Saturday 16 November 2019 03:34 PM IST

ചേർത്തു നിർത്താൻ ആരുമില്ലാത്ത ബാല്യകാലം, ജീവിതത്തിലെ ഒറ്റയാൻ! ‘41’ലെ വാവാച്ചി കണ്ണന്റെ കഥ ഇതു വരെ

Binsha Muhammed

vavachi

കുറച്ചു വർഷങ്ങൾക്കു മുൻപാണ്. സിംഗപ്പൂരിൽ മൂന്ന് വർഷത്തെ ആക്റ്റിങ്ങ് ട്രെയിനിങ്ങ് കഴിഞ്ഞ് എയർപോർട്ടിലിറങ്ങിയ ശരൺജിത്ത് നിന്ന ഒരു നിൽപ്പുണ്ട്. എങ്ങോട്ടു പോകും എന്ന് അറിയാതെയുള്ള നിൽപ്പ്! ‘കാത്തിരിക്കാനും സ്വീകരിക്കാനും ആരുമില്ല. അക്ഷരാർഥത്തിൽ ജീവിതത്തിൽ ഒറ്റയാനാണ് ഞാൻ. പതിനൊന്ന് വർഷമായി ഒറ്റയ്ക്കാണ്. പട്ടിണി, ദാരിദ്ര്യം തുടങ്ങിയ ഡാർക്ക് സൈഡുകളും ആവോളമുണ്ട്. ഇതൊന്നും ഞാൻ ചിന്തിക്കാറു പോലുമില്ല. എനിക്ക് ആരുടെയും സിമ്പതി വേണ്ട. എന്റെ ജീവിതം... അഭിനയത്തോടുള്ള ഭ്രമം... അതിൽ ഞാൻ ഹാപ്പിയാണ്. ഈ ലോകത്തെ മറ്റാരേക്കാളും ഹാപ്പി.’– ഫ്ലാഷ് ബാക്കിന് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെ വെല്ലുന്ന സെന്റിമെന്റ്സാണെങ്കിലും ശരൺജിത്തിന് ‘നോ വറീസ്’. ആരാണീ സൂപ്പർ കൂൾ മാൻ എന്നു ചിന്തിക്കുന്നവർക്കു വേണ്ടി ഒന്നു കൂടെ പരിചയപ്പെടുത്താം. ലാൽ ജോസിന്റെ പുതിയ ചിത്രമായ ‘41’ലെ പ്രിയപ്പെട്ട വാവാച്ചി കണ്ണൻ. സ്ക്രീനിൽ ബിജു മേനോനൊപ്പം കയ്യടികൾ ഏറ്റുവാങ്ങുന്ന പുതുമുഖ താരം.

തീയറ്റർ ആർട്ടിസ്റ്റായി ഉലകം ചുറ്റുന്ന ശരൺജിത്തിന് സിനിമയിൽ ഇതു പുതിയ തുടക്കം. എന്നിട്ടും ആദ്യ ചിത്രം ഇതുവരെ തീയറ്ററിൽ പോയി കാണാൻ ശരൺജിത്തിന് കഴിഞ്ഞിട്ടില്ല. നാട്ടിൽ സിനിമ റിലീസ് ചെയ്യുമ്പോൾ ഇന്ത്യാനോസ്ട്രം എന്ന കമ്പനിയുടെ നാടക പ്രൊജക്റ്റുമായി യൂറോപ്പ്യൻ ആഫ്രിക്കൻ ടൂറിലാണ് കക്ഷി. ‘വനിത ഓൺലൈനി’ൽ നിന്നു വിളിയെത്തുമ്പോൾ പാരീസിൽ. ശരൺജിത്ത് പറഞ്ഞു തുടങ്ങിയത് നാടകത്തെ കുറിച്ചാണെങ്കിലും നാടകീയതയും സെന്റിസീനും നഷ്ടപ്പെടലും ആവോളമുള്ള ഒരു ജീവിതകഥ കൂടി പങ്കുവയ്ക്കാനുണ്ട് ഈ മനുഷ്യന്. അനാഥത്വം പേറിയ മനുഷ്യനെ കലയും കലാകാരൻമാരും സനാഥനാക്കി മാറ്റിയ കഥ, സിനിമയെ വെല്ലുന്ന കഥ. ട്വിസ്റ്റും സംഘർഷ നിഭരിതമായ നിമിഷങ്ങളും കൊണ്ട് സമ്പന്നമായ അക്കഥ വനിത ഓൺലൈൻ വായനക്കാരോട് പറയുകയാണ് പങ്കുവയ്ക്കുകയാണ് ‘ശരൺജിത്ത്’ എന്ന വാവാച്ചി കണ്ണൻ.

v2

നാടകീയം ജീവിതം

എനിക്ക് ആറു മാസമുള്ളപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. അച്ഛൻ എന്താണെന്നോ ആ കരുതലിന്റെ സുഖമെന്തെന്നോ അറിയാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പ്രീ മെട്രിക് ഹോസ്റ്റലിൽ പഠനം. ബന്ധുക്കളും ബന്ധുത്വവുമെല്ലാം ഒരു കൈയ്യകലത്തിൽ ഉണ്ട്. പക്ഷേ ചേർത്തു നിർത്താൻ മാത്രം ആരുമുണ്ടായിരുന്നില്ല.–ശരൺജിത്ത് ജീവിതം പറയുകയാണ്.

പന്ത്രണ്ട് കൊല്ലം ബോർഡിങ്ങ് ജീവിതം. ഡിഗ്രി ആയപ്പോഴേക്കും അമ്മ വേറെ വിവാഹം കഴിച്ചു. അച്ഛനും പുതിയൊരു ജീവിതമുണ്ടായി. രണ്ടു പേരും രണ്ടു തട്ടിൽ. ഇതിനിടയില്‍ ഞാൻ. തിരിച്ചറിവിന്റെ പ്രായത്തിൽ ഓരോരുത്തർക്കും അവരവരുടെ ജീവിതമുണ്ടെന്ന് വിവേക പൂർവം തിരിച്ചറിഞ്ഞു. അവരെ അവരുടെ വഴിക്ക് വിട്ടു. ഇന്നു വരെ അവരുടെ വഴിയിൽ ബാധ്യതായി ഞാൻ പോയിട്ടില്ല. എന്റെ വഴിയിൽ‌ അവരും. ബന്ധുക്കളും സ്വന്തക്കാരും ഒക്കെ ഉണ്ടെങ്കിലും ആർക്കും ബാധ്യതയാകാനും നിന്നു കൊടുത്തിട്ടില്ല. ഒറ്റയാനായുള്ള ജീവിതം എന്നെ കൂടുതൽ കരുത്തനാക്കിയെന്നും വേണം പറയാൻ. ജീവിതം തിരിച്ചറിഞ്ഞ ബാല്യവും കൗമാരവും അങ്ങനെ കടന്നു പോയി.

v3

മറക്കാൻ പഠിപ്പിച്ചത് തീയറ്റർ

പെയിന്റിംഗ് ആയിരുന്നു ബിരുദത്തിന് ഐച്ഛിക വിഷയം. അവിടെ നിന്നാണ് കലാകാരന്റെ മേൽവിലാസത്തിലേക്ക് പിച്ചവയ്ക്കുന്നത്. പിജിക്ക് തീയറ്റർ ആയിരുന്നു സബ്ജക്റ്റ്. എംഫിലും ഇതേ വിഷയത്തിൽ. ഇക്കാലത്ത് കാലടി സർവ്വകലാശാലയിൽ എന്റെ സീനിയറായി പഠിച്ച പത്മദാസ് എന്ന മനുഷ്യനാണ് എന്റെ ജീവിതത്തിന് വഴികാട്ടിയാകുന്നത്. ഞാൻ ജ്യേഷ്ഠനായി കാണുന്ന ആ മനുഷ്യൻ എല്ലാ അർത്ഥത്തിലും എനിക്ക് തണലായി. എന്നെ ജീവിക്കാന്‍ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞാൻ താമസിക്കുന്നതു പോലും. കലയെ ജീവനും ജീവനോപാധിയുമാക്കാനുള്ള ഊർജം തരുന്നതും ഈ മനുഷ്യൻ.

v6

പഠന കാലയളവിലൊന്നും സിനിമയെന്ന മായിക ലോകം എന്റെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. മനസു നിറയെ നാടകം.ലോകത്തെ എണ്ണം പറഞ്ഞ വേദികളിൽ വേഷം കെട്ടിയാടണം. അതു മാത്രമായി ചിന്ത. എംഫിൽ കഴിഞ്ഞ ശേഷം സിംഗപ്പൂരിലെ ആക്റ്റിങ്ങ് ട്രെയിനിങ്ങ് ചെയ്യാനുള്ള സ്കോളർഷിപ്പ് കിട്ടി. ട്രെയിനിങ്ങ് കഴിഞ്ഞ് ഇന്ത്യയിലെത്തുമ്പോൾ തന്നെ പ്രമുഖമായ ഇന്ത്യനസ്ട്രം എന്ന നാടക കമ്പനിയിൽ ചേർന്നു പ്രവർത്തിക്കാൻ നിയോഗമുണ്ടായി. അത് ജീവിതത്തിലെ പുതിയൊരു നാഴികക്കല്ലായിരുന്നു.

v3

അങ്ങനെ ഞാൻ സിനിമാക്കാരനായി

നിനച്ചിരിക്കാതെയാണ് സിനിമയില്‍ എത്തുന്നത്. സിനിമ ചെയ്യുന്നില്ല എന്നാണ് കരുതിയിരുന്നത്. കാരണം സിനിമ മാത്രമാണ് കലയെന്ന് വിശ്വസിക്കുന്ന ഒരു ജനതയ്ക്കു മുന്നിൽ നാടകത്തിന്റെ മേന്മ എന്തെന്ന് മനസിലാക്കി കൊടുക്കുക എന്നതാണ് ജീവിതലക്ഷ്യം. ഇനി സിനിമയിലെത്തിയാൽ തന്നെ അത് 40 വയസ്സിനു ശേഷമേ ഉള്ളു എന്നതായിരുന്നു പ്ലാൻ. ഒരു വർഷം മുമ്പേയാണ് പ്രഗീഷേട്ടൻ (തിരകഥാകൃത്ത്) നാല്‍പ്പത്തിയൊന്നിലേക്ക് വിളിച്ചത്. ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. ഒരേ സമയം എക്സൈറ്റ്മെന്റും പേടിയും പ്രണയവും എല്ലാം ഉൾക്കൊള്ളുന്ന ഒരുപാട് ലയറുകളുള്ള വാവാച്ചി കണ്ണനെ അദ്ദേഹം വളരെ മനോഹരമായി തന്നെ വിവരിച്ചു തന്നു. ലാൽജോസ് സർ കണ്ടപ്പോൾ തന്നെ പറഞ്ഞു, നമുക്ക് ഇത് ചെയ്യാം, എനിക്ക് ഓക്കേയാണ് എന്ന്. അതിനു ശേഷമാണ് കഥയെ പറ്റി പോലും സംസാരിക്കുന്നത്.

ജീവിതത്തിലെ ശരൺജിത്തും സിനിമയിലെ വാവാച്ചി കണ്ണനും തികച്ചും വ്യത്യസ്തരാണ്. വാവാച്ചി കണ്ണൻ ഒരു ആൽക്കഹോളിക്ക് ആയ കഥാപാത്രമാണ്. ഞാനാണെങ്കിൽ മദ്യപിക്കാത്ത ഒരാളും. വാവാച്ചി കണ്ണനായി മാറാൻ വേണ്ടി ബാറുകളിലും ബീവറേജുകളുടെ പരിസരങ്ങളിലുമെല്ലാം പോയി മദ്യപാനികളുടെ മാനറിസങ്ങൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിന് രണ്ടാഴ്ച മുമ്പാണ് തലശ്ശേരി ഭാഗത്ത്‌ സുഹൃത്തുക്കളുടെ കൂടെ പോയി അവരുടെ ഭാഷ കുറെയൊക്കെ പഠിച്ചെടുത്തത്. പിന്നെ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചത് ബിജുവേട്ടനാണ്. ചേട്ടനോളം സ്‌നേഹം തന്ന ബ്യൂട്ടിഫുൾ ആക്ടർ ആയിട്ടുള്ള ഒരു മനുഷ്യൻ. ഒരു ചേട്ടന്റെ കരുതലായിരുന്നു ബിജുവേട്ടന് എന്നോട്. ഷൂട്ടിങ്ങിനെ കുറിച്ച് ഒന്നും അറിയാത്ത ആളായിരുന്നു ഞാൻ. ഓരോ സീൻ എടുക്കുമ്പോഴും ആദ്യാവസാനം എന്നെ സപ്പോർട്ട് ചെയ്തു കൂടെ നിന്നു ബിജു ഏട്ടൻ. ചിത്രത്തിലെ സുമയെ അവതരിപ്പിച്ച അനന്യയോടൊപ്പവും ഞാൻ കംഫർട്ടബിൾ ആയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ കാലടിയിൽ എന്റെ ജൂനിയർ ആയിരുന്നു. ഒരേ കളരിയിൽ അഭിനയം തുടങ്ങിയത് കൊണ്ടാവാം സാമ്യതകളും കൂടുതലാണ്. അതൊക്കയാവാം വാവാച്ചി കണ്ണനും സുമയും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമായി എന്ന് പറയുന്നത്.

v4