Thursday 01 October 2020 01:09 PM IST : By സ്വന്തം ലേഖകൻ

‘ഒരേയൊരു മകൾ, വിവാഹത്തിന് തടസം ചൊവ്വാദോഷം’; ആശങ്കകൾക്ക് മറുപടി, പരിഹാരം

hari

എനിക്ക് ഒരു മകളാണുള്ളത്. നന്നായി പഠിക്കുന്ന കുട്ടിയാണ്. കുടുംബപരമായ മറ്റൊരു ആവശ്യത്തിനായി ജ്യോത്സ്യനെ സമീപിച്ചപ്പോൾ അവളുടെ ഗ്രഹനില കൂടി എടുത്തു. അവൾക്ക് ചൊവ്വാദോഷം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ട് ഞങ്ങൾ വിഷമിച്ചിരിക്കുകയാണ്. അവളുടെ ജീവിതം നല്ലതാകില്ലേ. എന്ത് പരിഹാരം ചെയ്യാനും തയാറാണ്. ദയവായി പറഞ്ഞു തരുമല്ലോ...

ജനന സമയം : 2001 ജൂലൈ 25, 3:15 എഎം

രാമകൃഷ്ണൻ, ബദിയടുക്ക, കാസർകോട്

അവസാനം എഴുതിയ കാര്യത്തിനുള്ള മറുപടി തന്നുകൊണ്ട് തുടങ്ങാം. ‘എന്തു പരിഹാരം ചെയ്യാനും തയാർ’ എന്ന ചിന്തയിലൂടെയാണ് പണം മുടക്കിയുള്ള പരിഹാരകർമത്തിലേക്ക് വിശ്വാസികൾ പലരും നയിക്കപ്പെടുന്നത്.

ചൊവ്വാദോഷം എന്നു കേട്ടാൽ ഉടൻ ഭയപ്പെടേണ്ട കാര്യമില്ല. വിവാഹസമയത്ത് മാത്രം ചിന്തിക്കേണ്ട കാര്യമാണത്. ചൊവ്വാദോഷത്തെക്കുറിച്ച് പറഞ്ഞു ഭയപ്പെടുത്തുന്നതു മൂലമാണ് ചൊവ്വ എന്നു കേൾക്കുമ്പോൾ തന്നെ അങ്കലാപ്പ് ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്നത്. മനുഷ്യൻ ചൊവ്വയിൽ ഇറങ്ങാൻ തയാറെടുക്കുന്ന ഈ കാലത്ത് ചൊവ്വാദോഷം എന്നു പറഞ്ഞ് ഭയപ്പെടുത്തുന്നതു തന്നെ മറ്റു താൽപര്യങ്ങൾക്കായാണ്.

പൊരുത്ത വിഷയംചിന്തിക്കുമ്പോൾ ജ്യോതിഷത്തിലെ ഒരു പൊരുത്ത നിയമത്തിനായി മാത്രമാണ് ചൊവ്വയെ ചിന്തിക്കുന്നത്. അതായത് സ്ത്രീ ജാതകാൽ 7, 8 എന്നീ ഭാവങ്ങളിൽ ചൊവ്വ വരുന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ കണക്കാക്കുന്നത്.

അപ്രകാരം വന്നാൽ പോലും ഒരേയൊരു പരിഹാരമായി പറയുന്ന കാര്യം 7–ാം ഭാവ ത്തിൽ പാപഗ്രഹം ഉള്ളതോ ചൊവ്വയുള്ളതോ ആയ ജാതകം യോജിപ്പിക്കാം എന്നത് മാത്രമാണ്.

അതു നമുക്കു തന്നെ തിരഞ്ഞെടുക്കാൻ ക ഴിയുന്നതാണ്. അതു മാത്രമല്ല, ചൊവ്വ ദോഷകരമാണ് എന്നു പറയണമെങ്കിൽ നിരവധിയായ മറ്റ് നിയമങ്ങൾ കൂടി കണക്കാക്കേണ്ടതായുണ്ട്. ശരിക്കും അതെല്ലാം കൂടി പരിഗണിച്ചാൽ ‘ചൊവ്വാദോഷം’ എന്ന് ആരോപിക്കുന്ന മിക്ക ജാതകങ്ങളിലും അത് ഉണ്ടാകില്ല.

മകളുടെ ജാതകത്തിൽ വൃശ്ചികം രാശിയിലാണ് ചൊവ്വയുള്ളത്. അത് ദോഷകരമേയല്ല. അതിനാൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവും ഇല്ല. മാത്രവുമല്ല കൊച്ചു കുട്ടിയല്ലേ ആ കുഞ്ഞ് പഠിക്കട്ടെ, നല്ല ജോലി ലഭിക്കട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ, അപ്പോൾ നമുക്ക് ആലോചിക്കാം.