‘സംഗീതവും മിമിക്രിയുമായി ഒടുവിലങ്ങനെ ചേരുംപടി ചേർന്നു. പാട്ടുകാരിയും മിമിക്രി ആർട്ടിസ്റ്റും നല്ല മാച് അല്ലേ? ’ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ വൈക്കം വിജയലക്ഷ്മി ചോദിച്ചു. ‘എന്റെ പൊന്നോ.. പുലിയന്നൂരിൽ നിന്നൊരു പുലി വരുന്നേ... പാട്ടിനോട് സ്നേഹമുള്ള ആളാണ്, മിമിക്രിയും കാണിക്കും. പോരേ? ഇന്റീരിയർ ഡിസൈനിങ്ങും ചെയ്യും. പ്രജോദേട്ടന്റെ (കലാഭവൻ പ്രജോദ്) കൂടെയൊക്കെ മിമിക്രി കാണിച്ചിട്ടുണ്ടെന്നേ.
ഞാനും ഇത്തിരിയൊക്കെ മിമിക്രി കാണിക്കുമല്ലോ. രണ്ടാളും കൂടിയാ പിന്നെ പാട്ടും മിമിക്രിയുമൊക്കെയായി രസമാകും. രണ്ടു വീട്ടുകാർക്കും നേരത്തേ അറിയാം. രണ്ടു കൊല്ലമായി ആലോചന നടക്കുന്നുണ്ടായിരുന്നു. ആദ്യം ആലോചന വന്നപ്പോൾ അത്ര സമ്മതം തോന്നിയില്ല. രണ്ടാമതും വന്നപ്പോൾ ചൊറിയൊരു കൺഫ്യൂഷനടിച്ചു. കൺഫ്യൂഷൻ തീർക്കണമേ... എന്ന പാട്ടും പാടി ഞങ്ങൾ സംസാരിച്ചു തുടങ്ങി. നല്ല മനസ്സിന്റെ ഉടമയാണെന്ന് അപ്പോഴെനിക്ക് മനസ്സിലായി. മിമിക്രിയും കൂടി കേട്ടതോടെ പിന്നൊന്നും ആലോചിച്ചില്ല, ഓകെ പറഞ്ഞു.

പെണ്ണുകാണൽ അങ്ങനെ ചടങ്ങായിട്ടൊന്നും ഉണ്ടായില്ല കേട്ടോ. ഞങ്ങളുടെ കുടുംബക്ഷേത്രമായ നാഗചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വിളക്ക് സമർപ്പിക്കാൻ പുള്ളി വന്നപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്നു. പെണ്ണുകാണലൊക്കെ അന്നേ കഴിഞ്ഞു. പുള്ളിക്കൊരു ഇരട്ടസഹോദരിയുണ്ട്, അശ്വതി. ഞങ്ങളും നേരത്തേ നല്ല കൂട്ടാ. വീട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും പോയി വീടൊക്കെ കണ്ടു. ഇഷ്ടപ്പെട്ടു. രണ്ടു മൂന്നു മാസം മുമ്പേ എല്ലാം തീരുമാനിച്ചു കഴിഞ്ഞതാ. സെപ്റ്റംബർ 10നാണ് നിശ്ചയം. ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് കല്യാണം. മജന്ത കളർ പട്ടുസാരിയും ആഭരണങ്ങളുമെല്ലാം എപ്പഴേ ഒരുങ്ങിക്കഴിഞ്ഞില്ലേ. ഇനിയൊന്നൂടെ ഒന്നു മിനുക്കിയെടുത്താൽ മതി. ആ ദിവസം വേഗമൊന്ന് ആയിക്കിട്ടിയാ മതിയെന്റെ വൈക്കത്തപ്പാ...’
‘വിജിയെ കല്യാണം കഴിക്കാൻ താൽപര്യമുണ്ട് എന്ന് അനൂപ് നേരത്തേ പറഞ്ഞതായിരുന്നു. വിജിയുടെ കലയോടാണ് താൽപര്യം, ഒരു രൂപ പോലും സ്ത്രീധനം വേണ്ട എന്നും പറഞ്ഞു. രണ്ടാംതവണ ആലോചനയുമായി എത്തിയപ്പോൾ വിജിയെ അല്ലാതെ വേറെ കല്യാണം കഴിക്കില്ല എന്നായി. അതോടെ മോൾക്കും താൽപര്യമായി.’ വൈക്കം വിജയലക്ഷ്മിയുടെ അമ്മ വിമല തിരക്കിനിടയിലും വിശേഷം പങ്കുവച്ചു.