Wednesday 20 January 2021 05:05 PM IST : By സ്വന്തം ലേഖകൻ

കോവിഡ്മൂലം യുഎഇയിൽ മരണമടഞ്ഞ ഭർത്താവ്, മരണാനന്തര കർമ്മം എങ്ങനെ നടത്തും?: മറുപടി

hari-pathanapuram ചിത്രം 2: പ്രതീകാത്മകം

എന്റെ ഭർത്താവ് കോവിഡ് മൂലം യുഎഇയിൽ മരണമടഞ്ഞു. അവിടെ തന്നെ സംസ്കാരവും നടത്തി. ഞാൻ കേരളത്തിലും മകൻ ബെംഗളൂരുവിലുമാണ്. കോവിഡ് കാരണം മകനും ഇതു വരെ നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. അ വിടെ കർമങ്ങൾ ചെയ്യാം എന്നു മക ൻ പറഞ്ഞു. പക്ഷേ, അതു മതിയാകുമോ എന്നാണ് സംശയം. കർമം ചെയ്യുന്നതിനു മുൻപ് എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ? ഇനി കർമം ചെയ്യാൻ ഏറ്റവും യോജിച്ച സമയം ഏതാണ്?

ഷീല, ചവറ, കൊല്ലം

ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് തീയതികളും മറ്റും എഴുതാത്തതിനാൽ ആ കാര്യത്തിൽ ഉള്ള ജ്യോതിഷ മറുപടി തരാൻ കഴിയില്ല. എന്നാൽ പലരും ‘വനിത’യിലൂടെ കോവിഡും മരണാനന്തര കർമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചിരുന്നു. ഇതിനു പൊതുവായ മറുപടി നൽകാം.

കോവിഡ് കാലയളവിൽ ഉണ്ടായ മരണങ്ങളിൽ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിയന്ത്രണങ്ങളും നിലനിന്നിരുന്നതിനാൽ കൃത്യമായി കർമങ്ങൾ ചെയ്യാൻ പലർക്കും കഴിഞ്ഞിരുന്നില്ല. അത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രത്യേകിച്ച് ദോഷമായോ മറ്റോ കണക്കാക്കേണ്ടതില്ല എന്ന് ആചാരങ്ങളിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

‘സ്വാഗ്രാമേ പൂർണമാചാരം’ എന്നു തുടങ്ങുന്ന ശ്ലോകം അനുസരിച്ച് കൃത്യമായ പകർച്ച വ്യാധി കാലയളവ് പറയുന്നില്ലെങ്കിൽ കൂടി സവിശേഷ സാഹചര്യങ്ങളിൽ ആചാരം അ നുഷ്ഠിച്ചില്ലെങ്കിലും ദോഷമില്ല എന്നു പറയുന്നുണ്ട്.

ആയതിനാൽ പ്രത്യേകിച്ച് ഈ കാര്യത്തിൽ ഒരു പ്രായശ്ചിത്തവും ചെയ്യേണ്ട ആവശ്യമില്ല. വാർഷികം വരുന്ന ദിവസം അന്നത്തെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള ബലിക ർമാദികൾ അനുഷ്ഠിച്ചാൽ മതിയാകും.

മരണാനന്തര കർമങ്ങൾ പോലെ പ്രധാന്യം ജീവിച്ചിരിക്കുന്ന കാലയളവിലെ പെരുമാറ്റത്തിനുമുണ്ട്. ജീവിച്ചിരിക്കുമ്പോൾ എല്ലാവരേയും പരിഗണിക്കുകയും കരുതൽ നൽകുകയും ചെയ്യുന്നതാണ് ഏറെ പുണ്യകരം എന്നു മനസ്സിലാക്കുക. അതിനായാണ് ഇത്തരം പിതൃനിയമങ്ങളും ആചാരങ്ങളും അർഥമാക്കിയിട്ടുള്ളത് എന്ന് മനസ്സിലാക്കുക.