കുന്നു. ചെങ്ങമനാട് മുസ്ലീം പള്ളിയുടെ ടെറസില്‍ അഭയം തേടിയിരുന്ന പൂര്‍ണ ഗര്‍ഭിണിയായിരുന്ന സാജിതയെ അതിസാഹസികമായി നേവി ഉദ്യോഗസ്ഥര്‍ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. അനുനിമിഷങ്ങളില്‍ മാറിമറിഞ്ഞ വാർത്തകൾക്കൊടുവില്‍ കേൾക്കാൻ കൊതിച്ച വാർത്തയുമെത്തി. പ്രളയക്കടലിനു നടുവിൽ നിന്നും നേവി രക്ഷിച്ച സജിത ഒരാൺകുഞ്ഞിന് ജന്മം നൽകി. കേരളക്കര ആനന്ദാശ്രു പൊഴിച്ച നിമിഷമായിരുന്നു പിന്നെ കണ്ടത്. പ്രളയതീരത്തു നിന്നും പ്രതീക്ഷയുടെ മറുകര തേടിയ കൺമണിയെ സജിതയും ഉപ്പ ജബീലും ഇങ്ങനെ വിളിച്ചു സുബ്ഹാൻ... മഹത്വപ്പെട്ടവൻ.

s3

ഭീതിയുടെ മറ്റൊരു പ്രളയകാലം കൂടി പെയ്തൊഴിയുമ്പോൾ ആലുവ സ്വദേശികളായ സജിതയും ജബീലും വലിയൊരു വിശേഷമാണ് അവർക്കായി പ്രാർത്ഥിച്ച കേരളക്കരക്കായി പങ്കുവയ്ക്കുന്നത്. പ്രളയത്തിന്റെ കൺമണി സുബ്ഹാന് ഒരു വയസ് പൂർത്തിയായിരിക്കുന്നു. ആകാശത്തേയും ഭൂമിയേയും സാക്ഷിയാക്കി ജനിച്ച പൈതലിന്റെ ഒന്നാം പിറന്നാൾ! കഴിഞ്ഞ ഓഗസ്റ്റിന് കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിലെ നേവിയുടെ സഞ്ജീവനി ആശുപത്രിയിലാണ് സജിത സുബ്ഹാന് ജന്മം നൽകിയത്.

s5

സന്തോഷ സുദിനത്തിൽ സുബ്ഹാനെ കാണാൻ ചില വിശിഷ്ടാതിഥികളുമെത്തി. സുബ്ഹാഎന്ന കൺമണി ഈ ലോകത്തേക്ക് തന്നെ വരാൻ കാരണക്കാരായ നേവൽ കമാൻഡർ വിജയ് വർമ്മയും സംഘവുമാണ് സുബ്ഹാനെ കാണാൻ സമ്മാനപ്പൊതികളുമായി എത്തിയത്. വിജയ് വർമ്മയുടെ ഭാര്യ ധന്യയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അന്ന് വിജയ് വർമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാജിതയെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. സങ്കീർണഘട്ടത്തിൽ സാജിതയുടെ പ്രസവശ്രുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ സഞ്ജീവനി ആശുപത്രിയിലെ ഡോക്ടർ ഡോക്ടർ തമന്നയും സുബ്ഹാനുള്ള സമ്മാനപ്പൊതികളുമായി എത്തി.

s1 സജിതയെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയ നേവി കമാൻഡർ വിജയ് വർമയും പത്നി ധന്യയും
s2
Tags:
  • Inspirational Story