Tuesday 25 September 2018 05:12 PM IST

എന്താണ് പ്രീമാരിറ്റൽ ഡിവോഴ്സ്? വിവാഹം തീരുമാനിച്ച ശേഷം ഉൽകണ്ഠകളുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

V N Rakhi

Sub Editor

honey_moon

ഉറപ്പിച്ച വിവാഹം സഫലമാകും മുമ്പ് വേർപിരിയുന്നതാണ് പ്രീ മാരിറ്റൽ ഡിവോഴ്സ്. സമൂഹമാധ്യമങ്ങളിലൂടെ മാത്രം ഒരാളെ വിലയിരുത്താൻ ശ്രമിക്കുന്നത് പലപ്പോഴും അബദ്ധ ധാരണകളിലേയ്ക്ക് വഴിതെളിക്കാം. പുതുതലമുറയിൽ പെട്ടവർക്ക് ഇപ്പോൾ സാധാരണയായി സംഭവിക്കുന്ന പ്രശ്നമാണിത്. ഒരാളുടെ വ്യക്തിത്വത്തെ മറ്റെന്തൊക്കെയോ ആയി  മനസ്സിലാക്കുന്നു. അതാണ് യഥാർഥ വ്യക്തിത്വമെന്ന് വിശ്വസി ക്കുന്നു. അതിൽക്കാണുന്ന ഫോട്ടോകളോ പോസ്റ്റുകളോ ലൈക്കുകളോ സംശയങ്ങൾ ഉയർത്താം. പഴയ ബന്ധങ്ങൾ ഇപ്പോഴും തുടരുന്നുണ്ടോ, എന്നെ അത്രയും സ്നേഹിക്കാൻ പറ്റുമോ തുടങ്ങിയ നിസ്സാരകാര്യങ്ങൾക്കു വരെ സംശയം തോ ന്നാം. സംശയങ്ങൾ പതിയെ അനാവശ്യമായ വഴക്കുകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിമാറും. അങ്ങനെ അബദ്ധ ധാരണകളുടെ പേരിൽ  വിവാഹമാകും മുമ്പേ പിരിയുന്ന പ്രവണത കൂടി വരുന്നു എന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്.

തന്റെ ഇണയാകാൻ പോകുന്നയാൾ  അതുവരെ എങ്ങനെയായിരുന്നു എന്നത് പുതിയ ജീവിതത്തിൽ പ്രസക്തമല്ല. അതുകൊണ്ട് വിവാഹശേഷം എത്രമാത്രം പരസ്പരധാരണയോടെ പെരുമാറാൻ കഴിയും എന്ന കാര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഇഷ്ടക്കേടുകൾ പരസ്പരം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഏതു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയും.


മധുവിധുകാലത്തെ കൊച്ചുകൊച്ചു പിണക്കങ്ങൾ ജീവിതത്തെ ബാധിക്കുമോ?


ഹണിമൂൺ കാലത്ത് രണ്ടുപേരും അവരുടെ ഏറ്റവും നല്ല പെരുമാറ്റം കൊണ്ട് ഇണയെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ശ്രമിക്കും. ഇതാണ് അവൻ അല്ലെങ്കിൽ അവൾ എന്നു ധരിച്ചാൽ ജീവിതത്തിലേക്കു കടക്കുമ്പോൾ നിരാശയാകും. രണ്ടു വ്യക്തികൾ ചേരുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം. അതുവരെ അറിഞ്ഞ ആളേ അല്ലല്ലോ എന്ന് അടുത്ത് ഇടപഴകുമ്പോൾ തോന്നാം. പൊരുത്തക്കേടുകൾ തുടങ്ങുന്നത് മധുവിധുകാലത്തു തന്നെയാണ്.

ആശയപ്പൊരുത്തത്തിലെത്താനാകാതെ വന്നാൽ പിണക്കങ്ങൾ ഉണ്ടാകാം. എന്നാലത് നീണ്ടുപോകാതെ നോക്കണം. തെറ്റു സംഭവിച്ചാൽ ക്ഷമ ചോദിക്കാൻ മടിക്കേണ്ട. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളേ എല്ലാവർക്കുമുള്ളൂ. തെറ്റുകൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്താം. പരിഹാരം കാണാനാകുന്നില്ലെങ്കിൽ മാത്രം രണ്ടുപേരെയും നന്നായി അറിയാവുന്ന ആരോടെങ്കിലും പ്രശ്നം പറഞ്ഞ് ഒത്തുതീർപ്പിലെത്താം.

ഹണിമൂൺ കാലം കഴിയുമ്പോഴേക്കും യാഥാർഥ വ്യക്തിത്വം തിരിച്ചറിഞ്ഞു തുടങ്ങും. ജീവിതത്തിലേക്കെത്തുമ്പോൾ എല്ലായ്പ്പോഴും മധുരതരമായ പെരുമാറ്റം സാധിച്ചെന്നു വരില്ല. ധാരണകൾക്ക് മാറ്റം വരുമ്പോൾ ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാകും. ഇവ ഊതിവീർപ്പിക്കാതെ നോക്കാൻ കഴിയുന്നിടത്താണ് ദാമ്പത്യവിജയം.

മാസമുറ നീട്ടി വയ്ക്കാനുള്ള സുരക്ഷിതമാർഗങ്ങൾ എന്തൊക്കെയാണ്? മാസമുറയും ലൈംഗികതാൽപര്യവുമായി ബന്ധമുണ്ടോ?

വിവരങ്ങൾക്ക് കടപ്പാട്: ഡോ. കെ. ഗിരീഷ്,
അസി. പ്രഫസർ ഇൻ ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്, തിരുവനന്തപുരം.
ഡോ. ശ്രീകലാദേവി. എസ്. കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് അൻ‍ഡ് ഗൈനക്കോളജി,
ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം