Tuesday 07 January 2020 11:03 AM IST

ഹൃദയം തൊട്ടൊരു സല്യൂട്ട്! പൊലീസിന്റെ ജാഗ്രതയ്ക്ക് ‘സ്നേഹമുഖം’ ചേർത്ത് പെൺപുലികൾ

Roopa Thayabji

Sub Editor

SAVE_20191025_104654

കാക്കിയിട്ടാൽ പിന്നെ, പൊലീസുകാർക്ക് കാർക്കശ്യം മുഖത്തുവരുമെന്ന് പറയാതെ പറയാറുണ്ട്. എന്നാൽ ഇനിയതു തിരുത്താം. മുഖം മാറുന്ന കേരള പൊലീസിന്റെ തിളക്കം കൂട്ടുന്ന ഒരു ചുവടുവയ്പ് ഈയിടെ നടന്നു. 37 വനിതകൾ ഉൾപ്പെട്ട 121 സബ് ഇൻസ്പെക്ടർമാരുടെ ബാച്ച് തൃശൂർ പൊലീസ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് പാസ് ഔട്ടായി, കേരള പൊലീസിന്റെ ചരിത്രത്തിലാദ്യമായാണ് വനിതാ എസ്ഐമാരുടെ നേരിട്ടുള്ള നിയമനം നടക്കുന്നത്. പെൺതിളക്കം ഇനിയുമുണ്ട്. നെഹ്റു ട്രോഫി വള്ളം കളിയിൽ ഒന്നാം സ്ഥാനം നേടിയ പൊലീസ് വനിത ടീമും കേരള പൊലീസിലെ തിളങ്ങുന്ന ‘രത്ന’ങ്ങളാണ്.

‘ഓളങ്ങളിൽ പാറിപ്പറക്കാം...’

വള്ളംകളിയുടെ ആരവത്തെ എപ്പോഴും പുരുഷന്മാരുടെ മത്സരമായാണ് കാണുക. എന്നാൽ ഇത്തവണ നെഹ്റു ട്രോഫി വള്ളം കളിയുടെ വനിതാ വിഭാഗം മത്സരത്തിൽ ഓളപ്പരപ്പിൽ പെൺകരുത്തിന്റെ അലകളുമിളകി. തെക്കനോടി വിഭാഗത്തിൽ കേരള പൊലീസ് വനിത ടീമാണ് കന്നിയങ്കത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയത്. ആ ആവേശവും കരുത്തും ഒട്ടും ചോരാതെ കേൾക്കാം.

‘‘ആലപ്പുഴ എആർ ക്യാംപിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ സുനിൽ കുമാർ സാർ 19 തവണ നെഹ്റു ട്രോഫി വള്ളംകളി ഫൈനലിൽ മത്സരിച്ചിട്ടുണ്ട്, ആറു തവണ ചാംപ്യനായി. ഇതൊക്കെ നാട്ടിലെ തുഴച്ചിൽ ക്ലബ്ബിനു വേണ്ടിയായിരുന്നു. സുനിൽ കുമാർ സാറാണ് 2015ൽ  അന്നത്തെ മലപ്പുറം  ജില്ലാ പൊലീസ് മേധാവിയായിരുന്ന ദേബേഷ് കുമാർ ബെഹറയോട് കേരള പൊലീസിൽ വള്ളം കളി ടീമിനെ പരിശീലിപ്പിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ വർഷമാണ് പുരുഷ ടീം മത്സരത്തിനിറങ്ങിയത്, ടീം റണ്ണർ അപ് ആയതിന്റെ പിന്നാലെയാണ് ഇത്തവണ വനിത ടീമിനെ ഇറക്കാമെന്നു തീരുമാനിച്ചത്.’’ പറഞ്ഞു തുടങ്ങിയത് ടീം ക്യാപ്റ്റനും ഒന്നാം തുഴക്കാരിയുമായ ഇടുക്കി സ്വദേശി ശ്രീദേവിയാണ്.

കേരളത്തിലെ മുഴുവൻ വനിത പൊലീസുകാർക്കും ടീം തിരഞ്ഞെടുപ്പിനെ പറ്റി അറിയിപ്പു കൊടുത്തു, നീന്തലറിയാവുന്നവരെയാണ് പരിഗണിച്ചത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ് 40 പേരെ സിലക്ട് ചെയ്തു. ആ ടീമിൽ 24 വയസ്സു മുതൽ 55 വയസ്സുവരെ ഉള്ളവർ ഉണ്ടായിരുന്നു. പ്രായക്കൂടുതലുള്ളവരെ തുഴച്ചിലിനിരുത്തുന്ന കാര്യത്തിൽ ആദ്യം സംശയമുണ്ടായിരുന്നു എന്ന് കോച്ച് സുനിൽകുമാർ പറയുന്നു. ‘‘55കാരിയായ എഎസ്ഐ സഫിയയെ പോലെയുള്ളവരെ നോൺ റോവിങ് വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ടീമിലെ മറ്റാരെക്കാളും നന്നായി തുഴയുന്ന സഫിയയുടെ ടീം സ്പിരിറ്റും ആവേശവും കണ്ട് ലീഡിങ് ക്യാപ്റ്റൻ തന്നെയാക്കി.’’

ആവേശം അലയായി...

കേരള പൊലീസ് അക്കാദമിയിൽ 15 ദിവസത്തെ പ്രാഥമിക ട്രെയിനിങ്. തുഴച്ചിലിന്റെയും ബാലൻസിങ്ങിന്റെയും പ്രാഥമിക പാഠങ്ങളാണ് ആ സമയത്ത് പഠിപ്പിച്ചത്. ‘‘ജീവിതത്തിലിന്നു വരെ വള്ളം കളി നേരിൽ കണ്ടിട്ടില്ലാത്തവരും ടീമിലുണ്ടായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ചമ്പക്കുളം മൂലം ജലോത്സവം കാണാൻ കൊണ്ടുപോയി. ആ മത്സര വള്ളംകളി കണ്ട ശേഷമാണ് ഞങ്ങളുടെയെല്ലാം മനസ്സു മാറിയത്. പിന്നെ തുഴയെറിയുമ്പോൾ ആവേശവും കരുത്തും ഇരട്ടിയായി. അടുത്ത മാർച്ചിൽ ഞാൻ റിട്ടയർ ചെയ്യും. പക്ഷേ, അവസരം കിട്ടിയാൽ ഇനിയും മത്സരിക്കാൻ റെഡി.’’ സഫിയയുടെ വാക്കുകളിൽ ആവേശം.

രണ്ടാഴ്ചത്തെ അക്കാദമി പരിശീലനത്തിനു ശേഷം പുന്നമടക്കായലിലേക്ക്. ഓഗസ്റ്റ് പത്തിനായിരുന്നു വള്ളം കളി മത്സരം നടത്താൻ നിശ്ചയിച്ചത്. എന്നാൽ പ്രളയം വന്നതോടെ ഓഗസ്റ്റ് 30ലേക്കു മാറ്റി. ചുണ്ടൻ വള്ളത്തിൽ ഒരു സമയം 150ലധികം പേർക്ക് കയറാം. എന്നാൽ തെക്കനോടി വള്ളങ്ങളിൽ 40 പേർ വരെയേ കയറൂ, മത്സരത്തിലാകുമ്പോൾ അത് 35 ആയി കുറയും. സാധാരണ വള്ളം കളി മത്സരങ്ങളിൽ തെക്കനോടി വള്ളങ്ങൾ തുഴയുന്നത് പുരുഷന്മാർ തന്നെയാണ്. എന്നാൽ നെഹ്റു ട്രോഫിയിൽ സ്ത്രീകൾ മാത്രമാണ് തെക്കനോടി വള്ളം തുഴയുന്നത്. വനിത ടീമിനൊപ്പം പുരുഷനാണ് അമരത്ത് നിൽക്കാറ്, എന്നാൽ പൊലീസ് ടീമിനെ അമരത്തു നിന്നു നയിച്ചത് തൃശൂർ സ്വദേശിയായ മീരയാണ്. മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് കന്നിയങ്കത്തിൽ പൊലീസ് ടീം ഒന്നാം സ്ഥാനം നേടിയത്.

IMG-20191110-WA0259

ആക്‌ഷൻ ‘ഷീറോ’സ്...

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലത്താണ് വനിതാ എസ്ഐമാരുടെ ആദ്യബാച്ച് ട്രെയിനിങ് കഴിഞ്ഞിറങ്ങിയത്. കേരള പൊലീസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ 121 എസ്ഐമാരുടെ ബാച്ചിൽ 37 പേർ വനിതകളാണ്. പൊലീസിന്റെ ചരിത്രത്തിൽ ആദ്യമാണ് വനിത എസ്ഐമാരെ നേരിട്ട് നിയമിക്കുന്നത്.

പരിശീലനം ഒപ്പത്തിനൊപ്പം

എക്സൈസ് വകുപ്പിലെ വനിതാ ഓഫിസർ ജോലി വിട്ട് എസ്ഐ ആകാനെത്തിയ കൊല്ലം സ്വദേശി ആശ വി. രേഖയ്ക്ക് ഈ ജോലിയോട് പ്രത്യേക ഇഷ്ടമുണ്ട്.  ‘തൃശ്ശൂരിലെ പൊലീസ് അക്കാദമിയിൽ ട്രെയ്നിങ് ആരംഭിച്ചത് 2018 ഒക്ടോബറിലാണ്. എഫ്ഐആറും മഹസ്സറും എഴുതുന്നതു മുതൽ ഐപിസിയും മോട്ടോർ വെഹിക്കിൾ നിയമവും സൈബർ നിയമവുമടക്കമുള്ളതെല്ലാം ഇൻഡോർ സെഷനിൽ പഠിപ്പിക്കും. ആംഗ്യത്തിലൂടെ ആശയങ്ങൾ കൈമാറാൻ വരെ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.’’

രാവിലെ ആറിന് ആരംഭിക്കുന്ന ഫിസിക്കൽ ട്രെയ്നിങ്ങിൽ പുരുഷന്മാർക്കൊപ്പം തന്നെയായിരുന്നു പരിശീലനമെന്ന് ബാച്ചിലെ സീനിയറായ നാൽപതുകാരി ദിനി പറയുന്നു. ‘‘ഞങ്ങൾ 37 പേരിൽ അഞ്ചുപേരേ അവിവാഹിതരുള്ളൂ. കല്യാണം കഴിച്ചവർക്കെല്ലാം ഒന്നോ രണ്ടോ കുട്ടികളുമുണ്ട്. റോപ്പ് കയറ്റവും നാലു കിലോമീറ്റർ ഓട്ടവും അടക്കമുള്ള പരിശീലനം ആദ്യ രണ്ടുമാസം കുറച്ചു പാടായിരുന്നു. പിന്നീട് എല്ലാം ഞങ്ങളുടെ വഴിക്കു വന്നു. ഏഴര വരെ പി.ടിയും പിന്നെ ഒരു മണിക്കൂർ പരേഡുമാണ്. ക്ലാസുകൾക്കു ശേഷം ഉച്ച തിരിഞ്ഞ് മൂന്നിന് വീണ്ടും ഗ്രൗണ്ടിലേക്ക്. ആലപ്പുഴ സായിയിലെ നീന്തൽ പരിശീലനത്തിനു ശേഷം ഞങ്ങൾ പുന്നമടക്കായലിൽ നീന്തി.’’

തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രത്യേക കമാൻഡോ ട്രെയ്നിങ്, ഹൈ ആൾട്ടിറ്റ്യൂഡ്– കോസ്റ്റൽ ട്രെയ്നിങ് തുടങ്ങി കംപ്യൂട്ടറും ഡ്രൈവിങ്ങും യോഗയും കളരിയും വരെ പരിശീലനത്തിന്റെ ഭാഗമായിരുന്നു.

പ്രതീക്ഷകളുടെ ത്രില്ലിൽ

മലപ്പുറത്തെ ആന്റി ടെററിസ്റ്റ് ട്രെയ്നിങ് ക്യാംപിൽ ഏതു തരം ആയുധവും കൈകാര്യം ചെയ്യാൻ പഠിച്ചതിന്റെ ത്രില്ലിലാണ് കൂട്ടത്തിലെ ‘ജൂനിയറാ’യ 24കാരി സ്വാതി. ‘‘ഡിഗ്രിയാണ് അടിസ്ഥാന യോഗ്യതയെങ്കിലും എംടെക്കും എംഫില്ലും എംബിഎയും പിജിയും ബിടെക്കുമൊക്കെയുള്ളവർ കൂട്ടത്തിലുണ്ട്. 37 പേരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സർക്കാർ, പ്രൈവറ്റ് സർവീസുകളിൽ ജോലിയുള്ളവരായിരുന്നു. ട്രെയ്നിങ് പൂർത്തിയാക്കിയതോടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലകളോടു ചേർന്ന സ്റ്റേഷനുകളിലാണ് നിയമനം കിട്ടുക.’’

Tags:
  • Spotlight
  • Inspirational Story