‘മിഷേലിന് സർപ്രൈസ് നൽകണം’. കോട്ടയംകാരായ അപ്പ റെജി മാർക്കോസും അമ്മ റാണി മാർക്കോസും കരുതി. മിഷേലിനോട് പറയാതെ മണിപ്പൂരിൽ മകൾ ജോലി ചെയ്യുന്ന പുയിച്ചി ഗ്രാമത്തിലേക്ക് അവർ എത്തി. പുയിച്ചി ഗ്രാമാതിർത്തിയിൽ എത്തിയപ്പോൾ തന്നെ റെജിയും റാണിയും ഞെട്ടി. ‘സ്വർഗം’ എന്ന് മിഷേൽ വിശേഷിപ്പിച്ച ഗ്രാമത്തിലേക്ക് ചെന്നെത്താൻ റോഡില്ല. അപ്പോഴതാ.. കൃത്യമായ വഴി പോലുമില്ലാത്ത കുന്നിൻചെരുവിലൂടെ വണ്ടിയോടിച്ചു മിഷേൽ വരുന്നു. മകൾ അടുത്തെത്തിയപ്പോൾ അവർ ചോദിച്ചു.
‘നീ ഇത്ര വളർന്നു അല്ലെ ?’ അഭിമാനം തുളുമ്പുന്ന മാതാപിതാക്കളുടെ ആ ചോദ്യം കേട്ട് മിഷേൽ ചിരിച്ചു.
സാധാരണ പെൺകുട്ടികൾ കരിയർ സ്വപ്നങ്ങൾ കാണുന്ന പ്രായം. പക്ഷേ, മിഷേൽ മാർക്കോസ് എന്ന ഇരുപത്തിയഞ്ചുകാരിയുടെ മനസ് സ്വപ്നം കണ്ടത് സാധാരണ വിദ്യാഭ്യാസം പോലും ലഭിക്കാതെ പൊതുസമൂഹത്തിന് പുറത്തായ മനുഷ്യരെ സഹായിക്കുന്നതിനെക്കുറിച്ചാണ്.
‘വിദ്യാഭ്യാസം ശരിയായ അർഥത്തിൽ പൂർത്തിയാകുന്നത് നമുക്ക് ജീവിത മാർഗം ഉണ്ടാകുമ്പോഴല്ല, വിദ്യാഭ്യാസം ചെയ്യാൻ ഭാഗ്യം ലഭിക്കാതെ പോയവരിലേക്ക് അറിവ് പകരുമ്പോഴാണ്’ മിഷേൽ പറയുന്നു.
‘എന്റെ അമ്മൂമ്മയും അമ്മയും ടീച്ചർമാരായിരുന്നു. അതിനാൽ തന്നെ എനിക്കും അധ്യാപനത്തോടായിരുന്നു ഇഷ്ടം. മുംബൈ സോഫിയ കോളജിൽ ഇക്കണോമിക്സ് ആൻഡ് സൈക്കോളജി ബിരുദം ചെയ്യുന്ന സമയത്ത് വിദ്യാഭ്യാസം കുറവുള്ള ഇടങ്ങളിൽ പോയി വൊളന്റിയർ ചെയ്തു പഠിപ്പിക്കണം എന്ന് ആഗ്രഹം തോന്നി. എവിടെയാകണം എന്നൊന്നും അന്ന് ഐഡിയ ഉണ്ടായിരുന്നില്ല. മലയും തണുപ്പും ഉള്ള ഒരിടം വേണം എന്നു മാത്രമായിരുന്നു മനസ്സിലെ ചിത്രം.’
പഠിപ്പിക്കാൻ ലഡാക്കിലേക്ക്
‘ വൊളന്റിയർ ടീച്ചിങ് ആവശ്യമുള്ള പ്രധാന സ്ഥലമാണ് ലഡാക്ക്. ‘ത്രീ ഇഡിയറ്റ്സ്’ സിനിമയ്ക്ക് പ്രചോദനമായ സോനം വാങ്ചുക്കിന്റെ റിഗ്ലം മോഡൽ സ്ക്കൂളിലാണ് ആദ്യം ശ്രമിച്ചത്. അപ്പോൾ മനസിലായി അവർക്ക് യഥാർഥ വൊളന്റിയറിങ് ആവശ്യമില്ല. പണം നൽകി നമുക്ക് വൊളന്റിയർ ചെയ്യാനേ സാധിക്കൂ. വിദേശത്തു നിന്നു വരെ ആളുകൾ അവിടെ വൊളന്റിയർ ചെയ്യാൻ കാത്തുനിൽക്കുന്നു.
സഹായം അർഹിക്കുന്ന സ്കൂൾ കണ്ടെത്തണം എന്നു നിശ്ചയിച്ചു. ഇന്റർനെറ്റിൽ പരതിയപ്പോൾ ലഡാക്കിലെ മറ്റൊരു സ്കൂളിന്റെ വിലാസം കിട്ടി. അവരുടെ നമ്പറിലേക്ക് വിളിച്ചപ്പോൾ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തിനാണ് ഇത്രദൂരം വന്ന് സൗജന്യമായി പഠിപ്പിക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. കാരണം ഇതുവരെ ആരും അവരോട് അങ്ങനെ ചോദിച്ചിട്ടില്ല.
ലഡാക്കിലേക്ക് പോകാൻ പപ്പയും മമ്മിയും ആദ്യം സമ്മതിച്ചില്ല. അവരെ പറഞ്ഞു മനസിലാക്കുക എളുപ്പമായിരുന്നില്ല. ഒടുവിൽ എന്റെ ലക്ഷ്യം മനസിലായപ്പോൾ ഇത്ര ദൂരത്തേക്ക് ആണെങ്കിലും പോകാൻ അനുവാദം തന്നു. ഞാനും എന്റെ സുഹൃത്തും കൂടി അവിടെ പോയി.
ഡിഗ്രി രണ്ടാം വർഷത്തെ വലിയ അവധിക്കാണ് ലഡാക്കിലേക്ക് ഞങ്ങൾ പോയത്. രാവിലെ മുതൽ ഉച്ചവരെ ഞങ്ങൾ സ്കൂളിൽ പോകും. സ്പോക്കൺ ഇംഗ്ലിഷ് പഠിപ്പിക്കും. ഒരു ദിവസം എന്റെ വീട്, മുംബൈ നഗരം ഒക്കെ ഒരു പ്രസന്റേഷൻ തയാറാക്കി ഞാനവരെ കാണിച്ചു. അതിൽ കടൽ കണ്ട് ആ കുഞ്ഞുങ്ങൾ അന്തംവിട്ടു നിന്നു. അവർ അതുവരെ കടൽ കണ്ടിട്ടില്ലായിരുന്നു. ഒരു ചിത്രത്തിൽ പോലും. രാജ്യത്ത് എന്റെയും മറ്റൊരു കുട്ടിയുടെയും ബാല്യം തമ്മിലുള്ള ആ വലിയ അന്തരം എന്റെയുള്ളിൽ കുറ്റബോധമുണ്ടാക്കി. അടിസ്ഥാന വിദ്യാഭ്യാസം പോലും ഇന്ത്യയിൽ പലയിടങ്ങളിലും അച്ഛനമ്മമാർക്ക് കയ്യിലൊതുങ്ങാത്ത ആഡംബരമാണ്. പാവപ്പെട്ടവർക്കായി ഉള്ള സ്കൂളുകളിലാകട്ടെ വേണ്ടത്ര അധ്യാപകരില്ല. അന്നാദ്യമായി ഇത്രയും നല്ല വിദ്യാഭ്യാസം തന്ന അപ്പനോടും അമ്മയോടും നന്ദി പറയണം എന്നെനിക്ക് തോന്നി. ’
ടിൻ ഷെഡ് സ്കൂൾ
‘താൽപര്യം ഉള്ളവർക്ക് രണ്ടു വർഷം ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള നാടുകളിൽ ഗവൺമെന്റ് സ്കൂളുകളിലോ വരുമാനം കുറഞ്ഞ പ്രൈവറ്റ് സ്കൂളുകളിലോ സൗജന്യമായി പഠിപ്പിക്കാൻ സൗകര്യമൊരുക്കുന്ന ഫെല്ലോഷിപ് ആണ് ‘ടീച്ച് ഫോർ ഇന്ത്യ’. ടീച്ച് ഫോർ ഇന്ത്യയിൽ വൊളന്റിയർഷിപ്പ് ലഭിക്കുക പ്രയാസമാണ്. യോഗ്യതാ നിർണയം കഠിനമാണ്. എനിക്ക് ദൈവാനുഗ്രഹത്താൽ യോഗ്യത ലഭിച്ചു. പുണെയിൽ ആയിരുന്നു പോസ്റ്റിങ്.
ആദ്യ ദിനം ഞാൻ സ്കൂളിൽ എത്തി. അവിടെങ്ങും സ്കൂൾ കണ്ടില്ല. കൂടെ വന്ന ആളോട് ‘എവിടെ സ്കൂൾ’ എന്ന് ഞാൻ ചോദിച്ചു. തകര ഷീറ്റ് കൊണ്ട് മറച്ച കുറച്ചു ഷെഡ്ഡുകൾ ചൂണ്ടി അയാൾ പറഞ്ഞു. ഇതാണ് സ്കൂൾ. രാവിലെ വലിയ കുട്ടികൾക്ക് ക്ലാസ്. ഉച്ചയ്ക്ക് ശേഷം ചെറിയ കുട്ടികൾക്ക് എന്ന ക്രമത്തിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ അവിടെ പഠിക്കുന്നു. എന്റെ മനസിലൂടെ വേദന അരിച്ചു കയറി.
വീട്ടിൽ അക്രമം വരെ കണ്ടുവരുന്ന കുട്ടികളാണ് പലരും. സ്കൂൾ കഴിഞ്ഞാൽ കുട്ടികൾ വീട്ടിൽ തനിച്ചാണ്. അത് പല അനാവശ്യ ശീലങ്ങൾക്കും വഴിയൊരുക്കുന്നു എന്ന ചിന്തയാണ് കമ്യൂണിറ്റി സെന്റർ തുടങ്ങാനുള്ള ആശയം തോന്നിപ്പിച്ചത്. കൂടുതൽ സമയം അവരെ സ്കൂളിൽ നിർത്തുകയും വായനയിലും കളിയിലും വ്യാപൃതരാക്കുകയും ആയിരുന്നു ലക്ഷ്യം. അത് കമ്യൂണിറ്റി സെന്റർ വഴി സാധ്യമായി.
കുട്ടികൾ അവരുടെ അനുഭവങ്ങളും പ്രയാസങ്ങളും സാവധാനം എന്നോട് പറഞ്ഞു തുടങ്ങി. പലതിനും ഞങ്ങൾ പരിഹാരം കണ്ടെത്തി. ഞാൻ പോന്ന ശേഷം വന്ന അധ്യാപകർ സ്കൂളും കമ്യൂണിറ്റി സെന്ററും നന്നായി നോക്കി നടത്തുന്നുണ്ട്. ഇപ്പോൾ അവർക്ക് നല്ലൊരു കെട്ടിടം ഉണ്ട്. ഇപ്പോഴും അവിടെ നിന്നുള്ള കുട്ടികൾ എന്നെ വിളിക്കാറുണ്ട്.
‘വിദ്യാഭ്യാസത്തിലൂടെ സമാധാനം’ എന്ന സൺ ബേർഡ് ട്രസ്റ്റിന്റെ ആപ്തവാക്യം ആകർഷിച്ചതിനാലാണ് ടീച്ച് ഫോ ർ ഇന്ത്യക്ക് ശേഷം ജോലി ചെയ്യാനായി സൺ ബേഡ് ട്രസ്റ്റ് തെരഞ്ഞെടുത്തത്. അവർ വടക്കു കിഴക്കൻ മേഖലകളിൽ വിവിധയിടങ്ങളിൽ കുട്ടികളുടെ പഠനം സ്പോൺസർ ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ’
വെയിൽ പക്ഷിയോടൊപ്പം
‘സൺബേർഡ് ട്രസ്റ്റിന്റെ ഭാഗമായാണ് ഞാൻ മണിപ്പൂരിലെത്തുന്നത്. അവിടെ ഉൾപ്രദേശങ്ങളിൽ ഗവൺമെന്റ് സ്കൂളുകൾ വേണ്ടവിധം നടക്കുന്നില്ല. പ്രൈവറ്റ് സ്കൂളിൽ കുട്ടികളെ വിടാൻ ഗ്രാമീണർക്ക് പണമില്ല. മണിപ്പൂരിൽ ഉൾഗ്രാമങ്ങളിൽ സൺബേർഡ് ട്രസ്റ്റ് ഗ്രാമീണരുമായി ചേർന്ന് നാലു സ്കൂൾ തുടങ്ങി. അതിൽ പുയിച്ചി എന്ന സ്ഥലത്തെ സുങ്ചാം ഫ്രണ്ട്ഷിപ്പ് സ്കൂളിന്റെ പ്രിൻസിപ്പലായാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്.’
പുയിച്ചിയിലെ സ്കൂൾ മിഷേലിന്റെ പ്രവർത്തനങ്ങളാൽ ഏറെ പുരോഗതി നേടി. അതിൽ ഏറെ അഭിനന്ദനം നേടിയ പ്രവർത്തനമായിരുന്നു വില കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച പാർക്ക്. വെറും 5000 രൂപ ചെലവിട്ടാണ് പാർക്ക് നിർമിച്ചത്. ഗ്രാമീണർ തന്ന തടി, മുള, പുറത്തു നിന്ന് കുറഞ്ഞ വിലയിൽ വാങ്ങിയ ഉപയോഗശൂന്യമായ ടയറുകൾ എന്നിവ ഉപയോഗിച്ചാണ് പാർക്ക് നിർമിച്ചത്.
ഇപ്പോൾ പുയിച്ചി ഗ്രാമത്തിന്റെ പ്രിയ സഹോദരിയാണ് മിഷേൽ. സ്നേഹം കൊണ്ട് അവർ അവരുടെ നാട്ടു ഭാഷയിൽ മിഷേലിനോട് പറയും, ‘ഇവിടെ നിന്ന് ഒരു ചെറുക്കനെ കൂടി കണ്ടെത്തി ഇവിടത്തന്നങ്ങ് കൂടിക്കോളൂ..’ രണ്ടു വർഷം കൊണ്ട് പഠിച്ച മുറി ഭാഷയിൽ മിഷേലും പറയും ‘വീട്ടിൽ എന്നെ അപ്പയും അമ്മയും കാത്തിരിക്കുന്നുണ്ടേ..’