Friday 15 March 2019 11:35 AM IST

ഓട്ടോക്കാരുടെ നോട്ടം മുതൽ ആണുങ്ങളുടെ ആറ്റിറ്റ്യൂഡ് വരെ! ടൂ മച്ച് ഈക്വലിനു പിന്നിൽ

Binsha Muhammed

tm

വറചട്ടിയിൽ‌ നിന്ന് ചൂടോടെ തീൻ മേശയിലേക്കെത്തുന്ന പൊരിച്ചമീനിൽ അസമത്വം കണ്ടെത്തിയ നായികയെ നിർത്തിപ്പൊരിച്ച സാക്ഷര സുന്ദര കേരളമാണ്. അതു തന്നെ, കടൽക്കാറ്റേറ്റ് നിലാവിനേയും നക്ഷത്രങ്ങളേയും എണ്ണിയിരുന്ന പെണ്ണിനെ കുലസ്ത്രീ കാറ്റഗറിയിൽ നിന്നും പടിയടച്ച് പിണ്ഡം വച്ച സമത്വ കേരളം. ആണധികാരത്തിനു നേരെ നാവെടുത്തവളെ സമൂഹം അന്നിങ്ങനെ വിളിച്ചു, ഒരുമ്പെട്ടവൾ! ലോകം പുരോഗമിച്ചപ്പോഴും തേഞ്ഞു പഴകിയ ആ കാഴ്ചപ്പാടിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഒരുമ്പെട്ടവളിൽ നിന്നും ഫെമിനിച്ചിയിലേക്ക് പരകായ പ്രവേശം നടത്തി പുതിയ കാലത്തെ പെണ്ണ്. ഉമ്മറക്കോലായിൽ നിന്ന് പുറത്തേക്ക് വന്ന് സമത്വത്തെ പറ്റി സംസാരിച്ച എല്ലാ സ്ത്രീകളേയും അവർ ഫെമിനിച്ചികളാക്കി, അതാണ് സത്യം.

കുലസ്ത്രീകളല്ലാത്ത ഒരു ശരാശരി പെണ്ണിനെ മേൽപ്പറഞ്ഞവിധം ചിത്രവധം ചെയ്യുമ്പോൾ കൈയ്യും കെട്ടി നോക്കിയിരിക്കാനാകുമോ? കാലഘട്ടത്തിന്റെ ചോദ്യം ചോദിക്കുന്നത് ഒരു തന്റേടമുള്ളൊരു പെൺകുട്ടിയാണ്. രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും, എന്തിനേറെ പി.എസ്‍സി പഠനക്കാർക്കും വരെ ട്രോള്‍ പേജുള്ള കാലത്ത് സ്ത്രീപക്ഷ ട്രോളുകൾക്ക് എന്ത് പ്രസക്തിയെന്ന് ചോദിക്കുന്നവർക്ക് ഉത്തരമുണ്ട് റോസ് മേരി എന്ന ട്രോളത്തിയുടെ പക്കൽ. സ്ത്രീപക്ഷ ട്രോളുകൾ എക്സ്ക്ലൂസിവായി സോഷ്യൽ മീഡിയക്കു വിളമ്പുന്ന ടൂ മച്ച് ഈക്വൽ എന്ന ട്രോൾ പേജിന്റെ അമരക്കാരി റോസ് മേരി മനസു തുറക്കുകയാണ്, വനിത ഓൺലൈൻ വായനക്കാർക്കു വേണ്ടി.

8-9


‘‘അറപ്പും വെറുപ്പും നിറയുന്ന ഭാഷകളിലൂടെ പെണ്ണിനെ വിമർശിക്കുന്ന കാലത്തിന്റെ കരണം നോക്കി തന്നെ ഒന്ന് പെടയ്ക്കണം. അതിന് ട്രോളല്ലാതെ വേറെന്ത് മാർഗം. അവർ എങ്ങനെ നമ്മളെ ആക്രമിക്കുന്നോ? അതേ നാണയത്തിൽ തന്നെ മറുപടി നൽകണം. ഒരു പെണ്ണിനെ ട്രോളാത്ത ഒരു ദിവസമെങ്കിലും നമ്മുടെ ഇടയിലുണ്ടോ സുഹൃത്തേ...തമാശയെന്നൊക്കെ അവർ പറയും. പക്ഷേ ആ വേദനയിൽ മുളകുപുരട്ടുന്ന അമ്മാതിരി ട്രോൾ കലാപരിപാടികൾ മാനാഭിമാനമുള്ള ഒരു പെണ്ണിനും ദഹിക്കില്ല. അതിനുള്ള ഞങ്ങള്‍ പെണ്ണുങ്ങളുടെ മറുപടിയാണ് ടൂ മച്ച് ഈക്വൽ എന്ന സോഷ്യൽ മീഡിയ ട്രോൾ പേജ്.’’

t2

ഞങ്ങൾ ഇവിടെയൊക്കെയുണ്ടേ എന്ന് ആരേയും ബോധ്യപ്പെടുത്താനുള്ള പ്രഹസനമൊന്നുമല്ല ടൂ മച്ച് ഈക്വൽ എന്ന ട്രോൾ പേജ്. കാലം കടന്നു പോയിട്ടും നേരം വെളുക്കാത്ത ചില മാടമ്പിമാർക്കുള്ള മറുപടിയെന്നോണമാണ് ഇതിന്റെ പ്രവർത്തനം.

എട്ട് മണിക്ക് ശേഷം പുറത്തിറങ്ങുന്ന പെണ്ണിനെ മുനവച്ചു നോക്കുന്ന അമ്മാവൻമാരെ ട്രോളാൻ ഞങ്ങൾ കടം കൊണ്ടത് വരത്തനിലെ വിജിലേഷിന്റെ ജിതിൻ എന്ന കഥാപാത്രത്തെയാണ്. അർത്ഥവും ആഴവും വച്ചുള്ള ആ നോട്ടം ഒരുവട്ടം കൂടി കാണാൻ നിങ്ങൾ വരത്തൻ റീ പ്ലേ ചെയ്യേണ്ട. എട്ട് മണിക്ക് ശേഷം ഏതെങ്കിലും ഒരു ഗ്രാമവഴിയിലൂടെചുമ്മാ നടന്ന് പോയാൽ മതി. പൊരിച്ചമീൻ കുടുംബത്ത് പങ്കുവയ്ക്കുമ്പോൾ അസമത്വം പ്രകടമായിട്ടുണ്ടെന്ന് പറഞ്ഞ റിമയെ ഇവിടുള്ളവർ എന്തൊക്കെ പറഞ്ഞു. അവർ പറഞ്ഞതിൽ വസ്തുതയില്ലേ, അത് ഞങ്ങളുടെ കൈകളിലെത്തിയപ്പോഴും ഒരു മനോഹര ട്രോളായി പുനർജനിച്ചു. അതാണല്ലോ സഖാവേ ഈ സോ കോൾഡ് സമത്വം. കുറേ പേരുടെ മെമ്മറിയിൽ പൂർവികർ പകർന്നു നൽകിയ പഴകി ദ്രവിച്ച ചിന്താഗതികൾ ഇൻബിൽറ്റായുണ്ട്. അത് മാറണം, അതിനു വേണ്ടിയാണ് ഞങ്ങളുടെ ഉദ്യമം– റോസ് മേരി പറയുന്നു.

t8

സ്ത്രീകൾ എന്ത് ചെയ്താലും വേറെ പണിയൊന്നുമില്ലേ എന്ന പതിവു പല്ലവി ഞാനും നേരിട്ടിട്ടുണ്ട്. ഇനിയങ്ങോട്ട് പെണ്ണുങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ ചേട്ടാ എന്ന് കുമ്പിട്ട് പറയുന്നതിൽ അർത്ഥമില്ല, ഞങ്ങൾക്കും ജീവിക്കണം എന്ന് തന്റേടത്തോടെ പറയുകയാണ് വേണ്ടത്. അതിനു വേണ്ടിയുള്ള എളിയ പരിശ്രമമാണ് ഈ ട്രോൾ പേജ്, ഞങ്ങളുടെ ശബ്ദം–റോസ് മേരി പറഞ്ഞു നിർത്തുന്നു.

t7

പെരുമ്പാവൂർ സ്വദേശിയായ റോസ് മേരി ജോലിയുടെ ഇടവേളയിലാണ് ടൂ മച്ച് ഈക്വൽ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജ് കൈകാര്യം ചെയ്യുന്നത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലെ ഡിസ്ട്രിക്ട് കോഓർഡിനേറ്ററാണി റോസ് മേരി.