Monday 13 April 2020 06:51 PM IST

ഇന്ത്യയിൽ ആദ്യം നട തുറക്കുന്നത് കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്; മേട വിഷുവിനോടു ചേർന്നു വരുന്ന പത്തുദിവസങ്ങളിലാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ ഉത്സവം

V R Jyothish

Chief Sub Editor

Temple

നോക്കെത്താ ദൂരം പരന്നു കിടക്കുന്ന നെ ൽപ്പാടങ്ങൾ. ഇടയ്ക്കിടയ്ക്ക് മീനച്ചിലാറിന്റെ കൈവഴികൾ. പുത്തൻതോടും തിരുവാർപ്പ് തോടും. പിന്നെ, വേമ്പനാട് കായൽ. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുമ്പോഴും മനോഹരമായ കര. േകാട്ടയം പട്ടണത്തില്‍ നിന്ന് ഏഴു കിലോമീറ്ററോളം അകലെയുള്ള തിരുവാർപ്പ് എന്ന ഈ ദേവഭൂമിയാണ് ദക്ഷിണ ദ്വാരക. അപൂര്‍വമായ െഎതിഹ്യങ്ങളും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമായി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അഞ്ചു ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട് തിരുവാർപ്പില്‍ ഉണ്ണിക്കണ്ണന്‍റെ വാസം.

‘‘നിഴൽ അളവുകളിൽ പൂജ നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാർപ്പ്. ഘടികാര സമയങ്ങളില്ല. നക്ഷത്രങ്ങളുടെ ജ്വലനസ്ഥാനവും സൂര്യന്റെ സഞ്ചാരപഥങ്ങളും നോക്കിയാണ് തിരുവാർപ്പിലെ പൂജാസമയം നിശ്ചയിക്കുന്നത്. ഈ രീതിക്ക് ഇന്നും വലിയ വ്യത്യാസങ്ങളില്ല.’’ ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി മനയിൽ നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു തുടങ്ങി ഐതിഹ്യങ്ങളുടെ പൊരുൾ.

പടിഞ്ഞാറ് ദർശനമുള്ള ശ്രീകോവിലിന്റെ പിറകു വശത്ത് ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ആനയുടെ ബിംബമുണ്ട്. അതിനു മുകളിൽ വീഴുന്ന നിഴലിെന അടിസ്ഥാനപ്പെടുത്തിയാണ് പന്തീരടി പൂജ. ശ്രീകോവിലിന്റെ പിന്നിലുള്ള വരയിൽ നിഴൽ വീഴുമ്പോൾ ഉച്ചപൂജ. തുടർന്ന് ഉച്ചശീവേലിയോടു കൂടി നട അടയ്ക്കുന്നു.

അണിവാകച്ചാർത്തിൽ ഞാനുണർന്നു കണ്ണാ...

LRM_EXPORT_327448747421596_20190414_204935271

‘‘രാത്രിയുടെ മൂന്നാം യാമത്തിലാണ് (പുലര്‍ച്ചെ രണ്ടു മണി) നിര്‍മാല്യത്തിനായി ശ്രീകോവിൽ നട തുറക്കുന്നത്. ഭാരതത്തില്‍ ആദ്യം നട തുറക്കുന്ന േക്ഷത്രവും ഇതു തന്നെ. പ്രപഞ്ചത്തിലെ ഏറ്റവും നിശബ്ദമായ സമയമാണിത്. ഈശ്വരാംശത്തെ നമ്മളിലേക്ക് ആവാഹിക്കാൻ ഇതുപോലെ പറ്റിയ സമയമില്ല. ൈദവത്തോടും അവനവനോടും അടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം...’’ ക്ഷേത്രം മേൽശാന്തിമാരിൽ ഒരാളായ വേണു ജി. നമ്പൂതിരി കൈയുയർത്തിപ്പറഞ്ഞു, ‘കണ്ണൻ അനുഗ്രഹിക്കട്ടെ’

കംസവധം കഴിഞ്ഞ കൗമാരഭാവത്തിലാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പന്ത്രണ്ടു പ്രാവശ്യം ശംഖു വിളിച്ചു ഭഗവാനെ പള്ളിയുണർത്തണം എന്നാണു കണക്ക്. അതിനുശേഷം കീഴ്ശാന്തി തിടപ്പള്ളിയിലേക്കു കയറും. ഉഷനിവേദ്യം ഒരുക്കാൻ. നട തുറന്നാൽ നിർമാല്യവും അഭിഷേകവുമൊന്നും അധികം നീളില്ല. നീരാളിപൂജ കഴിഞ്ഞു തല മാത്രമേ തോർത്തു. ഉടല്‍ േതാര്‍ത്തുന്നതിനു മുന്‍പേ ഉഷപ്പായസം ശ്രീകോവിലിനുള്ളിൽ നേദിക്കും.

ഇന്ത്യയിൽ ആദ്യം തുറക്കുന്ന ക്ഷേത്രം എന്ന ഖ്യാതിയുള്ള തിരുവാർപ്പ് ക്ഷേത്രത്തിലേക്ക് ഉത്തരേന്ത്യയിൽ നിന്നു ധാരാളം തീർഥാടകർ എത്താറുണ്ട്. തോൾവിരിവുള്ള ചതുർബാ ഹുവായ ഇവിടുത്തെ ശ്രീകൃഷ്ണ പ്രതിഷ്ഠ ഉത്തരേന്ത്യൻ ശിൽപശൈലിയിലുള്ളതാണെന്നും പറയപ്പെടുന്നു. അതിനു പിന്നിലും ചില ഐതിഹ്യങ്ങളുണ്ട്.

‘‘വനവാസകാലത്ത് പാണ്ഡവർ പൂജിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹമാണ് തിരുവാർപ്പിലേതെന്ന് ഐതിഹ്യം.’’ തിരുവാര്‍പ്പിന്‍റെ െഎതിഹ്യങ്ങള്‍ പുസ്തകമായി സമാഹരിച്ച സ്വാമി വിജയ ബോധാനന്ദ തീർഥപാദര്‍ പറയുന്നു. ‘‘മുഹമ്മയ്ക്ക് അ ടുത്തുള്ള ചാരമംഗലത്ത് ഒരു നമ്പൂതിരി കുടുംബത്തിലേക്ക് വിഗ്രഹം എത്തിപ്പെട്ടു. ദാരിദ്ര്യത്തിലായിരുന്ന ആ നമ്പൂതിരി നിത്യപൂജയ്ക്കു വകയില്ലാതെ വന്നപ്പോള്‍ വിഗ്രഹം വാർപ്പി ൽ വച്ച് വേമ്പനാട്ടു കായലിലൂെട ഒഴുക്കി വിട്ടു. പിന്നീട് ഇല്ലം തീവച്ച് ആത്മഹത്യ െചയ്തുവത്രേ.

കായലിലൂടെ വാർപ്പിൽ ഒഴുകി നടന്ന വിഗ്രഹം തിരുവാർപ്പിൽ എത്തിയപ്പോൾ െചളിയിൽ അടിഞ്ഞു. ദിവ്യനായ ഒരു സ്വാമിയാർ അതുവഴി സഞ്ചരിക്കവേ വള്ളമൂന്നിയിരുന്ന കഴുക്കോൽ വാർപ്പിൽ തട്ടുകയും വിഗ്രഹമടക്കം വാർപ്പ് കണ്ടെടുക്കുകയും ചെയ്തു. വിഗ്രഹത്തെ വാർപ്പോടു കൂടി കരയിൽ എത്തിക്കാൻ ആമ്പൽ വള്ളികൾ മാറ്റി സഹായിച്ചത് സമീപവാസിയായ ഒരു കാരണവരാണ്. ‘ആമ്പലാറ്റിൽ’ എന്നാണ് ആ കുടുംബം പിന്നീട് അറിയപ്പെട്ടത്.

ക്ഷേത്രഘടനയിലും വ്യത്യാസമുണ്ട് തിരുവാർപ്പിന്. ഉപ ദേവന്മാരാൽ ചുറ്റപ്പെട്ടാണ് ഒട്ടുമിക്ക ക്ഷേത്രങ്ങളും. എന്നാൽ തിരുവാർപ്പിൽ ഉപദേവന്മാരില്ല. വടക്കു കിഴക്കു മൂലയിൽ ഭൂ തത്താന്‍ നട മാത്രമേയുള്ളൂ. ഉഷപ്പായസനിവേദ്യം ഉൾപ്പെടെ ശ്രീകോവിലിലെ എല്ലാ ആചാരങ്ങളും ഭൂതത്താന്‍ ക്ഷേത്രത്തിലുമുണ്ട്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഭഗവാൻ പുറത്തേക്ക് എഴുന്നള്ളുന്ന ആറാം ദിവസം മുതൽ തിരിച്ചെഴുന്നള്ളത്ത് വരെ ഭൂതത്താന്‍ ആണ് ക്ഷേത്രനാഥന്‍.

ഒൻപതാം നൂറ്റാണ്ടിലാണ് ക്ഷേത്രനിർമാണം നടന്നതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ആയാംകുടി ഏറ്റിക്കട നമ്പൂതിരിയുെട േനതൃത്വത്തിലായിരുന്നു ക്ഷേത്രനിർമാണം. ‘ആശ്ചര്യ ചൂഡാമണി’ എന്ന സംസ്കൃത നാടകത്തിന്റെ ക ർത്താവായ ശക്തിഭദ്രൻ തിരുവാർപ്പ് ക്ഷേത്രത്തിന്റെ സ്ഥാനീയനായിരുന്നു എന്നും കരുതപ്പെടുന്നു.

ചിരി തൂകി, കളിയാടി വാ... വാ... കണ്ണാ

LRM_EXPORT_20170423_194714

‘കൊടി കയറ്റി കണി കാണുക’ എന്നതാണു തിരുവാർപ്പ് ക്ഷേത്രത്തിലെ സമ്പ്രദായം. അതുകൊണ്ടുതന്നെ മറ്റിടങ്ങളിൽ ക ണി കാണുന്ന സമയത്തല്ല തിരുവാർപ്പിലെ കണി. വിഷുവിന് ഒരു ദിവസം മുൻപോ ശേഷമോ ആയിരിക്കും ചിലപ്പോൾ ഇവിടെ കണിയൊരുക്കുന്നത്. മേട വിഷുവിനോടു ചേർന്നു വരുന്ന പത്തുദിവസങ്ങളിലാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ ഉത്സവം.

തെക്കൻകേരളത്തിൽ ആനയോട്ടം എന്ന ചടങ്ങ് നടക്കുന്ന അപൂർവതയും തിരുവാർപ്പിന് സ്വന്തം. ഗുരുവായൂർ ആനയോട്ടം കഴിഞ്ഞാൽ പിന്നെ, പ്രശസ്തം ഇവിടുത്തെ ആനയോട്ടമാണ്. കൊടിയേറ്റ് ദിവസം തന്നെയാണ് ആനയോട്ടം. തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്ന് ഓടിയെത്തുന്ന ആന ക്ഷേത്രമതിൽക്കെട്ടിനുള്ളിലൂടെ ഓടി ശ്രീകോവിലിൽ മൂന്നു വലം വച്ച് തിരിച്ചുപോകുന്നു. കണ്ടു നിൽക്കുന്നവരെപ്പോലും ആവേശത്തിലാറാടിക്കുന്നതാണ് ഈ കാഴ്ച.

ഒരിക്കൽ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് ആനയെ കിട്ടാതെ വന്നു. എന്നാൽ കൊടിയേറ്റു സമയത്ത് ഒരു ആന എവിടെ നിന്നോ ഓടി വരുകയും ശ്രീകോവിലിനു ചുറ്റും മൂന്നു തവണ ഓടുകയും ചെയ്തു. ഈ സംഭവത്തിനുശേഷമാണ് ക്ഷേത്രത്തിൽ ആനയോട്ടം തുടങ്ങുന്നത്.

ആറാം ഉത്സവദിവസം നടക്കുന്ന അഞ്ചാം പുറപ്പാടാണ് മ റ്റൊരു അപൂര്‍വ ചടങ്ങ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രത്തിലേക്ക് പുറപ്പാട് തുടങ്ങുകയും അവിടെ ചെന്ന് കൊടി നാട്ടി തിരിച്ചു വരുകയും ചെയ്യുന്നു. കംസവധം കഴിഞ്ഞ് ദ്വിഗ്‌വിജയത്തിന് ഭഗവാൻ നാലുദിക്കിലേക്കും പട നയിക്കുകയും കൊടി നാട്ടുകയും ചെയ്യുന്ന ചടങ്ങിനെ ഓർമിപ്പിക്കുന്നതാണ് അഞ്ചാം പുറപ്പാട്.

സമയനിഷ്ഠയുടെ കാര്യത്തിൽ ഇത്ര കണിശത സൂക്ഷിക്കുന്ന മറ്റൊരു ക്ഷേത്രമില്ല. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സൂക്ഷിക്കുന്ന മഴു തന്നെ ഉദാഹരണം. ഏതെങ്കിലും കാരണവശാൽ ശ്രീകോവിൽ നട തുറക്കാൻ കഴിയാതെ വന്നാൽ വാതിൽ വെട്ടിപ്പൊളിച്ച് പൂജയും നേദ്യവും നടത്താൻ വരെ ദേവന്റെ അനുവാദമുണ്ടെന്നതിന്റെ പ്രതീകമാണ് മഴു.

ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവ് തിരുവാർപ്പ് ക്ഷേത്രദർശനത്തിനെത്തി. പരിവാരസമേതമുള്ള എഴുന്നള്ളത്തായിരുന്നെങ്കിലും എത്തിയപ്പോഴേക്കും ക്ഷേത്ര നട അടച്ചിരുന്നു. രാജാവിനുവേണ്ടി വീണ്ടും നട തുറക്കാൻ മേൽശാന്തി തയാറായില്ല. ക്ഷേത്രത്തിന്റെ ആചാരങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ തനിക്കാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മേൽശാന്തിയുടെ തല തെറിച്ചു എന്നു തന്നെ ജനങ്ങൾ കരുതി. എന്നാൽ രാജാവ് മേൽശാന്തിയെ വിളിച്ച് ഒരു സ്വർ ണമോതിരം സമ്മാനമായി നൽകി.

തുളസിക്കതിർ നുള്ളിയെടുത്തു കണ്ണനൊരു മാലയ്ക്കായി...

ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഗ്രഹണ സമയങ്ങളിൽ അടച്ചിടുമ്പോൾ തിരുവാര്‍പ്പ് ക്ഷേത്രം മാത്രം തുറന്നിരിക്കും. ഗ്രഹണ സമയം പ്രധാനകവാടം അടച്ചിടും. ക്ഷേത്രത്തിന് ഉ ള്ളിൽ നിൽക്കുന്നവർക്ക് പുറത്തേക്കോ പുറത്തു നിൽക്കുന്നവർക്ക് അകത്തേക്കോ പ്രവേശനമില്ല.

മഹാത്മാഗാന്ധി ദർശനം നടത്തിയ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഒന്നാണു തിരുവാർപ്പ്. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം തിരുവാർപ്പ് ക്ഷേത്രം സന്ദർശിച്ചത്. വൈക്കത്തു നിന്നു കോട്ടയത്ത് എത്തിയ ഗാന്ധിജി തിരുവാർപ്പിന്റെ അതിർത്തി വരെ കാറിൽ സഞ്ചരിച്ചു. അവിടെ നിന്ന് രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടത്തില്‍ തിരുവാർപ്പ് ക്ഷേത്രത്തിലേക്ക്. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സമുദായക്കാരോടൊപ്പം ദർശനം നടത്തിയ ശേഷമാണ് ഗാന്ധിജി പ്രസംഗം ആരംഭിച്ചത്.

ആറും തോടും അരഞ്ഞാണം ചുറ്റിയ ഗ്രാമമാണ് ഇന്നും തിരുവാർപ്പ്. മൺപാതകളും കൈത്തോടുകളും ധാരാളം. വീടിനു മുന്നിൽ വള്ളങ്ങൾ നിരന്നിരിക്കുന്നതു കാണാം. പിന്നെ, ആൽമരങ്ങളും തണൽവഴികളും തണുത്ത കാറ്റും.

ഒരു മയിൽപ്പീലിയായി ഞാൻ...

IMG_7036

‘വിളക്കെട’ എന്ന് അറിയപ്പെടുന്ന വിളക്കെടുപ്പ് തിരുവാർപ്പ് ക്ഷേത്രത്തിൽ മാത്രമുള്ള അപൂർവ വഴിപാടാണ്. ഒരിക്കൽ െകാടിയേറ്റ് സമയത്ത് കൊടിക്കൂറ കൊടിമരത്തിലേക്ക് കയറുന്നില്ല. കാരണം അന്വേഷിച്ച് പ്രശ്നം വച്ചു.

ഗോപസ്ത്രീ സങ്കൽപത്തിൽ ഒരു പെൺകുട്ടി കത്തിച്ച വിളക്കുമായി കൊടിമരച്ചുവട്ടിൽ വേണമെന്ന് പ്രശ്നത്തിൽ തെളിഞ്ഞു. തുടര്‍ന്ന് തൊട്ടടുത്തുള്ള നായർ തറവാട്ടിൽ നിന്ന് ഒരു ബാലികയെ വിളക്കു കൊടുത്ത് കൊടിമരച്ചുവട്ടിൽ നിർത്തുകയും ചെയ്തു.

ഈ സങ്കൽപ്പത്തിലാണ് ഇന്നും തിരുവാർപ്പിൽ വിളക്കെടുപ്പ് നടക്കുന്നത്. നായർ കുടുംബങ്ങളിലെ നാലിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള ബാലികമാരാണ് ഈ ചടങ്ങില്‍ പങ്കെടുക്കുക. ഇവര്‍ ഉത്സവത്തിന് പത്തു ദിവസം മുൻപേ വ്രതാനുഷ്ഠാനം തുടങ്ങുന്നു. ഒന്നാം ഉത്സവദിവസം മുതൽ പത്തുദിവസം ബാലികമാർ ക്ഷേത്രത്തിനു ചുറ്റുമുള്ള വീടുകളിൽ താമസിക്കും.

അതിരാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് തലമുടി ഉച്ചിയിൽ കൊണ്ട കെട്ടുന്നു. കണ്ണെഴുതി ചന്ദനം കൊണ്ടു കുറി വരച്ച് വിവിധ നിറങ്ങളിലുള്ള കുങ്കുമം കൊണ്ട് പൊട്ടുകുത്തും. പിന്നീട് അലക്കിതേച്ച പുടവ തറ്റുടുത്ത് സ്വര്‍ണാഭരണങ്ങൾ അണിഞ്ഞ് ശ്രീകോവിലിൽ എത്തുന്നു.

കൊടിയേറ്റിനു മുൻപ് കൊടിമരത്തിന്റെ വടക്കുവശത്ത് ബാലികമാർ അണിനിരക്കും. ക്ഷേത്രത്തിൽ നിന്നു കൊടുക്കുന്ന വിളക്കാണ് തെളിക്കുന്നത്. അഞ്ച്, ഏഴ്, ഒൻപത് ക്രമത്തിലുള്ള തിരികള്‍ വിളക്കിലുണ്ട്. വള്ളത്തിന്റെ ആകൃതിയിൽ നിർമിച്ച മരക്കാലുകളോടു കൂടിയ വിളക്കുകളാണ് ഉപയോഗിക്കുന്നത്. ഉത്സവം കൊടിയേറിയാൽ കൊടിയിറങ്ങുന്നതുവരെയുള്ള പ്രധാനചടങ്ങുകളിൽ വിളക്കേന്തിയ ബാലികമാരും ഉണ്ടാകും.

ഓരോ ദിവസവും ഓരോ രീതിയിലാണ് തറ്റുടുപ്പും അ ലങ്കാരവും. അഞ്ചാം പുറപ്പാട് ദിവസം ബാലികമാർ ചുവന്ന വസ്ത്രങ്ങളാണ് അണിയുന്നത്.

കണ്ണനു നേദിക്കാൻ...

LRM_EXPORT_566278910787443_20190911_160615814

കംസവധം കഴിഞ്ഞ് ക്ഷീണിതനായ ശ്രീകൃഷ്ണൻ കൽത്തുറുങ്കിൽ അമ്മയെയും അച്ഛനെയും കാണാൻ ചെന്നു. അമ്മയെ കണ്ടപ്പോഴേ എല്ലാ മക്കളെയും പോലെ ക ണ്ണനും പറഞ്ഞു. ‘അമ്മേ, വിശക്കുന്നു.’ പക്ഷേ, കൽത്തുറുങ്കിലെ രുചി കുറഞ്ഞ ആഹാരമെങ്കിലും അമ്മ ദേവകി വിളമ്പി കൊടുത്തപ്പോൾ കണ്ണൻ അത് ആസ്വദിച്ചു കഴിച്ചു. ആ സ്വാദ് ഇന്നുമുണ്ട് തിരുവാർപ്പിലെ ഉഷപ്പായസത്തിന്. (ഒഷ എന്നും പറയും). ‘‘പായസത്തിന് രുചി കൂട്ടുന്ന ചേരുവകളൊന്നും ഇവിടെ ഉപയോഗിക്കാറില്ല. അരിയും ശർക്കരയും കദളിപ്പഴവും നെയ്യും നാളീകേരവും മാത്രമാണു ചേരുവകൾ. പക്ഷേ, ഇവിടത്തെ ഉഷനിവേദ്യത്തിന്റെ രുചി അത് മറ്റൊരു അദ്ഭുതമാണ്.’’

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഷിബു ചെറുവീട്ടിൽ പറയുന്നു. ‘‘വർഷങ്ങൾ കാത്തിരുന്നാൽ മാത്രമേ ഉഷനിവേദ്യം നടത്താനാകൂ. 2033 വരെയുള്ള ബുക്കിങ് ഇപ്പോഴേ കഴിഞ്ഞു. ’’