Saturday 23 May 2020 12:49 PM IST

പ്രായം 35 കഴിയുന്നതോടെ വിവാഹ ‘കമ്പോളത്തിൽ’ ഡിമാന്റ് കുറയുന്നു; ‘പുര നിറഞ്ഞു നിൽക്കുന്ന പുരുഷൻ’മാരുടെ അവസ്ഥയെടുത്ത് പറഞ്ഞ് ‘വനിത’ സർവേ

V R Jyothish

Chief Sub Editor

kalyanam-1 വര: ജയൻ

എനിക്കിപ്പോഴൊന്നും കല്യാണം വേണ്ട, രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടു മതി’ ‘ആദ്യത്തെ കൺമണി’ എന്ന സിനിമയിൽ ഇങ്ങനെയൊരു ഡയലോഗ് പറയുന്നുണ്ട് ജയറാം അവതരിപ്പിച്ച കഥാപാത്രം. സിനിമയില്‍ കല്യാണം ഉടനേ തന്നെ നടന്നു. പക്ഷേ, ഇപ്പോള്‍ പല ചെറുപ്പക്കാരുെടയും ജീവിതത്തില്‍ ‘മൂന്നു മാസം’ എന്നത് രണ്ടും മൂന്നും പതിറ്റാണ്ടുകളായി മാറിപ്പോകുകയാണ്.

ചുറ്റുവട്ടമൊന്നു േനാക്കിയാല്‍ മതി, െകട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന െചറുപ്പക്കാരെ ഒരുപാടു കാണാം. മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരമൊരു അവസ്ഥയില്‍ കൂടുതലുമുള്ളത്. െപണ്‍കുട്ടികളുെട വിവാഹപ്രായം കഴിഞ്ഞു പോകുന്നുവല്ലോ എന്നോര്‍ത്തായിരുന്നു പണ്ട് മാതാപിതാക്കളുടെ ഉത്കണ്ഠ. ഇപ്പോള്‍ അവരുെട മനസ്സിലെ ആധിക്കു കാരണം ആണ്‍മക്കളാണ്.

‘‘എന്‍റെ അടുത്ത പരിചയത്തില്‍ തന്നെ പത്തു െചറുപ്പക്കാര്‍ കാണും, ഈ അവസ്ഥയില്‍...’’ തിരുവനന്തപുരത്തു ബാങ്ക് മാേനജര്‍ ആയ െെവശാഖ് പറയുന്നു. ‘‘ചിലര്‍ക്കു ജാതകപ്രശ്നം, ചിലയിടത്ത് െപണ്ണിന്‍റെ േജാലി, കുടുംബത്തിന്‍റെ സാമ്പത്തികം.... പല കാരണങ്ങളാല്‍ വിവാഹം നീളുകയാണ്. പയ്യന്‍റെ പ്രായം 35 കഴിയുന്നതോടെ അതും വിവാഹം െെവകുന്നതിന്‍റെ കാരണമായി മാറുന്നു.’’

യുവാക്കൾക്കു വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്തതിന്റെ കാരണം അന്വേഷിച്ച് പൊലീസുകാർ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട് കണ്ണൂരിൽ. രാഷ്ട്രീയകൊലപാതകങ്ങളുടെ പേരിൽ കുപ്രസിദ്ധമായ ചില ഗ്രാമങ്ങളിലാണ് ഇതു നടക്കുന്നത്. അ തുപോലെ അവിവാഹിതരായി ‘പുര നിറയുന്ന’ പുരുഷന്മാരുടെ എണ്ണം ലക്ഷങ്ങൾ കടന്നുവെന്ന സന്ദേശം നൽകിയിട്ടുണ്ട് കേരളത്തിലെ ചില െെക്രസ്തവ സഭകൾ. ഈ സംഭവങ്ങളിൽ നിന്നു തന്നെ കേരളത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന ‘വിവാഹദാരിദ്ര്യം’ മനസ്സിലാക്കാം.

വിവാഹയോഗമില്ലാതെ നിൽക്കുന്ന ആണുങ്ങളുടെ അവസ്ഥയെക്കുറിച്ചറിയാന്‍ ‘വനിത’ നടത്തിയ സർവേക്ക് ആവേശകരമായ പ്രതികരണമാണ് യുവജനങ്ങളില്‍ നിന്നു ലഭിച്ചത്.

kalyanam-4

‘‘അഴിമതിയെ കുറിച്ചും മതഭ്രാന്തിനെക്കുറിച്ചും ചാനലു കളില്‍ ദിവസങ്ങളോളം ചര്‍ച്ചയാണ്. ഇത്തരം സാമൂഹിക കാര്യങ്ങള്‍ സംസാരിക്കാന്‍ നമുക്കൊരു േവദി കൂടിയില്ല.’’ 15 തവണ െപണ്ണു കണ്ടിട്ടും വിവാഹം നടക്കാത്ത േറാഷന്‍ ഇതു പറയുന്നതു ചിരിയോെടയാണെങ്കിലും വാക്കുകളില്‍ മറഞ്ഞിരിക്കുന്നു സങ്കടം.

കേരളത്തിന്റെ വർത്തമാന യാഥാർഥ്യങ്ങളിലേക്ക് ടോർച്ചടിക്കുന്ന പല അഭിപ്രായങ്ങളും സർവേയിൽ പ്രകടമായി. വരുംകാലത്തെ രൂക്ഷമാകുന്ന പ്രതിസന്ധിയിലേക്ക് വെളിച്ചം തെ ളിക്കുന്നതായിരുന്നു സർവേയിലെ വെളിപ്പെടുത്തലുകൾ.

‘ഈ സർവേ ആ പ്രശ്നത്തിന്റെ ദിശാസൂചിയാണ്. സമൂഹത്തിന്റെ മാനസികാവസ്ഥ ഇതിൽ പ്രതിഫലിക്കുന്നുണ്ട്.’ സർവേ വിശകലനം െചയ്തുകൊണ്ട് പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞരായ ഡോ. സജി പി. വർഗീസും (പ്രിന്‍സിപ്പല്‍, ലയോള കോളജ്, തിരുവനന്തപുരം) ഡോ. ജ്യോതി എസ്. നായരും ( സോഷ്യോളജി വിഭാഗം േമധാവി, കെ. എൻ. എം. ഗവൺമെന്റ് കോളജ്, തിരുവനന്തപുരം ) അഭിപ്രായപ്പെട്ടു.

കല്യാണക്കാര്യത്തില്‍ ഇപ്പോഴും പഴഞ്ചന്‍

‘ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എ ത്തിയതുമില്ല’ എന്നു പറഞ്ഞതു പോലെയാണ് ഇപ്പോള്‍ മലയാളിയുടെ അവസ്ഥ. പുരോഗമനം എന്നു പറഞ്ഞ് പുറപ്പെടുകയും െചയ്തു എന്നാൽ പുരോഗമനത്തിലേക്ക് ഒട്ട് എത്തിയതുമില്ല. പലതിലും പുരോഗമനചിന്ത ഉണ്ടെങ്കിലും കല്യാണക്കാര്യം വരുമ്പോൾ പലരും പഴഞ്ചരാകും.

ജാതി, മതം, സ്ത്രീധനം, സാമ്പത്തികാവസ്ഥ, കുലമഹിമ, സ്വഭാവമഹിമ ഇതൊക്കെ വിട്ടുള്ള ഒരു കളിക്കും ഒട്ടുമിക്കവരും തയാറല്ല. പാരമ്പര്യവും പുരോഗമനവും തമ്മിലുള്ള ഈ സംഘർഷമാണ് പല കല്യാണങ്ങളും മുടങ്ങാൻ കാര ണം. ഫലം പുരുഷന്മാരിൽ പലരും ജീവിതകാലത്തോളം അവിവാഹിതരായി തുടരേണ്ടി വരാം.’ സർവേയിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

‘‘ഞാന്‍ പ്രീഡിഗ്രി തോറ്റു. പിന്നെ, അച്ഛന്‍റെ കടയില്‍ ഒപ്പം കൂടി. ഇപ്പോൾ സ്വന്തം ബിസിനസ് ആണ്. തരക്കേടില്ലാത്ത വരുമാനവുമുണ്ട്. വിവാഹാലോചനയുമായി ഇറങ്ങിയപ്പോൾ ഡിഗ്രി പാസ്സാകാത്ത ഒരു െപണ്ണു േപാലുമില്ല. അവര്‍ക്ക് പ്രീഡിഗ്രി തന്നെ മോശം ഡിഗ്രി. അപ്പോൾ തോറ്റയാളോട് ഉള്ള പുച്ഛം പറയേണ്ടതില്ലല്ലോ. പതിനഞ്ചു കല്യാണം ഇതുവരെ ഇങ്ങനെ മാറിപ്പോയി.’’ പയ്യന്നൂരിൽ പലചരക്കു കട നടത്തുന്ന റഫീക്ക് പറയുന്നു.

തങ്ങളെക്കാൾ വിദ്യാഭ്യാസം കൂടുതലുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ പുരുഷന്മാർ വിസമ്മതിച്ചിരുന്ന കാലം ഉണ്ടായിരുന്നു കേരളത്തിൽ. ഇപ്പോഴിത് നേരെ തിരിഞ്ഞിരിക്കുന്നു. തങ്ങളെക്കാൾ വിദ്യാഭ്യാസം കുറവുള്ള പുരുഷന്മാ രെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറല്ല. മാത്രമല്ല, സാമൂഹികക്രമങ്ങളിൽ വിദ്യാഭ്യാസവും ജോലിയുടെ നിലവാരവും കൂടുതലുള്ളത് സ്ത്രീകൾക്കാണ്. പുരുഷന്മാർ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് അതും. നന്നായി പഠിച്ചില്ലെങ്കിൽ ജോലി മാത്രമല്ല പെണ്ണും കിട്ടില്ലെന്ന് മാതാപിതാക്കൾ ആൺമക്കളെ ഉപദേശിക്കുന്ന കാലം അകലെയല്ല.

kalayanm-2

പൊതുവായി കണക്കാക്കുമ്പോൾ കേരളത്തിലെ ആൺകുട്ടികളുടെ പഠനനിലവാരം പെൺകുട്ടികളേക്കാൾ താഴെ യാണെന്ന് അനൗദ്യോഗിക പഠനങ്ങൾ പറയുന്നു.മാനസികാരോഗ്യം, ആത്മവിശ്വാസം, ലക്ഷ്യബോധം ആ ത്മാർഥത തുടങ്ങിയ കാര്യങ്ങളിൽ ആൺകുട്ടികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് പെൺകുട്ടികളുടെ സ്ഥാനം. ഇക്കാര്യത്തിൽ ആൺകുട്ടികൾ പുരോഗതി കൈവരിച്ചില്ലെങ്കിൽ അവിവാഹിതരുടെ ഹൃദയവിലാപം ഇനിയുമുറക്കെയായി മാ റും. പെണ്‍കുട്ടികള്‍ പയ്യനെ വേണ്ടെന്നു വയ്ക്കുന്നതിന്‍റെ ഏറ്റവും പ്രധാന കാരണം ജോലിയും സാമ്പത്തികവും തന്നെയെന്ന് സർവേ. 40 ശതമാനവും ആദ്യം േനാക്കുന്നത് പയ്യന്‍റെ സ്ഥിരവരുമാന മാര്‍ഗം തന്നെയാണ്. മേധാവിത്ത സ്വഭാവം ഉള്ള പുരുഷന്മാരോട് തീരെ താൽപര്യം ഇല്ല. സുന്ദരനായ പുരുഷനെ കാത്തിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് പലരും അറിയുന്നില്ലെന്ന് മാത്രം. സൗന്ദര്യത്തിനും പ്രായക്കൂടുതലിനും ഒന്നും ‘ഒഴിവാക്കൽ കാരണങ്ങളിൽ’ വലിയ സ്ഥാനമില്ല.

കാണുന്നതെല്ലാം െപണ്‍ മുന്നേറ്റങ്ങള്‍

‘ആൺമക്കൾ മാത്രമേയുള്ളൂ’ എന്ന് അഹങ്കാരത്തോടെ പറഞ്ഞിരുന്നവർക്ക് കാലം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ കാണുന്നത് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ‘പുരുഷധനം കൊടുത്തിട്ടാണെങ്കിലും നല്ലൊരു ബന്ധം കിട്ടിയാൽ മതിയെന്ന് എന്‍റെയൊരു സുഹൃത്ത് പരിതപിക്കുന്നതു േകട്ടു.’ േകാട്ടയത്ത് അധ്യാപകനായ വിശ്വനാഥന്റെ അനുഭവസാക്ഷ്യം.

സ്ത്രീകൾക്കു മുന്നിൽ മാത്രം തുറക്കുന്ന മറ്റൊരു ലോക മുണ്ട് ഇന്ന്. അത് വർണാഭമാണ്. അതുകൊണ്ട് പുരുഷന്റെ കാരുണ്യത്തിനുവേണ്ടിയുള്ള കാത്തിരിപ്പില്ല ആ ലോകത്ത്. കേരളത്തിൽ സമൂഹം മാറുന്നതിനൊപ്പം കാഴ്ചപ്പാടുകളും മാറുന്നു. ആണിടങ്ങൾ എന്നൊക്കെ കരുതിയിരുന്ന സ്ഥലത്ത് ഇപ്പോൾ പെണ്ണുങ്ങളാണു കൂടുതലും.

എന്തുകൊണ്ട് സ്ത്രീകൾക്ക് മുന്നേറാൻ കഴിയുന്നു? സർവേയിൽനിന്നു വെളിപ്പെട്ടത് വലിയൊരു സഹനത്തിന്റെ കഥയാണ്. ഏതെങ്കിലുമൊരു പുരുഷന്റെ മുന്നിൽ തല വച്ചുകൊടുക്കാൻ പലരും തയാറാകാത്തത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. അവരവരുടെ അമ്മമാർ അനുഭവിച്ച സങ്കടങ്ങൾ പല പെൺകുട്ടികളെയും വിവാഹജീവിതത്തിൽ നിന്നു പിറകോട്ടു വലിക്കുന്നു. പലപ്പോഴും ഭർത്താക്കന്മാരുടെ ഉത്തരവാദിത്തമില്ലായ്മയും മദ്യപാനവും ദുർന്നടപ്പുകളും കുടും ബത്തിന്റെ ഭാരം ഒറ്റയ്ക്കു ചുമക്കാനുള്ള ഗതികേടിലേക്ക് ഭാര്യമാരെ കൊണ്ടെത്തിക്കുന്നു. പക്ഷേ, ആ അമ്മക്കരുത്തിന്റെ തണലിൽ വളർന്ന പെൺകുട്ടികൾ ജീവിതത്തിന്റെ വെയിലത്ത് വാടുന്നവരല്ല.

മിക്ക പെൺകുട്ടികൾക്കും മുന്നിലുള്ള ജീവിത മാതൃക അമ്മമാരാണ്. അമ്മമാർ കൊണ്ട വെയിലാണ് തങ്ങളുടെ ജീവിതമെന്ന് പെൺകുട്ടികൾ വിശ്വസിക്കുന്നു. തങ്ങൾക്ക് പറ്റിയ അബദ്ധങ്ങള്‍ മക്കൾക്ക് വരരുതെന്ന് അമ്മമാരും ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെയാണ് മിക്കവരും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത്.

അതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ് തൊഴിൽ. ആണുങ്ങളുടെ ജോലി ഒരു പ്രശ്നം തന്നെയാണ്. ജോലി സ്ഥിരത, വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ, ജീവിതനിലവാരം തുടങ്ങിയവ പെൺകുട്ടികൾ വിവാഹത്തിനുള്ള മാനദണ്ഡമാക്കുന്നു. േകരളത്തിലെ പെൺകുട്ടികൾ മാറിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവുണ്ടോ എന്നു ചോദിക്കുന്നവരോട്. ഇതാ തെളിവ്. ‘മാതാപിതാക്കൾ കണ്ടുപിടിച്ചു കൊണ്ടുവരുന്ന കുരിശ് ചുമക്കാൻ ഞങ്ങൾ തയാറല്ല.’ തിരുവനന്തപുരത്ത് േസാഫ്റ്റ്‌വെയര്‍ എൻജിനീയറായ നമിത പറയുന്നു. ഈ ശബ്ദം ഭൂരിപക്ഷം പെൺകുട്ടികളുടേതുമാണ്.

‘ആൺകോയ്മയുടെ പൊട്ടും പൊടിയും പലയിടത്തും കാണാനുണ്ടെങ്കിലും പഴയതുപോലെ ഭാര്യമാെര അടക്കി ഭരിക്കാമെന്നത് ഭർത്താക്കന്മാരുടെ വ്യാമോഹം മാത്രമാണിന്ന്.’ സർവേയിൽ പങ്കെടുത്ത മിനി അഭിപ്രായപ്പെടുന്നു.

ഉഴപ്പന്മാരായ ആൺകുട്ടികൾ ഇതൊന്ന് മനസ്സിൽ വച്ചോളൂ

‘സ്ത്രീധനം വാങ്ങി സുഖമായി ജീവിക്കാം എന്ന ഉറപ്പിൽ പഠനം ഉഴപ്പുകയും ആൺമക്കളല്ലേ നല്ല സ്ത്രീധനം വാങ്ങി കെട്ടിക്കാം എന്ന പ്രതീക്ഷയിൽ ആൺമക്കളെ ഉഴപ്പന്മാരാക്കി വളർത്തുകയും ചെയ്യുന്ന മാതാപിതാക്കളുടെ നാടു കൂടിയാണു കേരളം.’ രണ്ടു െപണ്‍കുട്ടികളുെട പിതാവായ േബബി അലക്സ് നിരീക്ഷിക്കുന്നു.

‘‘പക്ഷേ, മാതാപിതാക്കളുടെ ബുദ്ധിമുട്ടറിഞ്ഞ് പെൺകുട്ടികളും നന്നായി പഠിക്കാൻ തുടങ്ങി. അതോടെയാണ് സമൂഹത്തിൽ അവർക്ക് അവരുടേതായ ഒരു ഇടം ഉണ്ടാകുന്നത്.’’ മറ്റു പേരുകളിലാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന സമുദായങ്ങളിലാണ് പെൺകുട്ടികൾക്ക് ഏറെ ‘ക്ഷാമം’ അനുഭവപ്പെടുന്നത്.

പുരുഷന്മാർ കൂടുതലായി പുര നിറഞ്ഞു നിൽക്കുന്നതും ഇത്തരം സമുദായങ്ങളിൽ തന്നെ. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

കേരളത്തിൽ വർധിക്കുന്ന വിവാഹമോചനം പെൺകുട്ടികളെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ടാം വിവാഹത്തോട് പലരും യോജിക്കുന്നില്ല. ആദ്യ വിവാഹത്തിലെ മോശം അനുഭവവും അതിന്റെ ചെലവും കാരണങ്ങളിൽ ചിലതു മാത്രം. വിവാഹം വളരെ അപകടസാധ്യതയുള്ള യാത്രയെങ്കിൽ അതിൽ കൂടുതൽ പരുക്കു പറ്റുന്നത് പെൺകുട്ടിക്കാണ്. അതുകൊണ്ടുതന്നെ വിവാഹത്തെ സംബന്ധിച്ച് അവരുടെ ജാഗ്രതയും കൂടും. പറ്റുന്നതല്ലെന്ന് തോന്നിയാൽ എനിക്കിത് വേണ്ടെന്നന് പറയാൻ അവർക്ക് മടിയുമില്ല.

‘എനിക്കെന്താണ് ഒരു കുറവ്’ എന്ന് ചിന്തിച്ചു പെണ്ണുകാണാൻ പോകുന്ന പല പുരുഷന്മാരുടെയും ‘ഈഗോ’ തിരസ്കാരങ്ങളിൽ ചില്ലുപാത്രം പോലെ ഉടയുന്നതിന്റെ കാരണങ്ങളിൽ ഒന്നാണത്.

വീട്ടുകാരും ബന്ധുക്കളും ചേർന്ന് അവതരിപ്പിക്കുന്ന ‘സ്നേഹപ്പാര’

ആണുങ്ങളുടെ കല്യാണം മുടക്കുന്ന മറ്റൊരു ഘടകം കുടുംബാംഗങ്ങളുടെ മാനസികാവസ്ഥയാണ്. വില്ലന്മാരും വില്ലത്തികളും സീരിയലുകളിൽ മാത്രമല്ല, നിത്യജീവിതത്തിലും ഉണ്ടെന്നതാണ് സത്യം. വരന്‍റെ വീട്ടുകാരുെട സമീപനം ഇഷ്ടമായില്ല എന്നതിന്‍റെ േപരില്‍ വിവാഹം േവണ്ടെന്നു വച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനവും തുറന്നു പറഞ്ഞു. സ്ത്രീധനം, സ്വത്തുതർക്കം, ജാതി തുടങ്ങിയ വലിയ പ്രശ്നങ്ങൾ മാത്രമല്ല പിടിവാശി, ഈഗോ, കുടുംബമഹിമ തുടങ്ങിയ ചെറിയ പ്രശ്നങ്ങളിൽ തട്ടിയും ആണ്‍കുട്ടികള്‍ െപണ്ണു കിട്ടാതെ പുര നിറയുന്നു.

kalyanam-5

പയ്യന്മാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പെൺകുട്ടികൾക്ക് ആശയക്കുഴപ്പം ഉണ്ടായതാണ് പ്രശ്നത്തിന്‍റെ മറ്റൊരു കാരണമെന്നു പറയുന്നവരുമുണ്ട്. പണ്ടൊക്കെ ബ്രോക്കർമാരുടെ കൈയിലുള്ള പത്തോ പതിനഞ്ചോ ആലോചനകളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. ഇപ്പോൾ ആയിരത്തിലേറെ ആലോചനകളിൽ നിന്നാണ് ഒന്ന് തിരഞ്ഞെടുക്കേണ്ടത്. ആരായാലും കുഴഞ്ഞുപോകും.

‘‘മാന്യമായി കല്യാണം കഴിക്കണമെങ്കിൽ പയ്യന് സർക്കാർ ജോലി, സൗന്ദര്യം, േകറിക്കിടക്കാന്‍ വീട് അങ്ങനെ ഒരുപാടു കാര്യങ്ങള്‍ നിർബന്ധം. അതേസമയം പ്രേമിച്ച് ഒളിച്ചോടാനാണെങ്കിൽ ഇതൊന്നും പ്രശ്നമല്ല. ഈ മനോഭാവമാണ് പല പെൺകുട്ടികൾക്കും.’’ 35 വയസ്സു കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത പത്രപ്രവര്‍ത്തകന്‍ േദഷ്യം പൂണ്ടു പറഞ്ഞു.

ജാതിചിന്ത തിരിച്ചു വരുന്നു എന്ന മുറവിളി ഉയരുന്നതിനിടയിലും വിവാഹത്തിന് ജാതി വിഷയമല്ല എന്ന തീരുമാനമെടുത്ത വിപ്ലവകാരികളുടെ എണ്ണവും കൂടി. സ്വന്തം ജാതിയില്‍ നിന്നു യോജിച്ച വധുവിനെ കിട്ടാത്തതു തന്നെ പ്രധാന കാരണം. സാമൂഹികക്ഷേമ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിലെ അനാഥാലയങ്ങളിൽ നിന്ന് ഇരുനൂറോളം പെൺകുട്ടികൾ വിവാഹിതരായിട്ടുണ്ട്. ഇരട്ടിയോളം പേർ ഇപ്പോഴും വിവാഹത്തിനുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നു.

പഴങ്ങൾക്കും പച്ചക്കറികൾക്കും മാത്രമല്ല, ഇപ്പോൾ കേരളം അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. വധുവിനെ തേടിയും വരന്മാർ അയൽസംസ്ഥാനങ്ങളിലേക്കു പോകുന്നു. തമിഴ്നാടും കർണാടകയും പിന്നിട്ട് ആന്ധ്രയും ആസാമും വരെ ചെന്നു നിൽക്കുന്നു അന്വേഷണം.

‘‘ആഗ്രഹിച്ച ജീവിതത്തിനായി കാത്തിരിക്കാൻ ഞങ്ങൾ തയാറാണ്. അല്ലെങ്കിൽ വിവാഹം വേണ്ടെന്നു വയ്ക്കും. തുല്യത ഇല്ലാത്ത, ബാധ്യതയാകുന്ന ദാമ്പത്യത്തേക്കാൾ നല്ലത് ഒറ്റയ്ക്ക് ഹാപ്പി ആയി ജീവിക്കുന്നതല്ലേ’ സർവേയിൽ പങ്കെടുത്ത േരഷ്മ ചോദിക്കുന്നു. ആണുങ്ങളുടെ ആജ്ഞ അനുസരിച്ച് മാത്രമുള്ള ജീവി തം താൽപര്യമില്ല എന്ന് പ്രഖ്യാപിച്ച് വിവാഹത്തിൽ നിന്നുള്ള പെൺകുട്ടികളുടെ ‘മാറിനിൽപ്പും’ നഷ്ടപ്പെടുത്തുന്നത് ആ ണ്‍കുട്ടികളുടെ ഉറക്കം തന്നെ.

ആണുങ്ങളുടെ സൗന്ദര്യനോട്ടം

വരുമാനവും കുടുംബമഹിമയും സ്വഭാവവും ഒത്തുവന്നാൽ അടുത്ത സ്ഥാനം സൗന്ദര്യത്തിനുണ്ടെന്ന് െചറുപ്പക്കാര്‍ പറയുന്നു. സൗന്ദര്യം മനസ്സിലാണ് എന്നു പറയാറുണ്ടെങ്കിലും സർവേയിൽ പങ്കെടുത്ത പലരും പറയുന്നത് അങ്ങനെയല്ല എന്നു തന്നെയാണ്.

വിവാഹാലോചനയുടെ തുടക്കത്തിൽ സൗന്ദര്യത്തി ൽ ആരും വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല. പത്തും ഇരുപതും തവണ െപണ്ണു കണ്ട്, കല്യാണം നടക്കാനുള്ള സാധ്യത കുറയുന്ന അവസരത്തിലാണ് പലരും സൗന്ദര്യത്തിലൊക്കെ എന്തു കാര്യം എന്നു പറഞ്ഞ് രംഗത്തു വരുന്നത്. സര്‍വേയില്‍ പങ്കെടുത്തതില്‍ 18 ശതമാനം ആണ്‍കുട്ടികള്‍ െപണ്‍കുട്ടിയെ േവണ്ട എന്നു വച്ചതിനു കാരണം സൗന്ദര്യം ആണ്. എന്നാല്‍ ആണിന്‍റെ സൗന്ദര്യക്കുറവു മൂലം വിവാഹം േവണ്ട എന്നു പറയുന്ന െപണ്‍കുട്ടികള്‍ െവറും 3.4 ശതമാനം.

Tags:
  • Spotlight