Friday 29 May 2020 12:56 PM IST

പെട്ടെന്ന് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല, സ്ട്രച്ചറിൽ ആശുപത്രിയിലെത്തി ; തക‍‍ർച്ചയിൽ നിന്നും വരകളുടെ ലോകത്തെത്തിയ കഥ വിനിത പറയുന്നു

Rakhy Raz

Sub Editor

crisis-1 Photo : Basil Paulo

വേദനയുടെ കൊടുമുടിയിൽ നിൽക്കെയാണ് വിനിതയ്ക്ക് രണ്ടു വർണച്ചിറകുകൾ മുളച്ചു കിട്ടിയത്. നിറങ്ങൾ കൊണ്ട് മെനഞ്ഞ ചിറകുകൾ. അതിൽ നിന്നും നിറം തൊട്ടെടുത്ത് വിനിത വരച്ചു തുടങ്ങി. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും വിരലുകൾ വിരുതോടെ നീങ്ങിത്തുടങ്ങി.

വേദനയെ മറന്നുള്ള ആ വരയിൽ വിരിഞ്ഞത് കഥ പറയുന്ന, കവിത ചൊല്ലുന്ന സാരികളായിരുന്നു. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും രണ്ടാമൂഴത്തിലെ ഭീമനും ഈജിപ്ഷ്യൻ കഥകളിലെ രാജകുമാരിമാരും ആ സാരികളിൽ നിറമണിഞ്ഞു നിന്നു. ഹൃദയം തൊട്ട കവിതകളുടെ വരികൾ സാരിയിലെ കസവിനോട് ചേർന്നു കിടന്നു. മലയാളത്തിന്റെ മധുരാക്ഷരങ്ങളിൽ പലതും സാരിയിൽ പുഞ്ചിരിച്ചു.

ചിത്രരചന പഠിക്കാത്ത, ഫാബ്രിക് പെയിന്റിങ് പഠിക്കാത്ത വിനിതയുടെ ഹാൻഡ് പെയിന്റഡ് സാരികളുടെ ആരാധകരിൽ ഇപ്പോൾ സാഹിത്യത്തിലും സിനിമയിലും ഉള്ള സെലിബ്രിറ്റികൾ വരെയുണ്ട്.

‘‘ എന്റെ ഏട്ടൻ ചിത്രകാരനാണ്. അമ്മയ്ക്ക് ഇഷ്ടം ഞാൻ ടീച്ചർ ആകുകയായിരുന്നു. അമ്മയുടെ ആഗ്രഹം നിറവേറ്റണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എഴുത്തിനോടും പുസ്തകങ്ങളോടും പണ്ടേ ഇഷ്ടമാണ്. നന്നായി വായിക്കുമായിരുന്നു. കവിതകൾ എഴുതിയിരുന്നു. കവിതാ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

പഠനം കഴിഞ്ഞയുടൻ ആശിച്ച പോലെ ടീച്ചർ ഉദ്യോഗം കിട്ടി. കുട്ടികളുമൊത്തുള്ള ദിവസങ്ങൾ ഞാൻ ശരിക്കും ആസ്വ ദിച്ചു വരികയായിരുന്നു.

വില്ലനായ വേദന

ജോലി ലഭിച്ച് ഒരു വർഷം തികയുന്നതിന് മുൻപായിരുന്നു നടുവേദനയുടെ തുടക്കം. ഏറെ നേരം നിന്നു ക്ലാസ് എ ടുത്തതു കൊണ്ട് വന്ന നടുവേദനയാകും, നീർക്കെട്ടാകും എന്നൊക്കെ കരുതി. ബാം പുരട്ടിയും ചൂട് പിടിച്ചും നടുവേദന ശമിപ്പിക്കാൻ നോക്കി. പക്ഷേ, മാറ്റമൊന്നും ഉണ്ടായില്ല.

ആദ്യം നിൽക്കാൻ മാത്രമായിരുന്നു പ്രയാസമെങ്കിൽ പിന്നീട് നട കയറാനും നടക്കാനും കഴിയാതെയായി. അതോടെ ഡോക്ടറെ ക ണ്ടു മരുന്ന് കഴിച്ചു തുടങ്ങി.

മാറും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. പക്ഷേ, ഒരു ദിവസം രാവിലെ കടുത്ത വേദന മൂലം കട്ടിലിൽ നിന്ന് എ ഴുന്നേൽക്കാൻ കഴിഞ്ഞില്ല. സ്ട്രച്ചറിൽ എടുത്താണ് ആശുപത്രിയിലെത്തിച്ചത്. വിശദമായ പരിശോധനയിൽ ‘ഡിസ്ക് ബൾജിങ്’ ആണെന്ന് പറഞ്ഞു. അധിക നേരം നിൽക്കുന്നതും നട കയറുന്നതും എന്നെ കിടപ്പുരോഗി ആക്കിയേക്കുമെന്നും ഡോക്ടർ പറഞ്ഞു. എനിക്ക് വേണ്ടി മാത്രം സ്കൂളിലെ ക്ലാസുകൾ താഴത്തെ നിലയിലാക്കുക സാധ്യമല്ല. മുഴുവൻ സമയവും ഇരുന്ന് പഠിപ്പിക്കുന്നതും പ്രായോഗികമല്ലല്ലോ. അതിനാൽ ആശിച്ചു നേടിയ ജോലി വേണ്ടെന്ന് വയ്ക്കേണ്ടി വന്നു.’’

‘കഴിവതും ഇരിക്കുക, വിശ്രമിക്കുക, ജോലി വേണോ എന്ന് ആലോചിച്ച് തീരുമാനിക്കുക’ എന്ന് ഡോക്ടർ പറയു മ്പോൾ മനസ്സിൽ മുള്ളുകൾ ആഴ്ത്തിയ വേദനയായിരുന്നു നടുവേദനയേക്കാൾ ഭീകരമായി വിനിതയ്ക്ക് തോന്നിയത്.

വരുന്നു വരയുടെ നാളുകൾ

‘‘വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിയപ്പോൾ സമയം നീക്കാനാണ് വര തുടങ്ങിയത്. വായിച്ച കഥകളിലെ കഥാപാത്രങ്ങളെയും കഥകളുടെ പശ്ചാത്തലങ്ങളെയും കടലാസിൽ കോറിയിട്ടു. അപ്പോഴാണ് കൊള്ളാമല്ലോ എന്ന് എനിക്കു തന്നെ തോന്നിയത്. ഇതു സാരിയിൽ ചെയ്തു നോക്കിയാലോ എ ന്നായി. ഉടനെ അമ്മയുടെ ഒന്ന് രണ്ട് പ്ലെയിൻ സാരിയെടുത്ത് വര തുടങ്ങി.

‘ഈ പെണ്ണ് എന്റെ സാരിയൊക്കെ ചീത്തയാക്കുമല്ലോ’ എന്ന് അമ്മ പറയുമെങ്കിലും വിനിത വരയ്ക്കുമ്പോഴും സാരികൾ തേടി ആളെത്തുമ്പോഴും അമ്മ മേരിക്കും അച്ഛൻ റാഫേലിനും ചേട്ടൻ വിപിനും സന്തോഷം കൊണ്ട് കണ്ണു നിറയും. ‘‘സുഹൃത്തുക്കളിലാരെങ്കിലുമൊക്കെ എന്നും എന്നെ കാണാൻ വരുമായിരുന്നു. സിനിമാ സംവിധായകനും നടനു മായ മധുപാലിന്റെ ഭാര്യ രേഖ ചേച്ചി വീട്ടിലെത്തിയതാണ് എന്റെ ജീവിതം മാറ്റി മറിച്ചതെന്ന് പറയാം. എന്റെ സാരി കണ്ട് ആദ്യത്തെ ഓർഡർ തരുന്നത് രേഖ ചേച്ചിയാണ്.

സാരി കണ്ട ചേച്ചിയുടെ സുഹൃത്തുക്കൾ അവർക്കും അ തുപോലെ പെയിന്റ് ചെയ്ത് വേണമെന്ന് പറഞ്ഞു സമീപിച്ചു. വരുമാന മാർഗമാകുമെന്നു വിചാരിച്ചല്ല ചെയ്തു കൊടുത്ത ത്. പക്ഷേ, സാവധാനം പറഞ്ഞു കേട്ട് ഓർഡർ കൂടി. സാരികൾ എനിക്ക് പുതിയ ജീവിതം നൽകി.’’

ചിത്രീകരണവും കവിതാശകലങ്ങളും മാത്രമല്ല, ടൈപ്പോഗ്രഫിയും വിനിത സാരിയിൽ ചെയ്തു തുടങ്ങി. മലയാള അ ക്ഷരങ്ങൾ പ്രത്യേകമായ ആകൃതിയിൽ ഭംഗിയോടെ എഴുതുകയാണ് ടൈപ്പോഗ്രഫി. അതു ശാസ്ത്രീയമായി പഠിക്കാതെ തന്നെ വിനിത അക്ഷരങ്ങളെ സാരിയില്‍ പകർത്തി. വിനിതയുടെ ടൈപ്പോഗ്രഫി സാരികൾക്ക് ആരാധകരേറെയാണ് ഇപ്പോൾ.

കാപ്പി സൗഹൃദ സാരികൾ

crisi-3

അധിക നേരം നിൽക്കാതെയും ഭാരമെടുക്കാതെയും ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങിയതോടെ നടുവേദന നിയന്ത്രണത്തി ലായി. നടുവേദന കുറഞ്ഞതോടെയാണ് സ്കൂട്ടറിൽ പോയി ക്ലയന്റിനെ കോഫി ഷോപ്പുകളിൽ വച്ച് കാണുന്ന രീതി തുടങ്ങിയത്. രണ്ടുപേർക്കും സൗകര്യപ്രദമായ ഒരു കോഫി ഷോപ്പിലാണ് കൂടിക്കാണുന്നത്. വർക്ക് കഴിഞ്ഞ് സാരി നൽകുന്നതും കാപ്പിയുടെ അകമ്പടിയോടെ തന്നെ.

‘‘വേദനയ്ക്ക് മുൻപ് കൂട്ടുകാരോടൊപ്പം കോഫി ഷോപ്പിൽ കൂടുന്നതായിരുന്നു ഏറ്റവും സന്തോഷമുള്ള കാര്യം. ആ കൊതി തന്നെയാണ് ഈ പതിവിന് പിന്നിൽ.’’ ബുട്ടീക് സാരികളെക്കാൾ ഹൃദ്യമാണ് ഈ ‘കാപ്പി സൗഹൃദ സാരികൾ’ എന്നാണ് വിനിതയുടെ സ്ഥിരം കസ്റ്റമേഴ്സ് പറയുന്നത്. തെയ്യം, ഈജിപ്ഷ്യൻ ചിത്രങ്ങൾ തുടങ്ങി കസ്റ്റമറുടെ ആവശ്യപ്രകാരം എന്തും വിനിത സാരിയിൽ വരച്ചെടുക്കും.

‘‘ഹാൻഡ് പെയിന്റഡ് സാരികളിൽ സാധാരണ മ്യൂറൽ ഇമേജുകളാണ് കൂടുതലായും കാണുന്നത്. ഞാൻ വരയ്ക്കുന്നത് കൂടുതലും വായിച്ച കഥകളിലെ കഥാപാത്രങ്ങളെയും ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങിയ കവിതാശകലങ്ങളും മറ്റുമാണ്. ഞാൻ ഒരു ചിത്രരചനാ ശൈലിയും പഠിച്ചിട്ടില്ല. ഇമേ ജുകൾ എന്റെ മനസ്സിൽ വരുന്നതു പോലെ വരയ്ക്കുകയാണ് ചെയ്യുന്നത്. ’’

രണ്ടാമൂഴവും, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഇമേജും, മഹാഭാരതത്തിലെ വനവാസവും ചെയ്തെടുത്തത് വിനിതയുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഇഷ്ടകവിതയിലെ വരികൾ സാരിയുടെ ബോർഡറാക്കി വാങ്ങിയവർ ഉണ്ട്. ചിലർക്ക് കാട്, ഉത്സവം പോലുള്ള തീമുകളോടായിരിക്കും താല്‍പര്യം.

‘‘സാഹിത്യകാരി ഇന്ദു മേനോൻ സാരിയിൽ വരപ്പിച്ചു വാങ്ങിയത് തനിക്ക് അവാർഡ് നേടിത്തന്ന കഥാസമാഹാരത്തിന്റെ മുഖചിത്രമാണ്. ‘‘മഹാഭാരതത്തിലെ വനവാസം തീമിൽ ചെയ്ത സാരിയും ടൈപ്പോഗ്രഫി ഇമേജുകൾ കൊണ്ട് അ ക്ഷരങ്ങൾ കോറിയിട്ട സാരിയും ഇന്ദുവേച്ചി വാങ്ങിയിരുന്നു.’’ വായനയും എഴുത്തും സാഹിത്യവും കവിതയും ഇഷ്ടപ്പെടുന്നവരാണ് കവി കൂടിയായ വിനിതയുടെ ഇല എന്ന

ഹാൻഡ് പെയിന്റഡ് സാരികളുടെ കസ്റ്റമർ ലിസ്റ്റിൽ ഉള്ളത്. വിനിതയുടെ കവിതാ പുസ്തകത്തിൽ നിന്നുള്ള വരികൾ തന്നെ സാരിയിൽ എഴുതി വാങ്ങുന്നവരും കുറവല്ല.

വിവാഹ ജീവിതം വേണ്ട എന്ന തീരുമാനത്തിലായിരുന്നു വിനിത ഇത്രയും കാലം. പക്ഷേ, ഇപ്പോൾ ആ തീരുമാനം മാറ്റാൻ ഒരാൾ എത്തിയിരിക്കുന്നു. വീട്ടുകാർ അതിനുള്ള ഒരുക്കത്തിലാണ്. ജീവിതം കൂടുതൽ നിറമുള്ളതാകുന്നതിന്റെ ആനന്ദത്തിൽ വിനിത തന്റെ വരകളിലേക്ക് വിരലോടിക്കുന്നു, സ്നേഹത്തോടെ

ബുട്ടീക് ഇല്ലാതെ വിൽക്കാം

‘‘തൊഴിലാളികളെ പരിശീലിപ്പിച്ച് വരപ്പിച്ചെടുക്കുന്ന രീതിയാണ് ബുട്ടീക്കുകൾ പിന്തുടരുന്നത്. ഞാനത് ചെയ്യാ ൻ ആഗ്രഹിക്കുന്നില്ല. സാരികൾ എന്റെ കൈകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്നതാകണം എന്ന നിർബന്ധമുണ്ട്.’’

ഹാൻഡ് പെയിന്റ് ചെയ്ത സാരികൾ വളരെ ഭംഗിയായി ഫോട്ടോ ഷൂട്ട് ചെയ്ത് ഫെയ്സ്‌ബുക്കിലിടുന്നതാണ് ഏക മാർക്കറ്റിങ് പ്രവർത്തനം. അതാകട്ടെ സുഹൃത്തുക്കളുടെ സ്നേഹ നിർബന്ധത്തിനു വഴങ്ങി ചെയ്യുന്നതാണ്.

സാരിയുടുത്ത് മോഡലാകുന്നതും ഫോട്ടോ ഷൂട്ട് ചെയ്തു നൽകുന്നതുമൊക്കെ സുഹൃത്തുക്കൾ തന്നെയാണ്. അവരാണ് എന്റെ ധൈര്യം.

Tags:
  • Spotlight