Saturday 28 November 2020 03:01 PM IST

‘എംഎയും ബിഎഡും പഠിച്ചത് തെങ്ങുകയറാൻ ആണോ എന്ന് ചോദിച്ചു പരിഹസിച്ചവരും ഉണ്ട്; അവരോടൊക്കെ ഒറ്റ മറുപടിയേ ഉള്ളൂ...’

Roopa Thayabji

Sub Editor

ccllimmbbfd ഫോട്ടോ: ഫഹദ് മുനീർ

പഠിപ്പുണ്ടെങ്കിൽ പിന്നെ, പത്തു മുതൽ അഞ്ചു വരെ ഫാനിനു കീഴിലിരുന്നു മാത്രമേ ജോലി ചെയ്യൂ എന്നു കരുതുന്നവർക്ക് ഒരു പാഠമാണ്  ഇവരുടെ ജീവിതം. എംഎ ബിഎഡ് ഉണ്ടായിട്ടും അച്ഛനൊപ്പം തെങ്ങുകയറാൻ പോകുന്ന മലപ്പുറം കാടാമ്പുഴ സ്വദേശി ജി. ശ്രീദേവിയെ തീർച്ചയായും പരിചയപ്പെടണം.

മരം കയറുന്ന ടീച്ചർ

മലപ്പുറം കാടാമ്പുഴയിലെ തെങ്ങുകയറ്റക്കാരൻ ഗോപാലൻ ഒരു ദിവസം അപകടം പറ്റി കിടപ്പിലായി. മൂന്ന് പെൺമക്കൾ ഉള്ള ഗോപാലന് അതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നുതുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം ഗോപാലൻ ഉറക്കെ ആത്മഗതം നടത്തിയത് ഇങ്ങനെ, ‘എനിക്കൊരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിൽ...’

ആ ആത്മഗതം കേട്ട മൂത്തമകൾ ശ്രീദേവിക്ക് പിന്നെ, ഒന്നും ആലോചിക്കേണ്ടി വന്നില്ല. എംഎയും ബിഎഡും ഒക്കെ ഒരു വശത്തേക്ക് മാറ്റിവച്ച് അച്ഛന്റെ തളപ്പും എടുത്ത് ശ്രീദേവി ഇറങ്ങി, അയൽ വീടുകളിലെ തെങ്ങു കയറാൻ. ബാക്കി ശ്രീദേവി പറയട്ടെ.

‘‘പഠിച്ചിരുന്ന കാലത്തെ ട്യൂഷൻ സെന്ററിലും അക്ഷയ കേന്ദ്രത്തിലും ഒക്കെ ജോലി ചെയ്തിരുന്നു. കോവിഡ്‌ നിയന്ത്രണങ്ങൾ വന്നതോടെ അത് മുടങ്ങി. പിന്നെയാണ് തെങ്ങു കയറാം എന്ന് തീരുമാനിച്ചത്. അച്ഛനെ പോലെ കാലിൽ തളപ്പിട്ടു തെങ്ങിൽ കയറാൻ ആണ് ആദ്യം ശ്രമിച്ചത്. രണ്ടുമൂന്നു ദിവസം കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒരു രക്ഷയുമില്ല. അതോടെ തെങ്ങുകയറ്റ യന്ത്രം വാങ്ങി. 

cochhhddd

വൈറ്റ് കോളർ ജോലി വിട്ടു തെങ്ങുകയറ്റകാരി ആകാൻ ഇറങ്ങിയപ്പോൾ ആദ്യം എതിർത്തത് അമ്മ ഉഷ തന്നെയാണ്. എംഎയും ബിഎഡും പഠിച്ചത് തെങ്ങുകയറാൻ ആണോ എന്ന് ചോദിച്ചു പരിഹസിച്ചവരും ഉണ്ട്. അവരോടൊക്കെ ഒറ്റ മറുപടിയേ പറഞ്ഞുള്ളൂ, ഡിഗ്രി ഏതായാലെന്താ തെങ്ങിന് അതൊന്നും അറിയില്ലല്ലോ. അവസരങ്ങൾക്കായി ഒരിക്കലും കാത്തു നിൽക്കരുത്, നമ്മുടെ അവസരം നമ്മൾ തന്നെ കണ്ടെത്തണം എന്ന ബെർനാഡ് ഷായുടെ വാക്കുകളാണ് എനിക്ക് പ്രചോദനമായത്. 

ശ്വാസംമുട്ടലും വയ്യായ്കകളും ഉണ്ടായിരുന്നിട്ടും നന്നായി പണിയെടുത്താണ് അച്ഛൻ കുടുംബം നോക്കിയിരുന്നത്. അനിയത്തിമാരായ ശ്രീകുമാരിയേയും ശ്രീകലയേയും എന്നെയും ഒക്കെ പഠിപ്പിച്ചത് ആ വരുമാനത്തിൽ നിന്നാണ്. രണ്ട് അനിയത്തിമാരും ബികോമിനു പഠിക്കുകയാണ്. ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ നിന്ന് ഫസ്റ്റ് ക്ലാസോടെയാണ് സോഷ്യൽ സയൻസിൽ ബിഎഡ് പാസായത്. 

തെങ്ങുകയറ്റ യന്ത്രം തെങ്ങിൽ പിടിപ്പിക്കുന്നതും തേങ്ങ ഇടുന്നതും ഒക്കെ യുട്യൂബിൽ നോക്കിയാണ് പഠിച്ചത്. തെങ്ങിൽ കയറിയപ്പോൾ മറ്റൊരു പ്രശ്നം വന്നു, വിളഞ്ഞ തേങ്ങ കണ്ടുപിടിക്കാൻ അറിയില്ല. അത് പരിഹരിച്ചത് അച്ഛൻ തന്നെ. താഴെ നിന്ന് വിളഞ്ഞ തേങ്ങാക്കുലകൾ അച്ഛൻ കാണിച്ചുതരും. ഞാനത് ശ്രദ്ധയോടെ നോക്കി അറുത്തിടും.

ആദ്യത്തെ ശമ്പളം 80 രൂപയായിരുന്നു. ഒരു ദിവസം 20 തെങ്ങു വരെ കയറും. കുടുംബത്തിലെ മുഴുവൻ പെണ്ണുങ്ങളെയും തെങ്ങുകയറ്റം പഠിപ്പിച്ച ക്രെഡിറ്റും എനിക്ക് കിട്ടി. ടീച്ചർ ആകുകയാണ് സ്വപ്നം. അതിനായി അധ്വാനിക്കുകയും ചെയ്യും. ടീച്ചാറായാലും തെങ്ങുകയറ്റം തുടരും.’’ 

Tags:
  • Spotlight
  • Motivational Story