Thursday 10 December 2020 05:33 PM IST

9690523578! അറ്റൻഡ് ചെയ്താൽ അശ്ലീല പ്രദർശനം, പിന്നാലെ എത്തുന്നത് ബ്ലാക്മെയിലിങ്: മലയാളിയെ കുടുക്കാൻ പുതിയ സൈബർ തട്ടിപ്പ്

Binsha Muhammed

fraud-final-

ആദ്യം ഫെയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിക്കും. തേനിൽ ചാലിച്ച പഞ്ചാര വർത്തമാനത്തിലൂടെ സൗഹൃദം പുതുക്കും. അർധരാത്രിയിലെ വിഡിയോ കോൾ ആയിരിക്കും പിന്നെ തേടി വരുന്നത്. ആ വിഡിയോ കോൾ വെറുതെ ഒന്ന് അറ്റൻഡ് ചെയ്താലോ,ഒന്ന് സംസാരിച്ചാലോ മതി. കഴിഞ്ഞു കഥ... സഭ്യതയുടെ അതിർ വരമ്പുകൾ ഒട്ടും ലംഘിക്കണം എന്നു പോലുമില്ല. പിന്നെ നിങ്ങളെ തേടി വരുന്നത് ഭീഷണി സന്ദേശമായിരിക്കും.

‘കാശ് തന്നില്ലെങ്കിൽ ഈ വിഡിയോ കോൾ എഡിറ്റ് ചെയ്ത് അശ്ലീല വിഡിയോ ആയി പ്രചരിപ്പിക്കും. . കുടുംബത്തിലുള്ളവരുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും മുഖത്തു പോലും നോക്കാൻ ആകാത്ത വിധം നാണംകെടുത്തും.’

മാനാഭിമാനമുള്ള മലയാളിക്ക് അതോടെ കുരുക്ക് മുറുകുകയായി. നടന്നത് പുറത്തു പറയാൻ പോലും പറ്റാതെ എന്തു ചെയ്യണമെന്നറിയാതെ അയാൾ വശംകെട്ടുപോകും. . ഒടുവിൽ അവർ നല്‍കുന്ന അക്കൗണ്ട് നമ്പരിലേക്ക് ആവശ്യപ്പെടുന്ന തുക അയച്ചു കൊടുക്കേണ്ടി വരും. ആദ്യ കുരുക്കിൽ പെട്ടാൽ പിന്നെ അത് മുറുക്കുകയായി. ഡിമാന്റ് ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് ഉയരും. നൽകാതിരിക്കാൻ ആകുമോ?, എന്തു ചെയ്യാം മാനമല്ലേ വലുത്?

ചതിയുടെ ചതുപ്പ് നിലങ്ങളായ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേ നാളുകളായി തലപൊക്കുന്ന ഒരു ചതിയുടെ കഥയാണ് മുകളിൽ കുറിച്ചത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും മറ്റ് മെസഞ്ചർ ആപ്ലിക്കേഷനുകളിലും കണ്ണുംനട്ടിരിക്കുന്ന മലയാളിയെ കുടുക്കാൻ വലക്കണ്ണികളുമായി പതിയിരിക്കുന്ന കൂട്ടം തന്നെയാണ് പുതിയ കഥയിലേയും വില്ലൻമാർ. ലൈംഗിക ചൂഷണങ്ങൾ, ബാങ്കിങ് ഫ്രോഡുകൾ, പണം തട്ടിപ്പു സംഘങ്ങൾ, ചാരിറ്റി തട്ടിപ്പുകൾ എന്നിങ്ങനെ പലവിധ തട്ടിപ്പുകൾ മലയാളി കണ്ടിട്ടുണ്ടെങ്കിലും കൂട്ടത്തിൽ ഏറെ അപകടം പിടിച്ച സൈബർ ചതിയാണ് ഇപ്പോൾ നടക്കുന്നത്. ഒരു പക്ഷേ ആണിനേയും പെണ്ണിനേയും ഒരുപോലെ ആത്മഹത്യയിലേക്ക് വരെ കൊണ്ടു ചെന്നെത്തിക്കുന്ന വലിയ ചതി.

സുന്ദരിയായ യുവതിയുടെ പ്രൊഫൈൽ ചിത്രവും വച്ചാകും ഇത്തരം തട്ടിപ്പുകാർ ആളെ വലയിലാക്കാൻ ശ്രമിക്കുന്നത്. കോട്ടയം സ്വദേശിക്ക് ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് എത്തിയത് ശിവാനി രാജ്പുത് എന്ന മഹാരാഷ്ട്രക്കാരിയുടെ പേരിലാണ്. സൗഹൃദം സ്വീകരിച്ചതിനു പിന്നാലെ ശിവാനി ഫെയ്സ്ബുക്ക് ചാറ്റിലെത്തി. പരിചയപ്പെടലിൽ ആയിരുന്നു തുടക്കം. ജോലിയും വീടും കുടുംബവും എല്ലാം തിരക്കി കൊണ്ടുള്ള പതിവ് കുശലാന്വേഷണം. യുവാവിന്റെ പ്രഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഫോൺ നമ്പർ വേണമെന്നായി അടുത്ത ആവശ്യം. സംശയിക്കത്തക്കതായി ഒന്നുമില്ലാത്തതിനാൽ യുവാവ് നമ്പരും നൽകി. ചതിയുടെ കഥ അവിടെ തുടങ്ങുകയായി.

സാധാരണ കോളിന് പകരം വാട്സാപ്പ് വിഡിയോ കോളിലാണ് വിളി എത്തിയത്. അറ്റൻഡ് ചെയ്തപ്പോൾ കണ്ടതാകട്ടെ കണ്ടാൽ അറയ്ക്കുന്ന അശ്ലീല പ്രദർശനവും. മുഖംമാത്രം മറച്ചിരിക്കും. മുഖം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അമ്മ അടുത്തുണ്ടെന്നായിരുന്നു തന്ത്രപൂർവമുള്ള മറുപടി. മാത്രമല്ല വാഷ് റൂമിലേക്ക് ചെന്നാൽ ‘വിശദമായി കാണാം’ എന്ന വാഗ്ദാനവും. ഇത്രയും ആയപ്പോൾ യുവാവ് ഫോൺ കട്ട് ചെയ്തു. പത്ത് മിനിറ്റ് കഴിഞ്ഞില്ല. യുവതിയുമായി വിഡിയോ കോളിൽ നിൽക്കുന്ന ഞെട്ടിക്കുന്ന വിഡിയോ ദൃശ്യം വാട്സാപ്പിലേക്ക് എത്തി. അതിൽ സംസാരത്തിനു പുറമേ എഡിറ്റ് ചെയ്ത് ചേർത്ത കുറച്ച് അശ്ലീല ദൃശ്യങ്ങളും. ബോധപൂർവം എഡിറ്റ് ചെയ്താണ് ആ രംഗങ്ങൾ ചേർക്കുന്നതു പോലും. അതായത് അതു വരെ സംസാരിച്ചിരുന്ന യുവതി ആവശ്യപ്പെട്ടതു പ്രകാരം അവയവ പ്രദർശനം നടത്തി എന്ന തരത്തിലാണ് എഡിറ്റിങ്. ഇതോടൊപ്പം സന്ദേശവും എത്തി. ഇരുപതിനായിരം രൂപ ഉടൻ തങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറിയില്ലെങ്കിൽ വിഡിയോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ കൈമാറും. ഭീഷണിയായി അടുത്ത ബന്ധുവിന് അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടും ലഭിച്ചു.

ഓൺലൈൻ ചാറ്റിങ്ങിനിടെ വസ്ത്രം ഉരിയുന്നവർ ദയവായി ഒന്ന് ശ്രദ്ധിക്കൂ... (വിഡിയോ)

ഭാര്യയുടെ നഗ്നദൃശ്യം ഭർത്താവിന്റെ വാട്സാപ്പിൽ; ഉറവിടം അന്വേഷിച്ചുചെന്ന സൈബർ സെല്ലിനെ ഞെട്ടിച്ച 'വില്ലൻ!

ഓരോ തവണ കോൾ ചെയ്യുമ്പോഴും തത്സമയമുള്ള ദൃശ്യങ്ങൾക്കു പകരം റെക്കോ‍ഡ് ചെയ്ത ദൃശ്യങ്ങളാണ് വിഡിയോ കോളിൽ തെളിയുന്നത്. അതു മാത്രമല്ല, എത്ര ആവശ്യപ്പെട്ടാലും മുഖം കാണിക്കുകയുമില്ല. എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ അവസാനിക്കുന്ന ആ വിഡിയോ വച്ചായിരിക്കും ഓരോ ഭീഷണിയും.

വിഡിയോകോൾ പൂർത്തിയാകുന്നതോടെ പിന്നെയുള്ള സ്വരം ഭീഷണിയുടേതാരും. അക്കൗണ്ടിലേക്ക് അമ്പതിനായിരമോ ഒരു ലക്ഷമോ തുടങ്ങി വലിയ സംഖ്യകൾ ഇടാനായിരിക്കും ആവശ്യപ്പെടുന്നത്. ചതിക്ക് ഇരയായ കോട്ടയം സ്വദേശിക്ക് നമ്പരിൽ നിന്നാണ് കോൾ വന്നത്. കാശ് നൽകിയില്ലെങ്കിൽ സുഹൃത്തുക്കൾക്ക് വിഡിയോ അയച്ചു കൊടുക്കുമെന്നാണ് ഭീഷണി. തട്ടിപ്പു നടത്തുന്നവരെ വാട്സാപ്പ് കോൾ വഴിമാത്രമേ ബന്ധപ്പെടാൻ കഴിയൂ എന്നതാണ് തട്ടിപ്പിന്റെ മറ്റൊരു മുഖം. സത്യാവസ്ഥ അറിയാൻ തട്ടിപ്പു നടത്തുന്നവരെ  വിളിക്കാൻ ശ്രമിക്കുന്നവർ വിഡിയോ കോളിൽ മുഖം പതിയാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 

മുമ്പ് ഗൾഫിലുള്ള യുവാക്കളെ ലക്ഷ്യം വച്ചായിരുന്നു ഇത്തരം തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ഇപ്പോൾ കേരളത്തിലേക്കും ചതിയുടെ വലകൾ വ്യാപിക്കുകയാണ്. മുമ്പ് ഇത്തരം സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ച് സൈബർ വിദഗ്ധൻ രതീഷ് ആർ മേനോൻ വനിതയിൽ വിശദമായി ഫീച്ചർ പങ്കുവച്ചിരുന്നു.

‘നമ്മളും കുരുങ്ങും സ്മാർട് ട്രാപ്പ്’ എന്ന തലക്കെട്ടിൽ രതീഷ് ആർ മേനോനുമായി സംസാരിച്ച് രൂപ ദയാബ്ജി തയ്യാറാക്കിയ റിപ്പോർട്ട് ചുവടെ വായിക്കാം...


വിഡിയോ ചാറ്റും മാനനഷ്ടവും

പ്രേതം സിനിമ റിലീസായപ്പോൾ ഏറ്റവും കൈയടി കിട്ടിയിട്ടുണ്ടാകുക ആര്യ വിഡിയോ ചാറ്റിൽ വരുന്ന സീനിനാകും. ഇതു കണ്ട് വിഡിയോ ചാറ്റിലൂടെ വിദേശത്തുള്ള കാമുകിക്ക് ശരീരം തുറന്നുകണിച്ചു കൊടുത്ത് പണി കിട്ടിയ ഒരു കൊല്ലം സ്വദേശിക്ക് ഇപ്പോൾ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. നമ്മൾ പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ് ഇവിടെ സംഭവിച്ചത്.
വിദേശിയായ കാമുകിയെ ഇയാൾ കണ്ടെത്തിയത് ഫെയ്സ്ബുക് വഴിയാണ്. ഗൾഫിലെ ജോലിക്കിടെ അത്യാവശ്യം ചാറ്റിങ്ങും സ്കൈപ്പും വിഡിയോ കോളുമൊക്കെയായി ബന്ധം നന്നായി പച്ചപിടിച്ചു. ഇരുവരും വിഡിയോ ചാറ്റിലൂടെ പരസ്പരം തുറന്നുകാട്ടാൻ ബാക്കിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, കുറച്ചു ദിവസത്തിനുള്ളിൽ ഇയാൾക്ക് വാട്ട്സ്ആപ്പിൽ ഒരു യുട്യൂബ് വിഡിയോയുടെ ലിങ്ക് കിട്ടി. ചാറ്റിനിടെ നഗ്നത പ്രദർശിപ്പിക്കുന്ന ഇയാളുടെ വിഡിയോ ഫെയ്സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യാതിരിക്കാൻ രണ്ടുലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം.  

പേടിച്ചുപോയ യുവാവ് സ്വന്തം ഫെയ്സ്ബുക് അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്തു. ആശ്വസിച്ചിരിക്കുന്നതിനിടെ സുഹൃത്താണ് അക്കൗണ്ടിൽ നഗ്നവിഡിയോ കണ്ടു എന്നുപറഞ്ഞ് വിളിച്ചത്. ഡീആക്ടിവേറ്റ് ചെയ്ത അക്കൗണ്ടിന്റെ അതേ പേരിൽ തന്നെ പുതിയ അക്കൗണ്ട് വ്യാജമായി നിർമിച്ച് വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ആവശ്യപ്പെട്ട പണം നൽകി പ്രശ്നം അവസാനിപ്പിച്ചെങ്കിലും ഇടയ്ക്കിടെ വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു എന്നായിരുന്നു യുവാവിന്റെ പരാതി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ മാനക്കേട് കാരണം ഇറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു ഇയാൾ.


∙ മിക്കവാറും പുരുഷന്മാർ അകപ്പെടുന്ന കെണിയാണിത്. പലപ്പോഴും സ്ത്രീകളും ഇതിൽ പെടാം. പുരുഷന്മാരോടു പണം ആവശ്യപ്പെടുമ്പോൾ സ്ത്രീകളോട് ആവശ്യപ്പെടാറ് മറ്റു പലതുമാകും. ഇത്തരം ലക്ഷ്യത്തോടെ നമ്മുടെ ഫെയ്സ്ബുക്ക് ഫ്രണ്ടായി മാറുന്ന ഇവർ നമ്മുടെ സുഹൃത്തുക്കളെയും ഫ്രണ്ടാക്കും.

∙ നമ്മൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റുകളും ഡൗൺലോഡ് ചെയ്തു സൂക്ഷിക്കും. ഫ്രണ്ട്സിനെ കാണാൻ പറ്റാത്ത തരത്തിൽ സെക്യൂരിറ്റി സെറ്റിങ്സ് ഇട്ടിട്ടുണ്ടെങ്കിൽ നമ്മുടെ പോസ്റ്റുകൾക്ക് പതിവായി കമന്റ് ചെയ്യുന്നവരെ നോക്കിവച്ച് സുഹൃത്തുക്കളാക്കും.

∙ സാധാരണ ചാറ്റിങ്ങിൽ തുടങ്ങി പതിയെ ദ്വയാർഥങ്ങളിലേക്കും അശ്ലീല സംഭാഷണങ്ങളിലേക്കും നമ്മളെ എത്തിക്കും. പിന്നീട് സെക്സ് ചാറ്റിലേക്ക് കടക്കും.

∙ IMO ലോ സ്കൈപ്പിലോ വിഡിയോ ചാറ്റ് വരാൻ ആവശ്യപ്പെടുന്നതാണ് അടുത്ത ഘട്ടം. സ്വന്തം നഗ്നത നിങ്ങൾക്കു കാട്ടിത്തന്ന് നിങ്ങളോടും ഇതുപോലെ ചെയ്യാൻ ആവശ്യപ്പെടും.

∙ നമ്മൾ കാണുന്ന വിഡിയോ മിക്കപ്പോഴും നമ്മൾ ചാറ്റു ചെയ്യുന്ന ആളിന്റേതു പോലുമാകില്ല. ഫേക്ക് വിഡിയോ നിങ്ങളെ കാണിച്ചുതരാവുന്ന പല ആപ്ലിക്കേഷനുകളും  ഇന്നുണ്ട്. എന്നാൽ  നമ്മൾ നഗ്നചാറ്റ് ചെയ്യുന്നത് ഇവർ റെക്കോർഡ് ചെയ്യും.

∙ നമ്മുടെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കുകയാണ് അടുത്തപടി. പുതിയ പ്രൊഫൈലിൽ നിന്ന് നമ്മുടെ തന്നെ സുഹൃത്തുക്കൾക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കും.

∙ റെക്കോർഡ് ചെയ്ത നഗ്നവിഡിയോ യുട്യൂബിൽ പ്രൈവറ്റായി അപ്‌ലോഡ് ചെയ്ത് ലിങ്ക് നമുക്ക് അയക്കുന്നതാണ് അടുത്ത പടി. ഈ ലിങ്ക് നമ്മുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുമെന്നും അങ്ങനെചെയ്യാതിരിക്കാൻ പണം നൽകണമെന്നും ആവശ്യപ്പെടും.

∙ മിക്കവരും പേടി കാരണം അപ്പോൾ തന്നെ സ്വന്തം പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യും. ഇതിനുവേണ്ടി തന്നെയാണ് അവർ കാത്തിരിക്കുന്നതും. അവർ ക്രിയേറ്റ് ചെയ്ത നമ്മുടെ വ്യാജപ്രൊഫൈലിൽ ഈ വിഡിയോ പോസ്റ്റ് ചെയ്യും. സുഹൃത്തുക്കൾക്ക് മെസേജ് ആയും ലിങ്ക് അയക്കും.

∙ പുതിയ അക്കൗണ്ട് വ്യാജമാണെന്നു ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്താലും നിലവിലുള്ള അക്കൗണ്ട് ആണ് ശരിയായത് എന്നാകും ഫെയ്സ്ബുക്ക് റേറ്റ് ചെയ്യുക.

∙ വ്യാജപ്രൊഫൈൽ ക്രിയേറ്റ് ചെയ്യപ്പെട്ടു എന്നു സംശയം തോന്നിയാലോ ഇത്തരത്തിലുള്ള ഭീഷണി ഉണ്ടായാലോ ഒരു കാരണവശാലും ശരിയായ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാൻ പാടില്ല. പുതിയ അക്കൗണ്ട് നീക്കം ചെയ്യിക്കുന്നതിന് പഴയ അക്കൗണ്ട് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.